നിയമം മുറുകെപ്പിടിക്കുന്നവരും അഴിമതിക്കെതിരെ പോരാടാന്‍ അവതരിച്ചവരുമായ മാധ്യമ പ്രവര്‍ത്തകര്‍ അന്തസുണ്ടെങ്കിൽ ഒരു കാര്യം ചെയ്യണം.

0
66

മാധ്യമ പ്രവര്‍ത്തകരോടൊരഭ്യര്‍ത്ഥന

കേരളം കണ്ട ഏറ്റവും പ്രതിഭാശാലികളിലൊരാളായ ഐ.എ.എസ്സുകാരിലൊരാളായിരുന്നു എം.കെ.കെ. നായര്‍ (1920 – 1987). മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്നു റാങ്കോടെ ഫിസിക്‌സ് ബിരുദമെടുത്ത അദ്ദേഹം കേരളത്തിനു പുറത്താണ് കൂടുതലും ജോലി ചെയ്തിരുന്നത്. ഭിലായ് സ്റ്റീല്‍ പ്ലാന്റ് സമയത്തിനു പൂര്‍ത്തിയാവില്ലെന്നു ബോധ്യമായപ്പോള്‍ അതു സമയത്ത് തീര്‍ക്കുവാനായി അന്നത്തെ പ്രധാനമന്ത്രി നെഹ്‌റുവും, ധനകാര്യ മന്ത്രി കൃഷ്ണമാചാരിയും തെരഞ്ഞെടുത്തു നിയോഗിച്ചതു എം.കെ.കെ.നായരെ ആയിരുന്നു.

കേരളത്തെ സേവിച്ചു നന്നാക്കിക്കളയാമെന്നു കലശലായ വ്യമോഹത്തിനടിമപ്പെട്ട അദ്ദേഹം എഫ്.എ.സി.റ്റി.യുടെ എം.ഡി.യും ചെയര്‍മാനുമായി കേരളത്തിലെത്തി. ഫാക്ടിനെ രക്ഷപ്പെടുത്തിയതിനു പുറമെ, അന്തരിച്ചു കൊണ്ടിരുന്ന കഥകളിയെ പുനരുജ്ജീവിപ്പിക്കാന്‍ ഫാക്ടിനു കീഴിലെ സ്കൂളില്‍ കഥകളി പരിശീലനം വരെ അദ്ദേഹം തുടങ്ങി. എന്തായാലും 1974-ല്‍ അദ്ദേഹത്തിനെതിരെ അഴിമതി ആരോപിച്ചു സി.ബി.ഐ.കേസ് രജിസ്റ്റര്‍ ചെയ്തു. പതിമൂന്നു കൊല്ലത്തിനു ശേഷം 1987-ല്‍ അദ്ദേഹം മരിക്കുന്നതിന് അല്പം മുന്‍പ് ബഹുമാനപ്പെട്ട കോടതി അദ്ദേഹത്തെ പരിപൂര്‍ണ്ണമായും കുറ്റ വിമുക്തനാക്കി.

