8½ Intercuts –
Life and Films of K G George
Life and Films of K G George
Sanuj Suseelan
മലയാള സിനിമയിലെ ഏറ്റവും ജീനിയസ് ആയ സംവിധായകൻ ആരാണെന്നു ചോദിച്ചാൽ അതിനു ഒറ്റ ഉത്തരമേയുള്ളൂ. കെ ജി ജോർജ്. മലയാളത്തിലെ ആദ്യ ശാസ്ത്രീയ കുറ്റാന്വേഷണ ചിത്രമായ യവനിക, സൈക്കോളജിക്കൽ ത്രില്ലറായ ഇരകൾ, പഞ്ചവടിപ്പാലം പോലുള്ള ലക്ഷണമൊത്ത ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രം, ആദാമിന്റെ വാരിയെല്ല് പോലുള്ള ഒരു സ്ത്രീപക്ഷ സിനിമ, ഇലവങ്കോട് ദേശം പോലുള്ള ഒരു പീരിയഡ് സ്റ്റോറി, സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ബയോപിക് – ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് തുടങ്ങി ഇത്രയും വൈവിദ്ധ്യമുള്ള വിഷയങ്ങൾ എടുത്തു കൈകാര്യം ചെയ്തിട്ടുള്ള മറ്റൊരു സംവിധായകൻ മലയാള സിനിമയിലില്ല. മലയാളത്തിലെന്നല്ല ഒരുപക്ഷേ ഇന്ത്യൻ സിനിമയിൽ തന്നെ അങ്ങനെയൊരാൾ ഉണ്ടാവില്ല.
ശ്രീ കെ ജി ജോർജിനെക്കുറിച്ച് ലിജിൻ ജോസ് സംവിധാനം ചെയ്ത ഡോക്യൂമെന്ററിയാണ് 8½ Intercuts. വിഖ്യാത ഇറ്റാലിയൻ സംവിധായകൻ ഫെഡറിക്കോ ഫെല്ലിനിയുടെ 8½ എന്ന ചിത്രവുമായി ബന്ധപ്പെട്ടതാണ് ഈ ടൈറ്റിൽ ( ആറു ഫീച്ചർ ഫിലിമും അല്ലറ ചില്ലറ ചെറു ചിത്രങ്ങളും എടുത്തതിനു ശേഷം വന്ന സ്വന്തം ചിത്രത്തിന് ഫെല്ലിനി കൊടുത്ത പേരാണത് ) ഫെല്ലിനിയുടെ ഒരു കടുത്ത ആരാധകനായ ജോർജിൻ്റെ ചിത്രങ്ങളിലൂടെ ഈ സിനിമയുടെ ദൃശ്യങ്ങൾ ഇടകലർത്തിയുള്ള ഒരു യാത്രയാണ് 8½ Intercuts – Life and Films of K G George എന്ന ഈ ഡോക്യൂമെന്ററി. ഒരുപക്ഷേ ഒരു കലാകാരനെക്കുറിച്ച് ഇന്ത്യയിൽ നിർമിക്കപ്പെട്ടിട്ടുള്ള ഏറ്റവും സത്യസന്ധമായ ഡോക്യൂ മൂവി. “ഫ്രൈഡേ” എന്ന ഫീച്ചർ ഫിലിമിലൂടെ മലയാളി പ്രേക്ഷകർക്ക് പരിചിതനാണ് ലിജിൻ. ഷിബു ജി സുശീലനാണ് ലാഭനഷ്ടങ്ങൾ നോക്കാതെ ഇതിന്റെ നിർമാണം ഏറ്റെടുത്തത്. ഫെല്ലിനിയുടെ ഈ ചിത്രം ടി വിയിൽ കണ്ടുകൊണ്ടിരിക്കുന്ന ജോർജിന്റെ ദൃശ്യങ്ങളിൽ നിന്നാരംഭിക്കുന്ന ചിത്രം അദ്ദേഹത്തിന്റെ സിനിമ, ജീവിതം, ദർശനം തുടങ്ങി ഒരുപാടിടത്തേക്കു യാത്ര ചെയ്യുന്നു.
