രണ്ടായിരത്തി അഞ്ഞൂറ് രൂപയ്ക്ക് ഒരു മനുഷ്യജീവിതം !!!
എനിക്ക് എന്തു പറ്റിയെന്നു നിങ്ങൾ സംശയിച്ചേക്കാം. നുണയല്ല; മഹനീയമാണെന്നു നാം കരുതുന്ന നമ്മുടെ മനുഷ്യജന്മം വെറും രണ്ടായിരത്തിയഞ്ഞൂറ് രൂപക്ക് നശിപ്പിച്ചു കളയുന്ന ചിലരുണ്ട് നമുക്കു ചുറ്റും. അവരിലൊരാളെ ഞാൻ പരിചയപ്പെടുത്താം.
തൃശൂരിലെ ഒരു KSEB ഓഫീസിൽ പല തവണ കയറിയിറങ്ങി നടക്കേണ്ടി വന്ന ഒരു സാധാരണക്കാരൻ ഒരിക്കൽ വിജിലൻസ് ഓഫീസിൽ വരികയുണ്ടായി. തന്റെ പുരയിടത്തിൽ വീട് നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലത്തു നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കണം. അടിയന്തിരമായി ചെയ്യേണ്ട ഈ പ്രവൃത്തിക്ക് കഴിഞ്ഞ ആറുമാസത്തോളമായി KSEB ഓഫീസ് കയറിയിറങ്ങി മടുത്തു. ഫയൽ ഇപ്പോൾ അസിസ്റ്റന്റ് എഞ്ചിനീയറുടെ മേശപ്പുറത്താണ്. സർക്കാരിലേക്ക് അടയ്ക്കാനുള്ള പണം അടച്ചു. ഫയലിൽ ഒപ്പിടാൻ എഞ്ചിനീയർ ആവശ്യപ്പെടുന്നത് രണ്ടായിരത്തിയഞ്ഞൂറ് രൂപ കൈക്കൂലി.
വിജിലൻസ് സംഘം ഇയാൾ പറയുന്നത് സത്യമാണോയെന്ന് പരിശോധിച്ച് ഉറപ്പു വരുത്തി. തുടർന്ന് അയാൾ കൈവശം കൊടുത്തയച്ച രണ്ടായിരത്തി അഞ്ഞൂറ് രൂപ KSEB അസിസ്റ്റൻറ് എഞ്ചിനീയർ ചോദിച്ചു വാങ്ങുകയും വിജിലൻസ് സംഘം കൈയോടെ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
2007 വർഷത്തിൽ നടന്ന ഈ സംഭവത്തെ തുടർന്ന് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അയാളെ അറസ്റ്റ് ചെയ്തു, കോടതിയിൽ ഹാജരാക്കി. അന്നയാൾക്ക് അഞ്ചു ദിവസം ജയിലിൽ കിടക്കേണ്ടി വന്നു.
നമ്മുടെ നാട്ടിൽ തല്ലും കുത്തും കളവുമായി നടക്കുന്ന റൗഡികളെപ്പോലെയല്ല, ഒരു സർക്കാരുദ്യോഗസ്ഥന്റെ ജീവിതം. റൗഡികൾ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് പോലീസ് പിടിയിലകപ്പെട്ടാലും, ജയിൽ ജീവിതം കഴിഞ്ഞ് പുറത്തിറങ്ങിയാൽ അവർ സന്തോഷവാൻമാരായി വിലസുന്നത് ഞാൻ തന്നെ എത്രയോ തവണ കണ്ടിട്ടുണ്ട്. എന്നാൽ സർക്കാരുദ്യോഗസ്ഥനോ..? താൻ കെട്ടിപ്പടുത്ത കുടുംബ ജീവിതം, ഭാര്യ, സ്കൂളിലോ കോളേജിലോ പഠിക്കുന്ന മക്കൾ, നല്ല നിലയിൽ വിശ്രമജീവിതം നയിക്കുന്ന മാതാപിതാക്കൾ, പഠിച്ചു നേടിയ സർക്കാർ ജോലി, ഈ സർക്കാർ ജോലിയുടെ ലേബലിൽ നമ്മെ അംഗീകരിക്കുന്ന നാട്ടുകാർ … ഇതെല്ലാം ഒരൊറ്റ നിമിഷം കൊണ്ട് നഷ്ടപ്പെടുത്തുകയാണ് കൈക്കൂലി എന്ന മാരക വിഷം!
