കാലങ്ങൾക്കപ്പുറത്തു നിന്നു വന്ന സന്ദേശവാഹകൻ

തോമസ് ചാലാമനമേൽ

ഒമുവമുവ, ലോകമെങ്ങുമുള്ള ബഹിരാകാശ ഗവേഷകരെയും, ജ്യോതിശാസ്ത്രജ്ഞരെയും ഒരുപോലെ വിസ്മയിപ്പിച്ച് കടന്നുപോയ ഒരു പ്രതിഭാസം. 2017 ഒക്ടോബർ 19-ന് ഹവായിയിലെ പാൻസ്റ്റാർസ് (Pan-STARRS) ടെലിസ്കോപ്പ് കണ്ടെത്തിയ നക്ഷത്രങ്ങൾക്കിടയിലൂടെ സഞ്ചരിക്കുന്ന വസ്തു. അന്നുതൊട്ടിന്നോളം വളരെയേറെ നിഗമനങ്ങളും, ഊഹാപോഹങ്ങളും ഒമുവമുവയെക്കുറിച്ചു ഉയർന്നുവന്നു. ഒമുവമുവ അന്യഗ്രഹജീവികളുടെ പേടകമാണെന്നും, അല്ല അതൊരു ഛിന്നഗ്രഹമാണെന്നുമുള്ള വാദങ്ങൾ. എന്നാൽ, ഒമുവമുവയെ കണ്ടെത്തിയ നാൾമുതലുള്ള വിവരങ്ങൾ വളരെ വിശദമായ പഠനത്തിനു വിധേയമാക്കിയ, ഒമുവമുവയെക്കുറിച്ച് ആധികാരികമായി സംസാരിക്കാൻ അറിവുള്ള ചുരുക്കം ചില ശാസ്ത്രജ്ഞരിൽ ഒരാളായ ഹവായിയിലെ Institute for Astronomy University of Hawaii-ലെ പ്രഫസറായ കാരൻ മീച്ച്, ഒമുവമുവയെക്കുറിച്ചു സംസാരിക്കുന്നു.

Karen Meech
Karen Meech

“ക്ഷുദ്രഗ്രഹങ്ങൾ ഭൂമിയുമായി കൂട്ടിയിടിച്ചാൽ ഉണ്ടാകാനിടയുള്ള ആപത്തിനെക്കുറിച്ച് നാസ എപ്പോഴും ജാഗ്രത പുലർത്തുന്നുണ്ട്. അതുകൊണ്ടുതന്നെ പാൻസ്റ്റാർസ് ടെലിസ്കോപ്പ് എല്ലാ രാത്രികളിലും ആകാശത്തെ സൂക്ഷ്‌മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ ദിവസവും രാവിലെ ഇതിൽ പതിഞ്ഞിട്ടുള്ള വസ്തുക്കളെ പാൻസ്റ്റാർസ് ഗവേഷകർ കൃത്യമായി പഠനവിധേയമാക്കും. എന്നാൽ, സാധാരണയായി ഇവയിലൊന്നും വലിയ കാര്യമുണ്ടാകാറില്ല.

എന്നാൽ, 2017 ഒക്ടോബർ 19-ന് നക്ഷത്രങ്ങൾക്കിടയിലൂടെ അതിവേഗതയിൽ സഞ്ചരിക്കുന്ന ഒരു വസ്തുവിനെ പാൻസ്റ്റാർസ് ടെലിസ്കോപ്പ് കണ്ടെത്തി. പതിവിനു വിപരീതമായി ഞങ്ങളുടെ നിരീക്ഷണ മാനദണ്ഡങ്ങൾക്ക് അപ്പുറമുള്ള അതിൻ്റെ സ്ഥാനവും, വേഗതയും ഇതിനു എന്തോ പ്രത്യേകത ഉണ്ടെന്നു തോന്നിപ്പിച്ചു. അങ്ങനെ, ഒക്ടോബർ 22-ആയപ്പോഴേക്കും ഇത് നമ്മുടെ സൗരയൂഥത്തിൽ നിന്നുള്ളതല്ല എന്ന് മനസ്സിലാക്കാനുള്ള കൂടുതൽ വിവരങ്ങൾ ഞങ്ങൾക്കു കിട്ടി.

