ജീവിതത്തില്‍ ഞാനെടുത്ത തെറ്റായ തീരുമാനം മൂലം എന്റെ തന്നെ ഭാഗത്തു നിന്നും സംഭവിച്ച പിഴവുകള്‍ നിമിത്തം ഒരു വിവാഹ മോചിതയാകേണ്ടി വന്നതിന്റെ അനുഭവ കഥ നിങ്ങള്‍ക്ക് മുന്പില് തുറന്നെഴുതുവാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. വീട്ടില്‍ ഒരുപാട് സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഒരു ക്വാളിഫിക്കേഷനില്‍ എത്തുന്നത് വരെ പഠിപ്പിക്കുമെന്നു അറിയാമായിരുന്നു.അതൊരനുഗ്രഹമായ് മനസിലാക്കുന്നു. അങ്ങനെ വിചാരിച്ചതു പോലെ ഡിഗ്രിയും കഴിഞ്ഞു ഒരു പ്രൊഫഷണല്‍ കോഴ്സ് പൂര്‍ത്തീകരിച്ച ശേഷം എനിക്ക് വിവാഹാലോചനകള്‍ വന്നു തുടങ്ങി. ആദ്യമായ് എന്നെ പറ്റി എന്ന് പറഞ്ഞ ബന്ധം കുഴപ്പമില്ല എന്ന് എനിക്ക് തോന്നിയിരുന്നെങ്കിലും അത് വേറെ ചില കാര്യങ്ങളാല്‍ ഒഴിവായി പോയി. പിന്നെ എന്നെ കാണാന്‍ വന്നു പറ്റി എന്ന് പറഞ്ഞ ആള് എന്റെ വീട്ടില്‍ വന്നു കയറി ഇറങ്ങി പോയ പോലെ തന്നെ ആ വ്യക്തിയുടെ രൂപവും പേരുമെല്ലാം എന്റെ മനസ്സില്‍ നിന്നും ഇറങ്ങി പോയി.ആ വ്യക്തി എന്നില്‍ യാതൊരു സ്വാധീനവും ചെലുത്തിയില്ല.അതിനാല്‍ വിവാഹം കഴിക്കുവാന്‍ മാത്രമുള്ള താല്പര്യം എനിക്കാ വ്യക്തിയോട് തോന്നിയിട്ടില്ലെന്നു ഞാന്‍ പറഞ്ഞു. അങ്ങനെ പറഞ്ഞതിന് ഒരു രാത്രി മുഴുവന്‍ നീണ്ട ഉപദേശമാണ് കേള്‍ക്കാന്‍ കഴിഞ്ഞത്. ‘ആദ്യമായ് കാണുമ്പോഴൊന്നും ഇഷ്ടമാവുകയില്ല, നീ ഇതുവരെ കണ്ടതില്‍ ആരെയാണ് നിനക്ക് ഇഷ്ടമായത്, എത്രയോ പെണ്‍കുട്ടികള്‍ ഉണ്ട് ആരെയെങ്കിലും ഒന്ന് കിട്ടിയാല്‍ മതിയായിരുന്നു എന്ന് കരുതി കാത്തിരിക്കുന്നത്.