അഞ്ചു ദിവസത്തെ ജയിൽ വാസം കഴിഞ്ഞ് ജാമ്യം ലഭിച്ച് അയാൾ പുറത്തിറങ്ങിയപ്പോൾ അയാളെ ആദ്യം വെറുത്തത് ഭാര്യയും മക്കളുമാണ്. അയാൾ കാരണം അവർക്ക് പുറത്തിറങ്ങാൻ കഴിയാതായി. പതിയെ എല്ലാവരും അയാളിൽ നിന്നും അകലം പാലിക്കുകയോ മാറി നടക്കുകയോ ചെയ്തു. കനത്ത മാനസിക സമ്മർദ്ദത്തിലായ അയാൾക്ക് അടുത്ത നഷ്ടം അയാളുടെ ജോലി തന്നെയായിരുന്നു. ദീർഘകാലം അയാൾ സസ്പെൻഷനിലായി. പിന്നാലെ രോഗബാധയും.
ഈ കേസ് ഉണ്ടായിരുന്നില്ലെങ്കിൽ തൊട്ടടുത്ത ദിവസം ഉദ്യോഗക്കയറ്റം ലഭിക്കേണ്ടിയിരുന്ന അയാൾക്ക് അത് നിഷേധിക്കപ്പെട്ടു. തന്നേക്കാൾ ജൂനിയർ ആയവർക്ക് ഉദ്യോഗക്കയറ്റം ലഭിച്ചു. KSEB യുടെ ഉന്നത തസ്തികയിൽ എത്തേണ്ടിയിരുന്ന അയാൾക്ക് അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലിരുന്നു കൊണ്ട് വിരമിക്കേണ്ടി വന്നു.
സംഭവം നടന്ന് പതിനൊന്ന് വർഷങ്ങൾ കഴിഞ്ഞു. രണ്ടായിരത്തിയഞ്ഞൂറ് രൂപയുടെ കേസ് ഇപ്പോഴും വിചാരണ ഘട്ടത്തിലാണ്. കഴിഞ്ഞ ദിവസം ഈ കേസിൽ സാക്ഷിമൊഴി പറയുന്നതിന് ഞാൻ കോടതിയിൽ ഹാജരായി. പ്രതിക്കൂട്ടിൽ നിന്നിരുന്ന അയാളെ ഞാൻ കണ്ടു. കഴിഞ്ഞ പതിനൊന്നു വർഷം അയാളനുഭവിച്ച മാനസിക സംഘർഷം അയാളുടെ മുഖത്തു നിന്നും വായിച്ചെടുക്കാം. അയാൾ ഇതുവരെ സമ്പാദിച്ച പണം മുഴുവനും നഷ്ടപ്പെട്ടു, മാത്രവുമല്ല വീടും പുരയിടവും വിറ്റു.
പറഞ്ഞു വരുന്നത് കൈക്കൂലിയെക്കുറിച്ചാണ്. സർക്കാരുദ്യോഗസ്ഥന് ഒരിക്കൽ കൈക്കൂലി ലഭിച്ചു തുടങ്ങിയാൽ അയാൾ ജീവിതം അതിനനുസരിച്ച് ക്രമപ്പെടുത്താൻ തുടങ്ങും. പിന്നെ അതില്ലാതെ മുന്നോട്ടു പോകാൻ കഴിയില്ല. കൈക്കൂലി കിട്ടാതെ വന്നാൽ എങ്ങിനെയെങ്കിലും അത് പിടിച്ചു വാങ്ങാൻ തുടങ്ങും.
സർക്കാർ ഉദ്യോഗസ്ഥർ ജീവിതത്തിൽ പാലിക്കേണ്ട നിഷ്ഠയാണ് സുതാര്യതയും അഴിമതി വിരുദ്ധ സമീപനവും. ചിലരുണ്ട്, എല്ലാവരും കൈക്കൂലി വാങ്ങുന്നല്ലോ, ഞാൻ മാത്രം സത്യസന്ധനായിട്ടെന്തു കാര്യം എന്നു ചിന്തിക്കുന്നവർ. മറ്റു ചിലരുണ്ട്, ഞാൻ ഒരിക്കലും പിടിക്കപ്പെടില്ല എന്നു കരുതുന്നവർ, വേറെ ചിലർ ഏജൻറുമാർ വഴി കൈക്കൂലി സംഘടിപ്പിക്കുന്നവർ. ഇങ്ങനെ സ്വയം മറന്ന് ജീവിക്കുന്നവരേ, കരുതിയിരുന്നോളൂ…
ഒരു പക്ഷേ, നിങ്ങളെ കാത്തിരിക്കുന്നത് മറ്റൊരു വിധിയാകാം.
പിൻകുറിപ്പ്.
ആത്മാർത്ഥതയും സത്യസന്ധതയുമുള്ളവർ നീണാൾ വാഴട്ടെ