ആറ്റുകാൽ ഭഗവതിക്ക് മുമ്പിൽ ശാസ്ത്രം മുട്ട് മടക്കി (ഒരു കോമഡി പോസ്റ്റ് )

286

വിശ്വാസങ്ങൾ എന്തുമാകട്ടെ… അതൊക്കെ അവരവരുടെ ഇഷ്ടം. പക്ഷെ എന്റെ ദൈവമാണ് വലുത് എന്നൊക്കെയുള്ള തള്ളുകൾ അസ്സൽ കോമഡി തന്നെയാണ്. ആറ്റുകാൽ പൊങ്കാലയെ കുറിച്ചുള്ള തള്ളാണ് താഴെയുള്ള പോസ്റ്റ്. കഴിഞ്ഞവർഷവും ഇവിടെയൊക്കെ കറങ്ങി നടന്ന പോസ്റ്റ് തന്നെ. വീണ്ടും പൊങ്കാലക്കാലം ആയപ്പോൾ പൊക്കിയെടുത്തു . ഒരു നഗരം മുഴുവൻ പൊങ്കാലച്ചൂടിൽ ഉരുകിയിട്ടും പുക കൊണ്ട് മൂടിയിട്ടും നഗരത്തിൽ അന്തരീക്ഷമലിനീകരണം ഉണ്ടായില്ല എന്നാണ് തള്ളുകാർ പറയുന്നത്. ഡൽഹിയിലും മറ്റും വിശ്വാസത്തിന്റെ പേരിൽ ദീപാവലി ആഘോഷിച്ചപ്പോൾ ഒരു വലിയ നഗരം മനുഷ്യന് ജീവിക്കാൻ പറ്റാതായി. എന്തേ ദീപാവലിയുടെ ഐതീഹ്യത്തിൽ ഉള്ള ദൈവങ്ങൾ മനുഷ്യനെ അവിടെ തുണച്ചില്ല ? തിരുവനന്തപുരം നഗരത്തിൽ അന്തരീക്ഷമലിനീകരണം ഉണ്ടാകാതിരിക്കാൻ മാത്രം ഉണർന്നു പ്രവർത്തിക്കുന്ന ദൈവമുണ്ടോ ? മറ്റൊരു കാര്യത്തിലും ഇടപെടണ്ടേ ദൈവത്തിന് ? ഇത്തരം അബദ്ധജടിലമായ അന്ധവിശ്വാസ പോസ്റ്റുകൾ ജനങ്ങളുടെ ശാസ്ത്ര ബോധത്തെ കൂടി നശിപ്പിക്കുന്നതിനേ കാരണമാകൂ. ഇതിന്റെയൊക്കെ പൊള്ളത്തരം മനസിലാക്കിയിരിക്കാം. ഇതിനോടകം ഈ പോസ്റ്റ് എത്ര ആയിരം മണ്ടന്മാർ വിശ്വസിച്ചു ഷെയർ ചെയ്തുകാണും. അവരിൽ നിന്നും എത്ര ലക്ഷം പേര് സത്യമെന്നു കരുതി വിശ്വസിച്ചുകാണും. എന്തായാലും പോസ്റ്റ് വായിക്കൂ.

