01

ആര്‍ത്തലച്ചു മുന്നോട്ടു പായുന്ന തീവണ്ടിയില്‍ താടിക്കു കൈകുത്തി ജനലരികിലെ സീറ്റില്‍ അയാള്‍ ഇരിക്കാന്‍ തുടങ്ങിയിട്ട് നേരം ഏറയായി ചുറ്റിലും നടക്കുതൊന്നും അറിയാതെ അയാള്‍ ഗാഡമായ ഏതോ ചിന്തയില്‍ നിമഗ്നനായിരിക്കുകയാണ്. പതിവിലും തിരക്കുണ്ടായിരുന്ന തീവണ്ടിയില്‍ ഒരു വിധത്തിലാണ് ഒരു സീറ്റ് തരപ്പെട്ടത് അതും അയാള്‍ക്ക് ഏറെ പ്രിയപ്പെട്ട ജനാലക്കരികില്‍ തന്നെ. ജനാലയിലൂടെ മിന്നിമറയുന്ന മനോഹരമായ ഗ്രാമകാഴ്ചകള്‍ക്കുപോലും അയാളുടെ ചിന്തകളെ തെല്ലും ആലോസരപ്പെടുത്താന്‍ കഴിഞ്ഞില്ല . ചിന്തകളില്‍ ഉരുകി ഉരുകി, കുതിച്ചുപായുന്ന തീവണ്ടിക്കൊപ്പം ആടിയുലഞ്ഞ് അയാളും മുന്നോട്ടു പായുകയാണ്.

ചിന്തകള്‍ക്ക് തീ പിടിച്ചു, മാനസ്സുരുകി, ഒടുവില്‍ അവ കണ്ണീര്‍ തുള്ളികളായി അയാളുടെ കവിള്‍ തടങ്ങളില്‍ ചാലുതീര്‍ത്തു ഒഴുകി തുടങ്ങി .എതിര്‍വശത്തെ സീറ്റിലിരുന്നു ഏറെ നേരമായി ഞാന്‍ അയാളെ തന്നെ ഇമവെട്ടാതെ നോക്കിയിരിക്കുകയായിരുന്നു, പക്ഷെ ആ കണ്ണീര്‍ ധാരകള്‍ എന്റെ മനസ്സിനെയും പതിയെ മുറിവേല്‍പ്പിച്ചു തുടങ്ങി. ഒരു സഹയാത്രികന്റെ സ്വകാര്യതയിലേക്ക് എത്തി നോക്കാന്‍ ഒട്ടും താല്‍പര്യമില്ലതിരുന്നിട്ടും, അയാളെ ഒന്ന് തട്ടി വിളിച്ചാലോ എന്ന ചിന്ത ഒരു ത്വരയായി വളര്‍ന്നു , കൈകളിലേക്ക് ഒരു ഊര്‍ജപ്രവാഹമായി കുതിച്ചെത്തി , ഒടുവില്‍ കൈകള്‍ പതിയെ അയാളെ തട്ടി വിളിച്ചു . ചിന്തകള്‍ക്കൊരു ഇടവേളയിട്ട് അയാള്‍ എന്റെ മുഖത്തേക്ക് നോക്കി. ഒഴുകിപ്പരന്ന കണ്ണുനീരിന്റെ ജാള്യത മറക്കാന്‍ അയാള്‍ വല്ലാതെ പാടുപെടുന്നത് ഞാന്‍ കണ്ടില്ലെന്നു നടിച്ചു.

എന്ത് പറ്റി മിസ്റര്‍, നിങ്ങള്‍ വല്ലാതെ സങ്കടപ്പെട്ടുന്നു എന്ന് തോനുന്നു . പറയാന്‍ പ്രയാസമില്ലെങ്കില്‍…. , ഒരു സുഹൃത്തിനെപോലെ കരുതി എന്നോടു പറയൂ, നിങ്ങളെ വല്ലാതെ ഉലയ്ക്കുന്ന ആ വിഷമത്തിന്റെ കാരണമെന്താണ്? ഒരു പക്ഷെ ഞാന്‍ നിസ്സഹായനായിരിക്കാം , എങ്കിലും താങ്കളെ ആശ്വസിപ്പിക്കാന്‍ ഒരു പക്ഷെ എനിക്ക് കഴിഞ്ഞെന്നിരിക്കാം…. ചുവന്നു കലങ്ങിയ അയാളുടെ കണ്ണുകള്‍ പക്ഷെ ഒരു പ്രതികരണം പോലും തരാതെ അങ്ങ് ദൂരെ അസ്തമയ സൂര്യന്‍ ചുവപ്പിച്ച ഗ്രാമ കാഴ്ചകളെ ആവാഹിച്ചു നിര്‍വികാരമായി നിന്നതേയുള്ളൂ .. എങ്കിലും എന്തൊക്കയോ ചിന്തകളെ അടക്കിനിര്‍ത്താന്‍ അയാള്‍ പാടുപെടുന്നത്തിന്റെ പ്രതിദ്വനികള്‍ പലപ്പോഴായി ആ മുഖത്ത് മിന്നിമഞ്ഞു കൊണ്ടേയിരുന്നു