ഞങ്ങൾക്കത് വലിയൊരു അത്ഭുതമായിരുന്നു. വളരെക്കാലം കാത്തിരുന്ന ഒന്ന് കണ്ടെത്തിയ സന്തോഷം. ഇത് വലിയ സംഭവമെന്നു പറയാൻ കാരണമുണ്ട്. നക്ഷത്രങ്ങൾക്കിടയിലൂടെ കടന്നുപോകുന്ന ഒരു ധൂമകേതുവിനെ 1970 മുതൽ നാസ കാത്തിരിക്കുകയായിരുന്നു. പക്ഷെ, ഇതുവരെയ്ക്കും അത്തരത്തിലൊന്നിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. നമ്മുടെ സൗരയൂഥം വളരെ വലുതാണ്. അതുകൊണ്ടുതന്നെ, 4.4 പ്രകാശവർഷം അകലെയുള്ള നമ്മുടെ ഏറ്റവുമടുത്ത നക്ഷത്രസമൂഹത്തിൽ നിന്നും ഒരു വസ്തു നമ്മുടെ സൗരയൂഥത്തിൽ കടക്കാൻ അൻപതിനായിരം വർഷങ്ങൾ വേണം. അതുകൊണ്ടുതന്നെയാണ് ഇതൊരു വലിയ സംഭവമാണെന്ന് ഞങ്ങൾ കരുതുന്നത്.

നക്ഷത്രങ്ങൾക്കിടയിലൂടെ വന്ന ഈ സഞ്ചാരി ലൈറ നക്ഷത്രസമൂഹത്തിൻ്റെ ദിശയിലാണ് വന്നുകൊണ്ടിരുന്നത്. സെപ്റ്റംബർ 9-ന് ഇത് സൂര്യനോട് ഏറ്റവും അടുത്തു വന്നു. പിന്നെ, ബുധൻ്റെ ഭ്രമണപഥത്തിനുള്ളിൽ പ്രവേശിച്ചു. ഇതു പക്ഷെ, അത്ര അസാധാരമായ ഒരു ദൂരമല്ല. എങ്കിലും, നമുക്ക് കൂടുതൽ വ്യക്തതയോടെ നിരീക്ഷിക്കാൻ പറ്റുന്ന തരത്തിലുള്ള ദൂരമാണിത്. എന്നാൽ, ഞങ്ങൾ കണ്ടെത്തുന്നതിനു മുൻപ് ഒക്ടോബർ 14-ന് ഇത് ഭൂമിയുമായി 15 ദശലക്ഷം മൈലുകൾ അടുത്തു വന്നിരുന്നു. ജ്യോതിശാസ്ത്രമാനദണ്ഡങ്ങൾ പ്രകാരം ഇത് വളരെ അടുത്ത ഒരു ദൂരമാണ്.സാധാരണ ഇങ്ങനെയുള്ള വസ്തുക്കൾക്ക് പേരിടുന്ന ഒരു രീതിയുണ്ട്. എന്നാൽ, അതിൽ നിന്നും വ്യത്യസ്തമായി ഞങ്ങൾ ഇതിനെ “രാമ” എന്നാണ് വിളിച്ചത്. ദീര്‍ഘവൃത്താകൃതിയിലുള്ള രാമ എന്ന ബഹിരാകാശപേടകം സൗരയൂഥത്തിനു അടുത്തുകൂടെ കടന്നുപോയ കഥ പറയുന്ന 1973-ൽ പുറത്തിറങ്ങിയ ആർതർ ക്ലാർക്കിൻ്റെ സയൻസ് ഫിക്ഷൻ നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ പേരു കൊടുത്തത്. പക്ഷെ, ഹവായിയിൽ സ്ഥാപിച്ച ഒരു ടെലസ്കോപ്പാണ് ഇത് കണ്ടുപിടിച്ചത് എന്നതിനാൽ ഹവായിയൻ സംസ്കാരത്തിൽ പാണ്ഡിത്യമുള്ള ഒരു നാവികനെയും, ഒരു ഭാഷാപാണ്‌ഡിതനെയും ഇതിനു പേരിടാൻ ഞങ്ങൾ സമീപിച്ചു. അവരാണ് ഇതിന് “ഒമുവമുവ” എന്ന പേര് നിർദ്ദേശിച്ചത്. ഇതിനർത്ഥം “കാലങ്ങൾക്കപ്പുറത്തുനിന്നും നമ്മുടെ അടുത്തേക്കു വന്ന സന്ദേശവാഹകന്‍” എന്നാണ്.

