Narmam
ഒരു ബ്ലോഗ്ഗറുടെ ആത്മ നൊമ്പരം
“എന്താ ഈ മഴയും നോക്കി ആലോചിച്ച് നിക്കണ്…?” വിഷമിച്ചു തലക്ക് കൈവെച്ചിരിക്കുന്ന ഒരു ബ്ലോഗ്ഗറുടെ ഇരിപ്പ് കണ്ടിട്ട് ഭാര്യ ചോദിച്ചതാണ്.
285 total views, 1 views today

“എന്താ ഈ മഴയും നോക്കി ആലോചിച്ച് നിക്കണ്…?” വിഷമിച്ചു തലക്ക് കൈവെച്ചിരിക്കുന്ന ഒരു ബ്ലോഗ്ഗറുടെ ഇരിപ്പ് കണ്ടിട്ട് ഭാര്യ ചോദിച്ചതാണ്.
“മഴയും വെയിലും ഒക്കെ ആസ്വദിച്ചു നിന്നാലേ ഭാവന വരൂ… ”
“ഭാവനക്ക് പിരാന്തല്ലേ , ഈ പെരുമഴത്തു എറങ്ങി നടക്കാന്‍… ഓള് പ്പൊ തമിഴ് സില്മന്റെ തെരക്കിലാന്നു ഇന്നലെ ടീ വീല്‍ പറഞ്ഞില്ലേ ..? ”
“ആ ഭാവനയെല്ലടീ .. മറ്റേ ഭാവന ”
“ഏതു.. ഞമ്മളെ ചന്തന് കുട്ട്യേട്ടന്റെ എളേ മോളോ..?”
“അല്ല.. നിന്റെ വാപ്പാന്റെ രണ്ടാം കെട്ടിലുള്ളത്…” “ബുദ്ധിയില്ലാത്ത നിന്നോട് സംസാരിക്കാന്‍ നിന്ന എന്നെ പറഞ്ഞാല്‍ മതിയല്ലോ ”
“ഈ ചീഞ്ഞ മഴത്തു ഭാവനനെ നോക്കി നിക്കണ ങ്ങക്ക് ബല്യ ബുദ്ധ്യല്ലേ ..?”
“ഹും…നിനക്ക് ഇത് ചീഞ്ഞ മഴ. ഈ മഴയ്ക്ക് ബ്ലോഗിലൊക്കെ ഭയങ്കര വിലയാ”
“ന്റെ മമ്പോര്‍ത്ത തങ്ങളേ…… അവ്ട പ്പോ മഴേം ബെയിലും ഒക്കെ വെലക്ക്
ബിക്കാന് തൊടങ്ങ്യ?” ” അപ്പൊ അത് ലുലു സെന്റെര്നെക്കാളും ബല്യ സൂപ്പര്‍ മാര്‍ക്കറ്റാ ..?”
“ഏതു…..?”
“ബ്ലോഗ് ”
“ഒരു ഫേസ് ബുക്ക് അക്കൊണ്ട് പോലും ഇല്ലാത്ത നിന്നോട് ബ്ലോഗിനെ കുറിച്ച് പറയാന്‍ നിന്ന എന്നെ പറഞ്ഞാല്‍ മതിയല്ലോ ”
“അത് ന്റെ കുറ്റാ…? ഇങ്ങള് ഇന്ക്ക് സ്റ്റേറ്റു ബാങ്കിലല്ലേ അക്കൌണ്ട് തൊടങ്ങി തന്നത് ”
“എടീ.. നീ ബ്ലോഗ് എന്ന് കേട്ടിട്ടുണ്ടോ ?
“പ്ലേഗ് ന്നു കേട്ടിട്ടുണ്ട്.. പണ്ട് ഗുജറാത്തില്‍ ണ്ടായ അസുഖല്ലേ ..?”
“എനിക്ക് ഒരു ബ്ലോഗ് ഉണ്ട് ”
“അത് പണ്ട് ആദ്യ രാത്രീല് ങ്ങളെ ആക്രാന്തം കണ്ടപ്പളേ എനിക്ക് തോന്നീതാ.. ങ്ങക്ക് ‘അത് ‘ ണ്ട്ന്നു”
“ഛെ.. അതെല്ലടീ….. ഇന്റര്‍നെറ്റില്‍ കഥയും കവിതയും ഒക്കെ എഴുതുന്ന സംഭവമാ ഈ ബ്ലോഗ് . എനിക്ക് ഈ ബ്ലോഗിങ്ങിന്റെ അസുഖം ഉണ്ട് .”