അയാളുടെ കണ്ണുകളിലെ ആ നിര്‍വികാരത എന്നിലും നിരാശയുടെ നേരിയ ലാഞ്ചന പകര്‍ന്നുതന്നു, വേണ്ടായിരുന്നു, ഒന്നും ചോദിക്കണ്ടായിരുന്നു, മനസ്സ് അറിയാതെ മന്ത്രിച്ചുകൊണ്ടിരുന്നു.. ജാലകകമ്പിയില്‍ കൈകള്‍ ചേര്‍ത്ത് വെച്ച് പുറം കാഴ്ചകള്‍ക്ക് മനസ്സ് കൊടുത്തു ഞാനും അയാളില്‍നിന്നും ശ്രദ്ധയെ മാറ്റാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.. കൊയ്യാന്‍ പാകമായ നെല്‍വയലുകളിലെ സ്വര്‍ണ്ണവര്‍ണ്ണ കതിരുകളില്‍ സൂര്യരശ്മികള്‍ വര്‍ണ്ണരാചികള്‍ വിരാചിക്കുന്ന ആ സായാഹ്നം മനോഹരമായിരുന്നെങ്കിലും , അപരിചിതനായ ആ സഹയാത്രികന്റെ കണ്ണില്‍ നിന്നും അടര്‍ന്നു വീണ കണ്ണീരിന്റെ ചൂട് അപ്പോഴും എന്റെ മനസ്സിനെ വല്ലാതെ പൊള്ളിച്ചു കൊണ്ടിരുന്നു. ഒരു സഹായാത്രികനെക്കാള്‍ ഒരു സഹജീവിയുടെ വെന്തമനസ്സിന്റെ ആവിയായിരുന്നു ആ കണ്ണീരെന്ന തിരിച്ചറിവായിരിക്കാം, അല്ലെങ്കില്‍, അന്യന്റെ ശബ്ദം ഒരു സംഗീതം പോലെ ആസ്വദിക്കണമെന്നു പഠിപ്പിച്ച പ്രതെയശാസ്ത്രത്തെ മുറുകെ പിടിച്ചത് കൊണ്ടാവാം … അറിയില്ല എന്തായിരുന്നു എന്നെ ഏറെ നോവിച്ചതെന്നു….

നിമിഷങ്ങള്‍ കടന്നു പോയിക്കൊണ്ടെയിരുന്നു, കുതിച്ചു പായുന്ന തീവണ്ടിക്കൊപ്പം മറഞ്ഞു പോകുന്ന കാഴ്ച്ചകളുടെ സ്വര്‍ണ്ണവര്‍ണ്ണവും അലിഞ്ഞലിഞ്ഞു ഇല്ലാതിയ്ക്കൊണ്ടിരുന്നു , ഗ്രാമ കാഴ്ചകളെ ഇരുട്ട് പൊതിഞ്ഞു തുടങ്ങി , സൂര്യന്‍ പടിഞ്ഞാറെ ചക്രവാളവും കടന്നു പോയിരിക്കുന്നു … കണ്ണുകള്‍ ഉറക്കത്തെ മാടിവിളിച്ചു, മനസ്സ് ഇരുട്ടിലേക്ക് ആഴ്ന്നിറങ്ങി

