ഒരു അഖില കേരള ചെറുകഥാ മത്സരത്തിന്റെ കഥ

294

a memory of short story competition tv kochubavaനാല്‍പ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്.തൊടുപുഴയില്‍ ഒരു സഹൃദയ വേദി ഉണ്ടായിരുന്നു.പില്‍ക്കാലത്ത് നാടകങ്ങളിലൂടെ പ്രസിദ്ധനായ ടി.എം.അബ്രാഹവും ഞാനുമായിരുന്നു പ്രധാന പ്രവര്‍ത്തകര്‍.എന്‍.എന്‍.പിള്ളയെപ്പോലുള്ള എഴുത്തുകാരെ കൊണ്ടുവന്നു സിംപോസിയങ്ങളും മറ്റു ചര്‍ച്ചകളും നടത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.സാഹിത്യത്തില്‍ താത്പര്യമുള്ള ധാരാളം പേര് ഇതിലൊക്കെ പങ്കെടുക്കുകയും ചെയ്തിരുന്നു.

ഇവിടെ കഥ വേറെയാണ്. അബ്രാഹവും ഞാനും കൂടി നടന്നു പിരിച്ചു ഒരു തുകയുണ്ടാക്കി.മുന്നൂറു രൂപയോളം വരും.ഇരുപതഞ്ച്ച്ചും അന്‍പതും പൈസ പിരിച്ചുണ്ടാക്കിയതാണ്.സഹൃദയ വേദിയ്ക്ക് ഒരു ലെറ്റര്‍ പാഡും സീലുമുണ്ടാക്കി.പിന്നെയും ഇരുന്നൂറ്റി അന്‍പതിനു മേല്‍ രൂപ ബാക്കി.

ഞങ്ങള്‍ രണ്ടു പേരും കൂടി ആലോചിച്ചു ഒരു ചെറുകഥാ മത്സരം നടത്താന്‍ തീരുമാനിച്ചു.പത്രങ്ങളിലൊക്കെ വാര്‍ത്തയും കൊടുത്തു. അഖില കേരള ചെറുകഥാ മത്സരം-ഒന്നാം സമ്മാനം 250 രൂപ.രണ്ടാം സമ്മാനം 150 രൂപ.വേദിയുടെ ഓഫീസ് ശ്രീ കൃഷ്ണ ലോഡ്ജിലെ എന്റെ മുറിയാണ്.

മൊത്തം 104 കഥകള്‍ കിട്ടി.”ഒരിടത്തൊരു രാജാവുണ്ടായിരുന്നു” എന്ന ടൈപ്പ് തൊട്ടു അന്നത്തെ സ്ഥിരം വ്യാജന്മാരുടെ “ആര്‍ത്തവ രക്ത” കഥകള്‍ വരെ.ഇതിനിടെ അബ്രാഹം ജോലി കിട്ടി ആലുവായ്ക്കു പോയി.സഹൃദയ വേദിയും ഞാനും മാത്രമായി.ഞാന്‍ കഥകള്‍ എല്ലാം വായിച്ചു അതില്‍ നിന്നു അഞ്ചെണ്ണം തിരഞ്ഞെടുത്തു.ടി.വി.കൊച്ചുബാവയുടെ “അഗ്നി”,കെ.എം.രാധയുടെ കഥ,ഞങ്ങളുടെ സുഹൃത്ത് ജനാര്ദ്ദനന്റെ കഥ, പിന്നെ വേറെ രണ്ടു കഥകള്‍.

ജഡ്ജിമാര് വേണമല്ലോ.ഞാന്‍ ഞങ്ങളുടെ കലാലയത്തിലെ മൂന്നു അധ്യാപകരെ ചെന്നു കണ്ടു അനുവാദം മേടിച്ചു.ഒരാള്‍ മലയാളത്തിന്റെ പ്രൊഫസ്സര്‍,അടുത്തത് പ്രസിദ്ധനായ ഇംഗ്ലീഷ് പ്രൊഫസ്സര്‍ പിന്നെ ഇംഗ്ലീഷ് അദ്ധ്യാപകന്‍ ശ്രി.മാനുവല്‍ തോമസ്‌(നല്ലൊരു സഹൃദയനായിരുന്ന അദ്ദേഹം അകാലത്തില്‍ മരണപ്പെട്ടു).

