“എറണാകുളത്തുള്ള ബസ് സ്റ്റോപ്പില്‍ വച്ച് ഒരു യുവതി യുവാവിനെ ഓടിച്ചിട്ടു തല്ലി !!”
രാവിലെ എഴുനേറ്റു കട്ടന്‍ ചായ പോലും കഴിക്കാതെ പത്രം വായിക്കാനിരുന്ന ഞാന്‍ ഫ്രണ്ട് പേജില്‍ വെണ്ടയ്ക്ക വലിപ്പത്തിലുള്ള ആ വാര്‍ത്ത കണ്ടു ഞെട്ടിപ്പോയി…
എങ്ങനെ ഞെട്ടാതിരിക്കും? ഞാനും എറണാകുളത്തല്ലേ ജോലി ചെയ്യുന്നത്? എന്നു മാത്രമല്ല പത്തു നാല്‍പ്പതു വയസ്സുള്ള ഒരു “തൈക്കിളവ യുവാവല്ലേ” ഈ ഞാനും ?
അവിടെയുള്ള സ്ത്രീകള്‍ ആണുങ്ങളെ ഇങ്ങനെ ഓടിച്ചിട്ടു തല്ലുന്ന കൂട്ടരാണെന്നുള്ള വിവരം എനിക്ക് പുതിയ അറിവായിരുന്നു..
ഞാന്‍ ആക്രാന്തത്തോടെ ആ വാര്‍ത്ത മുഴുവന്‍ വായിച്ചു…
ബസ്സില്‍ യാത്ര ചെയ്തപ്പോള്‍ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ച യുവാവിനെയാണ് ബസ്സില്‍ നിന്നിറങ്ങിയപ്പോള്‍ യുവതി ഓടിച്ചിട്ടു തല്ലിയത്…
അതു ശരി..അപ്പോള്‍ അതാണ് കാര്യം…
എന്നു മാത്രമല്ല കണ്ടു നിന്ന ഓട്ടോറിക്ഷക്കാരും അതുവഴി വന്ന ചില നാട്ടുകാരും ചേര്‍ന്ന് മേല്‍പ്പടി യുവാവിനെ അര മണിക്കൂറോളം നിലത്തു സ്പര്‍ശിക്കാതെ അന്തരീക്ഷത്തില്‍ തന്നെ നിറുത്തി അല്പം കാര്യമായിത്തന്നെ കൈകാര്യം ചെയ്ത വിവരവും സ്വ ലേയുടെ റിപ്പോര്‍ട്ടിലുണ്ട്.
ആയതിന്റെ ഫലമായി യുവാവിന്റെ ഇടതു കാലിന്റെ മുട്ടിനു മുകളില്‍ വരെ പ്ലാസ്റ്ററിട്ട ശേഷം കാല്‍ കട്ടിലില്‍ സ്പര്‍ശിക്കാതെ അന്തരീക്ഷത്തില്‍ തൂക്കിയിട്ടിരിക്കുകയാണത്രേ..
നോക്കണേ ഒരു സ്പര്‍ശനത്തിന്റെ പരിണിത ഫലം…
എന്നാലും അതൊരു കടന്ന സ്പര്‍ശനമായിപ്പോയില്ലേ എന്നൊരു തോന്നല്‍ ?
കാരണം എന്താണെന്ന് ചോദിച്ചാല്‍, പുട്ടുകുറ്റിയില്‍ മാവു നിറച്ചത് പോലെയാണ് എറണാകുളം നഗരത്തിലെ ബസ്സുകളില്‍ സ്ത്രീകള്‍ യാത്ര ചെയ്യുന്നത്. അതിനിടയില്‍ തേങ്ങാപ്പീരപോലെ പെട്ടു പോകുന്ന പുരുഷന്മാര്‍ അവരെ സ്പര്‍ശിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളു?
അല്ലെങ്കില്‍ തന്നെ തിങ്ങി നിറഞ്ഞ ബസ്സില്‍ സ്ത്രീകള്‍ പുരുഷന്മാരേയും സ്പര്‍ശിക്കുന്നില്ലേ? ഏതെങ്കിലും പുരുഷന്‍ ഒരു സ്ത്രീ തന്നെ സ്പര്‍ശിച്ചു എന്നതിന്റെ പേരില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടോ? എത്ര സ്പര്‍ശനമുണ്ടായാലും ക്ഷമയോടെ “അബലകളല്ലേ അല്പം സ്പര്‍ശിച്ചോട്ടെ” എന്ന രീതിയില്‍ അവിടെത്തന്നെ നിന്നു കൊടുക്കുകയല്ലേ ചെയ്യാറുള്ളൂ ?
