ആരു തന്നാലും സ്വീകരിക്കാൻ പാടില്ലാത്ത ഒരു സമ്മാനം, നിങ്ങളും സ്വീകരിക്കരുത്, ഒടുവിലത് ഭാരമാകും

191

Satheesh Kumar

ആരു തന്നാലും സ്വീകരിക്കാൻ പാടില്ലാത്ത ഒരു സമ്മാനത്തെക്കുറിച്ചാണ്‌ കുറിപ്പ്‌..

തരുന്നത്‌ എത്ര ആത്മാർത്ഥതയോടെയാണെങ്കിലും ചിരിച്ചു കൊണ്ട്‌ നിഷേധിക്കേണ്ട ഒന്ന്
എന്നിട്ടും നിർബന്ധിക്കുകയാണെങ്കിൽ അപ്പോൾ തന്നെ വാങ്ങി തല്ലിയുടച്ചു കളയേണ്ട ഒന്ന്..

‘നല്ല കുട്ടി’എന്ന ആ സർട്ടിഫിക്കറ്റിനെക്കുറിച്ചാണ്‌ പറഞ്ഞുവരുന്നത്‌
നല്ല മനുഷ്യൻ,നല്ല സ്ത്രീ ,ശുദ്ധൻ ,സാധു,അടക്കവും ഒതുക്കവുമുള്ളവൾ,പാവം,ഹൃദയാലു.. എന്നിങ്ങനെ അതിന്റെ പലവേർഷനുകളുണ്ട്‌
കൈയ്യേറ്റാൽ ജീവിതകാലം മുഴുവൻ ചുമന്ന് കൊണ്ട്‌ നടക്കേണ്ടി വരുന്ന ഒരു ഭാരം.

അത്യാവശ്യം കുസൃതിയും കൗതുകങ്ങളുമുള്ള ഒരു ബാലനെ സങ്കൽപ്പിക്കൂ.
അവന്‌ ഇഷ്ടമുള്ള കാഴ്ചകൾ കണ്ട്‌ മരങ്ങളിലും വള്ളിപ്പടർപ്പുകളിലും വലിഞ്ഞു കയറിയും
തുമ്പികൾക്കും ആട്ടിൻ കുട്ടികൾക്കും
പിന്നാലെ പാഞ്ഞും
കൈത്തോടുകളിൽ നിന്ന് പരൽമീനുകളെ പിടിച്ചും തിമിർത്ത്‌ തിമിർത്തങ്ങനെ നടക്കുന്ന ഉത്സാഹിയായ ഒരു ബാലൻ..

ആ കുട്ടിയുടെ കൈയ്യിൽ നമ്മളൊരു പളുങ്ക്‌ പാത്രം കൊടുക്കുകയാണ്‌.
അതി മനോഹരമായ ഒന്ന് ,കണ്ടാൽ ആരും കൊതിച്ചുപോകും വിധം ചന്തമുള്ളത്‌

‘നീ ഒരു നല്ല കുട്ടിയാണ്‌’ എന്ന ഒരു സാക്ഷ്യപത്രമാണ്‌ അത്.
മറ്റുള്ളവർക്ക്‌ അപ്രാപ്യമായതും അസൂയ ഉണ്ടാക്കുന്നതുമായ ഒന്ന്.

എത്ര മാത്രം സൗന്ദര്യമുള്ളതാണോ ‌ അത്രക്കും ഫ്രജെയിൽ കൂടിയാണ്‌ അത്‌
അതിവേഗം തകർന്നു പോകാൻ ഇടയുള്ളത്‌,
ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട്‌ വലിയ ദുരന്തം സംഭവിക്കാൻ പാകത്തിലുള്ള ഒന്ന്

അതോടെ തീരുകയാണ്‌ അവന്റെ സ്വസ്ഥ ജീവിതം,
അവന്റെ കൗതുകങ്ങൾ ,ഉത്സാഹങ്ങൾ ,തന്നിഷ്ടങ്ങൾ ഒക്കെ അവിടെ അവസാനിക്കുകയാണ്‌.

വിലയേറിയത്‌ എന്ന് സകലരും പറയുന്ന ആ സമ്മാനത്തെ സംരക്ഷിക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തിലേക്ക് അവന്റെ സകലതും ഒതുക്കപ്പെടുകയാണ്‌.

മറ്റാരുമല്ല,നിങ്ങൾ തന്നെ നിങ്ങളോട്‌ പറയും അരുത്‌ അത്രയും വിലപ്പെട്ട അത്‌ ഉടച്ചു കളയരുത്‌..