നീ ഇവിടത്തെ അവസ്ഥ മനസ്സിലാക്കൂ , ഇവിടെ ഒരു നാഥനില്ല’. അങ്ങനെ ഒരുപാട് എന്നെ ഉപദേശിച്ചിട്ടും ഞാന്‍ വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ ഒടുവില്‍ എന്നോട് പറഞ്ഞു, ‘അടുത്തതെങ്ങാന് എന്തെങ്കിലും പറഞ്ഞു മൊടക്കിയാല് ഞാന്‍ കാണിച്ചു തരാം. ‘ പിന്നെ, എന്നെ പറ്റി എന്ന് പറഞ്ഞ ആള് കണ്ണിനു അല്‍പ്പം വൈകല്യമുള്ള ആളായിരുന്നു.അതിനാല്‍ ഞാന്‍ അത് വേണ്ടന്ന് പറഞ്ഞു. അന്നേരം എന്നോട് ചോദിച്ചു, ‘ഇനിയേത് ഷാരൂഖ് ഖാനെയാണ് നിനക്ക് വേണ്ടത്?’ പിന്നെയും പെണ്ണ് കാണല്‍ ചടങ്ങുകള്‍ നീണ്ടു നീണ്ടു പോയപ്പോള്‍ എനിക്ക് കുറേശ്ശെ ആ പരിപാടി മടുത്തു തുടങ്ങി. അന്നേരം ഞാന്‍ ഒരു തെറ്റായ ഒരു തീരുമാനമെടുത്തു. ഇനി അഭിപ്രായമൊന്നും പറയേണ്ട, എന്റെ വിധി എന്താണെന്ന് വെച്ചാല്‍ സ്വീകരിക്കാം എന്നതായിരുന്നു ആ തീരുമാനം. ആ ഒരു തീരുമാനത്തിന്റെ തിക്ത ഫലമായിരുന്നു എന്ന് പറയാം, വെറും 1 മാസം മാത്രം നീണ്ടു നിന്ന നിക്കാഹ് ബന്ധവും വേര്‍പിരിയലും. അതിനു ശേഷം ഞാന്‍ എന്നെ കാണാന്‍ വരുന്നവരെ ശ്രദ്ധിക്കാതെയായി. അഭിപ്രായങ്ങള്‍ പറയാതെയായി. എനിക്ക് വല്ല അഭിപ്രായവും ഉണ്ടെങ്കില്‍ ഞാന്‍ പറയുമെന്ന് വിചാരിക്കുകയല്ലാതെ ആരും എന്റെ അഭിപ്രായമെന്താണെന്നു ചോദിക്കുമായിരുന്നില്ല. അങ്ങനെ ഞാന്‍ വിരിച്ചു വച്ച വലയില്‍ വന്നു വീണ ആള് എന്നെ കാണാന്‍ വന്നു എന്തോ ഒന്നോ രണ്ടോ കാര്യങ്ങള്‍ ചോദിച്ചു അതേ പോലെ ഇറങ്ങി പോയി. അന്ന് ആ വ്യക്തിക്ക് എന്നെ പറ്റി എന്നോ അത് നടക്കാന്‍ സാധ്യത ഉണ്ടെന്നോ എനിക്ക് തോന്നിയില്ല. അയാള്‍ക്കെന്നെ പറ്റി ന്ന് പറഞ്ഞു. പിറ്റേന്ന് പെണ്ണുങ്ങള് വന്നു. അതിന്റെ പിറ്റേന്ന് നിശ്ചയം. അത് കഴിഞ്ഞു വീണ്ടും അയാള്‍ വന്നപ്പോള്‍ ആ ഒരു വ്യക്തിയാണ് എന്നെ വിവാഹം കഴിക്കാന്‍ പോകുന്നതെന്ന് ചിന്തിക്കാന്‍ പോലും എനിക്ക് സാധിച്ചില്ല. അന്നേരം ഞാന്‍ അത് പറഞ്ഞാല്‍ വീട്ടില്‍ നിന്നും എങ്ങനെ പ്രതികരണം വരുമെന്ന് മാത്രമേ ഞാന്‍ ചിന്തിച്ചുള്ളൂ. അന്ന് എനിക്ക് പരിചയമുണ്ടായിരുന്ന ഒരു വ്യക്തിയെ വിളിച്ചു ഞാന്‍ ഉപദേശം ചോദിച്ചു. അവര്‍ എന്നോട് ദൈവം ഇതായിരിക്കും നിനക്ക് നിശ്ചയിച്ചിട്ടു