ഒരു നനുത്ത കരസ്പര്‍ശം എന്റെ മനസ്സിനെ ഉണര്‍ത്തിയപ്പോള്‍, ജാലക കമ്പിയില്‍നിന്നും മുഖമുയര്‍ത്തി മെല്ലെ നോക്കി, അത് സഹയാത്രികന്റെ കൈകളായിരുന്നു . തെല്ലു കുറ്റബോധത്തോടെ കൈകളില്‍ പിടിച്ചു അയാള്‍ പറഞ്ഞു “എന്നോടു ക്ഷമിക്കൂ , താങ്കള്‍ ചോദിച്ചതിനുള്ള മറുപടി എങ്ങനെ പറയും എന്നുള്ള അങ്കലാപ്പിലായിരുന്നു .. പൊതുവേ അഭിമാനിയാണ് ഞാന്‍ , കൂട്ടുകാര്‍ എപ്പഴും പറയുമായിരുന്നു , പട്ടിണികിടാന്നാലും വയറുനിറച്ചും ഉണ്ടൂ എന്നേപറയൂ എന്ന് !!.. “. ഒരു പക്ഷെ ഒരു മുഖവുരക്ക് വേണ്ടി പരതിയതായിക്കന്നം അയാള്‍, എങ്ങിനെ, എവിടെ തുടങ്ങണം എന്നറിയാതെ ഉഴറുന്നത് ആ മുഖത്തുനിന്നും വായിച്ചെടുക്കാമായിരുന്നു.

നോക്കൂ താങ്കള്‍ എന്നെ ഒരു നല്ല സുഹൃത്തായി കരുതൂ , ഞാന്‍ എന്നെ ആദ്യം പരിചയപ്പെടുത്താം , അത് ഒരു പക്ഷെ താങ്കളുടെ അകല്‍ച്ച ഒരല്‍പം കുറച്ചേക്കാം . ഞാന്‍ ഒരു പ്രവാസിയാണ്, പേര് ശ്യാം , ഒരു സ്വകാര്യ സ്ഥാപനത്തിലെ മാനേജാരായി ജോലി നോക്കുന്നു, ഇപ്പോള്‍ ലീവിന് നാട്ടില്‍വന്നതാണ് കൂടാതെ എഴുത്തുകാരനാണ് , അത്യാവശ്യം വാരികകളിലും ആനുകാലികങ്ങളിലും എഴുതാറുമുണ്ട്. ഒരു സുഹൃത്തിനെ കാണാന്‍ ബോംബയിലേക്കുള്ള യാത്രയിലാണ്. താങ്കളുടെ കണ്ണില്‍ നിന്നും ഒഴുകി പരന്ന കണ്ണുനീര്‍ ചാല്കീറിയത് എന്റെ ഹൃദയത്തിലേക്കാണ്. അതിന്റെ ചൂട് എന്നെ വല്ലാതെ നൊമ്പരപെടുതുന്നു .ഞാന്‍ പഠിച്ച പ്രത്യേയശാസ്ത്രം വേദനിക്കുന്നവന്റെ കൂടെയാണ്.. താങ്കളുടെ നൊമ്പരം കാണാതിരിക്കാന്‍ എനിക്ക് കഴിയില്ല ഇനി പറയൂ താങ്കള്‍ ആരാണ് , എന്താണ് താങ്കളെ വല്ലാതെ വേട്ടയാടുന്നത് ?

“പറയാം , ഞാന്‍ എല്ലാം പറയാം .. താങ്കളില്‍ ഒരു നല്ല മനുഷ്യനെ ഞാന്‍ കാണുന്നു,..” അയാളുടെ കണ്ണുകളില്‍ ഒരു പ്രകാശശോഭ തെളിഞ്ഞു .

