ഒരു ന്യൂനപക്ഷ കവിത- ഷമീന ബീഗം

124
ഒരു ന്യൂനപക്ഷ കവിത.
ഷമീന ബീഗം
രേഖകൾ തിരഞ്ഞു തിരഞ്ഞ്
ഒടുവിൽ …
ഏറ്റവും ഒടുവിൽ
ഞാൻ
ഖബർസ്ഥാനിൽ എത്തി.
ഖബറിൽ കിടക്കുന്ന എന്റെ ഉപ്പുപ്പമാരേ
നിങ്ങളെനിക്കാ രേഖകൾ തരിക..
നിങ്ങൾ ഇവിടെ ഉണ്ടായിരുന്നു എന്നതി ന്റെ പൊടി പിടിച്ച ആ തെളിവുകൾ
പ്രാണൻ പിടയുന്ന
ഞരക്കത്തെ
ആക്രോശമെന്ന് വിവർത്തനം ചെയ്യുന്നവർക്ക്
മനസ്സിലാവുന്ന വിധത്തിൽ
ഏതെങ്കിലും പരിഭാഷ.
Image result for refugees paintingsനിങ്ങൾ മിണ്ടാത്തത് എന്ത്?
നിങൾ മിണ്ടാത്തത് എന്ത്?
ജീവിച്ചിരിക്കുന്നവർക്ക്‌ മാത്രം കഴിയും പോലെ
നിങ്ങളും മൗനത്തി ലാവുകയാണോ?
ജീവിച്ചിരിക്കുന്നവർക്ക്‌ മാത്രം കഴിയുമ്പോലെ
നിങ്ങളും ഉറക്കം നടിക്കുകയാണോ?
ജീവിച്ചിരിക്കുന്നവർക്ക് മാത്രം കഴിയുമ്പോലെ
നിദ്രയ്ക്കു പോലും അടയ്ക്കാൻ കഴിയാത്ത കാതുകൾ
നിങളും കൊട്ടി അടയ്ക്കുകയാണോ?
നിങൾ മിണ്ടാത്തത് എന്ത്?
നിങൾ മിണ്ടാത്തത് എന്ത്?
ഖബറിനും വീടിനും ഇടയ്ക്കുള്ള
അഭയാർത്ഥികളുടെ അവസാനിക്കാത്ത ആ നില്പിൽ എനിക്ക് കാലുകൾ നൊന്തു.
ഭൂമിക്കും സ്വർഗ്ഗത്തിലും ഇടയിലുള്ള അഭയാർത്ഥികളൂടെ അവസാനിക്കാത്ത ആ നില്പിൽ എനിക്ക് വിശന്നു.
കരയ്ക്കും കടലിനും ഇടയ്ക്കുള്ള അഭയാർത്ഥികളുടെ അവസാനിക്കാത്ത ആ നില്പിൽ എനിക്ക് ദാഹിച്ചു.
യുഗങ്ങൾ കവിഞ്ഞു പോകുമെന്ന് തോന്നിച്ച ആ നില്പിൽ ഞാൻ ക്ഷീണിച്ചു..
ഏതെങ്കിലും ഒരു ഖബറിൽ കയറിക്കി ടക്കാൻ ആയെങ്കിൽ എന്ന് ഞാൻ വല്ലാതെ ആഗ്രഹിച്ചു.
പെട്ടന്ന്
കൂമൻ കാവിൽ നിന്നെന്ന പോലെ പുരാതനമായ ഒരു കാറ്റ് വീശപ്പെട്ടൂ!
പുനരുദ്ധാന നാളിലെന്ന പോലെ
ഖബറുകൾ തുറക്കപ്പെട്ടു!
ഖബറിലെ ആളുകൾ പുറത്തിറക്കപ്പെട്ടു.
വരിവരിയായ് അവർ എന്നിലേക്ക് നടന്നു വന്നു.
ഇങ്ങനെ സംസാരിക്കപ്പെട്ടൂ..
ഞങ്ങളുടെ തെളിവുകൾ ..
ശ്മശാനത്തിൽ അല്ല തിരയേണ്ടത്..
അത് നീ…
നിന്റെ ഭൂമിയിൽ ത്തിരയുക.
ഹൃദയ ഭാഷയിൽ പരിഭാഷപ്പെട്ട ആ വാക്കുകൾ അവർക്കായി
പറഞ്ഞു കൊടുക്കുക..
വയോധികൻ
ഹസ്രത്ത് മോഹാനിയുടെ കണ്ണുകൾ തിളങ്ങി..