Directed by : Lijin Jose
Produced by : Shibu G Suseelan, Lijin Jose
Editor : B. Ajithkumar
DOP : MJ Radhakrishnan, Neil D’ Cunha
Co-director : Shahina k Rafiq
Music : Bijibal
Sound Mix : Pramod Thomas
Produced by : Shibu G Suseelan, Lijin Jose
Editor : B. Ajithkumar
DOP : MJ Radhakrishnan, Neil D’ Cunha
Co-director : Shahina k Rafiq
Music : Bijibal
Sound Mix : Pramod Thomas

തമിഴ് വാരികയായ “പടച്ചുരുൾ” അദ്ദേഹത്തിനെ പറ്റി ഒരു സ്പെഷ്യൽ എഡിഷൻ ഇറക്കുകയുണ്ടായി. അതിൻ്റെ പ്രകാശന ചടങ്ങ് ഒരു ദിവസത്തെ സിനിമാ ആസ്വാദന ചടങ്ങുകൂടിയായായാണ് അവർ സംഘടിപ്പിച്ചത്. അതിലെ ഏറ്റവും വലിയ ആകർഷണമായിരുന്നു ഈ ഡോക്യൂമെന്ററി. അതിലെ ഒരു മുഖ്യാതിഥി ആയിരുന്ന പ്രശസ്ത തമിഴ് സാഹിത്യകാരൻ ശ്രീ എസ് രാമകൃഷ്ണൻ ( തമിഴ് സാഹിത്യലോകം നിരീക്ഷിക്കുന്നവർക്ക് പരിചിതനായിരിക്കും അദ്ദേഹം. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, സംഗീത അക്കാദമി അവാർഡുകൾ , ടാഗോർ ലിറ്റററി അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ നേടിയ അദ്ദേഹം സിനിമയെക്കുറിച്ചുള്ള ആധികാരികമായ കുറിപ്പുകളിലൂടെയും പ്രശസ്തനാണ് ) . അദ്ദേഹം ഈ ഡോക്യൂമെന്ററി ചിത്രത്തെപ്പറ്റി എഴുതിയ കുറിപ്പാണ് താഴെ ചേർക്കുന്നത്. തമിഴിലുള്ള കുറിപ്പ് പരിഭാഷപ്പെടുത്തിയത് പ്രസിദ്ധ തമിഴ് – മലയാളം എഴുത്തുകാരനും നടനുമായ ശ്രീ ഷാജി ചെന്നൈ ( തമിഴിൽ ഏഴു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹം “പാട്ടല്ല സംഗീതം” എന്ന കൃതിയിലൂടെയും ഭാഷാപോഷിണിയിലെ “സിനിമാ പ്രാന്തിന്റെ നാൽപതു വർഷങ്ങൾ” എന്ന പരമ്പരയിലൂടെ മലയാളത്തിലും അറിയപ്പെടുന്ന എഴുത്തുകാരനാണ് ) ആണ്. അദ്ദേഹത്തിന്റെ സഹായത്താൽ എനിക്ക് ഈ ചിത്രം കാണാൻ ഒരു അവസരം കിട്ടി. സത്യം പറഞ്ഞാൽ രാത്രി കുറച്ചു കണ്ടതിനു ശേഷം ബാക്കി അടുത്ത ദിവസം കാണാമെന്നു വിചാരിച്ച ഞാൻ അത് മുഴുവൻ കണ്ടു തീർത്തതിന് ശേഷമാണു കിടന്നുറങ്ങിയത്. ശ്രീ രാമകൃഷ്ണൻ ചെയ്തതിൽ കൂടുതൽ നന്നായി ആർക്കും അതിനെപ്പറ്റി വിവരിക്കാനാവില്ല എന്ന് തോന്നിയതുകൊണ്ട് എൻ്റെ എഴുത്ത് ഇവിടെ നിർത്തുന്നു. അദ്ദേഹംഎഴുതിയത് താഴെ വായിക്കുക. ഈ ചിത്രം കാണാൻ അവസരം കിട്ടിയാൽ ഒരു കാരണവശാലും നഷ്ടപ്പെടുത്തരുത്. Excellent എന്നതിൽകുറഞ്ഞൊരു വിശേഷണവും അതർഹിക്കുന്നില്ല.

