ഹരിശങ്കർകർത്ത എഴുതുന്നു A Hari Sankar Kartha

മലയാളിയുടെ പുച്ഛം കളഞ്ഞ് കിട്ടിയൊരു നാണയമല്ല, തലമുറകൾ ഊതിക്കാച്ചിയെടുത്തതാണ്

തൊട്ടാൽ പൊട്ടുന്ന മാമൂലുകളുടെ കാലത്ത് ശിങ്കാരത്തോപ്പിലെ തിരുവിതാംകൂർ വക ജയിലിൽ നൂറ്റിപ്പത്ത് നാൾ ജയിലിൽ കിടന്ന ഒരു സന്യാസിയുണ്ടായിരുന്നു. തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന സ്വാതി തിരുനാൾ തിരുമനസ് കൊണ്ട് അയാൾക്ക് വേണാട് നീചനായിരുന്നു, കടല് കടന്ന് വന്ന പരദേശിച്ചതിയന്മാർ വെള്ള നീചന്മാരും. തലവെട്ടിക്കൊലയും തീ തുപ്പുന്ന തുപ്പാക്കികളും അയാൾ വക വെച്ചില്ല. തൊട്ടിരുന്നുണ്ണാനും ഒരെ കിണറ്റിൽ നിന്നും വെള്ളം കോരി കുടിക്കാനും അയാൾ ആഹ്വാനം ചെയ്തു. അത് അധികാരിവർഗ്ഗത്തെ വിറളി പിടിപ്പിച്ചു. നിർഭയനായ അയ്യാ വൈകുണ്ഠൻ നൊടിക്ക് കുലുങ്ങിയില്ല.

അയ്യാ വൈകുണ്ഠൻ ഒരു മലയാളിയായിരുന്നു.

#

കായംകുളം കായലിലൂടെ കൊല്ലം ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുന്ന തണ്ട് വലിക്കുന്ന വള്ളത്തിലേക്ക് ഇരുട്ട് വാക്കിന് ചതിച്ച് കൊല്ലാൻ തീരുമാനിച്ചിറങ്ങിയ ഒരു കൂട്ടം ഇരച്ച് കയറുമ്പോൾ അയാൾ ഉറങ്ങുകയായിരുന്നു. കഥകളിയും കളരിയും ഉഴിഞ്ഞുറപ്പിച്ച ആ ശരീരം ഒന്ന് എഴുന്ന് നിന്നിരുന്നെങ്കിൽ അവറ്റകൾ ജീവനും കൊണ്ട് കായലിൽ ചാടി മറയുമായിരുന്നു.
ക്ഷേത്രപ്രവേശനത്തിനും നൂറ്റാണ്ട് കാലം മുന്നെ നിഷേധിക്കപ്പെട്ടതൊക്കെയും സ്വയം അഭ്യസിക്കയും പകർന്ന് നൽകുകയും ചെയ്ത, മാറ്റി നിർത്തപ്പെട്ട ജനവിഭാഗങ്ങളിൽ പെട്ട പെണ്ണുങ്ങൾക്ക് അച്ചിപ്പുടവയും മൂക്കുത്തിയും സമ്മാനിച്ച ആ വിപ്ലവകാരിയുടെ കൈയൂക്ക് പത്തിയൂരും പന്തളവും നേരിട്ട് അറിഞ്ഞനുഭവിച്ചിരുന്നു. നിശബ്ദമായ ആ പാതിരാത്രിയിൽ രക്തസാക്ഷിത്വം വരിക്കുമ്പൊഴും ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ അഹന്ത പൊടിക്ക് പോലും കൊടി താഴ്ത്തിയിരുന്നില്ല.

ആറാട്ടുപുഴ വേലായുധപ്പണിക്കർ ഒരു മലയാളിയായിരുന്നു.

