എത്രയോ ലക്ഷം പേര്‍ പ്രേംനസീറിന്റെ കൂടെ നിന്ന് ഫോട്ടോ എടുത്തു കാണും, പക്ഷേ മരണശേഷം ആരെങ്കിലും നസീറിന്റെ തോളില്‍ കയ്യിട്ടു കാണുമോ ?

54

ചിത്രം ചരിത്രം
📷
(വിഖ്യാത ഫോട്ടോഗ്രാഫറായ ആർ ഗോപാലകൃഷ്ണനെടുത്ത ചിത്രങ്ങളും ചിത്രവിശേഷങ്ങളും പങ്കുവെയ്ക്കുന്ന പംക്തി)

പ്രേം നസീർ

മലയാളികളുടെ മനസ്സിലെ നായകസങ്കല്പമായിരുന്നു പ്രേംനസീർ, അന്നും ഇന്നും എന്നും മലയാളിയുടെ നിത്യവസന്തം. 2019 ഡിസംബർ 30ന് ഞാൻ കെ.എസ്.ആർ. മൂർത്തിയെ കോയമ്പത്തൂരുള്ള വസതിയിൽ പോയി കണ്ടു. മയിലാടും കുന്ന്, ആദ്യത്തെ കഥ, ഇൻക്വിലാബ് സിന്ദാബാദ്, പണിതീരാത്ത വീട്, ഒരു പെണ്ണിന്റെ കഥ, അഴകുള്ള സെലീന, ജീവിക്കാൻ മറന്നുപോയ സ്ത്രീ, കന്യാകുമാരി, ഓർമ്മകൾ മരിക്കുമോ, നാളെ നമതേ, അമ്മേ അനുപമേ തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച വ്യക്തിയാണ് ശ്രീ. കെ.എസ്.ആർ. മൂർത്തി

നിത്യ ഹരിതം എന്ന പുസ്തകത്തിന്റെ നിർമ്മാണ വേളയിൽ നസീർ സാറുമായി ബന്ധപ്പെട്ട നൂറ്റി അമ്പതിലേറെ പേരെ കണ്ടിരുന്നു. പക്ഷേ അവരിൽ നിന്നും കേട്ടതിനേക്കാൾ വ്യത്യസ്തമായ കഥകളാണ് മൂർത്തി സാർ പറഞ്ഞത്.”നിർമ്മാതാക്കളുടെ നടനായിരുന്നു പ്രേംനസീർ…” പ്രേംനസീർ ആരായിരുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം ഇതായിരുന്നു.മലയാളത്തിലെ മികച്ച സാഹിത്യ കൃതികൾ സിനിമയാക്കിയ കാലം, പ്രഗത്ഭരായ സാങ്കേതിക വിദഗ്ധരുടെ സാന്നിധ്യം മലയാള സിനിമയിൽ ഉണ്ടായിരുന്ന കാലം, വയലാർ, തിരുനയിനാർ കുറിച്ചി, ബ്രദർ ലക്ഷ്മണൻ, പി.ഭാസ്കരൻ, ശ്രീ കുമാരൻതമ്പി, യൂസഫലി കേച്ചേരി, വി. ദക്ഷിണാമൂർത്തി, ജി. ദേവരാജൻ, എം.എസ്.ബാബുരാജ്, എം.കെ.അർജ്ജുനൻ, എ.ടി.ഉമ്മർ, യേശുദാസ്, പി. ജയചന്ദ്രൻ, കമുകറ, ബ്രഹ്മാനന്ദൻ, പി.ലീല, എസ്.ജാനകി, പി.സുശീല, മാധുരി, ബി.വസന്ത തുടങ്ങിയ നിരവധി സംഗീത പ്രതിഭകൾ മലയാള സിനിമാരംഗം നിറഞ്ഞാടിയ കാലം.പ്രേംനസീർ എന്ന വ്യക്തി പ്രഭാവത്തെ ഓർക്കുമ്പോൾ മേൽപ്പറഞ്ഞവയെല്ലാം ഓരോരുത്തരായി നമ്മുടെ മനസിലേക്ക് ഓടിയെത്തും.മലയാള സിനിമയിലെ ഇന്നത്തെ തലമുറയ്ക്ക് ചവിട്ടി നിൽക്കാൻ അടിത്തറപാകിയ ഈ വ്യക്തി വൈഭവത്തെ എങ്ങനെയാണ് സ്മരിക്കേണ്ടത്.