ഈ കണ്ടുപിടുത്തം വളരെയേറെ കാര്യങ്ങൾ കൊണ്ട് പ്രാധാന്യമുള്ളതാണ്. പക്ഷെ, എന്നെ സംബന്ധിച്ചിടത്തോളം, നമ്മുടെ സൗരയൂഥത്തിൻ്റെ ഭൂതകാലത്തെക്കുറിച്ച് ഒമുവമുവയ്ക്ക് എന്തു വിവരങ്ങൾ നൽകാൻ കഴിയും എന്നതായിരുന്നു പ്രധാനം. ഒരു പുതിയ നക്ഷത്രസമൂഹത്തിൻ്റെ പിറവിയും ഗ്രഹങ്ങൾ വളർന്നു വന്ന രീതിയുമെല്ലാം ഒരു അടുക്കും ചിട്ടയുമില്ലാതെ വളരെ സങ്കീർണമായി നടന്ന ഒരു പ്രക്രിയയാണ്. അതുകൊണ്ടുതന്നെ അതിനെക്കുറിച്ചെല്ലാം അറിയാൻ കഴിയുന്ന ഒരു വസ്തു നമ്മുടെ അടുത്തേയ്ക്കു വന്നിരിക്കുന്നു. വൈകാരികമായ ഒരുതരം വിറയൽ അനുഭവപ്പെട്ട സമയമായിരുന്നു അത്. സിരകളിൽ വളരെയേറെ ആവേശമുണര്‍ത്തുന്ന ഒരു അനുഭവം. ഞാൻ ഇത്രയും നാൾ കാത്തിരുന്ന മുഹൂർത്തം ഇതായിരുന്നു. മറ്റൊരു നക്ഷത്രസമൂഹത്തിൽ നിന്നും ഒരു വസ്തു നമ്മുടെ നിരീക്ഷണ വലയത്തിൽ എത്തിയിരിക്കുന്നു.

മറ്റൊരു നക്ഷത്രസമൂഹത്തിൽ നിന്നും വന്ന ഏറ്റവും ആദ്യത്തെ സന്ദർശകനായ ഒമുവമുവയെക്കുറിച്ച് എന്താണ് നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്നത്..? എന്നെ സംബന്ധിച്ച് ഒരായിരം കാര്യങ്ങൾ അറിയാനുണ്ട്. പക്ഷെ, നമ്മുടെ ആഗ്രഹം അതാണെങ്കിലും ഒമുവമുവാ വളരെ വേഗത്തിൽ മറഞ്ഞുപൊയ്ക്കൊണ്ടിരിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ അതിൻ്റെ തിളക്കം നൂറിലൊന്നായി കുറഞ്ഞിരിക്കുന്നു. എത്രയും പെട്ടെന്നു തന്നെ ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയണം. പക്ഷെ, ദൂരദർശിനികളിൽ നിന്നുള്ള വിവരങ്ങൾ എല്ലാം ചേർത്ത് വിശദമായ വിവരങ്ങൾ കിട്ടണമെങ്കിൽ ദിവസങ്ങൾ എടുക്കും. അതുകൊണ്ടുതന്നെ, മറ്റു കാര്യങ്ങളെല്ലാം മാറ്റിവച്ച് മുഴുവൻ സമയവും കിട്ടിയ വിവരങ്ങൾ മുഴുവൻ അപഗ്രഥിക്കാൻ ഞങ്ങൾ ശ്രമിച്ചു.