കെ ജി ജോർജ്ജിന്റെ എട്ടര ഇന്റർ കട്ടുകൾ
– എസ് രാമകൃഷ്ണൻ
മലയാളത്തിൽ : ഷാജി ചെന്നൈ
*******************************************************************
( ഇന്ത്യയിലെ മികച്ച സാഹിത്യകാരനുള്ള ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ, ആധുനിക തമിഴ് സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരിൽ ഒരാളായ എസ് രാമകൃഷ്ണൻ എഴുതിയ തമിഴ് ലേഖനത്തിന്റെ മൊഴിമാറ്റം )
മലയാള സിനിമയിലെ ഒറ്റയാനാണ് കെ ജി ജോർജ്. സ്വപ്നാടനം, ഇരകൾ, പഞ്ചവടിപ്പാലം, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, യവനിക, കോലങ്ങൾ, ഉൾക്കടൽ, മേള എന്നിങ്ങനെ പകരം വയ്ക്കാനില്ലാത്ത പല സിനിമകൾ എടുത്ത സംവിധായകൻ. പൂനെയിലെ ദേശീയ സിനിമാ വിദ്യാലയത്തിൽനിന്ന് പഠിച്ചിറങ്ങി എൺപതുകളിലെ മലയാള സിനിമയിൽ പുതിയ ഭാവുകത്വം നിർമ്മിച്ച കലാകാരൻ. ജോർജിന്റെ സിനിമകൾ എൺപതുകളിലെ കേരള സമൂഹത്തിന്റെ നേർക്കാഴ്ചകൾ. അക്കാലത്തെ മലയാളി ജീവിതത്തിന്റെ ചരിത്ര സാക്ഷ്യങ്ങൾ. കെ എസ് സേതുമാധവൻ, അരവിന്ദൻ, പത്മരാജൻ, ഭരതൻ, അടൂർ ഗോപാലകൃഷ്ണൻ, എം ടി വാസുദേവൻ നായർ എന്നിങ്ങനെ നവീന മലയാള സിനിമയെ രൂപപ്പെടുത്തിയ ഉന്നതരായ സംവിധായകരുടെ നിരയിൽ പ്രത്യേകമായി പറയേണ്ട പേരാണ് കെ ജി ജോർജിന്റേത്.
ജോർജ്ജിന്റെ സിനിമകളെപ്പറ്റിയും സിനിമാ ജീവിതത്തെപ്പറ്റിയും 8 ½ Intercuts: Life and Films of K G George എന്ന പേരിൽ ഒരു സിനിമ പുറത്തുവന്നിരിക്കുന്നു, ആ സിനിമ തീർച്ചയായും കാണണം എന്ന് എന്നോട് പറഞ്ഞത് തമിഴ് മലയാള എഴുത്തുകാരനും സിനിമാ നടനുമായ ഷാജി ചെന്നൈയാണ്. ഞാനാ സിനിമ കണ്ടു. അത്ഭുതപ്പെട്ടു. അതിന്റെ സംവിധായകൻ ലിജിൻ ജോസ്. ഫ്രൈഡേ എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട പുതിയകാലത്തെ മലയാള സംവിധായകൻ. ഏറ്റവും മികച്ച രീതിയിലാണ് ലിജിൻ ജോസ് ഈ സിനിമ എടുത്തിട്ടുള്ളത്. ഇത്ര ഗംഭീരമായ ഒരു ചിത്രം ഇന്ത്യൻ സിനിമയിലെ മറ്റൊരു സംവിധായകനെപ്പറ്റിയും ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം. തന്റെ ആദർശനായകന് ഒരു ആരാധകൻ അർപ്പിക്കുന്ന കാണിക്കയാകുന്നു ഈ സിനിമ.