1929-ല്‍ ജനിച്ച വേറൊരു മലയാളി ഉണ്ട്. കെ.പി.പി.നമ്പ്യാര്‍. ലണ്ടനിലും, അമേരിക്കയിലും സെമി കണ്ടക്ടറില്‍ ഗവേഷണം നടത്തിയിരുന്ന നമ്പ്യാര്‍ ഇന്ത്യയിലേക്കു തിരിച്ചു വന്നത് പ്രതിഭാശാലികളായ ഇന്ത്യാക്കാരെ തിരിച്ചു കൊണ്ടു വരാനുള്ള നെഹ്‌റുവിന്റെ പ്രത്യേക പദ്ധതിക്കു കീഴിലാണ്. ടാറ്റ ഗ്രൂപ്പിനായി ഇന്ത്യയിലെ ആദ്യത്തെ വ്യവസായിക ഇലക്ട്രോണിക് റിസര്‍ച്ച് സെന്റര്‍ സ്ഥാപിച്ച നമ്പ്യാരെ മുഖ്യമന്ത്രി ആയിരുന്ന അച്ചുതമേനോന്‍ കേരളത്തിലേക്കു കൊണ്ടു വന്നു. കെല്‍ട്രോണ്‍ മുതല്‍ ടെക്‌നോപാര്‍ക്ക് വരെ ഒട്ടേറെ സംഭാവനകള്‍ കേരളത്തിനു നല്‍കിയ നമ്പ്യാര്‍ക്കു നമ്മള്‍ തിരിച്ചു കൊടുത്തത് അവഹേളനവും വിജിലന്‍സ് കേസുകളുമാണ്. സ്ത്രീ ശാക്തീകരണത്തക്കുറിച്ചു കേട്ടു കേള്‍വി പോലുമില്ലാത്ത കാലത്ത് സ്ത്രീകള്‍ക്കായി സെമികണ്ടക്ടര്‍ നിര്‍മ്മാണ യൂണിറ്റുകളും ഇലക്ട്രോണിക്‌സ് ഉല്പന്നങ്ങളുണ്ടാക്കുന്ന ഗ്രാമതല വനിതാ സഹകരണ സംഘങ്ങളും ആദിവാസി പെണ്‍കുട്ടികളുടെ ഇലക്ട്രോണിക് വാച്ച് നിര്‍മ്മാണ യൂണിറ്റുമൊക്കെ ഉണ്ടാക്കിയ നമ്പ്യാരുടെ ചിന്തയെയും ഭാവനയെയും അന്നത്തെ പൊതുജനാഭിപ്രായം രൂപീകരിച്ചിരുന്ന സാമൂഹ്യ വിരുദ്ധന്മാര്‍ സ്വകാര്യ സംഭാഷണങ്ങളില്‍ വിലയിരുത്തിയത് “വിദേശത്തൊക്കെ പഠിച്ചതല്ലേ, കടുത്ത സ്വഭാവദൂഷ്യം കാണും” എന്നായിരുന്നു.

1941-ല്‍ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന കന്യാകുമാരിയില്‍ ജനിച്ച്, ഐന്‍സ്റ്റീന്റെ പ്രവര്‍ത്തന കേന്ദ്രമായിരുന്ന പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ പഠനം പൂര്‍ത്തിയാക്കി നാടിനെ സേവിക്കാന്‍ തിരിച്ചു വന്ന വേറൊരു പ്രതിഭാശാലിയാണ് ശ്രീ. നമ്പി നാരായണന്‍. അദ്ദേഹം കുടുങ്ങിയത് രാഷ്ട്രീയ – മാധ്യമ കൂട്ടുകെട്ടിന്റെ ഭാവനാ സൃഷ്ടി മാത്രമായിരുന്ന ഒരു ചാരക്കേസിലാണ്. പത്താം ക്ലാസ്സും ഗുസ്തിയും കൈമുതലായുള്ള ചില ഉദ്യോഗസ്ഥന്മാരാണ് ക്രയോജനിക് എന്‍ജിന്‍ വികസിപ്പിച്ച നമ്പിനാരായണനെ സാങ്കേതിക വിദ്യ ചോര്‍ത്തിയതിനു ചോദ്യം ചെയ്തത്. പീഡനങ്ങള്‍ക്കൊടുവില്‍ കോടതികള്‍ അദ്ദേഹത്തെ പൂര്‍ണ്ണമായി കുറ്റവിമുക്തനാക്കി. കേസ് കെട്ടിച്ചമച്ച പോലീസുകാര്‍ക്കെതിരെ നടപടി എടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചെങ്കിലും അതിലെ പ്രധാന ഡിജിപി റാങ്കില്‍ റിട്ടയര്‍ ചെയ്ത് വീണ്ടും കുറെക്കാലം ഇന്‍ഫര്‍മേഷന്‍ കമ്മീഷണറായിരുന്ന് സര്‍വ്വ ആനുകൂല്യങ്ങളും നേടി ഇപ്പോഴും സസുഖം വാഴുന്നു. ഇവരുടെയെല്ലാം അഴിമതി കഥകള്‍ വിറ്റുണ്ടവരാണ് ഇവിടുത്തെ മാധ്യമ കുലപതികള്‍.

