ഇവനെപ്പോലെയുള്ളവരെ രക്ഷിതാവ് എന്നുവിളിക്കാൻ യോഗ്യതയുണ്ടോ ?

240
Jisa Jose എഴുതുന്നു 
വാട്സ് ആപ്പിൽ പ്രചരിക്കുന്ന ഒരു വീഡിയോ ആണ്. ഏതോ സ്കൂളിലെ ക്ലാസ് പി.ടി എ .മാർക്കു കുറഞ്ഞതിന് ക്ഷുഭിതനായി അധ്യാപികയോടു കയർത്ത് ,മകനെ പരസ്യമായി മർദ്ദിച്ച് ഉത്തരപേപ്പറോ പ്രോഗ്രസ് കാർഡോ എന്താണെന്നറിയില്ല ,വലിച്ചു കീറി “വാ” എന്നു മകനോടാക്രോശിച്ച് ഇറങ്ങിപ്പോവുന്ന അച്ഛൻ.
കണ്ടപ്പോഴൊക്കെ സങ്കടം വന്നു. കണ്ണു തുടച്ച് അപമാനിതനായി അയാൾക്കു പിന്നാലെ പോകുന്ന ആ കുഞ്ഞിന്റെ പ്രായത്തിൽ ഒരു കുട്ടി വീട്ടിലുമുള്ളതുകൊണ്ടാവും വല്ലാതെ സങ്കടം വന്നു.. അയാൾ വീട്ടിൽ ചെന്ന് അവനെ എന്തൊക്കെ ചെയ്യുമെന്നോർത്ത് ഭയവും തോന്നി.
മീറ്റിങ്ങിൽ പങ്കെടുത്ത രക്ഷിതാക്കളോ ടീച്ചർമാരോ ആരാണ് video എടുത്തതെന്നറിയില്ല. എന്തുകൊണ്ട് അവരിലൊരാൾ പോലും ആ അച്ഛനെ ഒന്നു സമാധാനിപ്പിക്കാൻ ശ്രമിച്ചില്ല? ആ കരയുന്ന കുഞ്ഞിനെ ഒന്നു ചേർത്തു പിടിക്കാത്തതെന്ത്? video എടുക്കുന്ന സമയത്ത് അതായിരുന്നില്ലേ ചെയ്യേണ്ടത്? എന്തു വൃത്തികേടാണ് ഈ video പ്രചരിപ്പിച്ചതിലൂടെ അവർ ചെയ്തത്? അച്ഛനെക്കുറിച്ചോർക്കണ്ട ,ആ കുട്ടിയുടെ പ്രൈവസിയും നിസഹായതയും… അതിനെക്കുറിച്ചോർക്കണമായിരുന്നു .
സ്കൂളുകളിൽ നടക്കുന്ന ക്ലാസ് പി.ടി.എ കൾക്കെല്ലാം ഒരു വിചാരണയുടെ സ്വഭാവം കൂടി അറിഞ്ഞോ അറിയാതെയോ ഉണ്ടാവുന്നുണ്ട്. പരീക്ഷ പേപ്പറുകളെല്ലാം കൊടുത്ത ശേഷം പ്രോഗ്രസ്കാർഡ് ഒപ്പിടാൻ വേണ്ടി രക്ഷിതാക്കളെ വിളിച്ചു ക്ലാസ് മുറിയിലിരുത്തുക.മുഴുവൻ A+കാരുടെ അച്ഛനമ്മമാർ അഭിമാനത്തോടെ ,അല്ലാത്തവർ കുറ്റബോധത്തോടെ ,ലജ്ജയോടെ.ക്ലാസ് ടീച്ചർ ഓരോരുത്തരെ വിളിച്ച് മാർക്ക് ലിസ്റ്റ് കൊടുക്കുന്നു. കമന്റ്സ് പറയുന്നു. കുട്ടികളെക്കൂടി മീറ്റിങ്ങിൽ ഇരുത്തുകയും ചെയ്യും.
പൊതുവായ പഠനപ്രശ്നങ്ങളോ ,സ്കൂളിന്റെ ഭൗതികസൗകര്യങ്ങളോ വ്യക്തിപരമായ പ്രശ്നങ്ങളോ ഒന്നും സംസാരിക്കാനുള്ള Space ഇല്ലാത്ത മീറ്റിങ്. ആകെ ചർച്ചക്കു വരുന്ന വരുന്ന വിഷയം മാർക്ക് ,മാർക്ക് .
(രക്ഷിതാക്കൾക്ക് ടീച്ചറെ പേഴ്സണൽ ആയി കാണാനുള്ള ഒരു സൗകര്യമാണ് യഥാർത്ഥത്തിൽ കൊടുക്കേണ്ടത്. ഒരു അഞ്ചു മിനിറ്റെങ്കിലും .)
———–
Binoy K Elias എഴുതുന്നു 
ഇവനെപ്പോലെയുള്ളവരെ രക്ഷിതാവ് എന്നല്ല വിളിക്കേണ്ടത്… ഒരു പൊതുയിടത്തിൽ ആ കുട്ടിയോട് ഇങ്ങനെ പെരുമാറുന്ന ഇയാൾ വീട്ടിൽ എന്തായിരിക്കും അങ്കം? ആ കുട്ടിക്ക് മാർക്ക് കുറഞ്ഞതിന് ആ തന്ത ഒറ്റ ഒരുത്തനാവണം കാരണം. എത്ര അപമാനിതനായിട്ടാണ് അവനവിടെ നിൽക്കുന്നത്. ചൈൽഡ് ലൈൻ ഇടപെട്ടു അയാൾക്ക് വല്ല കൗൺസിലിങ്ങും കൊടുക്കണം.
വനിത ഓൺലൈനിൽ ഈ സംഭവത്തിൽ അച്ഛൻ സതീശൻ പൈയുടെയും സ്കൂൾ പ്രിൻസിപ്പൽ സിസ്റ്ററുടെയും വേർഷൻ കണ്ടു. ഒരു തരത്തിലും ഈ അച്ഛൻ, സതീശൻ പൈയെ ന്യായീകരിക്കാൻ ആവില്ല. പെട്ടെന്നുണ്ടായ ദേഷ്യമൊന്നുമല്ല, ആദ്യം മുതലേ അരഗൻസ്. ആ കുട്ടിയെ ചീത്തവിളിച്ചതും ഒരു പ്രകോപനവും ഇല്ലാതെ ആണ്. സ്കൂളിന് മോശമാവും എന്നതു കൊണ്ട് കുട്ടിക്കു വേണ്ടി എന്ന ഭാവത്തിൽ പറയുന്ന പ്രിൻസിപ്പൽ ഇത്തരക്കാർക്ക് കുട പിടിക്കുകയാണ് ചെയ്യുന്നത്. ആ വ്യക്തി തൻ്റെ തെറ്റ് മനസിലാക്കി തിരുത്തുകയാണ് വേണ്ടത്. ഇത്തരം ഒരു ന്യായീകരണം അതിനുള്ള സാഹചര്യം ഇല്ലാതാക്കും. അയാൾക്ക് പറയാനുള്ളത് കേൾക്കേണ്ടേ എന്ന് ചോദിക്കുന്നവർ ഓർക്കുക, ഡൽഹി നിർഭയയെ കൊന്നവരും പറയാനുള്ളവരായിരുന്നു.
Advertisements