സാധാരണക്കാരനായ ഒരു മലയാളി പ്രേക്ഷകന്റെ മനസ്സിലെ ശ്രീകൃഷ്ണന്റെയും ശ്രീരാമന്റെയും സങ്കല്പത്തിന് പ്രേംനസീറിന്റെ മുഖമാണ് എക്കാലവും.യുവതലമുറയുടെ കാമുകസങ്കല്പം ഒരു കാലത്ത് പ്രേംനസീർ അവതരിപ്പിച്ച കഥാപാത്രങ്ങളെ ആസ്പദമാക്കിയായിരുന്നു.മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു പേരാണ് പ്രേംനസീർ.അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾക്ക് മരണമില്ല.

2014
ചിറയൻകീഴ്

പ്രേംനസീറിന്റെ ഇരുപത്തിയഞ്ചാമത് ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് ഒരു ഫോട്ടോ എക്സിബിഷൻ ചലച്ചിത്ര അക്കാദമിക്കുവേണ്ടി ഞാൻ ചെയ്തു. അതിന്റെ ഭാഗമായി മലയാളത്തിന്റെ നിത്യഹരിത നായകൻ അന്ത്യവിശ്രമംകൊള്ളുന്ന കാട്ടുമുറാക്കൽ ജുമാ അത്ത് പള്ളിയിൽ പോകേണ്ടിവന്നു. അവിടെയുള്ള നസീറിന്റെ ഖബർ കാടുപിടിച്ചു കിടക്കുന്നു. പള്ളി അധികാരികളുടെ അനുമതിയോടെ വള്ളിപ്പടർപ്പുകളെല്ലാം വലിച്ചു പിഴുതു കളഞ്ഞിട്ടാണ് ഈ ഫോട്ടോ എടുത്തത്. ഞാൻ അന്ന് ആ പള്ളിയിലെ മുതിര്‍ന്ന ഉത്തരവാദിത്വമുള്ള ഒരാളോട് കാര്യം തിരക്കി. അദ്ദേഹം പറഞ്ഞത് മുസ്ലീം മതാചാര പ്രകാരം ഒരാൾ മണ്ണോട് ചേര്‍ന്ന് കഴിഞ്ഞാൽ ഖബറിടം കൃസ്ത്യൻ ആചാരം പോലെ മാർബിളൊക്കെ പതിച്ച് വയ്ക്കുന്ന പതിവില്ല. ഇത് പ്രേംനസീറിന്റെ ആയതുകൊണ്ട് മാത്രമാണ് അദ്ദേഹത്തിന്റെ പേരെഴുതിയ ഒരു കല്ലെങ്കിലും വയ്ക്കാൻ അനുവദിച്ചത്. അവർക്ക് വർഷാവർഷം ഖബറിൽ പോയി പ്രാർത്ഥിക്കുന്ന പതിവില്ല.

എത്രയോ ലക്ഷം പേര്‍ പ്രേംനസീറിന്റെ കൂടെ നിന്ന് ഫോട്ടോ എടുത്തു കാണും. അതില്‍ എത്രയോ പേരുടെ തോളില്‍ നസീര്‍ കയ്യിട്ടിരിക്കും. പക്ഷേ മരണശേഷം ആരെങ്കിലും നസീറിന്റെ തോളില്‍ കയ്യിട്ടു കാണുമോ…. ആ ഭാഗ്യം എനിക്കിരിക്കട്ടെ. ചിറയന്‍കീഴ് കാട്ടുമുറാക്കല്‍ ജമാ അത്ത് പള്ളിമുറ്റത്തിനരികിലെ  പ്രേംനസീറിന്റെ ഖബറിന്നരികില്‍ ഞാനിരിക്കുന്ന ചിത്രമാണിത്. ഒപ്പം പ്രേം നസീർ മരണമടഞ്ഞപ്പോൾ ഞാനെടുത്ത ചില ചിത്രങ്ങളും.

 

 

 

 

 

**