നിന്റെ പൂവികരുടെ സമര വീര്യത്തിനു
ഞാൻ വിളിച്ച കൊടുത്ത
ഒറ്റവരി അതാ-
ജയിച്ചതും തോറ്റതും ആയ
ഓരോ ഇന്ത്യൻ സമര തെരുവിലും ഇന്നും മുഴങ്ങുന്നുണ്ടത്…
ഇൻക്വിലാബ് സിന്ദാബാദ്…
ആ മുഴക്കങ്ങളിലേക്ക്‌ നീ വിരൽ ചൂണ്ടുക..
സൈനുലാബ്ദീൻ ഹസ്സൻ തന്റെ വൃദ്ധവദനം പ്രസരിപ്പോടെ ഉയർത്തി.
അറു ന്നൂറ് നാട്ട് രാജ്യങ്ങളെ ഏഴ്നൂറു ഭാഷകളെ സഹസ്ര സംസ്കൃതികളെ
ഒരു ഇഴയിൽ കോർത്ത് എടുക്കാൻ ഞാൻ പറഞ്ഞു കൊടുത്ത ഒറ്റ വാക്കുണ്ട്.
ഇന്ത്യൻ പൗരന്റെ ഹൃദയത്തില് നിന്ന്..
പട്ടാളക്കാരന്റെ ഉയർന്ന ശിരസ്സിലെ സല്യൂട്ടിൽ നിന്ന്..
കോൺഗ്രസ്സ്കാരന്റെ ഖദർ കുപ്പായത്തിൽ അവശേഷിക്കുന്ന വടിവുകളിൽ നിന്ന്
ജയ്ഹിന്ദ് എന്ന ആ ഒറ്റവാക്കിനേ
നിന്റെ അടയാളമായി ചൂണ്ടിക്കാട്ടുക.
യൂസുഫ് മെഹ്രലി നരച്ച താടി തടവി നിഷ്കളങ്കമായി പുഞ്ചിരിച്ചു..
ബ്രിട്ടീഷ് രാജധാനിയുടെ ദുസ്വപ്നങ്ങ ളിൽ നിന്ന് ഇനിയും കുടഞ്ഞു കളയാൻ കഴിയാത്ത ആ വാക്ക്
കൊളോണിയൽ കാലഘട്ടത്തിന്റെ ആ അന്തക വാക്ക് …
ക്വിറ്റ് ഇന്ത്യ…
നീ എന്റെ വസ്സിയത്തായ്‌ അവർക്ക് ഒപ്പിട്ട് കൊടുക്കുക.
അസീം ഉള്ളാഖാൻ..തെല്ലു കൗതുകത്തോടെ തന്റെ വചനത്തിലെ ക്ക് നോക്കി..
“മാഥർ ഇ വതൻ
ഭാരത് കി ഫതഹ്’’
സ്വാതന്ത്ര്യസമരത്തിൻറെ
ആദ്യ പോരാട്ട ത്തെരുവിൽ നിന്ന്
ഭാരത് മാതാ കീ ജയ് ആയി മാറിയ ആ വരി ഇന്നും
മുഴങ്ങുന്നത് അവരെ ഓർമ്മിപ്പിച്ച് കൊടുക്കുക .
മുഹമ്മദ് ഇക്ബാൽ ഒരു മാന്ത്രികനേ പോലെ
ശൂന്യാകാശത്ത് നിന്ന്
സാരെ ജഹാം സെ അച്ചാ എന്ന ഗാനം എന്റെ ചുണ്ടുകളിലെയ്ക്ക്‌ ആവാഹിച്ച് തന്നു…
ഇത് നീ അവരുടെ ഹൃദയങ്ങളെ ചുംബിച്ച് കൊണ്ട് മാത്രം നൽകുക.
‘സർഫറോഷ് കി തമന്ന എന്ന എന്റെ ഗാനം ഏതെങ്കിലും വിപ്ലവകാരിയുടെ യുടെ നെഞ്ചില് നിന്ന് തോട്ടെടുക്കൂ –
ബിസ്മിൽ അസീം ബാദി കുസൃതിയോടെ ചിരിച്ചു..
നികുതി നിഷേധത്തി ന്റെ ആദ്യ പ്രതിഷേധം ഏതെങ്കിലും ചരിത്ര പുസ്തകത്തിൽ നിന്ന് എന്റേ തായി കീറി കൊടുക്കൂ എന്ന് ഉമർ ഖാളി ചിന്താമഗ്നനായി..
പോരെങ്കിൽ . ….
ടിപ്പുവിന്റെ രക്തസാക്ഷിത്വത്തിൽ നിന്ന് നിന്ന്
പൂക്കോട്ടൂർ ലെ പോരാട്ടത്തിൽ നിന്ന്
വാഗൺ കൂട്ടക്കൊലയുടെ കമ്പാർട്ട്മെന്റ് ഇല്‌ നിന്ന്
ഒടുവിലത്തെ രേഖയും എടുത്ത് കൊള്ളൂ.