അതാണ് പുരുഷന്മാര്‍ക്ക് സ്ത്രീ സ്പര്‍ശനത്തോടുള്ള വൈകാരികവും താത്വികമായ മനോഭാവം.
അതെന്താണ് ഈ സ്ത്രീ ജനങ്ങള്‍ മനസ്സിലാക്കാത്തത്?
കാലം പോയ ഒരു പോക്കേ…. !! ഞാന്‍ താടിക്ക് കൈ കൊടുത്തിരുന്നു…
ഏതായാലും ഇനി ബസ്സില്‍ കയറുമ്പോള്‍ സൂക്ഷിക്കണം…ഞാന്‍ തീരുമാനമെടുത്തു..
ഇല വന്നു മുള്ളില്‍ വീണാലും മുള്ളു വന്നു ഇലയില്‍ വീണാലും മുന ഒടിയുന്നത് മുള്ളിന്റെയല്ലേ?
ആയതിനു ശേഷം ഞാന്‍ പ്രൈവറ്റ് ബസ്സില്‍ കയറിയാല്‍ പിറകിലും ട്രാന്‍സ്പോര്‍ട്ടില്‍ ബസ്സില്‍ കയറിയാല്‍ നടുഭാഗത്തും ഇരിക്കാന്‍ തുടങ്ങി.
പക്ഷെ തിരക്കുള്ള ബസ്സിലെ ചില കണ്ടക്ടര്‍ കശ്മലന്മാര്‍ ബസ്സില്‍ കയറിയാലുടന്‍ “മുന്‍പോട്ടു പൊയ്ക്കോ അവിടെ പന്ത് കളിക്കാന്‍ സ്ഥമുണ്ടല്ലോ” അല്ലെങ്കില്‍ “പിറകോട്ടു മാറിനില്‍ക്കു ചേട്ടാ അവിടെ ക്രിക്കറ്റ് കളിക്കാമല്ലോ” എന്നൊക്കെ പറഞ്ഞു പ്രലോഭിപ്പിച്ചു തള്ളി വിടുമ്പോഴൊക്കെ ഞാന്‍ “സ്ത്രീ ജനസ്പര്‍ശനത്തില്‍” നിന്നും എന്നെ രക്ഷിക്കാന്‍ വല്ലാതെ പാടുപെട്ടു.
ഏതെങ്കിലും ഇല ഇങ്ങോട്ട് വന്നു സ്പര്‍ശിച്ചാലും മുള്ളിന്റെ മുന ഒടിയാന്‍ സാധ്യതയുണ്ടല്ലോ?
അങ്ങിനെ ഒരിക്കല്‍ ഞാന്‍ ആലപ്പുഴയില്‍ നിന്നും “കേരളാ സ്പര്‍ശനസുഖ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍” വക സൂപ്പര്‍ ഫാസ്റ്റ് ബസ്സില്‍ എറണാകുളത്തെയ്ക്ക് യാത്ര ചെയ്യുമ്പോഴാണ് അപ്രതീക്ഷിതമായി ആ അത്യാഹിതമുണ്ടായത്.
ഞാന്‍ ഇരുന്ന സീറ്റില്‍ കാലിയായിക്കിടന്ന സ്ഥലത്ത് പത്തിരുപത്തഞ്ചു വയസ്സ് തോന്നിക്കുന്ന സുന്ദരിയായ ഒരു യുവതി വന്നിരുന്നു…!!
ബസ്സിന്റെ മധ്യഭാഗത്തായി ഞാനിരുന്ന സീറ്റില്‍ നിന്നും കൂടെ യാത്ര ചെയ്തിരുന്ന യാത്രക്കാരന്‍ എഴുനേറ്റു പോയപ്പോഴാണ് മുന്‍വശത്ത് സീറ്റ് കിട്ടാതെ കമ്പിയില്‍ തൂങ്ങി നിന്നു കൊണ്ട് ആരോടോ മൊബൈലില്‍ സംസാരിച്ചു കൊണ്ടിരുന്ന ആ യുവതി പറന്നു വന്നു വീണത്.