പൂനെയിലെ സിനിമാ പാഠശാലയിൽ പഠിക്കുന്നകാലത്ത് ലോകസിനിമകൾ ധാരാളമായി കണ്ട് മസ്സിലാക്കിയിട്ടുള്ളയാളാണ് കെ ജി ജോർജ്ജ്. അദ്ദേഹത്തിന്റെ പ്രിയ സംവിധായകൻ ഫ്രെഡറിക്കോ ഫെല്ലിനി. ഫെല്ലിനിയുടെ 8½ എന്ന സിനിമയെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് 8½ Intercuts: Life and Films of K G George രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത്. ഈ സിനിമയിൽ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് വളരെക്കുറച്ച് മാത്രമേ കെ ജി ജോർജ് പറയുന്നുള്ളു. അദ്ദേഹത്തിന്റെ സിനിമാജീവിതത്തിലെ സംഭവങ്ങളെ, ഓർമ്മകളെ, അനുഭവങ്ങളെ ആധാരമാക്കിയാണ് സിനിമ മുന്നേറുന്നത്. ഫെല്ലിനിയുടെ 8½ സിനിമയിലെ പ്രധാന ദൃശ്യങ്ങളും കെ ജി ജോർജ്ജിന്റെ ജീവിതവും ഇന്റർകട്ടുകളായി വരുന്നത് ഗംഭീരമായിരിക്കുന്നു. എം ടി വാസുദേവൻ നായർ ഈ സിനിമയിൽ കെ ജി ജോർജ്ജിനെക്കുറിച്ച് തനിക്കുള്ള താൽപ്പര്യവും ബഹുമാനവും മനോഹരമായി പറഞ്ഞിരിക്കുന്നു. ഒപ്പം സക്കറിയ, രാമചന്ദ്രബാബു, ഗീതു മോഹൻദാസ്, ലെനിൻ രാജേന്ദ്രൻ, അടൂർ ഗോപാലകൃഷ്ണൻ, അഞ്ജലി മേനോൻ, ബീനാ പോൾ, മമ്മൂട്ടി, ഫഹദ് ഫാസിൽ, നെടുമുടി വേണു എന്നിങ്ങനെ പലർ കെ ജി ജോർജ്ജിന്റെ വ്യക്തിത്വവും സിനിമകളും തങ്ങളെ എങ്ങനെയൊക്കെ സ്വാധീനിച്ചു എന്ന് സംസാരിക്കുന്നു.
ജോർജ്ജും ഭാര്യ സെൽമയും യാതൊരു മറകളുമില്ലാതെ സംസാരിക്കുന്നു. ഒരു സിനിമാപ്പാട്ടുകാരി ആകാനാഗ്രഹിച്ചതുകൊണ്ടു മാത്രമാണ് താൻ ജോർജിനെ കല്ല്യാണം കഴിച്ചത് എന്ന് പറയുന്ന സെൽമ ഒരുകാലത്ത് കുടിയിലും പരസ്ത്രീ ബന്ധത്തിലും മുങ്ങിക്കിടപ്പായിരുന്നു ജോർജ്ജ് എന്ന് കുറ്റപ്പെടുത്തുന്നു. ജോർജ്ജാകട്ടെ തനിക്ക് ഭാര്യ, കുട്ടികൾ, ബന്ധുക്കൾ തുടങ്ങിയ യാതൊന്നിലും ഒരിക്കലും താൽപ്പര്യമുണ്ടായിരുന്നില്ല എന്ന് തീർത്തു പറയുന്നു. താൻ സ്വതന്ത്രനായ ഒരു കലാകാരൻ. തന്റെ സ്നേഹവും ആഗ്രഹവും ആവേശവും ഒക്കെ സിനിമയോടു മാത്രം. ഭാര്യ തന്റെമേൽ ചുമത്തുന്ന ആരോപണങ്ങളെ നിറഞ്ഞ ചിരിയോടെ കെ ജി ജോർജ്ജ് കേട്ടുകൊണ്ടിരിക്കുന്ന വിധം അപാരം. ഇത്ര സത്യസന്ധതയോടെ തന്നെത്താൻ തുറന്നുകാട്ടാൻ ഈ ലോകത്ത് എത്രപേർക്ക് കഴിയും?
