വ്യത്യസ്തമായൊരു വിവാഹ ക്ഷണക്കത്ത്

0
754

നമ്മുടെ വിവാഹചടങ്ങുകൾ ആചാരങ്ങളുടെയും യാഥാസ്ഥിതികതയുടെയും പൊങ്ങച്ചങ്ങളുടെയും കേന്ദ്രങ്ങളാണ്. ഒരേ ജാതി-മതങ്ങളിലുള്ളവർ തമ്മിൽ നാളും പൊരുത്തവും സ്ത്രീധനവും പോലുള്ള അസംബന്ധങ്ങൾ കൊണ്ട് വിവാഹിതരാകുന്ന കാഴ്ചകൾ എവിടെയും ബോറടിപ്പിക്കുമ്പോൾ വളരെ വ്യത്യസ്തമായ

ജെ. ദേവിക

വിവാഹക്ഷണക്കത്തു കൊണ്ട് സമൂഹത്തിന്റെ ബഹുസ്വരതയെ വിവാഹവേദിയിലേക്കു ക്ഷണിച്ചിരുന്നു ഒരു മാതാവ്. തീർച്ചയായും വൈവിദ്ധ്യത്തെ അംഗീകരിക്കുന്നവർ മനസ്സുകൊണ്ടെങ്കിലും ആ വിവാഹവേദിയിൽ (10 April 2019)ഉണ്ടായിരിക്കണം. വധൂവരന്മാരെ അനുഗ്രഹിക്കണം. മാനവികത നിറയുന്ന വിവാഹ ക്ഷണക്കത്ത് വായിക്കൂ..
=====
ജെ. ദേവികയുടെ (Jay D) ക്ഷണക്കത്ത്…

മറ്റന്നാളെ രാജശ്രീയുടെയും വിഹാൻറെയും വിവാഹമാണ്. ഇരുകുടുംബങ്ങളും വലിയ സന്തോഷത്തിലും പ്രതീക്ഷയിലുമാണ്. ചെറുതെങ്കിലും മനുഷ്യവർഗത്തിലുൾപ്പെട്ട എല്ലാത്തരം മനുഷ്യരും സംഗമിക്കുന്ന വേദിയിൽ വച്ചാണ് ഞങ്ങളുടെ മക്കൾ വിവാഹിതരാകുന്നത് – പല ജാതി-മതക്കാർ, , രാഷ്ട്രീയാഭിപ്രായം ഉള്ളവർ, അതില്ലാത്തവർ, പ്രശസ്തർ, പ്രശസ്തരല്ലാത്തവർ,
സിസ്-ലിംഗമനുഷ്യർ, ട്രാൻസ്-ലിംഗമനുഷ്യർ, പല തരം ലൈംഗികസ്വത്വങ്ങളുള്ള മനുഷ്യർ, ബുദ്ധി കൊണ്ടു അദ്ധ്വാനിച്ചു ജീവിക്കുന്നവർ, ശരീരം കൊണ്ടു അദ്ധ്വാനിച്ചു ജീവിക്കുന്നവർ, സ്വദേശവാസികൾ, വിദേശവാസികൾ, മലയാളികൾ, അല്ലാത്തവർ, മലയാളികളാണെങ്കിലും മലയാളം കാര്യമായി പറയാത്തവർ … അങ്ങനെയങ്ങനെ.

ഈ വൈവിദ്ധ്യത്തെ ഇഷ്ടപ്പെടുന്നവരെയാണ് ഞാൻ ക്ഷണിച്ചത്. കേരളത്തിൽ സാധാരണജീവിതം നയിക്കുന്നവരിൽ വലിയൊരു വിഭാഗം വൈവിദ്ധ്യത്തോട് തുറന്ന മനസ്സുള്ളവരാണെന്ന വസ്തുത എത്ര ആശ്വാസകരവും സന്തോഷകരവുമാണ്!!

എന്നാൽ വൈവിദ്ധ്യം കണ്ടാൽ അറപ്പുതോന്നുന്ന സാമൂഹ്യയാഥാസ്ഥിതികത്വം വച്ചു പുലർത്തുന്ന ആരെയെങ്കിലും ഞാൻ അബദ്ധവശാൽ ക്ഷണിച്ചുപോയിട്ടുണ്ടെങ്കിൽ, അവരോടു അങ്ങേയറ്റം ബഹുമാനത്തോടെ ഞാൻ പറയുന്നു – നിങ്ങൾക്ക് ഈ ക്ഷണം ഒരു ബുദ്ധിമുട്ടായെങ്കിൽ ക്ഷമ ചോദിക്കുന്നു. തീർച്ചയായും നിങ്ങൾ വരേണ്ടതില്ല. കാരണം ഞങ്ങളുടെ മക്കളെ ആത്മാർത്ഥമായി അനുഗ്രഹിക്കുന്നവരുടെ സാന്നിദ്ധ്യം മാത്രമേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ. നിങ്ങളുടെ മനോഭാവത്തെപ്പറ്റി മുന്നേ അറിവുണ്ടായിരുന്നെങ്കിൽ തീർച്ചയായും നിങ്ങളെ ക്ഷിണിക്കില്ലായിരുന്നു.

എനിക്കു വേണ്ടി മാത്രമായി ആരും ഈ വിവാഹത്തിൽ പങ്കെടുക്കേണ്ടതില്ല എന്നർത്ഥം. വധൂവരന്മാരെ ആത്മാർത്ഥമായി സ്നേഹിക്കുകയും അവരുടെ തീരുമാനത്തെ ശരിവയ്ക്കുകയും ചെയ്യുന്നവർ മതി. ഞങ്ങളുടെ സാമൂഹ്യജീവിതത്തിൽ ജാതിയോ മതമോ പണമോ വിദ്യാഭ്യാസനിലവാരമോ ലിംഗവ്യത്യാസമോ ലൈംഗികചായ് വോ മനുഷ്യസ്നേഹത്തിനു തടസ്സമല്ല.കുറഞ്ഞപക്ഷം ആ സാദ്ധ്യത എങ്ങനെയിരിക്കും എന്നറിയാൻ കൌതുകമുള്ളവർ മതി കല്യാണവിരുന്നുകാരായി.

Previous articleഒരു കട്ടിൽ കഥ
Next articleഛൗക്കീദാർ സൂര്യേന്ദ്ര ‘മൊട’ !
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.