നമ്മുടെ ഗുരുക്കന്മാരുടെ ആസ്വാദന നിലവാരം കണ്ടറിഞ്ഞ സംഭവമായിപ്പോയി അത്‌ .മാനുവല്‍ തോമസ്‌ ഒഴിച്ചു മറ്റു രണ്ടു പേരും പീറക്കഥകള്‍ തെരഞ്ഞെടുത്തു.രാധയ്ക്കും കൊച്ചുബാവയ്ക്കും ഏറ്റവും കുറഞ്ഞ മാര്‍ക്കുകള്‍.എനിക്ക് ആകെ വിഷമം ആയി.നാണമില്ലാതെ, തെണ്ടി ഉണ്ടാക്കിയ പൈസ ഒരു അര്ഹതയുമില്ലാത്തവര്ക്കു കൊടുക്കാന്‍ മനസ്സ് വന്നില്ല.ഞാന്‍ ജഡ്ജിമാരുടെ എണ്ണം കൂട്ടി.ഞാനും അബ്രാഹവും ജഡ്ജിമാരായി.രാധയുടെയോ കൊച്ചു ബാവായുടെയോ കഥയ്ക്ക്‌ സമ്മാനം കൊടുക്കാന്‍ തീരുമാനിച്ചു.കഥ അയച്ച ശേഷം രണ്ടു കത്തുകള്‍ അയച്ച രാധയെ അവസാനം ഒഴിവാക്കി.കൊച്ചു ബാവയുടെ കഥക്ക് സമ്മാനം.

കൈയില്‍ ആകെ 170 രൂപയുണ്ട്.സമ്മാന തുക തന്നെ 400 രൂപ വേണം.മീറ്റിങ്ങിനും മറ്റും വേറെ ചെലവുകള്‍.പിന്നെയും പിരിക്കാനിറങ്ങാന്‍ എനിക്ക് മടി. അങ്ങിനെ ഒന്നാം സമ്മാനര്‍ഹമായ കഥ ഇല്ലെന്നു വിധി എഴുതി.രണ്ടാം സമ്മാനം ലഭിച്ച കൊച്ചു ബാവയ്ക്ക് സമ്മാനത്തുക മണി ഓര്‍ഡര്‍ ആയി അയച്ചു കൊടുത്തു.പ്രത്യേക സാഹചര്യത്തില്‍, മീറ്റിംഗ് നടത്തി സമ്മാന ദാനം നിര്‍വഹിക്കാന്‍ നിവര്ത്തിയില്ലെന്നു പറഞ്ഞു ഞാനൊരു കത്തും എഴുതി.നല്ലൊരു കഥാകാരന്‍ ആകുവാന്‍ എന്ത് ചെയ്യണം എന്ന് വിശദീകരിച്ച കത്തില്‍ സക്കറിയ എനിക്കെഴുതിയ കത്തിലെ നാലഞ്ചു വാചകങ്ങളും (എന്റെതായി) തിരുകി.

അന്ന് കൊച്ചു ബാവ പത്താം തരം കഴിഞ്ഞു വെറുതെ നില്‍ക്കുകയാണ്.അയാള്‍ക്ക്‌ ആദ്യമായി കിട്ടിയ കാഷ്‌ അവാര്‍ഡ് ആയിരുന്നു ഞങ്ങളുടേത്. വല്ലാത്ത സാമ്പത്തിക ഞെരുക്കങ്ങളുടെ കാലം.ഞങ്ങള്‍ പെട്ടെന്ന്, കാണാത്ത ,സുഹൃത്തുക്കളായി. ഞാന്‍ പത്ത് പതിനഞ്ചു പേജില്‍ ഒരു കത്ത് അങ്ങോട്ട്‌ വിട്ടാല്‍ മടക്ക തപാലില്‍ അവന്റെ മറുപടി വരും.അച്ചടി പോലുള്ള അക്ഷരങ്ങളാണ് അവന്റെ .കൂടെ ചില സ്കെച്ചുകളും ഉണ്ടാവും.ആകാശത്തിനു കീഴെയുള്ള സകല കാര്യങ്ങളും ഞങ്ങള്‍ ചര്‍ച്ച ചെയ്തു വിധിക്കും. രണ്ടു വര്ഷം കൊണ്ടു ഞങ്ങള്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളായി.അബ്രാഹത്തിനെയും ഞാനവനു പരിചയപ്പെടുത്തി.