അയാള്‍ തുടര്‍ന്നു “ പേര് ജയന്‍ , താങ്കളെ പോലെ ഒരു പ്രവാസിയിരുന്നു , സാധാരണ കുടുംബത്തില്‍ നിന്നും എഞ്ചിനിയര്‍ ആയ ഒരാള്‍ , പഠനത്തിനും മറ്റും‍ കടം വാങ്ങി ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ പെട്ട കാലം . പ്രാരാബ്ദത്തിന്റെ നാളുകളില്‍ ജീവിതം പച്ച പിടിപ്പിക്കമെന്ന മോഹവുമായി മണലാരന്യത്തിലെത്തിയ ഒരു സാധാരണക്കാരന്‍. കണ്ടതോക്കയും പാഴ്കിനാക്കളായിരുന്നെന്നു വൈകാതെ മനസ്സിലാവുമ്പോഴെക്ക് രക്ഷപ്പെടാനുള്ള അവസാനത്തെ തീരവും കടലെടുത്തിരുന്നു . പരാധീനതകലുടെ ഘോഷയാത്രയായിരുന്നു ചുറ്റും. പിന്നെ ചുട്ടുപൊള്ളുന്ന മണല്‍ പരപ്പുകളെയും ശരീരത്തിലെ പച്ചമാംസം കരിഞ്ഞു മണക്കുന്ന കൊടും ചൂടിനേയും അതിജീവിച്ചു രണ്ടു വര്‍ഷം കൊടും വെയിലില്‍ ജോലി ചെയ്തു . എന്നെ ജോലിക്കെടുത്ത ആള്‍ ക്കറിയില്ലയിരുന്നു ഞാന്‍ ഒരു എഞ്ചിനിയര്‍ ആണെന്ന് , ഒടുവില്‍ സത്യം മനസ്സിലാക്കിയ അയാള്‍ എന്നെ പോകാനനുവദിച്ചു. പുറത്തു വേറെ ജോലി നോക്കി, അയാളും സഹായിച്ചു , ഒടുവില്‍ ഒരു കണ്‍സല്‍ട്ടന്‍സിയില്‍ ജോലി കിട്ടി , നല്ല ശമ്പളം, മികച്ച ജീവിത സാഹചര്യം .

പിന്നീട് പതിനാലു വര്‍ഷങ്ങള്‍ നല്ല നിലയില്‍ ജീവിച്ചു , അതിനിടയില്‍ വിവാഹം , രണ്ടു കുട്ടികള്‍ , അവര്‍ക്ക് ഗള്‍ഫില്‍ തന്നെ മികച്ച വിദ്യാഭ്യാസം. ജീവിതം കെട്ടഴിച്ചു വിട്ട ഒരു നൌക പോലെ താളലയത്തില്‍ ഒഴുകുകയായിരുന്നു . പ്രാരബ്ദങ്ങലുടെ ഭൂതകാലം ഞാന്‍ മറന്നു പോയി . കിട്ടിയതത്രയും അവിടെ തന്നെ ചിലവഴിച്ചു ജീവിതം മുന്നോട്ടി കൊണ്ടു പോയി ..

വീട് വാടകയും മക്കളുടെ വിദ്യാഭ്യാസ ചിലവും, മറ്റ് ചിലവുകളും പലപ്പോഴും വരുമാനത്തിനു എത്രയോ അപ്പുറത്തേക്ക് എത്തി തുടങ്ങി . പക്ഷെ എന്നെ സഹായിക്കാന്‍ ബങ്കുകള്‍ തയ്യാറായിരുന്നു . അവര്‍ ലോണ്‍ ആയും ക്രഡിറ്റ് കാര്‍ഡായും എന്നെ ആവോളം സഹായിച്ചു .

ഞാന്‍ ഒരു കേള്‍വിക്കാരന്റെ മാത്രം രൂപത്തിലേക്ക് മാറി കഴിഞ്ഞിരുന്നു . അയാള്‍ തുടര്‍ന്നു , “നോക്കൂ ശ്യാം , ഞാന്‍ അങ്ങനെ വിളിച്ചോട്ടെ, താങ്കള്‍ക്ക് എന്നെക്കാള്‍ ഒരിത്തിരി പ്രായം കുറവാണെന്ന് തോന്നുന്നു”,

“തീര്‍ച്ചയായും ജയേട്ടന് എന്നെ അങ്ങനെ തന്നെ വിളിക്കാം” , ഞാന്‍ ഇടയില്‍ പറഞ്ഞു “ഒരു സിനിമ കഥ പോലെ തോനുന്നു താങ്കളുടെ ജീവിതം”!!. താങ്കള്‍ പറയൂ ..