ണ്ടായിരിക്കുക എന്ന് പറഞ്ഞപ്പോള്‍ അത് നടക്കുകയാണെങ്കില്‍ നടന്നു പൊയ്ക്കോട്ടെ എന്ന് ഞാന്‍ കരുതി. വിവാഹം കഴിഞ്ഞാല്‍ അതുമായി ഞാന്‍ എങ്ങനെയെങ്കിലും പൊരുത്തപ്പെട്ടേക്കുമെന്ന് കരുതി. അങ്ങനെ 2 ദിവസം കഴിഞ്ഞു നിക്കാഹ്. ആ നിക്കാഹ് ദിവസം പുറമേക്ക് ഞാന്‍ സന്തോഷവതിയായിരുന്നെങ്കിലും എന്റെ ഉള്ളില്‍ ഞാന്‍ ഒട്ടും സന്തോഷവതിയായിരുന്നില്ല. ആ ഒരു നിക്കാഹ് കഴിഞ്ഞു അന്ന് രാത്രി അയാള്‍ വിളിച്ചു.ആ സംസാരം ഒരു സുഖമുള്ള അനുഭവമായി എനിക്ക് തോന്നിയില്ല. അതിനാല്‍, എനിക്കാ വ്യക്തിയെ ഇഷ്ടമാകുന്നില്ലല്ലോ എന്ന മനസ്സുമായ് പിറ്റേന്ന് ഞാന്‍ അയാളുടെ കൂടെ പോയി. അതിനാല്‍ അയാള്‍ എന്നോട് ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഞാന്‍ അയാളോട് മറുപടി പറഞ്ഞുവെങ്കിലും ഞാനായിട്ട് അയാളോടൊന്നും പറഞ്ഞില്ല. അതയാളില്‍ ഒരുപാട് ടെന്‍ഷന്‍ ഉണ്ടാക്കി.അതൊരു പ്രശ്നമായി മാറി. വിവാഹം കഴിഞ്ഞ ഉടനെ ഒരു പെണ്‍കുട്ടി വിവാഹ മോചിതയായാലുള്ള പ്രശ്നങ്ങളെ കുറിച്ചോര്‍ത്തു പിറ്റേന്ന് ഞാന്‍ അയാളോട് സംസാരിച്ചു. അന്ന് രാത്രി അയാള്‍ ഗള്‍ഫിലേക്ക് പോയി. പക്ഷെ, പിന്നെയും ഞങ്ങളുടെ ആശയവിനിമയങ്ങളില്‍ അസ്വസ്ഥതകളും അസ്വാരസങ്ങളും നിറഞ്ഞു നിന്നിരുന്നു. അയാള്‍ എന്നെക്കാള്‍ ഉയരമുള്ള,തടിച്ച ഒരുപാട് പ്രായം തോന്നുന്ന ആളായിരുന്നു. എനിക്കാ വ്യക്തിയെ കാണുന്നത് ഇഷ്ടമായിരുന്നില്ല. ഞാനെന്ന വ്യക്തിയെ ആകര്‍ഷിക്കുന്ന തരത്തിലുള്ള സ്വഭാവ സവിശേഷതകളോ വ്യക്തിത്വ സവിശേഷതകളോ അയാളില്‍ ഉണ്ടായിരുന്നില്ല. അയാള്‍ക്ക് സ്വഭാവപരമായ് പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും. ഒരു തരം നിര്‍വികാര ബന്ധമായി ആ വിവാഹ ബന്ധം എനിക്കനുഭവപ്പെട്ടു. വിവാഹം കഴിഞ്ഞിട്ടും വിവാഹം കഴിയാത്ത പോലെ തോന്നി.
അതിനിടക്കെപ്പോയോ ഞങ്ങള്‍ക്കിടയില്‍ ഒരു പ്രശ്നമുണ്ടായി. ഒരു വലിയ പ്രശ്നമല്ല, ഒരു ചെറിയ പ്രശ്നം. അന്നേരം അയാള്‍ എന്നോട് അതിനു വിശദീകരണം ചോദിച്ചു. എത്ര കാലം ഒരു വ്യക്തി എന്റെ അടുത്ത് നിന്നും എന്തൊക്കെയോ പ്രതീക്ഷിച്ചു നിരാശപ്പെട്ട് കൊണ്ടിരിക്കുമെന്നു കരുതി ഉള്ള കാര്യം ഞാന്‍ അയാളോട് തുറന്നു പറഞ്ഞു.