“വേര്തല്ല,ഇങ്ങള് ഈ പ്രാവശ്യം വന്നപ്പഴേ ഞാന്‍ ശ്രദ്ധിക്ക്ണ്. ആ പഴയ ഉസാറോന്നും ഇല്ല. ഞാന്‍ വിചാരിച്ചു പ്രായം ആകുനോണ്ട് ആണെന്ന്. ഇങ്ങള് ആ ബാലന് വൈദ്യെരെ അടുത്തു ഒന്ന് പോയ്ക്കാളീ. അയാള്‍ തരണ ധാതു പുഷ്ടീ ന്റെ ലേഹം തിന്നാല്‍ നല്ല ഉഷാറാന്നാ തെക്കേലെ സുബൈദ പറേണത് . ”
“എടീ.. അതല്ല …ഞാന്‍ കഥയും കവിതയും ഒക്കെ എഴുതാറുണ്ട്”
ഹ ഹ ഹ .. ഇങ്ങള് കഥേം .. കവിതേം എഴുതേ… ഇങ്ങള് രാവിലത്തന്നെ ആളെ ചിരിപ്പിക്കല്ലിട്ടാ…”
“(പടച്ചോനെ.. ഇവള്‍ക്ക് വരെ എന്നെ വിലയില്ല.. പിന്നെ ഞാന്‍ കമെന്റ് വരും, കമെന്റു വരും എന്ന് കാത്തിരുന്നിട്ടെന്തു കാര്യം.. ) നിനക്ക് ഞാന്‍ പ്രശസ്തനാകണം എന്നുള്ള ആഗ്രഹമില്ലേ.. ? ”
“ആഗ്രഹാല്ല്യഞ്ഞിട്ടല്ല…. പക്ഷെ ഇന്ക്ക് ചിരി അടക്കിവേക്കാന് പറ്റാഞ്ഞിട്ടാ ഞാന്‍ ചിര്ച്ചത് ”
” മോളേ .. ഞാന്‍ എഴുതിയാല്‍ മാത്രം ആരും വന്നു വായിക്കൂല. കമെന്റ് ബോക്സില്‍ നോക്കി നോക്കി സമയം പൊകൂകയല്ലാതെ ഒറ്റ കമെന്റും എനിക്ക് കിട്ടുന്നും ഇല്ല . ഇപ്പൊ നീയും എന്നെ കളിയാക്കാ..”
“ഇങ്ങള് വന്നപ്പളെ ഞാന്‍ ചോദിക്കനംന്നു ബിച്ചര്ച്ചതാ…. ഇങ്ങളെ കഴുത്ത് എന്താ ഇങ്ങനെ നീണ്ടു പോയിക്ക്ണ്ന്നു … ഇപ്പളല്ലേ മനസ്സിലായത്, കമെന്റ് ബോക്സിലേക്ക് നോക്കി ഇരുന്നുട്ടാണെന്നു”
“നിനക്കറിയില്ല .. ഒരു കമെന്റ് ഇല്ലാത്ത ബ്ലോഗ്ഗെരുടെ വിഷമം.. നീ പറഞ്ഞ ഉഷാര്‍ കുറവക്കെ മാറണംന്നുണ്ടെങ്കില് എന്റെ ബ്ലോഗില്‍ കമെന്റ് വരാന്‍ തുടങ്ങണം.”
” പടച്ചോനേ… ഇനിപ്പോ എന്താ ചെയ്യാ ?. ഇങ്ങളെ കമെന്റ് ബോക്സിനു മാത്രേ ഈ പ്രശ്നള്ളൂ….? ”
” വള്ളിക്കുന്നിനും, ബെര്ളിക്കും ,കണ്ണൂരാനും ഒക്കെ കമെന്റിന്റെ ഘോഷയാത്രയാ. എന്തിനേറെ, ആ കൊമ്പന് മൂസക്ക് വരെ 100 കമെന്റ് കിട്ടും ”
“ഇങ്ങളെ ബ്ലോഗില്‍ ചെലപ്പോ ചെയ്ത്താന് കേറീട്ടുണ്ടാകും . ങ്ങള് ആ ഉസ്മാന് മുസ്ല്യാരുടെ ഒരു ഏലസ്സ് വാങ്ങി കെട്ടി നോക്കിം ”
“അത് വേണ്ടടീ.. ഞാന്‍ പണ്ട് ഹഫീസ് മുസ്ലിയാരുടെ ഏലസ്സ് വാങ്ങിയതാ.. എന്നിട്ടും ഒരു പ്രയോജനവും ഇല്ല.. ”
“എന്നാല്‍ ഞമ്മള് ആ ഉണ്ണി പ്പണിക്കരുടെ അടുത്തു ഒന്ന് പോയി നോക്കിയാലോ ? മൂപ്പര് പ്രശനം വെച്ചാല്‍ ഓടാത്ത ചെയ്ത്താനോന്നും ഇങ്ങളെ കമെന്റ് ബോക്സില്‍ ഉണ്ടാവൂല്ല.”
“അത് വേണോ..?
“അത് വേണം.. ഞമ്മള്ക്ക് കുറെ കമെന്റ് കിട്ടി , ഒരു നല്ല കാലം വരാനുണ്ടെങ്കില്‍ ഇങ്ങളെ ദുബായി പ്പോക്ക് ഒക്കെ നിര്‍ത്താലോ ?”
ങേ …?(ഇവള് എന്താ ഉദ്ദേശിച്ചത് )
*******************
“വരൂ .. വരൂ.. എന്തേ, രണ്ടാളും കൂടി പോന്നത്….? ”
“മൂപ്പരുടെ പ്ലേഗിലെ .. .. അല്ല.. ബ്ലോഗിലെ ചെയ്ത്താനെ ഒന്ന് പറപ്പിക്കാനാ…”
“ബ്ലോഗിലെ ശൈത്താനോ……………?”