ആദ്യമേ ഞങ്ങൾ അറിയാൻ ശ്രമിച്ചത് ഒമുവമുവ എത്ര വലുപ്പമുള്ളതാണെന്നാണ്. ഒരു സമയത്ത് അത് ഭൂമിയോടു വളരെ അടുത്തു വന്നിരുന്നു. പക്ഷെ, പിന്നീടാണ് നമുക്കത് അറിയാൻ സാധിച്ചത്. ഭൂമിയുമായി ഒരു കൂട്ടിമുട്ടൽ നടന്നിരുന്നെങ്കിൽ അത് എന്തുമാത്രം ദുരന്തത്തിനു കരണമാകുമായിരുന്നു…?
കൂട്ടിയിടിക്കുമ്പോഴുള്ള ഊർജ്ജം കണക്കാക്കുന്നത് ഇടിക്കുന്ന വസ്തുവിൻ്റെ വേഗവും അതിൻ്റെ ഭാരവും കണക്കാക്കിയാണ്. ഭാരം എന്നു പറയുന്നത് അത് എന്തുമാത്രം വലുപ്പം ഉണ്ട്, അത് എന്തുകൊണ്ട് നിർമ്മിതമാണ് എന്നീ കാര്യങ്ങൾ നോക്കിയാണ്. അങ്ങനെ നോക്കുമ്പോൾ ഒമുവമുവ എന്ത് വലുപ്പമുള്ളതാണ്? എന്താണ് അതിൻ്റെ ആകൃതി..? ഇത് കണക്കാക്കാൻ ഇതിൻ്റെ തിളക്കം നോക്കിയാൽ മതി. രാത്രിയിൽ നമ്മുടെ മുറ്റത്തു പറക്കുന്ന മിന്നാമിന്നിയുടെ തിളക്കവും രാത്രിയിൽ ആകാശത്തുകൂടെ പോകുന്ന വിമാനത്തിൻ്റെ നാവിഗേഷൻ ലൈറ്റിൻ്റെ വെളിച്ചവും താരതമ്യം ചെയ്താൽ നമുക്കത് കൂടുതൽ മനസ്സിലാകും. ഒമുവമുവയുടെ പ്രതലം എത്രമാത്രം വെളിച്ചത്തെ പ്രതിഫലിപ്പിക്കുന്നുണ്ട് എന്നുകൂടി അറിയേണ്ടതുണ്ട്. പക്ഷെ, അതിനെക്കുറിച്ചുള്ള സൂചനകൾ ഒന്നും നമുക്ക് ലഭ്യമല്ല. പക്ഷെ, നിഗമനങ്ങൾ പ്രകാരം നമ്മുടെ സൗരയൂഥത്തിലെ ഛിന്നഗ്രഹങ്ങളുടെയോ, ധൂമകേതുക്കളുടെയോ പോലെയാകാം എന്ന് അനുമാനിക്കുന്നതിൽ തെറ്റില്ല.