അവനവന്‌ ആവശ്യമില്ലാഞ്ഞിട്ടും ആരോ ചാർത്തിത്തന്ന ആ സൽപേരിനെ സംരക്ഷിക്കുക എന്നതാവും പിന്നെ നിങ്ങളുടെ ശിഷ്ട ജീവിതം

ഞാനിത്‌ വെറുതേ പറയുന്നതല്ല
ഇരുപത്തിയെട്ട്‌ വയസുവരെയുള്ള എന്റെ ജീവിതകാലത്തിൽ ‌എനിക്ക്‌ ഓർമ്മയുള്ള പത്തിരുപത്‌ കൊല്ലത്തോളം ‘നല്ല കുട്ടി ‘എന്ന സൽപേരും താങ്ങി വലഞ്ഞു പോയ ഒരു മനുഷ്യനാണ്‌ ഞാൻ .

നല്ലവൻ ,മിടുക്കൻ,പഠിക്കുന്നവൻ ,സ്നേഹവും അനുസരണയുമുള്ളവൻ,കാരണവന്മാരെ ബഹുമാനിക്കുന്നവൻ എന്നു തുടങ്ങി എത്രയുണ്ടായിരുന്നു ഞാൻ പേറിയ അലങ്കരിക്കപ്പെട്ട സ്ഫടികപ്പാത്രങ്ങൾ എന്നാണ്‌ ?

ഒടുവിൽ ഇരുപത്തിയെട്ടാം വയസിലാണ്‌ ഞാനവയെ താഴത്തുവെക്കുന്നത്‌,
താഴത്തു വെച്ചു എന്ന് ഞാൻ വെറുതേ പറഞ്ഞതാണ്‌
അവ ശരിക്കും താഴെ വീണ്‌ ഉടഞ്ഞു പോകുകയോ സമൂഹം അങ്ങനെ ആരോപിക്കുകയോ ചെയ്തതാണ്‌.

അന്നത്തെ നാട്ടു നടപ്പുകൾക്ക്‌‌ വിരുദ്ധമായ ഒരു പ്രണയത്തിലും വിവാഹത്തിലും ഏർപ്പെട്ടു എന്നതായിരുന്നു ആ വീഴ്ചക്ക്‌ കാരണം
ആ ഒരൊറ്റ തീരുമാനം കൊണ്ട്‌ ചാർത്തിത്തന്ന സകല അലങ്കാരങ്ങളും സമൂഹം അഴിച്ചെടുത്തു..

അത്രയേ ഉള്ളൂ അതിന്റെ കാര്യം,
നമ്മൾ ആവശ്യപ്പെടാതെ തന്നെ നമുക്ക്‌ സമ്മാനിച്ച ആ പട്ടം , അവർ നമ്മിൽ ആരോപിച്ച നല്ലവനെന്ന ആ ടൈറ്റിൽ അവർ തന്നെ തിരിച്ചെടുക്കുകയാണ്‌

നിങ്ങൾ ആ കിരീടത്തിൽ ഭ്രമിച്ചു പോയിട്ടുണ്ട്‌ എങ്കിൽ കാര്യം കഷ്ടമാണ്‌.
നല്ലവൻ എന്നതിൽ നിങ്ങൾ രസിക്കുന്നുണ്ടെങ്കിൽ കഷ്ടമാണ്‌..

ആ പേര്‌ നിലനിർത്താൻ വേണ്ടി നിങ്ങൾക്ക്‌ ഉപേക്ഷിക്കേണ്ടി വരിക നിങ്ങളുടെ സ്വന്തം ജീവിതമാണ്‌
ഉരിഞ്ഞു കളയാൻ കഴിയാത്തവിധത്തിൽ നിങ്ങളോട്‌ ‌ ഒട്ടിനിൽക്കുന്ന അസ്വാതന്ത്ര്യമാണ്‌ അത്‌
നല്ലവനാണ്‌ എന്ന ഒറ്റക്കാരണത്താൽ നിങ്ങൾക്ക്‌ വിധിക്കപ്പെട്ട ജീവപര്യന്തം.

ഒരിക്കൽ ഉടഞ്ഞുപോയാൽ അതോടെ തീർന്നു എന്നും കരുതിയേക്കരുത്‌‌
ഉടഞ്ഞിടത്തു നിന്ന് നിങ്ങൾക്ക്‌ മറ്റൊന്ന് ലഭിക്കാൻ അധികം സമയം വേണ്ട
അല്ലെങ്കിൽ ആദ്യത്തെ ഉടഞ്ഞതുകൊണ്ട്‌ സ്വാഭാവികമായും വന്നു ചേരുന്ന ചിലതുമുണ്ട്‌.