അന്നേരവും ഞാന്‍ അയാളോട് എന്നെ ഉപേക്ഷിക്കുവാന്‍ പറഞ്ഞില്ല. എന്ത് ചെയ്യണമെന്ന് നിങ്ങള്‍ക്കു തീരുമാനിക്കാം എന്ന് മാത്രം പറഞ്ഞു. എന്റെ വിവാഹ ബന്ധം ഒരു പ്രശ്നമായി തീര്‍ന്നപ്പോള്‍ ഉമ്മ ഒരു കൗണ്‍സെലറുടെ അടുത്ത് എന്നെ കൊണ്ട് പോയിരുന്നു. എങ്ങനെയാണ് ഞാനാ വിവാഹ ബന്ധത്തില്‍ വീണു പോയതെന്നും ഒരു ഭാര്യക്ക് ഭര്‍ത്താവിനോട് തോന്നേണ്ട താല്പര്യം എനിക്കാ വ്യക്തിയോട് തോന്നുന്നില്ലെന്നും ഞാന്‍ അയാളോട് പറഞ്ഞു. അന്നേരം അയാള്‍ എനിക്ക് നല്കിയ ഉപദേശം ഒഴിവാക്കുന്നതാണ് നല്ലതു എന്നായിരുന്നു. വൈവാഹിക ബന്ധം ശാരീരികം മാത്രമല്ല മാനസികം കൂടിയാണെന്ന് അയാള്‍ എന്നോട് പറഞ്ഞു. ചിലപ്പോ കല്യാണം കഴിഞ്ഞു ഒരുമിച്ചു ജീവിക്കാന്‍ തുടങ്ങുമ്പോള്‍ ശെരിയായേക്കാം. അങ്ങനെ ശരിയാവുന്നതും ഉണ്ട് ,ഭാര്യ ഭര്ത്താക്കന്മാര് തമ്മില്‍ പരസ്പരം ചേരുവാന്‍ സാധിക്കാതെ 2 ദ്വീപുകള്‍ പോലെ ഒരുമിച്ചു ജീവിക്കുന്നതും ഉണ്ട്.എന്ത് ചെയ്യണമെന്ന് തീരുമാനമെടുക്കേണ്ടത് നീയാണെന്നും നമ്മള് ഒരു തീരുമാനമെടുക്കുമ്പോള്‍ അതിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കുവാന്‍ തയ്യാറാകണമെന്നും അയാള്‍ എന്നോട് പറഞ്ഞു.പിന്നെ,എന്നോട് പറഞ്ഞു, അന്നേ അത് പറഞ്ഞിരുന്നെങ്കില്‍ അതൊരു ചീത്തയില്‍ തീരുമായിരുന്നു എന്നും ജീവിതത്തില്‍ ഇതൊരു പാഠമായിരിക്കട്ടെ എന്നും. അയാള്‍ അങ്ങനെ പറഞ്ഞത് കൊണ്ട് മാത്രം ഒരു വിവാഹമോചനം എന്ന തീരുമാനം ഞാന്‍ എടുത്തില്ല. ഞാന്‍ ആ വിഷയത്തെ കുറിച്ച് ഒരുപാട് പുസ്തകങ്ങള്‍ എടുത്ത് വായിച്ചു. ഒരു നല്ല തീരുമാനത്തിനായി ഒരുപാട് പ്രാര്‍ത്ഥിച്ചു.
അന്ന് പി.ജി.ക്കു വേണ്ടി എന്‍ട്രന്‍സ് എഴുതാന്‍ പോയ സമയമായിരുന്നു.ആ സമയത്ത് ഞാന്‍ പ്രാര്‍ത്ഥിച്ചു.ഞാന്‍ ചെയ്തത് ശരിയാണെന്നു നിനക്ക് തോന്നുന്നുവെങ്കില്‍, നീ ഇപ്പോഴും എന്നെ ഇഷ്ടപ്പെടുന്നുണ്ടെങ്കില് എനിക്ക് പി.ജി.എന്‍ട്രന്‍സ് എഴുതി കിട്ടണെ ന്ന്.എനിക്ക് എന്‍ട്രന്‍സ് എഴുതി ഷുവര്‍ ലിസ്റ്റില്‍ കിട്ടി.