ഒരു വിചിത്രമായ ആത്മഹത്യ

farmer-suicide1994 മാര്‍ച്ച് 23 ന് ഒരു ഫോറന്‍സിക് ഡോക്ടര്‍, ഡൊണാള്‍ഡ് ഓപ്പസ് എന്ന ചെറുപ്പക്കാരന്റെ ശവശരീരം പരിശോധിച്ചു. തലയിലൂടെ തുളച്ചു കയറിയ ഒരു വെടിയുണ്ടയായിരുന്നു ഓപ്പസിന്റെ മരണത്തിനു കാരണം. മിസ്റ്റര്‍ ഓപ്പസ് ആത്മഹത്യ ചെയ്യുവാനായി ഒരു പത്തു നില കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടിയിരുന്നു. ഒരു മരണക്കുറിപ്പും ചാടുന്നതിനു മുമ്പായി അയാള്‍ എഴുതിയിരുന്നു.

കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടിയ ഓപ്പസ്, ഒമ്പതാം നിലയുടെ നേരെയെത്തിയപ്പോള്‍ ഒരു വെടിയുണ്ട ജനാലയിലൂടെ ചീറിവന്ന് അയാളുടെ ജീവനെടുക്കുകയായിരുന്നു! എന്നാല്‍ എട്ടാം നിലയുടെ നേരെ അവിടെ വരാനിരുന്ന കെട്ടിടം പണിക്കാരുടെ രക്ഷക്കാ‍യി ഒരു സേഫ്റ്റി നെറ്റ് ഉണ്ടായിരുന്ന വിവരം ചാടിയ ആളോ, വെടിവച്ച ആളോ അറിഞ്ഞിരുന്നില്ല. ഒരു കാര്യം ഉറപ്പായിരുന്നു..മിസ്റ്റര്‍ ഓപ്പസിന് ആ ചാട്ടം വഴി തന്റെ ആത്മഹത്യ പൂര്‍ണ്ണമാക്കാ‍ന്‍ കഴിയുമായിരുന്നില്ല. വെടിയേറ്റ ഓപ്പസ് തല്‍ക്ഷണം മരിക്കുകയും അയാളുടെ ശവശരീരം സേഫ്റ്റി നെറ്റില്‍ പതിക്കുകയും ചെയ്തു.

ഒമ്പതാം നിലയില്‍ താമസിച്ചിരുന്നത് ഒരു വയസ്സനും അയാളുടെ ഭാ‍ര്യയും ആയിരുന്നു. രണ്ടുപേരും തമ്മില്‍ വഴക്കുണ്ടാവുകയും അയാള്‍ ദേഷ്യം വന്ന് ഭാര്യയെ വെടിവയ്ക്കുകയുമാണ് ഉണ്ടായത്. എന്നാല്‍ വെടിയുണ്ട ലക്ഷ്യം തെറ്റി ജനാലയിലൂടെ പുറത്തുവന്ന് നമ്മുടെ ഓപ്പസിന്റെ തലയും തുളച്ച് കടന്നുപോവുകയായിരുന്നു.

വയോധിക ദമ്പതികള്‍ കോടതിയില്‍ കൊലപാതകത്തിന് തങ്ങള്‍ ഉത്തരവാദികളല്ല എന്ന് ശഠിച്ചു. തോക്കില്‍ ഉണ്ടയുണ്ടാ‍യിരുന്നെന്ന് തങ്ങളറിഞ്ഞിരുന്നില്ലത്രേ. വര്‍ഷങ്ങളായി അവര്‍ തമ്മിലിങ്ങനെ വഴക്കുകൂടാറുണ്ടെന്നും അങ്ങിനെ ചെയ്യുമ്പോഴെല്ലാം ഈ വെടിവയ്പ്പ് പതിവായിരുന്നെന്നും അവര്‍ കോടതിയെ ബോധിപ്പിച്ചു. പക്ഷേ ഒരിക്കല്‍ പോലും തോക്ക് അയാള്‍ നിറച്ചിരുന്നില്ല!

കൂടുതലായി അന്വേഷണം പുരോഗമിച്ചു. ഒരു സാക്ഷി പുതിയ തെളിവുമായി മുന്നോട്ടു വന്നു. അയാള്‍ നമ്മുടെ ദമ്പതികളുടെ മകന്‍ ഈ തോക്കു നിറക്കുന്നത് സംഭവം നടക്കുന്നതിന് ആറാഴ്ച്ച മുമ്പ് കണ്ടിരുന്നു. അതിനൊരു കാരണവുമുണ്ടായിരുന്നു. ഈ മകന് ചെലവിനുള്ള കാശുകൊടുക്കാന്‍ മാതാവ് വിസമ്മതിച്ചിരുന്നു. അതില്‍ അരിശം പൂണ്ട അയാള്‍ മാതാവിനെ കൊല ചെയ്യുവാനായി തീരുമാനിക്കുകയായിരുന്നു. തന്റെ പിതാവ് വഴക്കുകൂടുമ്പോഴെല്ലാം തോക്കെടുത്ത് മാതാവിനെ വെടിവെക്കാറുണ്ടെന്ന് അയാള്‍ക്കറിയാമായിരുന്നു. പിതാ‍വിന്റെ കയ്യാല്‍ അവരുടെ മരണം അയാള്‍ കണക്കുകൂട്ടി.

അപ്പോള്‍ ഉണ്ടനിറച്ച മകനാണ്  യഥാര്‍ത്ഥ കുറ്റവാളി. അയാള്‍ കാഞ്ചി വലിച്ചില്ലെന്നിരിക്കിലും മിസ്റ്റര്‍ ഓപ്പസിന്റെ കൊലപാതകത്തില്‍ നിന്നും അയാള്‍ക്കൊഴിഞ്ഞു മാറാന്‍ കഴിയുമോ?

ഇനി ബാക്കി കൂടി വായിക്കുക.

മിസ്റ്റര്‍ ഓപ്പസ് ആയിരുന്നു ഈ മകന്‍. തന്റെ അമ്മയെ കൊല്ലാനുള്ള ശ്രമം പാഴായതിന്റെ മാനസ്സിക പിരിമുറുക്കത്തില്‍ അയാള്‍ പത്തുനിലക്കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടിമരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പക്ഷേ ആത്മഹത്യക്കു പകരം താന്‍ തന്നെ തന്റെ മാതാവിനെ കുരുതികൊടുക്കുവാനായി നിറച്ച വെടിയുണ്ട തലയില്‍ തുളച്ചുകയറി മരണത്തിനു കീഴടങ്ങാനായിരുന്നു അയാളുടെ വിധി. കോടതി ഈ കേസ് ഒരു ആത്മഹത്യയായി കണക്കാക്കി ദമ്പതികളെ വെറുതെ വിട്ടു.

A traslation of an internet story.