* ആറ്റുകാൽ ഭഗവതിക്ക് മുമ്പിൽ ശാസ്ത്രം മുട്ട് മടക്കി *

“വീണ്ടുമൊരിക്കൽ കരമനയാറിന്റെയും കിളളിയാറിന്റെയും സംഗമമദ്ധ്യത്തില്‍ പുണ്യഭൂമിയായി ആറ്റുകാലിൽ പൊങ്കാല മഹോൽസവം അരങ്ങേറി…എന്നാൽ നാം പലരും വിസ്മരിക്കുന്ന ഒന്നാണ് ആധുനിക ശാസ്ത്രത്തെ തറപറ്റിച്ച പൊങ്കാലയുടെ മാഹാത്മ്യം. പലർക്കും അറിവില്ലാത്ത വിഷയമായത് കൊണ്ട് ഞാൻ വിശദീകരിക്കാം.2007-ൽ ആണ് സംഭവം നടക്കുന്നത്. ഭാരതത്തിലെ പ്രധാന നഗരങ്ങളിൽ വായു മലിനീകരണം അളക്കാൻ ലോക ബാങ്ക് സഹായത്തോടെ അമേരിക്കയിലെ മിഷിഗൺ സർവകലാശാലയും IIT ചെന്നൈയും ചേർന്ന് ഒരു ഗവേഷണ പ്രോജക്ട് നടത്തുന്നു. ഡെൽഹി ബോംബെ ചെന്നൈ എന്നീ നഗരങ്ങളെ അപേക്ഷിച്ച് കാർബൺ മോണോക്സൈഡ് സൾഫർ ഡയോക്സൈഡ് Suspended Particulate Matter എന്നീ മാരക വിഷവസ്തുക്കൾ താരതമ്യേന കൂടുതൽ ആണ് തിരുവനന്തപുരത്തു എന്ന് ഗവേഷകർ കണ്ടെത്തി. എല്ലാ ആഴ്ചയും പരിശോധിക്കുമ്പോൾ Pollution Readings ഒരു പോലെ തന്നെ, 5% – 10% കൂടുതൽ വ്യത്യാസങ്ങൾ ഉണ്ടാകാറില്ല.
പക്ഷെ പെട്ടെന്ന് ഒരു ദിവസം നോക്കുമ്പോൾ തിരുവനന്തപുരത്തു ഉള്ള Pollution Meter പ്രവർത്തന രഹിതമായതായി കണ്ടെത്തി. റീഡിങ്ങ് ഒന്നും ലഭിക്കുന്നില്ല. എല്ലാ Pollution Readings – ഉം പൂജ്യം.. വിഷണ്ണരായ ഗവേഷകർ ഉപകരണത്തിന്റെ നിർമാതാക്കളായ Siemens കമ്പനിയെ വിളിച്ച് കേടു വന്ന pollution meter – കൾ റിപ്പയർ ചെയ്യാൻ ആവശ്യപ്പെട്ടു. അവരുടെ ടെക്നീഷ്യൻ ഉടനെ വിമാനത്തിൽ എത്തി റിപ്പയർ പണി തുടങ്ങി. പക്ഷെ Siemens ടെക്നീഷ്യൻ എത്ര ശ്രമിച്ചിട്ടും യന്ത്രങ്ങൾ ശരിക്ക് പ്രവർത്തിച്ചില്ല.
അദ്ദേഹം മുംബൈയിലെ Siemens ചീഫ് എൻജിനീയറെ വിവരമറിയിച്ചു. ടെക്നീഷ്യന്റെ കഴിവ് കേടിൽ ക്രുദ്ധനായ അദ്ദേഹം ഉടനെ അടുത്ത വിമാനത്തിൽ സഹായികളും വേണ്ട യന്ത്രസാമഗ്രികളുമായി തിരുവനന്തപുരത്ത് എത്തി. രണ്ട് ദിവസം ഉറക്കമില്ലാതെ പരിശ്രമിച്ചിട്ടും ഉപകരണത്തിലെ തകരാറ് പരിഹരിക്കാനായില്ല. എന്തൊക്കെ ചെയ്തിട്ടും pollution meter – ൽ റീഡിങ്ങ് ഒന്നുമില്ല, എല്ലാ readings – ഉം പൂജ്യം തന്നെ.
Siemens കമ്പനി ധർമ സങ്കടത്തിലായി. ഗവേഷണ പ്രോജക്ടിൽ തടസ്സം വന്നതിനാൽ മിഷിഗൺ സർവകലാശാലയും IIT ചെന്നൈയും നിത്യേന Siemens കമ്പനിയെ ഫോൺ വിളിച്ച് ദേഷ്യപ്പെടുകയാണ്. ഗത്യന്തരമില്ലാതെ കമ്പനിക്കാർ Siemens കമ്പനിയുടെ Hong Kong ഓഫീസിനെ അറിയിച്ചു എത്രയും പെട്ടെന്ന് വരാൻ അപേക്ഷിച്ചു. അവർ ഉടനെ മറ്റെല്ലാ പണികളും മാറ്റിവച്ച് ഒരു വലിയ Boeing 737 വിമാനം പ്രത്യേകം charter ചെയ്ത് വലിയ എൻജിനീയറിംഗ് സംഘവും യന്ത്രങ്ങളുമായി തിരുവനന്തപുരത്തെത്തി.
