ടാഗോറിന്റെ ജീവിതത്തിൽ നിന്നും ഒരു മനോഹരമായ സംഭവം

22
Prins P V
ടാഗോറിന്റെ ജീവിതത്തിൽ നിന്നും ഒരു മനോഹരമായ സംഭവം;
നദിക്ക് ഇരുവശവും നിറഞ്ഞു നിൽക്കുന്ന കാനനത്തിന്റെ ഏകാന്തമായ നിശബ്ദതയുടെ മനോഹാരിത നുകർന്ന് നദിയിലൂടെ തന്റെ ഹൗസ് ബോട്ടിൽ ഒത്തിരി ദൂരം അദ്ദേഹം സഞ്ചരിക്കുമായിരുന്നു. പൂർണ്ണചന്ദ്രൻ നിലാവു പൊഴിക്കുന്ന ഒരു രാത്രി, അദ്ദേഹം തന്റെ ഹൗസ് ബോട്ടിനകത്ത് മഹാനായ ഏതോ ചിന്തകന്റെ, സൗന്ദര്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു പുസ്തകത്തിൽ മുഴുകിയിരിക്കുകയായിരുന്നു…..
ആ വരികൾ തുടങ്ങുന്നത് യഥാർത്ഥത്തിൽ എത്രയോ വലിയ ഔത്സുക്യത്തിലാണ്, സൗന്ദര്യത്തെ മനോഹരമായി നിർവ്വചിക്കാൻ പോകുന്നു എന്നതുപോലെ! എന്നാൽ അതുൾക്കൊള്ളുന്ന ആശയങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലുമ്പോൾ ആ ആവേശം ക്രമേണ അപ്രത്യക്ഷമാകുന്നതായാണ് മന:സ്സിലാക്കുവാൻ കഴിയുക. യഥാർത്ഥത്തിൽ ആ വരികൾ ഏറ്റെടുത്തിരിക്കുന്ന മഹത്തായ ദൗത്യം സത്യത്തിൽ അനിർവ്വചനീയവും അസംഭവ്യവുമാണെന്നാണ് അതിലെ ആശയങ്ങൾ ദുർബ്ബലപ്പെടുന്നതിലൂടെ വെളിവാക്കപ്പെടുന്നത്!
സൗന്ദര്യം അനിർവ്വചനീയമാണെന്ന നിർണ്ണയത്താൽ അദ്ദേഹം ആ പുസ്തകം അടയ്ക്കുന്നു…. ഒരു മെഴുകുതിരി വെട്ടത്തിലായിരുന്നു അദ്ദേഹം ആ ബുക്ക് വായിച്ചുകൊണ്ടിരുന്നത്, മെഴുകുതിരി വെളിച്ചത്താൽ ഹൗസ് ബോട്ടിലെ ക്യാബിന്റെ ജന്നാലകളിലൂടെ നിലാവെളിച്ചം ഉള്ളിലേക്ക് പ്രവേശിച്ചിരുന്നില്ല, അല്ലെങ്കിൽ ആ മെഴുകുതിരി വെട്ടത്താൽ അകത്തേക്ക് കടന്നുവന്ന നിലാവിന്റെ സൗന്ദര്യം വെളിപ്പെട്ടിരുന്നില്ല… അദ്ദേഹം മെഴുകുതിരി ഊതിക്കെടുത്തി ബെഡ്ഡിലേക്ക് പോകാൻ തുടങ്ങുകയായിരുന്നു. പെട്ടെന്ന് അകത്തേക്ക് ആഴ്ന്നിറങ്ങിയ നിലാവെളിച്ചത്തെ പുഴയിലെ ഓളങ്ങളിൽ മൃദുവായുലയുന്ന ആ ചങ്ങാടത്തിന്റെ ചലനങ്ങൾ തനിക്ക് ചുറ്റും നൃത്തം ചെയ്യിക്കുന്നതായി അദ്ദേഹത്തിനനുഭവപ്പെട്ടു!!
അദ്ദേഹം സ്വയം പറഞ്ഞു; “ദൈവമേ ഞാനെന്തൊരു മൂഢനാണ് സൗന്ദര്യം തന്റെ വാതിൽക്കൽ മുട്ടിവിളിച്ചു കൊണ്ട് മുന്നിൽ നിൽക്കുമ്പോഴും മറ്റെങ്ങോട്ടുമല്ലാതെ അനിർവ്വചനീയതയുടെ മരുഭൂമിയിലേക്കു മാത്രം തന്നെ നയിക്കാൻ പോന്ന പൊള്ളയായ വാക്കുകളിൽ മുഴുകി ഒരു കൊച്ചു മെഴുകുതിരി വെളിച്ചത്താൽ വെറുമൊരന്ധനായി ഞാനിരിക്കുന്നു.”
എല്ലാ വാതിലുകളും ജന്നാലകളും തുറന്ന് ഹൗസ് ബോട്ടിന്റെ മേൽത്തട്ടിലേക്ക് കയറി നിലാവ് പരന്നൊഴുകുന്ന ആ രാത്രിയുടെ മനോഹാരിതയിൽ അദ്ദേഹം ലയിച്ചു നിന്നു…. “എത്രയോ മനോഹരങ്ങളായ രാത്രികൾ താൻ കണ്ടിരിക്കുന്നു, എത്രയോ പൂർണ്ണചന്ദ്രൻമാരെ… എന്നാൽ ഇത്രയും സ്വച്ഛവും നിശബ്ദവുമായ സൗന്ദര്യമാർന്ന ഒരു രാത്രി താനൊരിക്കലും കണ്ടിട്ടില്ല.” ആ പുഴയുടെ കുഞ്ഞോളങ്ങളിലേക്ക് പരന്നൊഴുകിയ നിലാവിന്റെ വെള്ളിനിറം ഒരഭൂതമായ അനുഭൂതി അദ്ദേഹത്തിന് പകർന്നു നൽകി! ആ നിശബ്ദത ഉന്മത്തമായ ഒരു സംക്ഷോഭത്തിലേക്ക് അദ്ദേഹത്തിന്റെ മന:സ്സിനെ കവർന്നെടുത്തു!
ആ രാത്രി തന്നെ അദ്ദേഹം തന്റെ ഡയറിയിൽ കുറിച്ചു: “സൗന്ദര്യത്തെ നമുക്ക് കാണാം, തോന്നാം, അനുഭവിച്ചറിയാം; ഇതിന് നമ്മെ ഒരു ഭ്രാന്തമായ അവസ്ഥയിലേക്ക് നയിക്കാൻ കഴിയും, പക്ഷെ ഇതൊരിക്കലും നമുക്ക് നിർവ്വചിക്കാൻ കഴിയുന്ന ഒന്നല്ല… ഇന്നു മുതൽ സൗന്ദര്യത്തെ നിർവ്വചിക്കാൻ ശ്രമിക്കുന്ന ഒരു പുസ്തകവും ഞാൻ വായിക്കില്ല കാരണം അത് ചെയ്യാൻ ഒരു പുസ്തത്തിനും കഴിയില്ല.”
Translated from the book ‘Eternal Celebration’ by Osho.