ഒരു ‘കൊറോണ നെഗറ്റീവ്’ സ്റ്റോറി അഥവാ കേരള ജനതയെ രക്ഷിച്ച കഥ.
ചൈനയിലെ വുഹാനിൽനിന്നെത്തിയ ഒരുകുട്ടിക്ക് തൊണ്ടവേദനയുണ്ടെന്നു കണ്ടെത്തി തൃശ്ശൂർ ജനറൽആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്’ – റിപ്പബ്ലിക് ദിനത്തിൽ ഇത്തരമൊരു സന്ദേശംനൽകുമ്പോൾ തൃശ്ശൂർ ഡി.എം.ഒ. ഓഫീസും സന്ദേശം സ്വീകരിച്ച ആരോഗ്യസെക്രട്ടറിയുടെ ഓഫീസും അവധിയാലസ്യത്തിലായിരുന്നില്ല. ചൈനയിൽ മഹാമാരിയായി പടരുന്ന കൊറോണ വൈറസിനെ ഇന്ത്യയിൽ പ്രതിരോധിക്കാൻ ഉണർന്നിരിക്കുകയായിരുന്നു. ‘ നിപ’ നൽകിയ പാഠമായിരുന്നു ജാഗ്രതയ്ക്കുപിന്നിൽ. ഇപ്പോൾ, ഇന്ത്യയിലാദ്യമായി രോഗംസ്ഥിരീകരിച്ച തൃശ്ശൂരിലെ കുട്ടി രോഗംഭേദമായി ആശുപത്രി വിടാനൊരുങ്ങുകയാണ്. അതിനുപിന്നിൽ, ഒരു രാജ്യത്തെ ഒട്ടും ആശങ്കയിലാക്കാതെ രോഗംപടരാതിരിക്കാൻ കേരളത്തിൽ ഒരു സംവിധാനം ഉറങ്ങാതെ പ്രവർത്തിച്ചു.
തൃശ്ശൂർ ജനറൽആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലുള്ള നാലിൽ മൂന്നുപേരുടെ പരിശോധനാഫലം ജനുവരി 30-ന് എത്തി. മൂന്നുംനെഗറ്റീവ്. ഫലമെത്താത്ത നാലാമത്തെയാൾ തൊണ്ടവേദനയുമായി എത്തിയ വിദ്യാർഥിനിയാണ്. ഉച്ചയോടെ മൂവരെയും ഡിസ്ചാർജ്ചെയ്തു. ഫലംവരാത്ത വിദ്യാർഥിനിക്കും ഫലം നെഗറ്റീവായിരിക്കുമെന്ന വിശ്വാസത്തിൽ ഡിസ്ചാർജ് െചയ്താലോ എന്ന് ഡോക്ടർമാർ ആലോചിക്കവേയാണ് ആരോഗ്യമന്ത്രിയുടെ വിളിയെത്തുന്നത് -ആരെയും ഡിസ്ചാർജ് ചെയ്യരുത്. ഒരു ഫലം പോസിറ്റീവാണ്.
ആരോഗ്യമന്ത്രി, ആരോഗ്യസെക്രട്ടറി, തൃശ്ശൂർ ജില്ലാ കളക്ടർ, തൃശ്ശൂർ ഡി.എം.ഒ., തൃശ്ശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എന്നിവർ ഒത്തൊരുമിച്ച് പ്രവർത്തനം തുടങ്ങി. മെഡിക്കൽകോളേജ് പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസ് അവിടത്തെ പേവാർഡുകൾ ഒഴിപ്പിച്ച് 24 മുറികളുള്ള ഐസൊലേഷൻ വാർഡൊരുക്കി.
മെഡിക്കൽകോളേജ് സൂപ്രണ്ട് ഡോ. ബിജുകൃഷ്ണൻ, ഡോ. സി. രവീന്ദ്രൻ, ഇൻഫക്ഷനറി ഡിസീസ് ഇൻ ചാർജ് ഡോ. രാജേഷ്, മൈക്രോബയോളജിസ്റ്റ് ഡോ. സൂര്യകല, ഡോ. ബിനു, ഹെഡ്നഴ്സ് സിജി ജോസ് എന്നിവരുൾപ്പെട്ട കോർ ടീമുണ്ടാക്കി. അവധിയെടുക്കാതെ 30 നഴ്സുമാരും.
രോഗംസ്ഥിരീകരിച്ച വിദ്യാർഥിനിയെ എത്തിച്ചത് ജനുവരി 31-നു രാവിലെ 5.30-ന്. രോഗിയെ കൂട്ടിക്കൊണ്ടുവരാൻ പ്രിൻസിപ്പൽ എം.എ. ആൻഡ്രൂസും ലെയ്സൺ ഒാഫീസർ ഡോ. സി. രവീന്ദ്രനുമെത്തി. ജനറൽമെഡിസിനിലെ യൂണിറ്റ് ചീഫ് ഡോ. ജിജിത് കൃഷ്ണനും ഡോ. എൽസയും രോഗിയെ പരിശോധിച്ചു.
തൊണ്ടവേദനയ്ക്കുമാത്രമാണ് മരുന്നുനൽകിയത്. മറ്റു േരാഗങ്ങൾ ബാധിക്കാതെയും പകരാതെയും നോക്കാനായിരുന്നു ശ്രമം. ദിവസം രണ്ടുതവണ രോഗിയെ സന്ദർശിച്ചു. ഓരോതവണയും ഡോക്ടർമാരും നഴ്സുമാരും വസ്ത്രം കത്തിച്ചുകളഞ്ഞ് ആശുപത്രിയിലൊരുക്കിയ സ്ഥലത്ത് കുളിക്കണം.ഐസൊലേഷൻ വാർഡിൽ ഡ്യൂട്ടിയിലുള്ളവരും കുടുംബാംഗങ്ങളും ആരോഗ്യപ്രവർത്തകരുടെ നിരീക്ഷണത്തിലായിരുന്നു. ചൈനയിൽനിന്നെത്തിയവരെ കണ്ടെത്തി പരിശോധിച്ച ഡി.എം.ഒ. ഡോ. കെ.ജെ. റീന, ഡോ. സുമേഷ് കൃഷ്ണൻ, ഡോ. ബിനു, ഡോ. ജിജിത് കൃഷ്ണൻ, രോഗമറിഞ്ഞയുടൻ പാഞ്ഞെത്തിയ ആരോഗ്യമന്ത്രി കെ.കെ. ശൈലജ, ജില്ലയിലെ മന്ത്രിമാരായ എ.സി. മൊയ്തീൻ, വി.എസ്. സുനിൽകുമാർ, സി. രവീന്ദ്രനാഥ്, ചീഫ് വിപ്പ് കെ. രാജൻ, ജില്ലാ കളക്ടർ എസ്. ഷാനവാസ്… പിന്നെ, പിന്തുണയുമായെത്തിയ കേരളജനത. രാജ്യത്തെ ആദ്യത്തെ കൊറോണ വൈറസ് ബാധിച്ച രോഗി രോഗമുക്തി നേടുമ്പോൾ പറയാനുള്ളതിതാണ്: ‘ തോൽപ്പിക്കാനാകില്ല.ഇതു കേരളമാണ്,ഇവിടൊരു സർക്കാറുണ്ട്.ഷൈലജ ടീച്ചറാണ് ആരോഗ്യ മന്ത്രി .
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.