രാത്രി തന്നെ റിപ്പയർ പണി തുടങ്ങി. കിണഞ്ഞ് ശ്രമിച്ചിട്ടും പ്രശ്നം പരിഹരിക്കാനായില്ല. മിടുക്കനായ അവരുടെ ജർമൻ എഞ്ചിനീയർക്ക് ഒരു ഉപായം തോന്നി. തിരുവനന്തപുരത്തെ കേടായ ഉപകരണം എടുത്ത് കമ്പനി വിമാനത്തിൽ ബാംഗളൂർക്ക് പോയി. കേടായ ഉപകരണം ബാംഗളൂരിൽ ശരിയായി പ്രവർത്തിക്കുന്നു. എന്തൊരത്ഭുതം ! എന്തു കൊണ്ടാണ് യന്ത്രം തിരുവനന്തപുരത്ത് കേടുവന്നതെന്നും അത് ബാംഗളൂർ കൊണ്ടുവന്നപ്പോൾ എങ്ങനെ ശരിയായി എന്നും മിടുക്കനായ എഞ്ചിനീയർക്ക് മനസ്സിലായില്ല.
ജർമൻ എഞ്ചിനീയർ ഉടനെ ബാംഗളൂരുള്ള ശരിയായി പ്രവർത്തിക്കുന്ന ഉപകരണമെടുത്ത് തിരുവനന്തപുരത്ത് വന്നു. വീണ്ടും ആശ്ചര്യം. ഉപകരണം തിരുവനന്തപുരത്ത് എത്തിയപ്പോൾ പ്രവർത്തിക്കുന്നില്ല. ഇതെന്ത് കഥ. Siemens കമ്പനി ഞെട്ടി. വീണ്ടും pollution meter – ൽ റീഡിങ്ങ് ഒന്നുമില്ല, എല്ലാ readings – ഉം പൂജ്യം തന്നെ.
Siemens കമ്പനിക്കാർ വിഷമത്തിലായി. Hong Kong – ലെ ടെക്നിക്കൽ ഡയറക്ടർ എഞ്ചിനീയർമാരെ രൂക്ഷമായി വിമർശിച്ചു. ടെക്നിക്കൽ വിദഗ്ധർ കരയാൻ തുടങ്ങി. ചീഫ് എഞ്ചിനീയർ രാജി വക്കാൻ ഒരുങ്ങി. ആകെ കരച്ചിലും ബഹളവും.
Siemens – ലെ മിടുക്കനായ ജർമൻ എഞ്ചിനീയർ അപ്പോഴാണ് ശ്രദ്ധിച്ചത് പരിസരത്ത് മുഴുവൻ സ്ത്രീ ജനങ്ങൾ റോഡരികിൽ അടുപ്പ് കൂട്ടി വച്ച് എന്തോ പാചകം ചെയ്യുകയാണ്. എന്താണ് സംഗതി എന്ന് ആരാഞ്ഞപ്പോൾ മനസ്സിലായി സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ഭഗവതിയുടെ പൊങ്കാല മഹോൽസവമാണ്. കൗതുകം തോന്നിയ ജർമൻ എഞ്ചിനീയർ കൂടുതൽ അന്വേഷിച്ചപ്പോൾ മനസ്സിലായി ആശ്രയിപ്പോര്‍ക്കഭയമരുളുന്ന സര്‍വാഭീഷ്ടദായിനിയായ ജഗദംബികക്കുള്ള വഴിപാട് ആണ് എന്ന്.