“അതെ, എന്റെ ബ്ലോഗില്‍ ഒരൊറ്റ കമെന്റും വരുന്നില്ല. അത് എന്താണെന്ന് അറിയാന്‍ വന്നതാ..”
“നമുക്ക് ഒന്ന് കവടി നിരത്തി നോക്കാം.”
“————— മ്..മ് .മ് … അപ്പൊ അതാണ് പ്രശനം..”
“എന്താണ് പ്രശ്നം ?”
” കമെന്റ് ബോക്സില്‍ ചില ദുഷ്ട ശക്തികളുടെ ശല്യമുണ്ട് ”
“എന്ന് വെച്ചാല്‍ .. ..?”
“ശനിയുടെ അപഹാരം. പോരാത്തതിന് , വ്യാഴവും ബുധനും തമ്മിലുള്ള അന്തര്‍ധാര സജീവമാണ്.”
“ങേ …”
” പേടിക്കേണ്ട നമുക്ക് പരിഹാരം കാണാം. …”
“എന്ത് പരിഹാരം …”
നമുക്ക് ഒരു കമെന്റ് പൂജ ചെയ്യാം. അല്പം ചിലവുണ്ട്. ഞാന്‍ ചെയ്തോളാം.”
“ചിലവെന്നു പറഞ്ഞാല്‍… ?”
“ഒരു 3000 രൂപയാകും … എന്താ ..?”
“ചെയ്യാം…”
“എന്നാല്‍ പണം അടച്ചോളൂ.. അടുത്ത വെള്ളിയാഴ്ച നടത്താം.. എന്തേ.. ?”
“ആയ്ക്കോട്ടെ..”
“ഇതാ ഈ പേപ്പറില്‍ ചില കാര്യങ്ങള്‍ എഴുതിയിട്ടുണ്ട് . ഇപ്പോള്‍ തുറന്നു നോക്കരുത്.സൂര്യസ്തമയത്തിനു ശേഷം ബ്ലോഗ് തുറന്നു വെച്ചതിനു ശേഷം മാത്രം ഈ പേപ്പര്‍ തുറന്നു വായിക്കുക”
( കമെന്റ് വരാനുള്ള വല്ല മന്ത്രവും ആയിരിക്കും പേപ്പറില്‍) “ശരി എന്നാല്‍ ഇറങ്ങട്ടെ ”
“ആയ്ക്കോട്ടെ.. ”
“ഇപ്പൊ ഇങ്ങള്ക്ക് മനസ്സില്‍ ഒരു സമാധാനം തോന്നുന്നുണ്ടോ മന്സാ ?
“തോന്നുന്നുണ്ട് പൊന്നെ.. ”
“കമെന്റ് വരാന്‍ തൊടങ്ങ്യാ .. ന്റെ അക്കൌണ്ടില്‍ ഇടാട്ടോ.. മോള് ബളര്‍ന്നു വരല്ലേ .. എന്റെ അക്കൌണ്ടില്‍ ആണെങ്കില്‍ അവിടെ കിടന്നോളും.. ഇങ്ങളെ കയ്യ് ഓട്ട കയ്യാ.. ”
ങേ … ഈ കമെന്റ് എന്ന് പറഞ്ഞാല്‍ നീ എന്താണ് കരുതീത്?
“ഈ ചെക്ക് , ഡ്രാഫ്റ്റ് ന്നൊക്കെ പറേണ മാതിരിയുള്ള തല്ലെ..?”
“എടി ബുദ്ദൂസേ … കമെന്റ്ന്നു പറഞ്ഞാല്‍ അഭിപ്രായം.. എന്റെ കഥയും കവിതയും കുറിച്ചുള്ള അഭിപ്രായങ്ങള്‍….”
ഇന്റെ മുത്തു നബീ. … ഞാന്‍ ഇന്നലെ രാത്രി ഓതിയ മൂന്നു യാസീന്‍……….. അത് വെള്ളത്തിലായല്ലോ….. പടച്ചോനെ …. .. ഇയാളെ ബുദ്ധി ഒന്ന് ശരിയാക്കി തരണേ.. ”
നിന്റെ നാക്ക് ഒന്ന് അടക്ക്… ഞാന്‍ പണിക്കര്‍ തന്ന മന്ത്രം ചൊല്ലട്ടെ..
(പേപ്പര്‍ തുറന്നു ഞെട്ടിപ്പോയി:
ഉണ്ണി പ്പണിക്കര്‍ ഡോട്ട് ബ്ലോഗ് സ്പോട്ട് ഡോട്ട് കോം …ഇത് എന്റെ ബ്ലോഗ് ആണ് .ഇത് നോക്കി ഒരു കമന്റ് ഇടൂ .ഞാന്‍ ഇന്ന് തന്നെ നിങ്ങള്‍ക്ക് ഒരു കമെന്റ് ഇടാം. എന്നാലെ പൂജയ്ക്ക് ഫലം ചെയ്യൂ.. )
286 total views, 2 views today