അയാളുടെ മനസ്സ് ഓര്‍മകളിലേക്ക് ഊളിയിട്ടു. ജോലി സ്ഥലത്തെ കാര്യങ്ങള്‍ പതിയെ പന്തിയല്ലാതായി , ജനറല്‍ മാനേജര്‍ക്ക് എല്ലാ കാര്യങ്ങള്‍ക്കും ഞാന്‍ മാത്രം മതിയായിരുന്ന ഒരു കാലമുണ്ടായിരുന്നു അവിടെ നിന്നും കാര്യങ്ങള്‍ പതിയെ തിരിഞ്ഞു നടക്കാന്‍ തുടങ്ങിയിരിക്കുന്നു. മാനസികമായ എന്തോ അകല്‍ച്ച ഞങ്ങള്‍ക്കിടയില്‍ അനുദിനം കൂടി വരുന്ന പോലെ അനുഭപ്പെട്ടു തുടങ്ങി. ആരോക്കയോ എനിക്കെതിരായി അവിടെ കരുക്കള്‍ നീക്കുന്ന പോലെ ,… മനസ്സിനെ ഒരു ആധി പിടികൂടാന്‍ തുടങ്ങിയെന്ന സത്യം പതിയെ ഞാന്‍ തിരിച്ചറിഞ്ഞു . ചെയ്യുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാതെ വന്നു തുടങ്ങി. പലപ്പോഴും മാനേജരുമായി വഴക്കായി . ഒടുവില്‍ ഞാന്‍ പ്രതീക്ഷിച്ച പോലെ ആ ദിനം വന്നെത്തി , എന്നെ ജോലിയില്‍ നിന്നും ഒഴിവാക്കികൊണ്ടുള്ള നോട്ടീസ് കയ്യില്‍ തന്നു മാനേജര്‍ പറഞ്ഞു , “ഇനി താങ്കളുടെ സേവനം കമ്പനിക്ക് ആവശ്യമില്ല , രണ്ടു മാസം നോട്ടീസ് പിരീഡ് , വീട്ടില്‍ ഇരുന്നാല്‍ മതി , ശമ്പളം തരും . വേറെ ജോലി കണ്ടെത്താന്‍ എല്ലാ വിധ ആശംസകളും നേരുന്നു”.

എത്ര നിര്‍വികാരതയോടെയാണ്, ആ മാനേജര്‍, ഒരുകാലത്ത് തന്റെ പ്രിയപ്പെട്ടവനായിരുന്ന ജീവനക്കാരനെ പിരിച്ചുവിടുന്നത്. മനസ്സാക്ഷികുത്തിന്റെ ഒരു കണികപോലും ആ മുഖത്ത് കാണാന്‍ സാധിച്ചില്ല . നീണ്ട പതിനാലു വര്‍ഷത്തെ സേവനം മതിയാക്കി ഞാന്‍ പടിയിറങ്ങി . പക്ഷെ പ്രതീക്ഷയുണ്ടായിരുന്നു ഒരു പാടു സുഹൃത്തുക്കള്‍ ഈ പ്രവാസലോകത്തെ വിവിധ സ്ഥാപനങ്ങളില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നു . പലരും പലപ്പോഴും പറഞ്ഞുട്ടുണ്ട് ഇതിനെകാള്‍ മികച്ച ജോലി വാങ്ങിത്തരാമെന്ന് , പക്ഷെ അപോഴക്കെ ഞാന്‍ അത് നിരസിക്കുമായിരുന്നു.

അക്കങ്ങളുടെ കണക്കു പുസ്തകത്തിലേക്ക് മനസ്സ് പായിച്ചപ്പോള്‍ ഒന്ന് ആളിപോയി , ബാങ്കിലെ കടം , സമ്പാദ്യം ഒന്നും ഇല്ലാത്ത അവസ്ഥ.. തുടങ്ങിവെച്ച വീട്പണി.. ഭാര്യ മക്കളുടെ വിദ്യാഭ്യാസം , വാടക … എവിടെയും ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ …. പതിയെ വീടിലേക്ക്‌ വണ്ടി ഓടിച്ചു , പാര്‍ക്കിങ്ങില്‍ വണ്ടി നിര്‍ത്തി ലിഫ്ടിലേക്ക് കയറുമ്പോള്‍ ഭാര്യയോടു ഈ കാര്യം എങ്ങനെ അവതരിപ്പിക്കുന് എന്ന ചിന്തയായിരുന്നു . എല്ലാ പറയാനുറച്ചു പത്താമത്തെ ഫ്ലോറില്‍ ലിഫ്റ്റില്‍ നിന്നും ഇറങ്ങി ഫ്ലാറ്റിന്റെ വാതിലിനടുത്തേക്ക് നടന്നു . കോളിഗ് ബെല്ലില്‍ കൈ അമര്‍ത്തി . ഈ സമയത്ത് ഇതാരാണെന്ന ഭാവത്തില്‍ ഭാര്യ വാതില്‍ തുറന്നു “എന്ത് പറ്റി സുഖമില്ലേ, അതോ ഇന്ന് ഓഫിസ് ഇല്ലേ “? നീ ഇത്തിരി വെള്ളംതാ ഞാന്‍ എല്ലാം പറയാം എന്നാ ആമുഖത്തോടെ സോഫയിലേക്ക് ഇരുന്നു , കാര്യങ്ങള്‍ ഒരു വിധം അവളെ ധരിപ്പിച്ചു . “ഇനി നമ്മള്‍ എന്ത് ചെയ്യും ?” ആശങ്ക നിറഞ്ഞ ആ ചോദ്യത്തെ എങ്ങനെ നേരിടണമെന്നറിയാതെ ഞാന്‍ കുഴങ്ങി. സാരമില്ല നമുക്ക് ബന്ധങ്ങള്‍ ഒരുപാടില്ലേ ഈ പ്രവാസലോകത്ത് ആരെങ്കിലും സഹായിക്കാതിരിക്കില്ല . ആ വാക്കുകള്‍ അവളില്‍ ഒരിത്തിരി ആശ്വാസത്തിന്റെ വെട്ടം തെളിച്ചു.