ഉടനെ തന്നെ Siemens എഞ്ചിനീയർ അറ്റുകാലിലെ മുഖ്യ തറവാടായ മുല്ലുവീട്ടിലെ കാരണവരെ‍ കാണാൻ പോയി. തങ്ങളുടെ വിലകൂടിയ ഉപകരണങ്ങൾ ശരിയായി പ്രവർത്തിക്കുന്നില്ല എന്നും തങ്ങൾ വളരെ വിഷമത്തിലാണെന്നും അദ്ദേഹത്തിനോട് ബോധിപ്പിച്ചു. ഒരു ചെറു മന്ദഹാസത്തോടെ മുല്ലു വീട്ടിൽ കാരണവർ വിശദീകരിച്ചു. പാതിവ്രതത്തിന്റെ പ്രതീകമായ കണ്ണകിയുടെ അവതരാമാണ്‌ ആറ്റുകാല്‍ ഭഗവതിയെന്നും മധുരാനഗരദഹനത്തിന്‌ ശേഷം കന്യാകുമാരിയിലൂടെ കേരളക്കരയില്‍ പ്രവേശിച്ച കണ്ണകി കൊടുങ്ങല്ലൂരിലേയ്ക്കുള്ള യാത്രാമദ്ധ്യേ ആറ്റുകാലില്‍ തങ്ങിയെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ ഭഗവതിക്ക് പൊങ്കാല കൊണ്ടാടുമ്പോൾ അന്തരീക്ഷത്തിൽ വായു മലിനീകരണം ഒട്ടും ഉണ്ടാവില്ല.
കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തുചേരുന്ന ദിവസം ഭഗവതിക്ക് പൊങ്കാല നിവേദിക്കുമ്പോൾ അടുപ്പിൽ നിന്ന് Carbon Dioxide, Carbon Monoxide എന്നീ വാതകങ്ങൾ ഒരിക്കലും ഉണ്ടാവില്ല. പകരം അന്തരീക്ഷത്തിൽ നിന്ന് വിഷവാതകങ്ങൾ വലിച്ചെടുത്ത് ശുദ്ധമായ ഓക്സിജൻ പുറത്ത് വിടുന്നു. ഇത് കാരണം അന്തരീക്ഷത്തിൽ മലിനീകരണം ഉണ്ടാകുകയേയില്ല. നിങ്ങളുടെ Siemens ഉപകരണങ്ങൾക്ക് ഒരു കുഴപ്പവുമില്ല. ഇവിടെ മലിനീകരണം ഒട്ടും ഇല്ലാത്തതിനാലാണ് നിങ്ങളുടെ ഉപകരണത്തിൽ പൂജ്യം റീഡിങ്ങ് ലഭിക്കുന്നത് എന്നും മുല്ലു വീട്ടിൽ കാരണവർ വിശദീകരിച്ചു.
ജർമൻ എഞ്ചിനീയർക്ക് ഒട്ടും വിശ്വാസം വന്നില്ല. ഇതൊക്കെ നിങ്ങൾ ഹിന്ദുക്കളുടെ പഴഞ്ചൻ അന്ധവിശ്വാസങ്ങൾ എന്ന് പറഞ്ഞ് അയാൾ പുഛത്തോടെ നടന്നു പോയി. മുല്ലു വീട്ടിൽ കാരണവർ പുഞ്ചിരിച്ചു. അദ്ദേഹം ഒന്നും മിണ്ടിയില്ല.
രണ്ട് ദിവസം കഴിഞ്ഞ് ആറ്റുകാൽ പൊങ്കാലയുടെ തിരക്കെല്ലാം ഒഴിഞ്ഞു. ജർമൻ എഞ്ചിനീയർ റിപ്പയർ പണി പുനരാരംഭിച്ചു. അത്ഭുതമെന്ന് പറയട്ടെ തിരുവനന്തപുരത്തെ Siemens ഉപകരണങ്ങൾ വീണ്ടും ശരിയായി പ്രവർത്തിക്കുന്നു. ഇതെന്ത് മറിമായം ! തങ്ങളുടെ pollution meter തിരിച്ചും മറിച്ചും നോക്കി. ഒരു മാറ്റവുമില്ല. ടെക്നിക്കൽ ഡീറ്റേൽസ് ഒന്നും മാറിയിട്ടില്ല. പിന്നെ എങ്ങനെ വീണ്ടും പ്രവർത്തനം ആരംഭിച്ചു?
