ജിയൊ ഓഫർ ഒരു ചൂണ്ടയാണെന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് മിക്കവരും കൊത്തിയത്

231

A Hari Sankar Kartha

ജിയൊ ഓഫർ ഒരു ചൂണ്ടയാണെന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് മിക്കവരും കൊത്തിയത്. റിലയൻസിൻ്റെ ഓഫർ ഉള്ളിടത്തൊളം അത് വസൂലാക്കുക എന്നൊരു ലൈൻ, അഥവാ ഓഫർ പോയാലും ചാർജസ് കൂടിയാലും ബാക്കപ്പ് സിം ഉപയോഗിക്കാമല്ലൊ എന്ന അതിബുദ്ധി. മുതലാളിത്തത്തിൻ്റെ മാർക്കറ്റിംഗ് തന്ത്രങ്ങൾ അറിയാത്ത പൈതങ്ങൾ ഒന്നുമല്ലല്ലൊ ഇവിടെ ഉള്ളത്.
പക്ഷേ ജിയൊ, മാർക്കറ്റിൽ മോണോപ്പളി സ്ഥാപിച്ചതൊടെ ഇതര ബ്രാൻഡുകൾ സർവീസിലും താഴൊട്ട് പോയി. കാരണം, വിറ്റ് വരവില്ലാതെ ആർക്കും മികച്ച സർവീസ് കൊടുക്കാനാവില്ല. ടെക്കനിക്കൽ സപ്പോർട്ട് ചില്ലറ ചിലവല്ല. മറുവശത്ത്, ഭരണകൂടവുമായ് ടൈ അപ്പുള്ള റിലയൻസിന് അവരുടെ ബ്രാൻഡ് പ്രമോട്ട് ചെയ്യുക ഒരു പൂ പറിക്കുന്നത് പോലെ സിമ്പിളായിരുന്നു താനും. ഫ്രീ മാർക്കറ്റ് എന്നൊക്കെ പേരുണ്ടെന്നല്ലാതെ സംഭവം ഇതൊരു ഒക്കച്ചങ്ങാതി മുതലാളിത്തമാണല്ലൊ.

ഫലത്തിൽ ഇവിടെ കോമ്പറ്റീഷൻ ദുസാധ്യമായി. അതൊടെ കാശുള്ളവൻ കത്തോലിക്കനും ബാക്കിയുള്ളവരെല്ലാം തൊലിക്കനും എന്ന വഴിയ്ക്കായി. സോഷ്യലിസ്റ്റ് മാതൃക കൊള്ളാം പക്ഷേ കോമ്പറ്റീഷനില്ലാത്ത ഒരു വ്യവസ്ഥ മുന്നോട്ട് പോക്കിനെ സഹായിക്കില്ല എന്ന് വാദിക്കുന്നവരാട്ടെ ഈ കോമ്പറ്റീഷനില്ലായ്മയെ കണ്ടതായ് നടിച്ച ചരിത്രമില്ല. ഈ കോമ്പറ്റീഷനില്ലായ്മയുടെ ബലത്തിൽ കൂടിയ വിലയ്ക്ക് ഊക്ലിച്ച സർവീസ് കൊടുത്താലും ലാഭത്തിൽ നഷ്ടം വരില്ല എന്നതാണ് വിജയിച്ചവരുടെ നേട്ടം അഥവാ അതിബുദ്ധി കാണിക്കുകയാണെന്ന ആത്മവിശ്വാസത്തൊടെ സിം എടുത്തവർ കൂടി അടങ്ങുന്ന പൊതുജനത്തിനേറ്റ കോട്ടം.

ഫ്രീ മാർക്കറ്റ് എന്ന ഇല കാണിച്ച് വശത്താക്കിയ ആടിനെ വെട്ടി മട്ടൺ ബിരിയാണി വെക്കുന്ന പരിപാടിയാണീ ഒക്കച്ചങ്ങാതിമാർ നടത്തി പോരുന്നത്. ഈ വഴിയ്ക്ക് ലഭ്യമായ സാമ്പത്തിക ലാഭമാണ് സാംസ്കാരിക രംഗത്ത് തങ്ങളുടെ മോണോപ്പളി സ്ഥാപിച്ച് കിട്ടാൻ ഭരണപക്ഷം ഉപയോഗിക്കുന്നതെന്നും കാണാം. സാംസ്കാരികമായും സാമ്പത്തികമായും മോണോപ്പളികൾക്ക് വിധേയരാവുന്നത് കൊണ്ടെന്താ കുഴപ്പം എന്ന കിടുക്കാച്ചി ചോദ്യത്തിലൂടെ ഇതിനെയെല്ലാം വിരോധിക്കുന്നവരെ ഒതുക്കാനും അവർക്കാവുന്നുണ്ട്. തല്ലി എങ്കിൽ അതെൻ്റെ അച്ചായനല്ലിയൊ എന്നൊരു ലൈനും ഒരു ലൈനാണല്ലൊ.

പക്ഷേ എന്നും എപ്പൊഴും അതങ്ങനെയാവില്ല, പ്രത്യേകിച്ചും സ്വന്തം കഞ്ഞിയിൽ പാറ്റ വീഴുമ്പൊൾ. പഞ്ചാബ് ഹരിയാന കർഷകർ ജിയൊ സിം ഒടിച്ച് കളയാൻ ആഹ്വാനം ചെയ്യാൻ പ്രാപ്തരാവുന്നത് അങ്ങനെയാണ്. അവരുടെ വിളകൾ ആദ്യം കൂടിയ വിലയ്ക്ക് വാങ്ങി പിന്നെ കുറഞ്ഞ വിലയ്ക്ക് വാങ്ങാനുള്ള സാധ്യതയെ, അതും കടന്ന് അവർ സ്വന്തം ശരീരമായ് തന്നെ കരുതുന്ന വിളഭൂമികൾ തട്ടിപ്പറിയ്ക്കാൻ വരുന്നവനെ പ്രതിരോധിക്കേണ്ടത് അവിടെയൊരു ജീവന്മരണപ്രശ്നമാണ്. അവൻ്റെ സിം ഒടിച്ച് കളയുകയെന്നാൽ നല്ല ഒരു സമ്മർദ്ദതന്ത്രമായിരിക്കും എന്നാർക്കാണ് അറിയാത്തത്.

ഇതെ ദിശയിൽ ചിന്തിക്കുന്നതിലൂടെ, ദില്ലിയുടെ കൊടിയ ശൈത്യത്തിലേക്ക് പഞ്ചാബ് ഹരിയാന കർഷകരെ ഉന്തി വിട്ടതിൽ ജിയൊ സിം എടുത്തവർക്കും ധാർമ്മികമായൊരു പങ്കുണ്ട് എന്ന് വാദിക്കുന്നവരും ഉണ്ട്. ഇതൊരു അതിവാദമായ് തള്ളിക്കളയുകയാണ് കർഷകസമരത്തെ പിന്തുണയ്ക്കുന്നവരും പൊതുവെ ചെയ്ത് പോരുന്നത്. വ്യവസ്ഥയെ അപ്പാടെ മാറ്റി മറിയ്ക്കുന്നതെ പറ്റിയുള്ള ഒരു പ്രതിപക്ഷദാർശനികതയുടെ അഭാവത്തിൽ അതിലെന്തെങ്കിലും അസ്വാഭാവികതയുള്ളതായും പറയാനാവില്ല.