ഈ തുടര്‍ക്കഥയിലെ ഏറ്റവും പുതിയ അധ്യായമാണ് ശിവശങ്കര്‍. റേഷന്‍ കടകള്‍ പോലെ കേരളത്തിന്റെ സര്‍വ്വ മൂലകളിലും പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങള്‍ സ്ഥാപിച്ചതിന്റെ പിന്നിലെ പ്രധാന ബുദ്ധികേന്ദ്രങ്ങളിലൊന്ന്. അരുണാ സുന്ദര്‍രാജ് എന്ന മേലുദ്യോഗസ്ഥയ്‌ക്കൊപ്പം, ഫയലിലെ ചുവപ്പു നാടകള്‍ ചാടിക്കടന്നു മുന്നോട്ടു പോയ ശിവശങ്കര്‍ നടത്തിയ കോണ്‍ട്രാക്റ്റ് നിയമനങ്ങളും എടുത്തു ചാട്ടങ്ങളുമൊക്കെയാണ് ലോക ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മാപ്പില്‍ കേരളത്തിനു സ്ഥാനം പിടിച്ചു കൊടുത്തത്. ലോകത്തു വേറൊരിടത്തും ഇങ്ങിനെ ഒരു മാതൃക ഇല്ല. ഇന്നു കേരളത്തിലെ വില്ലേജ് ഓഫീസുകളിലെയും സബ് രജിസ്ട്രാര്‍ ഓഫീസുകളിലെയും അഴിമതി കുറഞ്ഞിട്ടുണ്ടെങ്കില്‍ അതിനു കാരണം ഓണ്‍ലൈന്‍ സംവിധാനങ്ങളും അതിനു കളമൊരുക്കിയ അക്ഷയ കേന്ദ്രങ്ങളും അതുവഴി വിവര സാങ്കേതി വിദ്യ സാധാരണക്കാരനിലേക്കെത്തിയതുമാണ്.

ഇതിനിടയില്‍ ശിവശങ്കര്‍ന് ഐ.എ.എസ്. കിട്ടിയതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ഒരു നേതാവ് പറയുന്നത് കേട്ടു. നാല്പതു കൊല്ലം മുന്‍പ് എസ്. എസ്. എല്‍. സി.ക്കു റാങ്കു നേടിയ ശിവശങ്കര്‍ന് പത്താം ക്ലാസ്സില്‍ കിട്ടിയ മാര്‍ക്ക് അന്വേഷണം ആവശ്യപ്പെട്ട നേതാവിന്റെ പത്താം ക്ലാസ്സിലെയും പ്രീഡിഗ്രിയുടെയും മാർക്കുകൾ തമ്മിൽ കൂറ്റിയാൽ പോലും എത്തില്ല എന്നത് വേറൊരു കാര്യം.
1995-ല്‍ ആന്റണി സര്‍ക്കാര്‍ സ്ഥാപിച്ച കിന്‍ഫ്രയില്‍ അന്നു തൊട്ടിന്നു വരെ ടോപ് മാനേജ്‌മെന്റൊഴികെ എല്ലാം കോണ്‍ട്രാക്ട് നിയമനമാണ്. ഇതു തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്കറിയില്ലേ? ടെക്‌നോപാര്‍ക്കിലും, പ്രത്യേക സാമ്പത്തിക മേഖലകളിലുമൊക്കെ പി.എസ്.സി. ടെസ്റ്റെഴുതി ഏതു മാനേജ്‌മെന്റ് വിദഗ്ധന്‍ വരും? ഏത് ഐ.ഐ.എം. കാരന്‍ വരും? ഏത് ഐ.ഐ.ടി.ക്കാരന്‍ വരും?