‘സുറയ്യ ത്വയ്യിബ്ജി’’ വികാരഭരിതയായ്‌ പറഞ്ഞൂ..ഇൗ കൈകൾ കൊണ്ട്
കുങ്കുമ വും വെളുപ്പും പച്ചയും ചേർത്ത് തുന്നിയ
പതാക
പാർലമെന്റിന്റെ നെറുകയിൽ പാറിക്കളിക്കുന്നത് നീ അവർക്ക് കാണിച്ച് കൊടുക്കൂ…
മുഹമ്മദ് ഷഫീഖ് താടി തടവി പറഞ്ഞു.
ആറ് സഖാക്കൾക്കൊപ്പം
ഞങ്ങൾ അന്ന് താഷ്കന്തിൽ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് എഴുതി ഉറപ്പിച്ച
ഹൃദയം പോലെ ചുവന്ന രണ്ട് വാക്കുകൾ ഉണ്ട്..
ലാൽ സലാം
ഏതെങ്കിലും ഒരു വിപ്ലവകാരിയുടെ എരിയുന്ന നെഞ്ചിലെ അവസാനിക്കാത്ത കനലിൽ
നിന്നും നീ എടുത്ത് കൊടുക്കൂ… I
അവസാനിക്കാത്ത വാക്കുകൾ .. അനശ്വരരുടെ നീണ്ട നിരകൾ…
തെളിവുകളുടെ അക്ഷയ ഖനികൾ..
നട്ടെല്ലുറപ്പുള്ള ആ നെടുങ്കൻ നിൽപുകൾ…
മെല്ലെ പിന്തിരിയുമ്പോൾ
അതാ
ഒരുവൾ ശ്മശാന കവാടത്തിൽ നിന്ന് കൊണ്ട് വിളിച്ച് ചോദിക്കുന്നു ..
“നിനക്ക് വേണ്ടത് ലഭിച്ചുവല്ലോ!
ഇതിനുള്ളിൽ ഉണ്ടാവുമോ…എനിക്ക് വേണ്ടതും?
എന്റെ മകൻ നജീബ് നേ കുറിച്ചുള്ള എന്തെങ്കിലും ഒരു രേഖ. .?
ഉണ്ടാവുകയില്ല.. ..
നിങൾ എന്റെ ഒപ്പം വരൂ…
അവരെയും ചേർത്ത് പിടിച്ച് പുറത്തിറങ്ങുകയാണ്‌
ഒരു രഥം ഞങ്ങളെ
കാത്ത് നിൽക്കുന്നു..
കണ്ണനെ പോലെ കറുത്തവൻ
അമരത്ത് ഇരിക്കുന്നു..
അവൻ ഇങ്ങനെ പറഞ്ഞു…
ജ്യേഷ്ഠ അധികാരവും അക്ഷൗഹി ണിയും
അപ്പുറത്ത്
അസ്ത്രവും ശാർസ്ത്രവും അപ്പുറത്ത്
പാരമ്പര്യവും ഭൂരിപക്ഷവും അപ്പുറത്ത്
സഭയും കോടതിയും അപ്പുറത്ത്..
പക്ഷേ
യുദ്ധം ജയിക്കുന്നത് ആളും അർത്ഥവും അല്ല.
ധർമ്മമേ ജയിക്കൂ ..
നിന്റെ തേർ തെളിക്കാൻ ഞാൻ മതി
നീയുണ്ടായിരുന്നെന്ന് തെളിവിനീ
രാജ്യം മതി.
നീ ഇനിയും ഇവിടെ
ഉണ്ടായിരിക്കും എന്ന തെളിവിനീ
ഭരണഘടന മതി.
സൂചി കുത്താൻ ഇടമില്ലാത്തവർക്കും
അരക്കില്ലത്തിൽ എരിഞ്ഞമർന്നവർക്കും
നീതി കിട്ടാൻ ഇൗ ഭരണഘടന മതി..
ഞാൻ അംബേദ്കർ
ഇൗ പോരാട്ടം ജയിക്കാനൂള്ളതാണ്
വരൂ ,
നിന്നെ മൂന്നാം ഭാരതയുദ്ധത്തിന്റെ ക്ഷേത്ര ഭൂമിയിലേക്ക് ഞാൻ നയിക്കാം.
വരൂ …നമുക്ക് ഷഹീൻ- ബാഗിലെയ്ക്ക്പോകാം.
(*വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ചൊല്ലിയത്.
* മുദ്രാവാക്യങ്ങളും അതിന്റെ കർത്താക്കളെയും വ്യക്തമാക്കിയ പല എഫ് ബി പോസ്റ്റുകളോടും സ്നേഹവും കടപ്പാടും)
അലൻ, താഹമാരുടെ മോചനത്തിനായി തൃശ്ശൂരിൽ നടത്തിയ രാത്രികാല സമരത്തിൽ ഈ കവിത ദീപക് ചൊല്ലുന്നു