#

നിരക്ഷരനായൊരു അദ്ധ്യാപകന്റെ കൈയ്യിൽ തൂങ്ങി പള്ളിക്കൂടത്തിന്റെ പടി ചവിട്ടുന്ന ആ പെൺകുട്ടി അറിഞ്ഞിരിക്കില്ല, തന്റെ കുഞ്ഞിളം കാലുകൾ കൊണ്ട് തൊഴിച്ചകറ്റുന്നത് വലിയൊരു കാലഘട്ടത്തെയാണെന്ന്. ബഹുഭാഷാപണ്ഡിതന്മാരായ വരേണ്യവർഗ്ഗക്കാർ നാട് വാഴുന്ന കാലത്തും ആ അദ്ധ്യാപകന് അക്ഷരങ്ങൾ തീർത്തും വഴങ്ങിയില്ല. അയാളുടെ പള്ളിക്കൂടത്തിന് മേൽക്കൂര വിശാലമായ നീലാകാശമായിരുന്നു, തൂണുകളാട്ടെ പണിയെടുത്തുറച്ച മനുഷ്യശരീരങ്ങളും. കലാപങ്ങൾ പൊട്ടിപ്പുറപ്പെടുന്ന ഗ്രാമവീഥികളിലൂടെ അഹങ്കാരത്തിന്റെ വില്ലുവണ്ടി കെട്ടി പായുമ്പൊഴും ജനാധിപത്യവാദിയുടെ സമവായവും മര്യാദയും അയാൾക്ക് അധീനമായിരുന്നു. പ്രജാക്ഷേമസഭയിലേക്കുള്ള വഴിയിലും ആക്ഷേപശരങ്ങൾക്ക് കുറവുണ്ടായിരുന്നില്ല. അതിലൊന്ന് പോലും അയ്യൻകാളിയുടെ ഹൃദയകവചം കടന്ന് പോയില്ലെന്ന് മാത്രം.

അയ്യൻകാളി ഒരു മലയാളിയായിരുന്നു.

#

വെട്ടിയാട്ട് നടന്ന ലഹളയിൽ കൊല്ലപ്പെട്ട സ്ത്രീയുടെ അനന്തരജീവിതത്തെ പറ്റി അയാൾക്ക് കൃത്യമായ ധാരണകളുണ്ടായിരുന്നിരിക്കണം. സനാതനമായ പുനർജ്ജന്മസിദ്ധാന്തമൊ നഷ്ടസ്വർഗ്ഗത്തിലേക്കുള്ള പുനരുത്ഥാനമൊ അവർക്ക് വിധിച്ചിട്ടില്ലെന്ന തീർപ്പിലാണ് അയാൾ എത്തിച്ചേർന്നത്. ഒരുപാട് നടന്നും നടന്ന വഴികളലത്രയും പറഞ്ഞും പാടിയും അറിഞ്ഞതതൊന്ന് മാത്രം. എഴുതപ്പെടാതെ പോകുന്ന ജീവിതങ്ങൾ എഴുതപ്പെടുന്നതങ്ങനെയാണ്. വെട്ടിയാറ്റെ മണ്ണിൽ അടിലഹളയിൽ പെട്ടൊടുങ്ങിയ ആ സ്ത്രീയുടെ ശരീരം പുതിയൊരു ചരിത്രത്തിലേക്കുള്ള മറ്റൊരു വാക്കാണ്. ആ വാക്കിന്റെ ചൂട്ടും പിടിച്ച് ആയ വഴികളിലൂടെയെല്ലാം അയാൾ നടന്നു. സുവിശേഷകനും ഗുരുവും സമാജികനും വഴിയമ്പലങ്ങളായ്. കയറി നോക്കാനും ഇറങ്ങി നടക്കാനുമുള്ള പരീക്ഷണകുതുകിയുടെ വഴക്കമായിരുന്നത്, ചരിത്രപരമായ ദൗത്യം. വഞ്ചിതനായാലും വഞ്ചി മുങ്ങിയാലും നീന്തിക്കയറുന്ന നിർലജ്ജമായ ആത്മവീര്യമായിരുന്നു പൊയ്കയിൽ അപ്പച്ചൻ.

അപ്പച്ചൻ ഒരു മലയാളിയായിരുന്നു.