ഇന്നത്തെ കാലത്ത് ഒട്ടുമിക്ക വലിയ ദൂരദർശിനികളും സർവിസ് മോഡിലായിരിക്കും. അതിനർത്ഥം, നമ്മൾ വളരെ ശ്രദ്ധയോടെ ഓരോ നിർദ്ദേശങ്ങളും ദൂരദർശിനി പ്രവർത്തിപ്പിക്കുന്നയാൾക്ക് കൊടുക്കണം. എന്നിട്ട്, അവിടെ നിന്നും വരുന്ന വിവരങ്ങൾക്കായി കാലാവസ്ഥാ ദൈവങ്ങളോട് പ്രാർത്ഥിച്ചു കാത്തിരിക്കണം. കാരണം, പലപ്പോഴും നമുക്ക് ഇക്കാര്യങ്ങളിൽ രണ്ടാമതൊരു അവസരം കിട്ടില്ല. ചിലപ്പോൾ കാലാവസ്ഥ നല്ലതാണെങ്കിൽപ്പോലും ഒമുവമുവയുടെ ഒരു വിവരവും കിട്ടിയെന്നു വരില്ല. കാരണം, ഇതിൻ്റെ തിളക്കം സ്ഥിരമായിരുന്നില്ല. ദൂരദർശിനികൾ ഇതിനെ നിരീക്ഷിക്കാൻ തുടങ്ങിയപ്പോൾ മുതൽ ചിലപ്പോൾ തിളക്കം കൂടി വരും, ചിലപ്പോൾ മങ്ങിപ്പോകും. ഇങ്ങനെ ആവർത്തിച്ചു കൊണ്ടിരുന്നു. കാരണം, സ്വയം തിരിയുന്ന ദീർഘചതുരാകൃതിയിലുള്ള ഒരു വസ്തുവിന്മേൽ സൂര്യപ്രകാശം തട്ടുമ്പോഴുള്ള പ്രതിഫലനമാണിത്. അങ്ങനെ, ഏറ്റവും തിളക്കം കൂടി നിന്ന അവസരത്തിൽ ഇതിൻ്റെ ആകൃതിയെക്കുറിച്ച് ഒരു അനുമാനത്തിൽ എത്താൻ നമുക്ക് സാധിച്ചു. അങ്ങനെയാണ് ഈ ചിത്രത്തിൽ കാണുന്നതുപോലുള്ള ഒരു ആകൃതിയാണ് ഇതിനെന്ന് നമ്മൾ മനസ്സിലാക്കിയത്. 10:1 എന്ന അനുപാതത്തിൽ വളരെ നീളമുള്ളതും എന്നാൽ വളരെ വീതി കുറഞ്ഞതുമായ ഒരു ആകൃതി. ഏതാണ്ട് അര മൈൽ ദൂരമാണ് ഇതിനു കണക്കാക്കപ്പെട്ടത്. ഇതുപോലെ ഒരു വസ്തുവും നമ്മുടെ സൗരയൂഥത്തിലില്ല. നമ്മൾ സാധാരണ കാണുന്ന അനുപാതം 5:1 ആണ്. അതുകൊണ്ടുതന്നെ എങ്ങനെയാണ് ഒമുവമുവ രൂപപ്പെട്ടതെന്ന് നമുക്ക് അറിയില്ല. ഒരു പക്ഷെ, അത് രൂപംകൊണ്ട സമയത്ത് അങ്ങനെ ആയതാകാം.

ഓരോ 7.34 മണിക്കൂറിലും ഒമുവമുവയുടെ തിളക്കം മാറിക്കൊണ്ടിരുന്നു. എന്നാൽ, ഓരോ ഗവേഷകരിൽ നിന്നും വിവരങ്ങൾ വന്നുകൊണ്ടിരുന്നപ്പോൾ ഇതിലും വ്യത്യാസങ്ങൾ കണ്ടു. ഓരോരുത്തരും വ്യത്യസ്ത കണക്കുകളാണ് നൽകുന്നത്. കൂടുതൽ അറിയുന്തോറും വിശദീകരിക്കാൻ കൂടുതൽ ബുദ്ധിമുട്ടുള്ള അവസ്ഥയിലേക്കാണ് പോകുന്നത്. കാരണം, ഒമുവമുവ ചുറ്റുന്നത്ത് അസാധാരണമായ ഒരു രീതിയിലാണ്. ഒരുതരത്തിൽ പറഞ്ഞാൽ ഒരുതരം ചാഞ്ചാട്ടം. ഒരേ സമയം ചെറിയ അച്ചുതണ്ടിൽ കറങ്ങുന്നതിനൊപ്പം വലിയ അച്ചുതണ്ടിലും കറങ്ങുന്നു. കൂടാതെ, അങ്ങോട്ടുമിങ്ങോട്ടും ആടുകയും ചെയ്യുന്നു. അത് രൂപപ്പെട്ട നക്ഷത്രസമൂഹത്തിൽ നിന്ന് വിക്ഷേപിക്കപ്പെട്ടപ്പോഴുള്ള വളരെ ശക്തിയേറിയ ചലനത്തിൻ്റെ ഫലമായിട്ടായിരിക്കാം ഇങ്ങനെ സഞ്ചരിക്കുന്നത്.