കെ ഫോണും, കേരള ലാപ്‌ടോപ്പും പോലെയുള്ള മോഹ പദ്ധതികള്‍ പി.എസ്.സി. വഴി ആളെ എടുത്തു നടപ്പിലാക്കാമെന്ന്് പി.എസ്.സി. അംഗങ്ങള്‍ പോലും വിചാരിക്കുമെന്നു തോന്നുന്നില്ല.
അഴിമതിയുടെ കൂത്തരങ്ങാണ് ഖജനാവു തിന്നു മുടിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ മേഖല. സ്കൂളിലും, കോളേജിലും അദ്ധ്യാപക നിയമനത്തിനു ലക്ഷങ്ങള്‍ വാങ്ങുന്ന സമുദായ-സഭാ നേതാക്കള്‍ക്കെതിരെ ഈ മാധ്യമങ്ങള്‍ മിണ്ടുന്നുണ്ടോ? അവിടെപ്പോകുന്നതു സര്‍ക്കാരിന്റെ പണമല്ലേ? പക്ഷെ വായ തുറന്നാല്‍ സമുദായ നേതാവ് പത്രവും ചാനലും ബഹിഷ്ക്കരിക്കും. സ്വന്തം കഞ്ഞിയില്‍ പാറ്റ വീഴുന്ന മാധ്യമ പ്രവര്‍ത്തനമൊന്നും നമുക്കു പറ്റില്ലെപ്പ.ഇത്ര ആദര്‍ശ സമ്പന്നരും, നിയമം മുറുകെപ്പിടിക്കുന്നവരും അഴിമതിക്കെതിരെ പോരാടാന്‍ അവതരിച്ചവരുമായ മാധ്യമ പ്രവര്‍ത്തകര്‍ ഒരു കാര്യം ചെയ്യണം.

ഈ നാട്ടിലുള്ള ഒരു ചാനലും ഒരു പത്രവും സര്‍ക്കാരില്‍ നിന്ന് പരസ്യം വാങ്ങുന്നത് ടെണ്ടര്‍ നടപടികളിലൂടെയല്ല. സര്‍ക്കാര്‍ പണം എങ്ങിനെയാണ് സ്വകാര്യ സ്ഥാപനങ്ങള്‍ക്കു ടെണ്ടര്‍ ഇല്ലാതെ നല്‍കുന്നത്? ചെലവ് കഴിഞ്ഞു ബാക്കി പണം അഥവാ മാധ്യമ കച്ചവടത്തിലെ ലാഭം മാധ്യമ മുതലാളി വീട്ടില്‍ കൊണ്ടു പോവുകയല്ലേ? പിന്നെ കുറച്ചു ഭാഗം കൂടുതല്‍ തൊണ്ട തുറക്കുന്ന അവതാരകനു കൂടുതല്‍ ശമ്പളമായി പോവുകയല്ലേ? ഇതു പൊതുജനത്തിന്റെ പണമല്ലേ? അതുകൊണ്ടു ആകാശവാണിയും ദൂരദര്‍ശനും ഒഴിച്ചുള്ള മാധ്യമങ്ങള്‍ക്കു പരസ്യം ടെണ്ടറിലൂടെ മാത്രമേ നല്‍കാവൂ എന്നു ആദര്‍ശ ധീരരായ മാധ്യമ പ്രവര്‍ത്തകര്‍ പറയണം. പുപ്പുലികളായ നിങ്ങള്‍ക്ക് എന്തിനെങ്കിലുമൊക്കെ ഉറപ്പുണ്ടെങ്കില്‍ സ്വന്തം മുതലാളിമാരോടും പറയണം. മുതലാളിമാര്‍ ശിവശങ്കര്‍ന്റെ കുടുംബം അനുഭവിച്ച പീഡനങ്ങള്‍ വിവരിച്ചു വനിതാ മാസികകളുടെ പ്രത്യേക പതിപ്പു വഴി പത്തു കാശുണ്ടാക്കാമോ എന്ന ചിന്തയിലായിരിക്കും. പറ്റുമെങ്കില്‍ കോവിഡ് കാലത്തു കുടിശ്ശികയായി കൈപ്പറ്റിയ പരസ്യക്കൂലി തിരിച്ചടക്കുകയും വേണം. നാട്ടുകാര്‍ക്കൊരു നീതി, നിങ്ങള്‍ക്കു വേറൊരു നീതി. ഇതെന്തു ന്യായമാണ്?