വളരെ വിഷണ്ണനായി കിടന്നുറങ്ങിയ ജർമൻ എഞ്ചിനീയർ രാത്രി ഒരു സ്വപ്നം കണ്ടു. മനോഹരമായ ഒരു ക്ഷേത്രം. ശ്രീകോവിലിനുള്ളിൽ രത്നങ്ങള്‍ പതിച്ച സ്വര്‍ണഅങ്കികൊണ്ട്‌ ആവരണം ചെയ്ത ഭഗവതിയുടെ വിഗ്രഹം. ചുറ്റമ്പലത്തിന്‌ അകത്തായി വടക്ക്‌ പരമശിവന്റെ പ്രതിഷ്ഠ. തെക്ക്‌‌ ഗണപതി. കണ്ണകീചരിതം പാടി കാപ്പുകെട്ടി കുടിയിരുത്തുന്ന സർവാഭരണ വിഭൂഷിതയായ ദേവി. ക്ഷേത്രത്തിൽ ബാലന്മാരുടെ കുത്തിയോട്ടവും ബാലികമാരുടെ താലപ്പൊലിയും നടക്കുന്നു. വ്രതമെടുത്ത് ശുദ്ധിയോടെ റോഡരികിൽ അടുപ്പ് കൂട്ടി ലക്ഷക്കണക്കിന് സ്ത്രീകൾ ആറ്റുകാലമ്മയോട് പ്രാർത്ഥിക്കുന്നു. അടുപ്പിൽ വിറക് കത്തുന്നു പക്ഷെ പുക വരുന്നില്ല. ശുദ്ധമായ ഓക്സിജൻ എങ്ങും പരക്കുന്നു. അനന്തപുരി മുഴുവൻ cosmic positive energy യിൽ ആറാടുന്നു. അതാ കൺമുമ്പിൽ ഭഗവതിയുടെ രൂപം തെളിയുന്നു. സ്നേഹത്തോടെ ഭാവതി അയാളോട് പറഞ്ഞു. മകനേ, നിന്റെ യന്ത്രങ്ങൾക്ക് ഒരു തകരാറുമില്ല. നീ വിഷമിക്കേണ്ട. എല്ലാം ഞാൻ നോക്കിക്കൊള്ളാം. ശാന്തമായുറങ്ങൂ മകനേ.
ഉറക്കത്തിൽ നിന്ന് ജർമൻ എഞ്ചിനീയർ ഞെട്ടി എഴുന്നേറ്റു. എല്ലാ തെറ്റുകളും പൊറുക്കണമെന്ന് ഏറ്റ് പറഞ്ഞ് ഭഗവതിയെ വണങ്ങി. തന്റെ ശാസ്ത്രത്തിനും യന്ത്രങ്ങൾക്കും ഉപരിയായി ചില പ്രപഞ്ച സത്യങ്ങൾ ഉണ്ടെന്ന് അയാൾ തിരിച്ചറിഞ്ഞു. രാവിലെ തന്നെ ടൂറിസ്റ്റ് കാർ എടുത്ത് ആറ്റുകാൽ മുല്ലു വീട്ടിൽ കാരണവരെ സന്ദർശിച്ചു. ആ വയോവൃദ്ധന്റെ കാൽക്കൽ വീണു നമസ്കരിച്ചു. ഒന്നും സംസാരിച്ചില്ല. പറയാതെ തന്നെ കാരണവർക്ക് എല്ലാം മനസ്സിലായി. മനസ്സറിഞ്ഞ് അനുഗ്രഹിച്ചു.
