‘മലയാളികൾക്ക് പിന്നെ പണിയെടുത്ത് ജീവിക്കാനിഷ്ടമല്ലല്ലൊ’ എന്നു പറയുന്നവരോട്

0
728

A Hari Sankar Kartha എഴുതുന്നു

മധ്യവർഗ്ഗജീവിതത്തിന്റെ സുഖം പിടിച്ച് പോയ ചില നായമ്മാരുടെ ഒരു സ്ഥിരം ഡയലോഗാണ്, “മലയാളികൾക്ക് പിന്നെ പണിയെടുത്ത് ജീവിക്കാനിഷ്ടമല്ലല്ലൊ.” നായമ്മാരെന്ന് പറയുമ്പോൾ മദ്ധ്യതിരുവിതാംകൂറിലെ ചില ക്രൈസ്തവരും കൂടിയുണ്ട്. ഇതൊരു വലിയ ഏനക്കേടാണ്. ഇതിന്റെ ആണി പഴയ ഫ്യൂഡൽ മനോഭാവമാണ്.

മലയാളി പണിയെടുക്കുന്നില്ലേ. ആവോളം. സാംസ്കാരസമ്പന്നർക്ക് പിടിക്കാത്തതും എന്നാൽ അവരടക്കം നയിക്കുന്നതുമായ ദാറ്റ് മദ്ധ്യവർഗ്ഗജീവിതം ആരും തളികയിൽ വെച്ച് കൊടുത്തതല്ല. അരിഷ്ടിച്ചും അദ്ധ്വാനിച്ചും ഉണ്ടാക്കിയതാണ്.

ശരി. മലയാളികൾ മെയ്യനങ്ങി പണിയെടുക്കുന്നുണ്ടൊ. തീർച്ചയായും.

എവിടെയാണ് ഞങ്ങൾ കാണുന്നില്ലല്ലൊ.

നിങ്ങൾ ഗൾഫ് നാടുകളിലെ ലേബർ ക്യാമ്പുകളെ പറ്റി അറിഞ്ഞിട്ടുണ്ടൊ. അവിടൊക്കെ ആളുകൾ ചുമ്മാ ഇരുന്ന് ചൊറിയുന്നേനല്ല കാശ് കിട്ടുന്നത്.

ലോകമെമ്പാടും നഴ്സുമ്മാരെ സപ്ളെ ചെയ്യുന്ന ഒരു കേരളം ഉണ്ട്. അവരുടെ മെയ്യെന്താ അനങ്ങുന്നില്ലേ.

അതിർത്തിപ്രശ്നങ്ങളിൽ ഒരു ആചാരം പോലെ മലയാളി ശരീരങ്ങൾ ബലി നൽകി പോരുന്നുണ്ട്. സൈനികസേവനം ഒരു ശാരീരികാദ്ധ്വാനമല്ലേ.

ഇതൊന്നും അവർ കൂട്ടില്ല. കാരണം എന്താന്ന് വെച്ചാൽ പണ്ട് തിണ്ണയിൽ കസേരയിട്ടിരുന്ന് നോക്കുമ്പോൾ കണ്ടിരുന്നതെന്താണൊ അതാണ് ധൂസരമായ മെയ്യനങ്ങുന്ന അദ്ധ്വാനം. അതിപ്പോൾ കാണാൻ കിട്ടുന്നില്ല. അതാണീ ഏനക്കേട്.

പുത്തൻ സങ്കേതികവിദ്യകളുടെ കാലത്ത് അദ്ധ്വാനം എന്നാൽ പ്രത്യക്ഷവും പ്രകടനാത്മകവും ശരീരികവും ആവണമെന്ന ഈ ഭാവുകത്വം തന്നെ ഏതാണ്ട് കാലഹരണപ്പെട്ടതാണ്.