#

പായസം തിളയ്ക്കുന്ന മധുരോദാരമായ ആ ഗന്ധം അയാൾക്ക് അരുചികരമായ് തോന്നി. വെന്ത് പാകമായാൽ എടുത്തിറക്കാം. വെന്ത് നീറുന്ന അപമാനബോധത്തെ എന്ത് ചെയ്യും. ജീവിച്ചിരിക്കുന്ന കാലത്തിനും തനിക്കുമിടയിലൊരു വലിയ മതിലുണ്ട്, ആഭിജാത്യത്തിന്റെ ഹിമാലയം. അത് കടന്ന് പോയെ മതിയാവൂ. അതിനപ്പുറത്തൊരു ലോകമുണ്ട്. അവിടെ അക്ഷരങ്ങളുണ്ട്. അവിടെ വിധവകളായ യുവതികൾ വീണ്ടും വിവാഹിതരാവുന്നുണ്ട്. അവിടെയാണ് പുതിയ ജോലികളും അതിന്റെ അന്തസ്സും. അവിടെയാണ് ദേശീയതയുടെ ചർക്ക തിരിയുന്നത്. അയാളത് ഒരിക്കൽ കൂടി പെറുക്കി വായിക്കയാണ്. മാ ൻ മാ ർ ക്ക് കു ട, മാൻമാർക്ക് കുട. മനുഷ്യൻമാർക്കും വേണം പുതിയൊരു ശീലകുട. അതിന് വേണ്ടി ഈ ഓലക്കുട ഉപേക്ഷിച്ചെ മതിയാവൂ. ഉപേക്ഷയുടെ ആ വെല്ലുവിളിക്ക് മുന്നിൽ തുപ്പനെന്ന വിടിക്ക് ചാഞ്ചല്യലേശമുണ്ടായിരുന്നില്ല.

വിടി ഒരു മലയാളിയായിരുന്നു.

#

ദേശീയതയുടെ മഹാപ്രവാചകൻ ചോദിച്ചു, ഒരെ വൃക്ഷത്തിൽ പിറന്നാലും ഈ ഇലകളത്രയും വിഭിന്നങ്ങളല്ലയൊ സ്വാമീ. ആ ചോദ്യത്തിന്റെ ധ്വനി വളരെ സ്പഷ്ടമായിരുന്നു. അത് കൊണ്ട് തന്നെ ഉത്തരവും അതിലേറെ സ്പഷ്ടമായ് തീർന്നു, ഇടിച്ച് പിഴിഞ്ഞാൽ സത്തയതൊന്ന് തന്നെ. ഗാന്ധിയുടെ സന്ദേഹത്തേക്കാൾ മികച്ച ഒന്ന് അതിന് മുമ്പെ ചോദിക്കപ്പെട്ടിരുന്നു എന്നതാണ് വാസ്തവം. സ്വാമീ, മരിച്ച് പോയവരെ അടക്കുന്നതൊ ദഹിപ്പിക്കുന്നതൊ ഉചിതം. ഉത്തരം ലളിതമായിരുന്നല്ലൊ, ചക്കിലാട്ടിയാലെന്താ നോവുമൊ. നാരായണ ഗുരുവിന്റെ അഗാധമായ ആ പുച്ഛം കരുണാമയമായിരുന്നു, ക്രൂരവും.

നാരായണ ഗുരു ഒരു മലയാളിയായിരുന്നു.

# # #

നിർഭയത്വം, അഹന്ത, തന്റേടം, ആത്മവീര്യം, അഞ്ചലത, കേട്ടാൽ വേറിട്ടിരിക്കുന്ന കുറെ വാക്കുകൾ മാത്രം. ഇതെല്ലാം കൂട്ടി ഇടിച്ച് പിഴിഞ്ഞെടുത്താൽ അവശേഷിക്കുന്നത് അഗാധമായൊരു പുച്ഛരസമാണ്. അതിന്റെ ഒരു വശം കരുണമാണെങ്കിൽ മറുവശം ക്രൂരമാണ്. മലയാളിയുടെ പുച്ഛം കളഞ്ഞ് കിട്ടിയൊരു നാണയമല്ല, തലമുറകൾ ഊതിക്കാച്ചിയെടുത്തതാണ്. അത് കൊണ്ട് തന്നെ ചക്കിലിട്ടാട്ടിയാൽ നോവാത്തത് ചണ്ടിയാക്കി പുറന്തള്ളാൻ ഗുരുത്വമുള്ള മലയാളി ഒരിക്കലും മടിച്ചിട്ടില്ല.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.