ഉദാഹരണത്തിന്‌ എന്നെ എടുക്കാമെങ്കിൽ , ഇരുപത്തി എട്ടാം വയസിൽ നല്ല മകൻ എന്ന ആ പളുങ്ക്‌ പാത്രം ഉടഞ്ഞുപോയി എങ്കിൽ
നല്ല ഭർത്താവ്‌ എന്നൊരു ഭാരം എന്നിൽ അതോടെ വന്നു ചേരുകയുണ്ടായി
നമ്മളത്‌ ആവശ്യപ്പെടുന്നതല്ല,അവളുടെ പ്രതീക്ഷകളെ മുഴുവൻ എന്നിലാരോപിച്ച്‌ ശൈലജ ചാർത്തിത്തന്ന ഒരു പട്ടമാണത്‌

അന്നത്തെ അറിവില്ലായ്മകൊണ്ട്‌ ആഹ്ലാദത്തോടെ സ്വീകരിച്ച ഒന്ന്..
കാൽ നൂറ്റാണ്ടാവാൻ പോകുന്നു അതും ചുമന്ന് നടക്കാൻ തുടങ്ങിയിട്ട്‌..

നല്ലവനാവുന്നതിൽ തെറ്റുണ്ട്‌ എന്നല്ല ഞാൻ പറഞ്ഞുവരുന്നത്‌
എന്താണ്‌ നല്ലത്‌ എന്ന് സമൂഹം തീരുമാനിക്കുന്ന ആ അളവുകളിൽ ഒതുങ്ങിപ്പോകേണ്ടി വരുന്നതിനെക്കുറിച്ചാണ്‌.
അവരെ വേദനിപ്പിക്കാതിരിക്കാൻ വേണ്ടി എന്ന് അവനവന്റെ വിചാരങ്ങളെ
ഒടുക്കിക്കളയുന്നതിനെക്കുറിച്ചാണ്‌.

ഒരിക്കൽ സ്വന്തമായാൽ ഉടച്ചുകളയുന്നതിനോ ഉപേക്ഷിക്കുന്നതിനോ നമുക്ക്‌ പ്രയാസമുള്ള ഒന്നാകുന്നു നല്ലവൻ എന്ന ആ സർട്ടീഫിക്കറ്റ്‌
എന്നാലോ കൈയേൽക്കുന്നതിന്‌ മുന്നേ എളുപ്പത്തിൽ വേണ്ടാ എന്ന് വെക്കാവുന്ന ഒന്നുമാണത്‌.

അതു കൊണ്ടാണ്‌ ഞാൻ പറയുന്നത്‌ ‘നല്ല ‘എന്ന സർട്ടിഫിക്കറ്റുമായി ആരുവന്നാലും അത്‌ ആദ്യമേ വേണ്ടെന്നു പറഞ്ഞേക്കുക

നല്ല കുട്ടി, നല്ല വിദ്യാർത്ഥി ,നല്ല സുഹൃത്ത്‌,
നല്ല മകൻ/മകൾ,നല്ല കാമുകൻ/കാമുകി ,നല്ല ഭർത്താവ്‌/ഭാര്യ,നല്ല പ്രവർത്തകൻ,നല്ല അനുയായി,നല്ല വിശ്വാസി ..
അങ്ങനെ എന്തൊക്കെ വരാൻ സാധ്യതയുണ്ടോ അതിനോടൊക്കെ വേണ്ട,വേണ്ടാഞ്ഞിട്ടാണ്‌ എന്ന് തീർത്ത്‌ പറഞ്ഞേക്കുക
അത്‌ നമുക്ക്‌ തരുന്ന സ്വാതന്ത്ര്യം ചില്ലറയല്ല.

അതുകൊണ്ട്‌ സുഹൃത്തുക്കളേ നിങ്ങൾ നല്ലവനായിരിക്കുകയും നിങ്ങൾ നല്ലവനാണ്‌ എന്ന് സാക്ഷ്യപ്പെടുത്തുവാൻ മറ്റുള്ളവരെ അനുവദിക്കാതിരിക്കുകയും ചെയ്യുവിൻ

അകാരണമായി അപരനെ ദ്രോഹിക്കില്ല എന്ന് മാത്രം മനസിൽ പ്രതിഞ്ജയെടുക്കുവിൻ
എന്നിട്ട്‌ അവനവന്റെ ശരികളെ സ്വയം നിർണ്ണയിക്കുവിൻ

അയാൾ നല്ലവനായിരുന്നു എന്ന് അനുശോചനയോഗങ്ങളിൽ ഓർമ്മിക്കപ്പെടുവാൻ വേണ്ടി ജീവിതത്തെ തടവിൽ വെക്കാതിരിക്കുവിൻ.