സുഹൃത്തുക്കള്‍ പലരെയും സമീപിച്ചു ബയോഡാറ്റ കൊടുത്തു , നോക്കാമെന്ന ഒഴുക്കന്‍ മറുപടിയില്‍ ചിലര്‍ , പരമാവധി ശ്രമിക്കാമെന്ന പ്രതീക്ഷ നല്‍കി വേറെ ചിലര്‍ .. ദിവസങ്ങള്‍ കടന്നു പോയി പക്ഷെ ജോലി ഒന്നും ശരിയായില്ല, സുഹൃത്തുക്കളില്‍ പലരും ഫോണ്‍ വിളിച്ചാല്‍ എടുക്കാതായി , ചിലര്‍ തിരക്കാണ് തിരിച്ചു വിളിക്കമെന്ന മറുപടിയില്‍ ഫോണ്‍ കട്ട് ചെയ്തു. നാട്ടിലെ ബന്ധുക്കള്‍ പോലും സംസാരിക്കാതെയായി. എല്ലാവരും ഒഴിവാക്കുകയാനെന്ന സത്യം പതിയെ തിരിച്ചറിഞ്ഞു തുടങ്ങി .

കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയിലേക്ക് എത്തുകയാനെനു മനസ്സിലായി . ഭാര്യയെയും മക്കളെയും നാട്ടില്‍ വിടാനും കുട്ടികളുടെ വിദ്യാഭ്യാസം നാട്ടിലാക്കാനും തീരുമാനിച്ചു. ദീര്‍ഘനാളത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു അവര്‍ നാട്ടിലേക്ക് യാത്രയായി. ആശ്വാസത്തിന്റെ അവസാന കണികയും എന്നില്‍ നിന്നും അകന്നുപോയെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ മനസ്സ് വിസമ്മതിച്ചു . ആ രാത്രി ഒരു പോള കണ്ണടക്കാതെ കരഞ്ഞു തീര്ത്തു. എല്ലാവരും ഉപേക്ഷിച്ചപ്പോഴും ഓരോ ദിവസവും ആശ്വസിപ്പിച്ചിരുന്ന ഭാര്യയും , മക്കളുംകൂടെ കൂടെയില്ലാതെ ഒറ്റപ്പെട്ട ആ രാത്രി ഒരു ദുസ്വപ്നമായി ഇപ്പോഴും എന്നെ വേട്ടയാടുന്നു.