എന്തുകൊണ്ടാണ് ഇത് നിർമ്മിക്കപ്പെട്ടിരിക്കുന്നത്..? നമ്മുടെ ലാബിലേക്ക് ഒമുവമുവയുടെ ഒരു ഭാഗം കിട്ടിയിരുന്നെങ്കിൽ എന്ന് നമ്മൾ ആശിച്ചിട്ടുണ്ട്. അപ്പോൾ, കൂടുതൽ കൃത്യതയോടെ നമുക്ക് പഠിക്കാൻ പറ്റുമല്ലോ. പക്ഷെ, സ്വകാര്യ റോക്കറ്റ് വിക്ഷേപകർക്കുപോലും വെറും ഒരാഴ്ച്ചയ്ക്കുള്ളിൽ ഇതുപോലൊരു ലക്ഷ്യത്തിലേക്ക് ഒരു പേടകം അയക്കാൻ സാധ്യമല്ലാത്തതിനാൽ, ഞങ്ങൾക്ക് വിദൂരനിരീക്ഷണത്തിൽ നിന്നുള്ള വിവരങ്ങളെ ആശ്രയിക്കാനേ പറ്റൂ. എങ്ങനെയാണ് വെളിച്ചം ഇതിൻ്റെ പ്രതലത്തിൽ തട്ടി പ്രതിഫലിക്കുന്നത് എന്ന് പഠിക്കുക. ചില നിറങ്ങൾ ഇത് ആഗീരണം ചെയ്യും, എന്നാൽ, ചില നിറങ്ങൾ പ്രതിഫലിപ്പിക്കും. മറ്റൊരു തരത്തിൽ പറഞ്ഞാൽ ചില വസ്തുക്കൾ നീലയോ, ചുവപ്പോ കൂടുതലായി പ്രതിഫലിപ്പിക്കും. എന്നാൽ, ഒമുവമുവയുടെ കാര്യത്തിൽ, ഇത് കൂടുതലും ചുവപ്പുനിറമാണ് പ്രതിഫലിപ്പിച്ചത്. റോസെറ്റ ബഹിരാകാശ പേടകം അടുത്തിടെ സന്ദർശിച്ച ജൈവസമ്പന്നമായ ധൂമകേതുവിനോട് വളരെയധികം സാമ്യമുള്ള പ്രതലം. പക്ഷെ, ചുവപ്പുനിറം എപ്പോഴും ഒരു കാര്യത്തെ തന്നെയാണ് സൂചിപ്പിക്കുന്നത് എന്ന് പറയാനാകില്ല. കാരണം, ഇരുമ്പിൻ്റെ അംശമുള്ള പ്രതലത്തിലും ഇതുപോലെ ചുവപ്പു നിറം കാണാം. ഉദാഹരണത്തിന്, കസിനി ബഹിരാകാശ പേടകം പകർത്തിയ ശനിയുടെ ഉപഗ്രഹമായ അയാപ്പൊഡിസിൻ്റെ ഇരുണ്ട വശവും ഇതുപോലെയാണ്. കൂടാതെ, നിക്കൽ അടങ്ങിയ ഉൾക്കകളും ഇതുപോലെ ചുവപ്പു നിറം പ്രതിഫലിപ്പിക്കും.