എം ബി ശ്രീനിവാസന്റെ സംഗീതത്തെക്കുറിച്ചും ബാലു മഹേന്ദ്രയുടെ ക്യാമറയെക്കുറിച്ചും കെ ജി ജോർജ്ജ് വിവരിക്കുന്ന രീതി മറക്കാനാവില്ല. മനുഷ്യ മനസ്സിന്റെ വിചിത്ര വ്യാപാരങ്ങളെക്കുറിച്ച് തനിക്ക് അളവറ്റ താല്പര്യം ഉണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് തന്റെ ആദ്യത്തെ സിനിമ സ്വപ്നാടനം ഒരു മാനസിക രോഗിയെക്കുറിച്ചായത് എന്നും അദ്ദേഹം പറയുന്നു. സ്ത്രീകളുടെ ജീവിത ദു:ഖങ്ങളും ദുരിതങ്ങളും അവരുടെ മാനസിക വിക്ഷോഭങ്ങളും ഇന്ത്യയിൽ മറ്റാരേക്കാളുമേറെ സിനിമയാക്കിയത് താനാണെന്നും ജോർജ് പറയുന്നുണ്ട്. ആദാമിന്റെ വാരിയെല്ലിന്റെ അവസാനത്തിൽ സ്ത്രീകൾ എല്ലാ ബന്ധനങ്ങളെയും ഭേദിച്ച് കൂട്ടത്തോടെ ഓടുമ്പോൾ അവരുടെ ജീവിതം സിനിമയാക്കിക്കൊണ്ടിരിക്കുന്ന കെ ജി ജോർജ്ജിനെയും അദ്ദേഹത്തിന്റെ ക്യാമറയെയും തള്ളിമറിച്ചുകൊണ്ട് പായുന്ന കാഴ്ച ആർക്ക് മറക്കാൻ കഴിയും? അവിടെ കെ ജി ജോർജ്ജിനെ സംവിധാനം ചെയ്തത് ഫെല്ലിനിയാണ് എന്ന് എപ്പോഴും എനിക്ക് തോന്നും.
8½ Intercuts തുടങ്ങുമ്പോൾ കെ ജി ജോർജ് ഫെല്ലിനിയുടെ 8½ സിനിമ കണ്ടുകൊണ്ടിരിക്കുകയാണ്. 1963ൽ വന്ന ആ സിനിമ ഒരു സംവിധായകന്റെ മാനസിക വിക്ഷോഭങ്ങളെക്കുറിച്ചുള്ള പടമാണ്. അതിൽ വരുന്നതുപോലെ കലയുടെ ആകാശത്ത് സ്വതന്ത്രമായി പറന്നുപൊങ്ങുന്ന ഒരു കലാകാരനെ സിനിമാലോകം എങ്ങനെ വലിച്ച് താഴെയിടുന്നു എന്നും അയാളുടെ സ്വപ്നങ്ങളെ ഈ ലോകം എങ്ങനെ തരിപ്പണമാക്കുന്നു എന്നതുമാണ് കെ ജി ജോർജ്ജിനെപ്പറ്റിയുള്ള ഈ സിനിമയും പറയുന്നത്. ഫെല്ലിനിയുടെ നാസ്തികദർശനം പിൻതുടർന്ന, ഫെല്ലിനിയെപ്പോലെ പ്രത്യേകതയുള്ള കഥാപാത്രങ്ങളെ സൃഷ്ടിച്ച, ഫെല്ലിനിയുടെ ദൃശ്യഭാഷയോട് അതീവ താല്പര്യം പുലർത്തിയ കെ ജി ജോർജ് തീർച്ചയായും ഫെല്ലിനിയുടെ സിനിമാലോകത്തിന്റെ അനന്തരാവകാശിയാണ്. രണ്ടു മണിക്കൂറോളം നീളമുള്ള ഈ ചിത്രത്തെ മഹത്തായ ഒരു കവിതപോലെയാണ് ലിജിൻ ജോസ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള പല സിനിമാമേളകളിൽ പ്രദർശിപ്പിക്കപ്പെട്ട് ഈ ചിത്രം അഭിനന്ദനങ്ങൾ നേടിക്കഴിഞ്ഞു.