അങ്ങിനെയിരിക്കെ അബ്രാഹത്ത്തില്‍ നിന്നറിഞ്ഞ ഒരു വിവരം എനിക്ക് വിഷമമുണ്ടാക്കി.ഇന്നാണ് എങ്കില്‍ കാര്യമാക്കാത്ത ഒരു കാര്യം,ഒരു പക്ഷെ ഞാന്‍ വളര്‍ന്നു വന്ന പുരിട്ടന്‍ സാഹചര്യം കൊണ്ടാവാം.1973 മാര്ച് 17 നു ഞാനവനൊരു കത്തെഴുതി.
“പ്രിയമുള്ള കൊച്ചു ബാവയ്ക്ക്,ഇന്നെന്റെ ജന്മ ദിനമാണ്.എല്ലാ ബന്ധങ്ങളില്‍ നിന്നും മുക്തി നേടാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു.ആദ്യമായി ഞാന്‍ ഏറ്റവും സ്നേഹിക്കുന്ന നീ തന്നെ ആവട്ടെ.ഞാന്‍ നിനക്കിനി എഴുതുകയില്ല.നീ എനിക്കെഴുതാന്‍ പാടില്ല.good bye”
ഒരിക്കലും കാണാത്ത ഞങ്ങളുടെ സൗഹൃദം അങ്ങിനെ അവസാനിച്ചു.

കാലം ഏറെ കടന്നു പോയി.എഴുത്തിന്റെ വഴിയില്‍ നിന്നു ഞാന്‍ കുടുംബത്തിലേക്കും,ജോലിയിലേക്കും ആഴ്ന്നിറങ്ങി.രണ്ടും നന്നായി ആസ്വദിക്കുകയും ചെയ്തു.കൊച്ചു ബാവ അറിയപ്പെടുന്നൊരു എഴുത്തുകാരനായി.നാളുകള്‍ക്കു ശേഷം അയാള്‍ കോഴിക്കോട് താമസമാക്കി.ഞാന്‍ കോഴിക്കോട് തന്നെയുണ്ടായിരുന്നു.ഭാര്യയും മക്കളും പറഞ്ഞിട്ടും ഞാന്‍ അയാളെ ഒന്ന് വിളിച്ചില്ല.
ഒരു പക്ഷെ എഴുത്തിന്റെ വഴികളില്‍ നിന്നും അകന്നു പോയവന്റെ അപകര്‍ഷത ബോധം കൊണ്ടാവാം.അല്ലാതെ എനിക്ക് അയാളോട് ഒരു നീരസവും ബാക്കിയുണ്ടായിരുന്നില്ല.

ഒരു ദിവസം ,ഞാന്‍ നിലംബൂര്‍ എന്റെ കൃഷി സ്ഥലത്ത് ആയിരുന്നപ്പോള്‍ ,ഭാര്യ വിളിച്ചു -“കൊച്ചു ബാവ മരിച്ചു പോയി”

ഞാന്‍ ഓടിയെത്തി.പക്ഷെ വൈകി പോയിരുന്നു.എനിക്ക് അവനെ കാണാന്‍ കഴിഞ്ഞില്ല.

ഇന്നലെ എന്റെ പഴയ ട്രങ്ക് പെട്ടി തുറന്നപ്പോള്‍ പലതിന്റെയും കൂടെ അവനയച്ച്ച കുറച്ചു കത്തുകള്‍.അതെന്നെ പത്ത് നാല്പതു വര്‍ഷങ്ങള്‍ക്കു പിന്നിലേക്ക്‌ പിടിച്ചു വലിച്ചു കൊണ്ട് പോയി.

എനിക്ക് നിന്നെ ഒന്ന് വിളിക്കാമായിരുന്നു.

Comments are closed.