ചുരുക്കത്തിൽ, ഇതിൻ്റെ പുറം ഭാഗം എന്താണ് എന്ന് നമുക്ക് ഉറപ്പില്ല എന്നതു പോലെ തന്നെ ഇതിൻ്റെ ഉള്ളിൽ എന്താണെന്നും നമുക്ക് കൃത്യമായി അറിഞ്ഞുകൂടാ. പക്ഷെ, ഇത്രമാത്രം ശക്തമായ വേഗതയിൽ ചുറ്റി സഞ്ചരിച്ചിട്ടും ഇത് ചിതറി തെറിച്ചു പോകാത്തതിനു കാരണം ഇത് ഏതോ ലോഹം പോലെ കട്ടിയുള്ള എന്തോ കൊണ്ട് നിർമ്മിച്ചതാണെന്ന് നമുക്ക് ഉറപ്പിച്ചു പറയാൻ പറ്റും.
ഓമുവമുവയുടെ ഏറ്റവും നല്ല ചിത്രം കിട്ടിയത് ഭൂമിയിൽ നിന്നുള്ള ഒരു ദൂരദർശിനിയിൽ നിന്നാണ് (ചിത്രം താഴെ കമന്റിൽ). ഹബിൾ സ്‌പേസ് ടെലസ്കോപ്പിനു പോലും ഇതിനേക്കാൾ നല്ല ചിത്രം കിട്ടിയിട്ടില്ല. നല്ല ചിത്രം കിട്ടിയില്ല എന്ന കാരണത്താൽ ഹബിൾ സ്‌പേസ് ടെലസ്കോപ്പിനെ നിസ്സാരമായി കാണേണ്ടതില്ല. കാരണം, ഒമുവമുവയെ കണ്ടെത്തി ഏതാണ്ട് രണ്ടര മാസത്തോളം ഇതിനെ നിരീക്ഷിക്കാനും, ഇത് എവിടെനിന്നാണ് വന്നതെന്നു മനസ്സിലാക്കാനും കഴിഞ്ഞത് ഹബിൾ നൽകിയ വിവരങ്ങളിൽ നിന്നാണ്.
ഇനി, എന്താണ് ഒമുവമുവ..? ഞങ്ങൾ ദൃഢമായി വിശ്വസിക്കുന്നത് വേറെ ഏതോ നക്ഷത്രസമൂഹം രൂപപ്പെട്ടപ്പോൾ അതിൽ നിന്നും അടർന്നു മാറിയ ഒരു അവശിഷ്ടമാണ് ഒമുവമുവ എന്നാണ്. എന്നാൽ, മറ്റു ചില ഗവേഷകർ പറയുന്നത് നാശത്തിനോടടുത്ത ഒരു നക്ഷത്രത്തിൽ നടന്ന സൂപ്പർനോവ സ്ഫോടനത്തിൽ നിന്നുള്ള അവശിഷ്ടം ആകാം ഒമുവമുവ എന്നാണ്.

എന്തുതന്നെയായാലും ഇതൊരു പ്രാപഞ്ചികമായ ഒരു വസ്തുവാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. എങ്കിലും, ഇതിൻ്റെ നിറം, ആകൃതി, ഇതിൻ്റെ അസ്വാഭാവികമായ സഞ്ചാരം തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കുമ്പോൾ ഇത് ആരോ നിർമ്മിച്ചതല്ലേ എന്ന കാര്യവും നമുക്ക് പൂർണ്ണമായും തള്ളിക്കയാൻ പറ്റില്ല.
അന്യഗ്രഹജീവികളുടെ സാങ്കേതികവിദ്യയാണ് ഇതെന്ന് നമ്മൾ വിശ്വസിക്കുന്നില്ലെങ്കിലും, എന്തെങ്കിലും തരത്തിലുള്ള റേഡിയോ സിഗ്നൽ ഒമുവമുവയിൽ നിന്ന് കിട്ടുമോ എന്നൊരു പരീക്ഷണവും നടത്തിക്കൂടേ എന്നൊരു ചോദ്യമുണ്ട്. അതുതന്നെയാണ് ബ്രേക്ക് ത്രൂ ലിസൻ പ്രോജെക്ട് (Breakthrough Listen Project) ചെയ്തതും. പക്ഷെ, ഇതുവരെയ്ക്കും ഒമുവമുവ നിശബ്ദത പാലിക്കുകയാണ്.

അടുത്ത ചോദ്യം, നമുക്ക് ഇതിലേക്ക് ഒരു ബഹിരാകാശ പേടകം അയച്ച് നമ്മുടെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കണ്ടെത്താനാവില്ലേ എന്നാണ്. തീർച്ചയായും നമുക്ക് ഇതിനുള്ള സാങ്കേതീകവിദ്യയുണ്ട്. പക്ഷെ, ഇത് വളരെ ചിലവേറിയതും ദൈർഘ്യമേറിയതുമായ യാത്രയായിരിക്കും. കാരണം, സൂര്യനിൽ നിന്നും വളരെയേറെ അകന്നുപോയിരിക്കുന്നതിനാൽ നമ്മൾ അവിടെ എത്തുമ്പോഴേയ്ക്കും നമ്മുടെ സഞ്ചാരപഥം വളരെ ബുദ്ധിമുട്ടേറിയതായിരിക്കും.