പിന്നീട് ഞാനാ കാര്യത്തെ കുറിച്ച് പുനര്‍ വിചിന്തനം നടത്തിയില്ല. എന്നെ അറിയാവുന്ന പലരും ആ വിവാഹമോചനത്തെ കുറിച്ച് മനസ്സിലാക്കിയത് ആരെയും ആശ്രയിച്ചു ജീവിക്കേണ്ട എന്ന് കരുതുന്ന ഒരു പുതു തലമുറയിലെ പെണ്‍കുട്ടി എന്തോ ഒരു നിസ്സാര കാര്യത്തിന് സ്വന്തം വിവാഹ ബന്ധം വേര്‍പ്പെടുത്തി എന്നാണ്. എന്നെ സംബന്ധിച്ചിടത്തോളം ഒട്ടും എളുപ്പമായിരുന്നില്ല ആ വിവാഹ മോചനം. ആളുകള്‍ എന്നെ കുറിച്ചെന്തു പറയും, ഞാനെങ്ങനെ ആളുകളെ അഭിമുഖീകരിക്കുമെന്നു ചിന്തിച്ചു എനിക്ക് എത്ര മാനസിക സംഘര്‍ഷം അനുഭവിക്കാമോ അത്രയും മാനസിക സംഘര്‍ഷം ആ ഒരു ചുരുങ്ങിയ കാലയളവില്‍ ഞാന്‍ അനുഭവിച്ചു തീര്‍ത്തിട്ടുണ്ട്. പി.ജി.ക്കു ചേരുന്നത് വരെ ശരിക്കും വിഷാദ രോഗികളെ പോലെ ആയിരുന്നു എന്ന് പറയാം. വീട്ടില്‍ പണിയൊന്നും എടുക്കുമായിരുന്നില്ല,മര്യാദക്ക് ഭക്ഷണം കഴിക്കുമായിരുന്നില്ല, എന്തിനു മനസ്സമാധാനത്തോടെ ഒന്ന് ചിരിക്കുമായി രുന്നില്ല.. ആ ഒരു സമയത്തു എനിക്ക് മാനസിക പിന്തുണ നല്കിയ ഒരാളെ കൂടെ സ്മരിച്ചു കൊണ്ട് ഞാനെന്റെ എഴുത്ത് അവസാനിപ്പിക്കുകയാണ്. എനിക്ക് മാനസിക പിന്തുണ നല്കിയ അപൂര്‍വ മാളുകളില്‍ ഒരാള്‍ എന്റെ വീട്ടില്‍ പണിക്ക് വരാറുള്ള ഒരു താത്തയായിരുന്നു. ഞാനവരോട് ചോദിക്കുമായിരുന്നു, ‘നിങ്ങള്ക്ക്തോന്നുന്നുണ്ടോ വേറൊരാളെ കിട്ടുമെന്ന്.’ അവരെന്നോട് പറയും, ‘നിനക്ക് വല്ല ഗവണ്മെന്റ് ഉദ്യോഗസ്ഥരെയും കിട്ടുമെന്ന്. ‘അതെനിക്ക് വല്ലാത്ത ആശ്വാസമാ യിരുന്നു. എന്റെ മനസ്സ് അസ്വസ്ഥ മാവുമ്പോഴെല്ലാം ഇതേ ചോദ്യം ഞാനവരോട് വീണ്ടും വീണ്ടും ചോദിക്കുമായിരുന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സ്വന്തം ആഗ്രഹങ്ങള്‍ക്ക് വേണ്ടി പൊരുതി നില്ക്കുവാന് തയ്യാറായെങ്കില്‍ മാത്രമേ ജീവിതത്തില്‍ വിജയിക്കുവാന്‍ സാധിക്കുകയുള്ളു എന്ന പാഠമാണ് ആ ഒരു പരാജയം പ്രധാനമായും എനിക്ക് പഠിപ്പിച്ചു തന്നത്
അടിക്കുറിപ്പ്: പണ്ട് കാലങ്ങളില്‍ പെണ്‍കുട്ടികള്‍ വിവാഹ ബന്ധത്തിന് വിസമ്മതം പ്രകടിപ്പിക്കുകയാണെങ്കില്‍ അവരുടെ കാലില്‍ ചവിട്ടി സമ്മതിപ്പിക്കുമായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.ആ ഒരു കാലഘട്ടത്തില്‍ നിന്നും നമ്മള് ഒരുപാട് മുന്‍പോട്ടു പോയെങ്കിലും ഒരു ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ സ്വന്തമായ ആഗ്രഹങ്ങളും അഭിലാഷങ്ങളും ഇല്ലാത്ത പെണ്‍കുട്ടികളാണ് ഇന്നും നമ്മുടെ കുടുംബങ്ങളിലെ നല്ല പെണ്‍കുട്ടികള്‍.