അമിത് ഷായെ സ്റ്റേജിലിരുത്തി മുഖത്തുനോക്കി സത്യങ്ങൾ വിളിച്ചുപറഞ്ഞതിന് രാഹുൽ ബജാജിന് കയ്യടി

214

സത്യത്തിൽ എണീറ്റ് നിന്ന് കയ്യടിക്കാൻ തോന്നുന്നു ഈ ധൈര്യത്തിൻ്റെ പേരിൽ. ആഭ്യന്തരമന്ത്രി അമിത് ഷായെയും ധനകാര്യമന്ത്രി നിർമല സീതാരാമനെയും റെയിൽവേയുടെ പീയൂഷ് ഗോയലിനെയും സ്റ്റേജിലിരുത്തിക്കൊണ്ടുതന്നെ മുഖത്തുനോക്കിപ്പറഞ്ഞതിന്. വ്യവസായിയായ രാഹുൽ ബജാജ് എക്കണോമിക്സ് ടൈംസ് അവാർഡ് 2019ൽ സംസാരിക്കുകയായിരുന്നു. സ്റ്റേജിൽ മുൻപ് പറഞ്ഞ മൂന്ന് പേരുമുണ്ട്.

” മുൻപ് യു.പി.എ സർക്കാരിനെ ആർക്കും വിമർശിക്കാമായിരുന്നു. പക്ഷേ നിങ്ങളെ തുറന്ന് വിമർശിക്കണമെങ്കിൽ നിങ്ങളത് ശരിയായ സ്പിരിറ്റിലെടുക്കുമെന്ന് ആർക്കും ഉറപ്പില്ല.. ചിലപ്പൊ ഞാൻ പറയുന്നത് തെറ്റായിരിക്കാം..പക്ഷേ എല്ലാവർക്കും അങ്ങനെ തോന്നുന്നുണ്ട്..”

അതിൻ്റെ തലേ ദിവസമാണ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങ് ഇതേ കാര്യം തന്നെ പറഞ്ഞത്. യു.പി.എ സർക്കാരിനെയോ മന്മോഹൻ സിങ്ങിനെയോ രാഹുൽ ഗാന്ധിയെയോ വിമർശിക്കാൻ ആർക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരുമായിരുന്നില്ലെന്നത് ഒരു വാസ്തവമാണ്. ആറ് വർഷത്തെ ഏറ്റവും മോശമായ നിലയിലേക്ക് ജി.ഡി.പി എത്തിയിരുന്നെങ്കിലും അതിനെക്കുറിച്ച് വൻ പ്രതികരണങ്ങളൊന്നും ഒരിടത്തുനിന്നും ഉണ്ടായിക്കണ്ടിരുന്നില്ലെന്നത് കൂടി കൂട്ടിവായിക്കണം അദ്ദേഹം പറഞ്ഞതിൽ..

പ്രഗ്യ താക്കൂറിനെക്കുറിച്ചും ബജാജ് പറഞ്ഞു-  അവരോട് ക്ഷമിക്കാൻ തനിക്ക് വളരെ ബുദ്ധിമുട്ടുണ്ടാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. അതു കഴിഞ്ഞും അവരെ ഡിഫൻസ് കൗൺസിലിൽ അംഗമാക്കുകയാണദ്ദേഹം ചെയ്തത്.

ആൾക്കൂട്ട കൊലപാതകങ്ങളെക്കുറിച്ചും പരാമർശമുണ്ടായിരുന്നു – ” അത് അസഹിഷ്ണുതയുടെ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു…ഞങ്ങൾക്ക് ഭയമുണ്ട്..ചില കാര്യങ്ങൾ പറയാൻ ഞങ്ങൾക്കാഗ്രഹമില്ല. പക്ഷേ ഇതുവരെ ആരെയും ശിക്ഷിച്ചതായി ഞങ്ങൾ കാണുന്നില്ല”

പറയണമെന്ന് എല്ലാവരും മനസിൽ കരുതുന്ന,എന്നാൽ മേൽ പറഞ്ഞ പേടിയുടെ അന്തരീക്ഷം മൂലമോ മറ്റ് കാരണങ്ങൾ കൊണ്ടോ മിണ്ടാതിരുന്ന കാര്യങ്ങളായിരുന്നു ഇവ. അത് അമിത് ഷായെത്തന്നെ സ്റ്റേജിലിരുത്തി പറഞ്ഞത് എന്ത് കാരണം കൊണ്ടാണെങ്കിലും ശരി. അതിനൊരു കയ്യടിയുണ്ട്.