പൂർവ്വാർജിതമായ ഈ സ്വത്ത് സംരക്ഷിക്കപ്പെടേണ്ടതുണ്ട്

55

✍️ A Hari Sankar Kartha

പാകിസ്താനും ഇന്ത്യയും തമ്മിൽ പണ്ടെ അതിർത്തിപ്രശ്നങ്ങൾ ഉണ്ട്. ബംഗ്ലാദേശിൻ്റെ രൂപീകരണം അത് മൂർച്ഛിപ്പിച്ചു. തൊണ്ണൂറുകളൊടെ കാശ്മീരിലും മറ്റും കൈ വിട്ട കളികളാണ് നടന്ന് പോരുന്നത്.ബംഗ്ലാദേശിൽ നിന്നും ഹൂഗ്ലി കടന്ന് കുടിയേറ്റം നടക്കുന്നുണ്ട്. അതിലൊരു മാനുഷികപരിഗണന വേണ്ടതാണ്. പക്ഷേ അത് കൊണ്ട് മാത്രം അതൊരു രാഷ്ട്രീയപ്രശ്നം അല്ലാതാവുകയുമില്ല. അത്തരം പ്രതിഭാസങ്ങളെ നിയന്ത്രിക്കാനുള്ള നിയമനിർമ്മാണങ്ങളാട്ടെ വലിയ ഒച്ചപ്പാടുകൾ സൃഷ്ടിക്കയും പുതിയൊരു പ്രശ്നമായ് തീരുകയുമാണുണ്ടായത്.

ശ്രീലങ്കൻ തമിഴ് പ്രശ്നം ഒരു മുൻ പ്രധാനമന്ത്രിയുടെ കൊലപാതകത്തിലാണ് അവസാനിച്ചത്. അവരത് ആഭ്യന്തരമായ് ഒതുക്കി തീർത്തുവെങ്കിലും എപ്പൊൾ വേണമെങ്കിലും മറ്റൊരു പ്രഭാകരന് തിരിച്ച് വരാവുന്നതെയുള്ളൂ. മ്യാൻമർ കടുത്ത ആഭ്യന്തരസംഘർഷത്തിലാണ്. അവിടെ മാഫിയ വളരെ ശക്തവുമാണ്. മയക്ക് മരുന്നും ആയുധങ്ങളും ഇന്ത്യയിലേക്ക് കൊണ്ട് വരുന്നതിൻ്റെ പ്രശ്നങ്ങളാണ് അവരുമായുള്ളത്. അതെല്ലാമിപ്പൊൾ നോർത്ത് ഈസ്റ്റ് പ്രശ്നങ്ങളുടെ പുകമറയിലായത് കൊണ്ട് അധികമാരും ശ്രദ്ധിച്ച് കാണാറില്ല.

തിബത്തൻ പ്രശ്നത്തൊടെ അവസാനിച്ച ഒരു എളിയ സൗഹൃദമെ ചൈനയുമായ് ഇവിടെ ഉണ്ടായിരുന്നുള്ളൂ. ചൈന ഇന്ന് സാർവദേശീയതലത്തിലെ ഏറ്റവും ശക്തരായ ഏഷ്യൻ രാജ്യങ്ങളിൽ ഒന്നാണ്. വാണിജ്യ കരാറുകളിലൂടെ അവർ ഡോളർ നിയന്ത്രിത സാമ്പത്തികരംഗത്തെ സ്വാധീനിച്ചിരിക്കുന്നു. എത്ര കൊന്നാലും തീരാത്തത്ര ജനമുള്ള ആ രാജ്യം ഒരു സൈനികശക്തിയെന്ന നിലയിൽ ഒരു ലോകഭീഷണി കൂടിയാണ്. അവരുടെ ഇരുമ്പ് മറ കാര്യങ്ങൾ കൂടുതൽ അവ്യക്തമാക്കുന്നു. നോർത്ത് ഈസ്റ്റ് അതിർത്തിയിലും മാവോയിസ്റ്റ് ഇടനാഴിയിലും അവർക്ക് ചാരന്മാരുണ്ടെന്ന കാര്യം ഏതാണ്ട് ഉറപ്പാണ്.

ഇത് വരെ ഒരു ഇന്ത്യൻ സാമന്തരാജ്യം പോലെ പോവാരുന്ന നേപ്പാൾ അവരുടെ അതിർത്തി കടന്ന ഇന്ത്യൻ കർഷകരെ വെടി വെച്ചിട്ടതായ് ഇപ്പൊൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. അനധികൃതമായ് അതിർത്തി ക്രോസ് ചെയ്യുന്നത് തെറ്റാണ്. പക്ഷേ ഉടനടി വെടി പൊട്ടിക്കുന്നത് കരുതിയിരിക്കേണ്ട ഒരു രാഷ്ട്രീയസൂചന കൂടിയാവുന്നുണ്ട്.

ഇനിയൊരു ഭൂട്ടാൻ കൂടിയുണ്ട്. അവിടെ അഹിംസയോളം പഴക്കമുള്ള കുറെ ഗിരിനിരകളും ഒരു നാടുവാഴി സെറ്റപ്പും മാത്രമെ ഉള്ളൂ. ആരും അവരെ പിരി കേറ്റാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.ഇന്ത്യയുടെ ആഭ്യന്തരപ്രശ്നങ്ങൾ എന്തുമാകട്ടെ, സ്വന്തം അതിർത്തിപ്രദേശങ്ങൾ കാത്ത് രക്ഷിക്കപ്പെട്ട് ഈ രാജ്യം നിലനിന്ന് പോരുന്നതിലൂടെയെ തൽക്കാലം അതെല്ലാം പരിഹരിക്കുന്നതെ പറ്റി ചിന്തിക്കാൻ കൂടി കഴിയുകയുള്ളൂ. അതാണ് ഇന്ത്യയുടെ പൊതുവായ രാഷ്ട്രീയഭാവുകത്വവും.

ഒരുപാട് പേർ ഒരുപാട് പണിപ്പെട്ട് ഉണ്ടായി വന്ന, കോടാനുകോടി മനുഷ്യർക്ക് പ്രയോജനകരമായൊരു രാജ്യസംവിധാനമാണിത്. അത് കൊണ്ട് തന്നെ പൂർവ്വാർജിതമായ ഈ സ്വത്ത് സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ആയതിലേക്ക്, ഇന്ത്യയ്ക്ക് അതിൻ്റെ സൈനികവും സാമ്പത്തികവും നയതന്ത്രപരവുമായ പ്രവർത്തനങ്ങളിലൂടെ, ജനതയുടെ ഐക്യമത്യമഹാബലത്തിലൂടെ, ദേശീയതയെ പറ്റിയുള്ള യാഥാർത്ഥ്യബോധത്തിലൂടെ ഇത്തരം അതിർത്തിപ്രശ്നങ്ങൾ പെട്ടന്ന് തന്നെ പരിഹരിക്കാൻ കഴിയട്ടെ എന്ന് മാത്രം പ്രത്യാശിക്കുന്നു.  നൂറ്റിമുപ്പത് കോടി ജനാധിപത്യപ്രതീക്ഷകളുടെ ഇന്ത്യാമഹാരാജ്യം നീണാൾ വാഴട്ടെ.