സീറ്റില്‍ വേറെ ആരാണുള്ളത് എന്നോ പുരുഷന്മാരുടെ സീറ്റിലാണ് താന്‍ ഇരിക്കുന്നതെന്നോ ഒന്നും അവള്‍ ശ്രദ്ധിച്ചില്ല. തന്റെ മൊബൈല്‍ ഫോണില്‍ കൂടി ഇംഗ്ലീഷും മലയാളവും ഇടകലര്‍ത്തി അവള്‍ സംസാരിച്ചു കൊണ്ടിരുന്നു…
ഇതാ ഇല വന്നു മുള്ളിന്റെ അടുത്തു വീണിരിക്കുന്നു…
വണ്ടി ഓടുന്ന വഴിക്ക് വല്ല ഗട്ടറിലും വീഴുമ്പോള്‍ ആ ഇല വീണ്ടും ഉയര്‍ന്നു മുള്ളിന്റെ പുറത്തെയ്ക്കെങ്ങാനും വീണാല്‍…..???
എറണാകുളത്തപ്പാ ഭക്തവത്സലാ….
എന്നെ നീ കെ എസ് ആര്‍ ടി സി ബസ്സിലും പരീക്ഷിക്കാനുള്ള പുറപ്പാടാണോ?
പെരുമ്പാമ്പിനെ കണ്ട നീര്‍ക്കോലിയെപ്പോലെ ഞാന്‍ സീറ്റിന്റെ അരികിലേയ്ക്ക് പരമാവധി ഒതുങ്ങി…
ഞാന്‍ ഒതുങ്ങിയത് മൂലം വീണു കിട്ടിയ ഗ്യാപ്പില്‍ തന്റെ “കൊഴുക്കട്ട ഗാത്രത്തെ” പരമാവധി ഉള്‍പ്പെടുത്താന്‍ അവള്‍ ശ്രമിക്കുകയും ചെയ്തു…..
പുളവനെ പേടിച്ചു വരമ്പില്‍ കയറി ഇരിക്കുന്ന മാക്രിയെപ്പോലെയായി എന്റെ ഇരുപ്പ്…എന്റെയും അവളുടെയും ഇടയിലുള്ള അകലം ഞാന്‍ പേടിയോടെ നിരീക്ഷിച്ചു..
വെറും ഇഞ്ചുകള്‍ മാത്രം… ബസ് വെറുതെ ഒന്ന് കുലുങ്ങിയാല്‍ മതി ..ഉടന്‍ സ്പര്‍ശനം നടക്കും…!!
ഇല വന്നു മുള്ളില്‍ വീണാലും!!!.മുള്ള് വന്നു ഇലയില്‍ വീണാലും !!!..
ഗുരുവായൂരപ്പാ…എന്റെ മുള്ള്…അല്ല ഞാന്‍…
എനിക്കു ശ്വാസം മുട്ടി…
നാളത്തെ പത്രത്തില്‍ വെണ്ടയ്ക്കയല്ല മത്തങ്ങ തന്നെ വരാനുള്ള സകല സാധ്യതയും കാണുന്നുണ്ട്…സ്പര്‍ശനം നടക്കാതിരിക്കാന്‍ എന്താണൊരു മാര്‍ഗം? ഞാന്‍ തല പുകഞ്ഞാലോചിച്ചു…
പെട്ടെന്നെനിക്കൊരു ബുദ്ധി തോന്നി…ഞാന്‍ ബാഗില്‍ നിന്നും എന്റെ കണ്ണട സൂക്ഷിക്കുന്ന പ്ലാസ്റ്റിക് ഡപ്പിയെടുത്തു എന്റേയും അവളുടേയും ഇടയിലായി സൂത്രത്തില്‍ വച്ചു…
മുങ്ങിച്ചാകാന്‍ പോകുന്നവന് കച്ചിത്തുരുമ്പും ആശ്രയമല്ലേ? സീറ്റ് നിറഞ്ഞിരിക്കുന്ന അവളുടെ വെണ്ണ തോല്‍ക്കുമുടലിന്റെ സ്പര്‍ശനവും സീറ്റില്‍ തൊടാതെ ഇരിക്കുന്ന എന്റെ ‘കരിയോയില്‍ ബ്രാന്‍ഡ്’ ‘ ഉടലിന്റെ ഘര്‍ഷണവും ഏറ്റുവാങ്ങി ആ കണ്ണട ഡപ്പി അവിടെയിരുന്നു വീര്‍പ്പു മുട്ടി.