ഫൈനല്‍ സെറ്റില്‍മേന്റില്ലാതെ ശമ്പളം ബാങ്കിലേക്ക് അയക്കില്ലെന്ന അറിവ് കാര്യങ്ങളെ കൂടുതല്‍ ഗുരുതരമാക്കി. ശമ്പളം ബാങ്കില്‍ ഏതാതായതോടെ അവര്‍ വിളിതുടങ്ങി ലോണ്‍ അടവ് മുടക്കിയാല്‍ പോലീസില്‍ പരാതി കൊടുക്കും , ക്രഡിറ്റ് കാര്‍ഡ് പെട്ടന്ന് അടച്ചു തീര്‍ക്കണം ഇല്ലങ്കില്‍ താങ്കള്‍ നിയമനടപടി നേരിടേണ്ടി വരും എന്നിങ്ങനെ നിരന്തരമായ വിളികള്‍ വല്ലാത്ത അലോസരമായ അവസ്ഥ .. ഞാന്‍ ഓര്‍ക്കുകയായിരുന്നു , എന്ത് സ്നേഹമായിരുന്നു ഈ ബാങ്കുകള്‍ക്ക് , ലോണ്‍ തരാന്‍ മത്സരമായിരുന്നു ബാങ്കുകള്‍ തമ്മില്‍ . ഇവരുടെ പ്രതിനിധികള്‍ എന്നും ഓഫീസില്‍ കുത്തിയിരിക്കുമായിരുന്നു… ഇപ്പൊ അവര്‍ എന്നെ ഭീഷണി പെടുത്തുന്നു ..ആവര്‍ക്ക്‌ എന്നെ നിയമനടപടിക്കു വിധേയനാക്കണം പോലും..

എന്റെ കഥകള്‍ ശ്യാമിനെ ബോറടിപ്പിക്കുന്നില്ല എന്ന് കരുതുന്നു . യാത്ര വളരെ നീണ്ടതാണ് , മടുത്തു എങ്കില്‍ പറയാന്‍ മടിക്കണ്ട .. എനിക്ക് തന്നേ മടുത്തൂ ഈ ജീവിതം പിന്നല്ലേ താങ്കള്‍ക്ക് …

“ജയെട്ടാ .. ഞാന്‍ പറഞ്ഞില്ലേ ഈ ജീവിതം അറിയാന്‍ ഞാന്‍ അല്ലെ ചോദിച്ചത് പിന്നെ മടുക്കാണോ ? ഒരുള്‍ക്കിടിടിലതോടെ ഞാന്‍ കേള്‍ക്കുകയാണ് താങ്കളെ .. ആ ജീവിതത്തെ … ഏതു മനുഷ്യനും അഭിമിഖീകരിചെക്കാവുന്ന അവസ്ഥകളെ …

ജയേട്ടന്‍ തുടരൂ , കേള്‍ക്കട്ടെ “

അയാള്‍ തുടര്‍ന്നു

ഒരു അടവ് പോലും തെറ്റിക്കാതെ, ലോണ്‍ ഞാന്‍ അടച്ചു പക്ഷെ ശമ്പളം വരാതയതോടെ ബാങ്കുകാര്‍ നിയനടപടി തുടങ്ങി . അങ്ങനെ ഒരു ദിവസം പോലീസില്‍ നിന്നും വിളി വന്നു , അടുത്ത പോലീസ സ്റ്റേഷനില്‍ വരണം ചില കാര്യങ്ങള്‍ സംസാരിക്കണം അതിനാണ് എന്നൊക്കെ. ഉള്ളിലെ ഭയം പെരുമ്പറയായി മുഴങ്ങി , ഒരു സുഹൃത്തിനെയും കൂട്ടി പോലീസ് സ്റ്റേഷനില്‍ പോയി, തനിച്ചു ഉള്ളിലേക്ക് . അറബി ഭാഷ കൈകാര്യം ചെയ്യാനറിയാത്ത ഞാന്‍ ആശയവിനിമയത്തിന് വല്ലാതെ ബുദ്ധിമുട്ടി . ചില കടലാസുകളില്‍ ഒപ്പിടുവിച്ചു അവിടെ നിന്നും മറ്റൊരു ഓഫീസറുടെ അടുത്തേക്ക്, പിന്നെ കയ്യിലുള്ളതെല്ലാം അവിടെ വാങ്ങിവെച്ചു ഒരു പോലീസ് കാരന്റെ കൂടെ വിശാലമായ ഒരു ഇരുണ്ട ഇടനാഴിയിലൂടെ താഴേക്കു നടന്നു , കയ്യില്‍ ഒരു തലയിണയും , പുതപ്പും തന്നു പോലീസുകാരന്‍ ഒരു ജയില്‍ മുറിയിലേക്ക് ചൂണ്ടി .. അവിടേക്ക് പോകാന്‍ ആംഗ്യം കാണിച്ചു .. പ്രതീക്ഷകള്‍ അസ്തമിക്കുന്നുവോ , ഒരു മൊബൈല്‍ ഫോണ്‍ പോലും കയ്യിലില്ലാതെ , വസ്ത്രം പോലും മാറ്റിവെച്ചു അവര്‍ തന്ന ജയില്‍ വസ്ത്രം ധരിച്ചു ഇടിവെട്ടെറ്റ പോലെ ആ ജയിലറക്കുള്ളില്‍….. ബോധം മറയുന്ന പോലെ ഒരു തോന്നല്‍ പിന്നെ തളര്‍ന്ന ചെമ്പില പോലെ തറയിലേക്കു വീണു .