ഈ ഡയലോഗിന്റെ ജാതിയ്ക്ക് പിന്നിൽ ഒരു കാര്യം കൂടിയുണ്ട്. ആധുനികത രംഗപ്രവേശം ചെയ്തപ്പോൾ പ്രിവിലേജ്ഡ് കാസ്റ്റിലുള്ളവർക്ക് മെയ്യനങ്ങാതെ ജീവിക്കാനുള്ള ഒപ്ഷൻസുണ്ടായ്. അവരത് ചൂഷണം ചെയ്തു. അതൊക്കെ വളരെ സ്വാഭാവികമാണ്. ലോകമതാണ്. പക്ഷേ അതല്ലാത്ത വലിയൊരു വിഭാഗം മലനാട് ജനത, ഇന്നും ശരീരം തിരിച്ചും മറിച്ചും പണിയെടുത്താണ് ജീവിക്കുന്നത്. അവരീ ഡയലോഗടിക്കില്ല. അവർക്കത് വരത്തില്ല. ഓട്ടൊ ഓടിച്ച് നടു പൊട്ടുന്നവർ, പോലീസുകാർ, പാചകത്തൊഴിലാളികൾ, മൈക്കും പിടിച്ച് നാട് തെണ്ടുന്ന ജേർണലിസ്റ്റുകൾ, വലിയ ബാഗുകളും താങ്ങി നടക്കുന്ന മാർക്കറ്റിംഗ് തൊഴിലാളികൾ, കടലിൽ മെടയ്ക്കുന്ന മത്സ്യത്തൊഴിലാളികൾ, കർഷകർ, കൂലിപ്പണിക്കാർ, വീട്ടമ്മമാർ, മെക്കാനിക്കുകൾ… മലയാളി മെയ്യനങ്ങുവോന്ന്. എഴീച്ച് പോടെ.

പക്ഷേ മലയാളിയുടെ മെയ്യനക്കം കുറഞ്ഞിട്ടുണ്ട്. അതിനൊരു കാരണം കൂടിയുണ്ട്. കേരളത്തിൽ വിദ്യാഭ്യാസത്തിന്റെ വില തിരിച്ചറിഞ്ഞവർ കുറേപ്പേർ ജീവിച്ചു, ഗുരുവും അയ്യങ്കാളിയും മറ്റും. അവർ ജനതയെ വിദ്യാലയത്തിൽ അയച്ചു. അത് പുതിയ ഒരു ലോകത്തെ കുറിച്ചുള്ള വിവരങ്ങൾ നൽകി. ആ വിവരങ്ങൾക്ക് പിറകെ പോയ മലയാളി പുതിയ സാധ്യതകളുടെ ആരാധകരും സാധകരുമായ് തീർന്നു. ഏറ്റവും പുതിയ കോഴ്‌സുകൾ തേടിപ്പഠിച്ച് ജോലി മേടിച്ച് ജീവിക്കാൻ വാശി കാണിക്കുന്ന ഒരു ജനത, ഇത് പോലെ വേറെ കാണില്ല. ഇങ്ങനെ മിച്ചം വരുന്ന സമ്പത്ത് അദ്ധ്വാനഭാരം കുറച്ചെങ്കിൽ അത് അഭിമാനകരമാണ്.

ശാബത്ത് മനുഷ്യന് വേണ്ടിയാണ്. തിരിച്ചല്ല.

“മലയാളികൾക്ക് പിന്നെ പണിയെടുത്ത് ജീവിക്കാനിഷ്ടമല്ലല്ലൊ” എന്ന ഡയലോഗടിക്കുന്നവർ അത്തരം വെളിച്ചങ്ങളില്ലാതെ പോയ ഇടങ്ങളിലേക്ക് ചെല്ലൂ. നിങ്ങൾക്ക് സന്തോഷമാവും. കാരണം നിങ്ങൾ കാണാൻ കൊതിക്കുന്ന തരം ദാറ്റ് അദ്ധ്വാനം നിങ്ങൾക്കവിടെ കണ്ടെത്താം. അതിഥിത്തൊഴിലാളികളെ ബംഗാളികളെന്ന് വിളിച്ച് ആശ്വാസം കണ്ടെത്തുന്ന ഭാവനാശാലികൾക്ക് അതുമൊരു ആശ്വാസമാണ്.

പൊതുമലയാളിക്ക് വേറെ പണിയുണ്ട്. പണിയെടുത്തുയർന്ന ഒരു ജനതയാണിത്.

പണിയറിഞ്ഞ് പണിയെടുക്കുന്ന പൊതുമലയാളികൾക്കിരിക്കട്ടെ, ഈ വട്ടത്തെ മെയ് ദിനാശംസകൾ.

ലാൽസലാം.