വണ്ടി വൈറ്റിലയില്‍ എത്തി. ഞാന്‍ പെട്ടെന്ന് എഴുനേറ്റു ബാഗുമെടുത്ത് പുറത്തിറങ്ങി…എന്നിട്ട് ആശ്വാസത്തോടെ താമസിക്കുന്ന വീട് ലക്ഷ്യമാക്കി നടന്നു…
പെട്ടെന്നാണ് പിറകില്‍ നിന്നും ആ വിളി കേട്ടത്..
“ഹേ അവിടെ ഒന്നു നിന്നേ….ഒരു കാര്യം പറയാനുണ്ട്.”.. ഞാന്‍ പെട്ടെന്ന് തിരിഞ്ഞു നോക്കി…
അയ്യോ….അതവളല്ലേ….ഞാന്‍ ഇരുന്ന സീറ്റില്‍ പറന്നു വന്നിരുന്ന ആ ഇല…!! വേഗത്തിലാണല്ലോ ഇലയുടെ വരവ്…!!
കര്‍ത്താവേ ചതിച്ചോ…സ്പര്‍ശനം നടന്ന ലക്ഷണം കാണുന്നുണ്ട്. അതാണ് അവള്‍ പാഞ്ഞു വരുന്നത്…കൈ ചുരുട്ടി ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാണ് അവളുടെ വരവ്…
ഇടിക്കാനുള്ള വരവല്ലേ അത്?
നാളത്തെ പത്രത്തില്‍ വെണ്ടയ്ക്ക വരും… “മുന്‍ പട്ടാളക്കാരനെ യുവതി ഓടിച്ചിട്ടിടിച്ചു…കാരണം ബസ്സിനുള്ളിലെ സ്പര്‍ശനം”
എനിക്ക് തല മാത്രമല്ല അതിന്റെ കൂടെ ശരീരവും കറങ്ങുന്നത് പോലെ തോന്നി…….
അവളുടെ കാലില്‍ വീണാലോ…അബദ്ധത്തില്‍ പറ്റിപ്പോയതാണെന്ന് പറയാം… ശരീരം പോലെ തന്നെ അവളുടെ മനസ്സും വെണ്ണയാണെങ്കില്‍… ചിലപ്പോള്‍ ഇടിയുടെ ശക്തിയെങ്കിലും കുറഞ്ഞേക്കും….
യുവതി അടുത്തെത്തിക്കഴിഞ്ഞു…
അവള്‍ അടുത്തെത്തിയതും ഞാന്‍ കയ്യിലിരുന്ന ബാഗ് പെട്ടെന്ന് തോളിലേയ്ക്ക് മാറ്റിയിട്ട് വളഞ്ഞു കുത്തി നിന്നുകൊണ്ട് തൊഴുതു പിടിച്ചു പറഞ്ഞു…
“പൊന്നു പെങ്ങളെ… ക്ഷമിക്കണം….അറിയാതെ പറ്റിയതാ”
“ഉം…അതെനിക്കും തോന്നി…അതാ ഉടനെ തന്നെ തിരിച്ചു തരാമെന്നു കരുതിയത്..”
അവള്‍ കയ്യിലിരുന്ന സാധനം എനിക്കു നീട്ടി…
എന്റെ കണ്ണട ഡപ്പി…!!!
ഞാന്‍ വിളറി…വിയര്‍ത്തു… എങ്കിലും തൊഴുതു പിടിച്ച കൈയുടെ ബലം അല്‍പ്പമൊന്നു കുറച്ചിട്ടു വിക്കലോടെ പതുക്കെ പറഞ്ഞു…
“താങ്ക്യൂ … വളരെ ഉപകാരം…ഇതു ഞാന്‍ ഒരിക്കലും മറക്കില്ല”
ഒരു പുഞ്ചിരിയോടെ അവള്‍ കണ്ണട എന്റെ കയ്യില്‍ വച്ചു തന്നു…അതു വാങ്ങുമ്പോഴും സ്പര്‍ശനം നടക്കാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു…
എന്തെന്നാല്‍ മുള്ളു വന്നു ഇലയില്‍ വീണാലും……ഇല വന്നു മുള്ളില്‍….വീണാലും…