ഇനിയൊരിക്കലും ഒരു സിനിമയെടുക്കാൻ തനിക്കു കഴിയില്ല, തന്റെ കാലം കഴിഞ്ഞിരിക്കുന്നു എന്ന് പറയുന്ന കെ ജി ജോർജ്ജ് താൻ ആഗ്രഹിക്കുന്ന സിനിമ ഇനി എടുക്കാനാവില്ല കാരണം ഇന്നത്തെ സിനിമാലോകം വേറെന്തൊക്കെയോ ആണ് എന്നും പറയുന്നുണ്ട്. മലയാള സിനിമയെപ്പറ്റിയുള്ള ഡോക്യുമെന്ററി ആണിതെങ്കിലും എൺപതുകളിലെ മദ്രാസിനെപ്പറ്റിയും കോടമ്പാക്കത്തെ ജീവിതത്തെപ്പറ്റിയുമുള്ള സത്യസന്ധമായ വിവരണങ്ങൾ ഈ സിനിമയിലുണ്ട്. തമിഴിനേക്കാൾ മലയാളത്തിലാണ് മദ്രാസിനെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ളത് എന്ന് എനിക്ക് തോന്നുന്നു. കെ ജി ജോർജ്ജിന്റെ ‘ലേഖയുടെ മരണം’ കാണുക. അതിൽ കാണിക്കുന്ന കോടമ്പാക്കത്തിന്റെ സത്യാവസ്ഥ തമിഴ് സിനിമ ഒരിക്കലും കാണിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം ചെന്നൈയിലെ തമിഴ് സ്റ്റുഡിയോ സിനിമാ സംഘത്തിൽ 8½ Intercuts പ്രദർശിപ്പിച്ചിരുന്നു. അവരുടെ ‘പടച്ചുരുൾ’ എന്ന തമിഴ് സിനിമാ മാസിക കെ ജി ജോർജ്ജിനെക്കുറിച്ചു മാത്രമായി ഒരു സമ്പൂർണ്ണ ലക്കം പുറത്തിറക്കി. അതിന്റെ പ്രകാശനവും കെ ജി ജോർജ്ജിന്റെ സിനിമകളുടെ പ്രദർശനവും എല്ലാം ചേർന്ന് ഒരു ദിവസം മുഴുവൻ കെ ജി ജോർജ്ജിനെ ആഘോഷിച്ചു. ആ പരിപാടിയിൽ പങ്കെടുത്ത് കെ ജി ജോർജ്ജിന്റെ സിനിമകളെപ്പറ്റി സംസാരിക്കാൻ എനിക്കും സാധിച്ചു. കെ ജി ജോർജ്ജിനോട് ഏറെ സ്നേഹവും അദ്ദേഹത്തിന്റെ സിനിമകളോട് കടുത്ത ആരാധനയുമുള്ള ഷാജി ചെന്നൈയുടെ പലനാൾ പരിശ്രമത്തിന്റെ ഫലമായാണ് ഈ പരിപാടി നടന്നത്. ഷാജിക്ക് എന്റെ സ്നേഹവും അഭിനന്ദനങ്ങളും. തമിഴ് സ്റ്റുഡിയോ സിനിമാ സംഘത്തിനും അതിന്റെ സംഘാടകൻ അരുണിനും നന്ദി.
ലിജിൻ ജോസും അന്ന് വന്നിരുന്നു. അത്താഴ സമയത്ത് ലിജിനും ഷാജിയും ഞാനും കെ ജി ജോർജ്ജിനെപ്പറ്റി നീണ്ടനേരം സംസാരിച്ചതും അവർ ഇരുവരും കെ ജി ജോർജ്ജിനെ നേരിൽക്കണ്ട തങ്ങളുടെ അനുഭവങ്ങൾ വിവരിച്ചതും ചേർന്നപ്പോൾ ആ ദിവസം എനിക്ക് മറക്കാനാവാത്തതായി. കെ ജി ജോർജ്ജിന്റെ സിനിമകളായ ഉൾക്കടലും യവനികയും പഞ്ചവടിപ്പാലവും ആദാമിന്റെ വാരിയെല്ലും ഇരകളും ഒക്കെ ഒരിക്കലും മറക്കാനാവാത്തവയാണ്. അതുപോലെതന്നെയാണ് കെ ജി ജോർജ്ജിനെക്കുറിച്ചുള്ള ഈ സിനിമയും. ജോർജ്ജിന്റെ സിനിമകൾപോലെതന്നെ ഈ സിനിമയും നമുക്കെല്ലാം എന്നും അഭിമാനിക്കാവുന്ന ഒരു കലാ സൃഷ്ടിയായി നിലനിൽക്കും.