എനിക്കു തോന്നുന്നത് ഒമുവമുവ വളരെയേറെ കാര്യങ്ങൾ നമ്മെ പഠിപ്പിക്കുന്നുണ്ട് എന്നാണ്. ഒമുവമുവയെക്കുറിച്ചുള്ള വിവരങ്ങൾ ഇനിയും പരിശോധിച്ചുവരുമ്പോൾ വളരെ വിസ്‌മയകരമായ കാര്യങ്ങൾ ഞങ്ങളെപ്പോലുള്ള ശാസ്ത്രജ്ഞരെ കാത്തിരിക്കുന്നുണ്ട് എന്നാണ് ഞാൻ കരുതുന്നത്. ഏറ്റവും പ്രധാനമായി, നമ്മുടെ സൗരയൂഥം ഒറ്റപ്പെട്ട ഒരിടമല്ലെന്നും, നമ്മൾ വലിയൊരു പരിതഃസ്ഥിതിയുടെ ഭാഗമാണെന്നുമാണ് വിദൂരതയിൽ നിന്നും വന്ന ഈ ദൂതൻ നമ്മോടു പറയുന്നത്. കൂടാതെ, നമുക്കു ചുറ്റും ഇതുപോലെ നക്ഷത്രാന്തര യാത്രക്കാർ ഉണ്ടായേക്കാം. പക്ഷെ, നമ്മൾ അത് അറിയുന്നുണ്ടാകില്ല. നമുക്ക് അപ്രതീക്ഷിതമായി ലഭിച്ച ഈ സമ്മാനം നമുക്ക് തന്നത് ഉത്തരങ്ങളെക്കാൾ കൂടുതൽ ചോദ്യങ്ങളാണ്. എങ്കിലും, മറ്റൊരു നക്ഷത്രസമൂഹത്തിൽ നിന്നും വന്ന ഒരതിഥിയെ അഭിവാദ്യം ചെയ്യാനുള്ള അവസരം ലഭിച്ചത് നമുക്കാണ്.”

Leave a Reply
You May Also Like

ഇന്ന് വൈകുന്നേരത്തെ ആ നിർണ്ണായകമായ 15 മിനിറ്റ് ദാ… ഇങ്ങനെയാണ്

ഇന്ന് വൈകുന്നേരത്തെ ആ നിർണ്ണായകമായ 15 മിനിറ്റ് ദാ ഇങ്ങനെയാണ് Shabu Prasad സോഷ്യൽ മീഡിയയിൽ…

മുട്ടയാണ് ആദ്യം ഉണ്ടായത്, കാരണം ഇതാണ്

ഏക കോശ ജീവികളിൽ നിന്നുമാണ് ബഹുകോശജീവികൾ പരിണമിച്ചുണ്ടായത്. ബീജസങ്കലനം നടന്ന് ഉണ്ടാകുന്ന മുട്ടകൾ എല്ലാം ഡിപ്ലോയിഡ് (2N) വിഭാഗത്തിൽ പെടുന്ന ഏക കോശങ്ങൾ ആണ്.അതേ പോലെ തന്നെയുള്ള മുട്ട പോലെയുള്ള ഒരു ഏകകോശത്തിൽ കോശവിഭജനം നടന്നാണ് ബഹുകോശ ജീവിയായ കോഴി ഉണ്ടാകുന്നത്.

വായുവിൽ നിൽക്കുന്ന കപ്പൽ, ഇതൊരു യഥാർത്ഥ ഫോട്ടോയാണ്, എന്താണ് പ്രതിഭാസം ?

വായുവിൽ നിൽക്കുന്ന കപ്പൽ ! ബൈജു രാജ് ശാസ്ത്രലോകം . കഴിഞ്ഞ വർഷം ഇംഗ്ലണ്ടിന്റെ തീരത്ത്നിന്നു…

എന്നാണ് ആദ്യ സമാഗമം?

സാബു ജോസ് കഥയും കാല്പനികതയും മിത്തും യാഥാര്ഥ്യവുമെല്ലാം ചേര്ന്ന് കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു സങ്കീര്ണ ചിത്രമാണ് ഭൗമേതര…