ഇതാണ് സംഭവിച്ചത്. വിശ്വാസം വരുന്നില്ല അല്ലേ ? എങ്കിൽ കേട്ടോളൂ. എല്ലാ വർഷവും ആറ്റുകാൽ ഭഗവതി താലപ്പൊലി കമ്മറ്റിക്ക് ഏറ്റവും കൂടുതൽ തുക സംഭാവന നൽകുന്നത് Siemens എന്ന ബഹുരാഷ്ട്ര ഭീമന്റെ Hong Kong ഓഫീസ് ആണ്. കഴിഞ്ഞ കൊല്ലം ഒരു കോടി രൂപയാണ് അവർ സംഭാവന നൽകിയത്. സംശയമുണ്ടെങ്കിൽ താലപ്പൊലി കമ്മറ്റി സെക്രട്ടറി അഡ്വ. രവീന്ദ്രൻ മേനോൻ അല്ലെങ്കിൽ ഖജാൻജി ഡോ. മോഹനൻ നമ്പൂതിരി എന്നിവരോട് ചോദിക്കുക. Siemens കമ്പനി ഈയിടെ ഒരു പുതിയ Carbon Monoxide detector മാർക്കറ്റിൽ പുറത്തിറക്കി. അതിന്റെ പേരെന്താണെന്നോ ? Siemens Attukal CO487 series.
മാധ്യമങ്ങളും രാഷ്ട്രീയക്കാരും പുരോഗമനവാദികളും ഒന്നും ഈ വാർത്ത അറിയാത്ത പോലെയാണ് നടിക്കുന്നത്. അവർക്ക് വേണ്ടത് ഇക്കിളിപ്പെടുത്തുന്ന വാർത്തകളും ജനങ്ങളെ തമ്മിലടിപ്പിക്കുന്ന വിഷയങ്ങളുമാണല്ലോ. എങ്കിലും ബഹളവും കോലാഹലവുമില്ലാതെ പുണ്യ ഭൂമിയായ നമ്മുടെ നാട്ടിൽ ചില സനാതന സത്യങ്ങൾ നിലകൊള്ളുന്നു എന്ന് ചിലരേങ്കിലും ഓർക്കുന്നു എന്നാണ് ആശ്വാസം.


ഇത്രയൊക്കെ ചെയുന്ന ദൈവത്തിനു പൊങ്കാല ഇടുന്നവർക്കെല്ലാം ക്ഷേമം നൽകാനുള്ള ഉത്തരവാദിത്തം ഇല്ലേ? അങ്ങനെ കിട്ടുന്നുണ്ടോ ?

ഇത്രയൊക്കെ ചെയ്യുന്ന ദൈവത്തിനു ഓളുടെയെങ്കിലും പൊങ്കാല വയറുനിറച്ചു കഴിക്കാനുള്ള കഴിവുണ്ടാകും. എന്തെ കഴിക്കുന്നില്ല ?

ഇത്രയൊക്കെ ചെയ്യുന്ന ദൈവത്തിനു തിരുവനന്തപുരത്തെ എന്നല്ല ഈ രാജ്യത്തിലെ തന്നെ വായു മലിനീകരണം കുറയ്ക്കാൻ സാധിക്കുന്നില്ല അതെന്തുകൊണ്ട് ?

വായുമലിനീകണത്തിൽ മാത്രം ശ്രദ്ധ ചെലുത്തിയ ദൈവം ഒരു അപൂർവ്വ ദൈവം തന്നെയാണ്. തള്ളുകാരേ

പണ്ടൊരിക്കൽ ആറ്റുകാൽ ദേവി ആ ക്ഷേത്രത്തിൽ നിന്നും എഴുന്നേറ്റു പോയി മറ്റൊരു സ്ഥലത്തെ ക്ഷേത്രത്തിൽ പോയി ഇരുന്നത്രെ. ഈ കഥ തിരുവനന്തപുരത്തു കാട്ടുതീ പോലെയാണ് പ്രചരിച്ചത്. ഇനിയും എന്തൊക്കെ കേൾക്കാനിരിക്കുന്നു …