ഒരു പോലീസ്കാരന്‍ ഓടി വന്നു , ഉടനെ നേഴ്സ് വന്നു മുഖത്ത് തണുത്ത വെള്ളംകുടഞ്ഞു, ഇന്ഗ്ലീഷ് അറിയാവുന്ന അയാളോട് ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു ഇന്ന് തന്നെ പണമടച്ചാല്‍ രക്ഷപ്പെടാമെന്ന വസ്തുത അയാളില്‍ നിന്നും ഞാന്‍ അറിഞ്ഞു. പുറത്തു നില്‍ക്കുന്ന സുഹൃത്തിനെ ഒന്ന് വിളിക്കാന്‍ സഹായിക്കണമെന് അപേക്ഷിച്ച് പ്പോള്‍ നല്ലവനായ അയാള്‍ സമ്മതിച്ചു . സുഹൃത്ത് എവിടെനിനോക്കെയോ പണം കൊണ്ടുവന്നു ബാങ്കില്‍ അടച്ചു ആ രസീതിയും കൊണ്ടു പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി. അന്ന് രക്ഷപ്പെടാമെന്ന ഒരു പ്രതീക്ഷയും ഇല്ലായിരുന്നു . പക്ഷെ , കാര്യങ്ങള്‍ ശുഭമായി , ഒരു പോലീസുകാരന്‍ എന്റെ പേര് ഉറക്കെ വിളിച്ചു , പിന്നെ ജയിലറ തുറന്നു നീണ്ട ഇരുണ്ട ഇടനാഴിയിലൂടെ പോലീസ് സ്റ്റേഷന്റെ ഓഫീസിലേക്ക് , വസ്ത്രങ്ങളും ഫോണും തിരികെ തന്നു നന്ദി പറഞ്ഞു പുറത്തിറങ്ങുമ്പോള്‍, ദൈവരൂപത്തില്‍ പ്രത്യക്ഷപ്പെട്ട ആ സുഹൃത്തിനെ കെട്ടി പിടിച്ചു ഞാന്‍ കരഞ്ഞു മതിയാകും വരെ….

ദിവസങ്ങള്‍ അതിവേഗം കടന്നു പോയി , ജോലി അന്വഷണം നിരന്തമായി തുടര്‍ന്നെങ്കിലും ഒരു ഇന്റെര്‍വ്യു പോലും ലഭിച്ചില്ല. വര്‍ഷങ്ങളുടെ പ്രവര്‍ത്തി പരിചയമോ കയ്യിലെ സര്ടിഫിക്കറ്റുകാളോ ഒരു ഗുണവും ചെയ്തില്ല . സഹായിക്കാമെന്നെറ്റ സുഹൃത്തുക്കളും കയ്യോഴിഞ്ഞപ്പോള്‍, ഇനി മടക്കയാത്രയാകം എന്ന ചിന്ത മനസ്സിനെ പിടികൂടി . ഏകാന്തമായ താമസം ഒരു പക്ഷെ എന്നെ ഒരു ഭ്രാന്തനാക്കിയെക്കാം എന്ന തിരിച്ചറിവ് ഈ ചിന്തക്ക് ഊര്‍ജം പകര്‍ന്നു. കയ്യിലെ പണം തീര്‍ന്നു കഴിഞ്ഞിരുന്നു മിക്കവാറും ദിവസവും പട്ടിണി തന്നെയായിരുന്നു. വല്ലപ്പോഴും വന്നു പോകുന്ന ചില സുഹൃത്തുക്കള്‍ മാത്രമായിരുന്നു ഏക ആശ്വാസം , അവര്‍ വാഗ്ദാനം ചെയ്യുന്ന പണം വാങ്ങാന്‍ പലപ്പോഴും എന്റെ അഭിമാനം സമ്മതിച്ചില്ല . ഒടുവില്‍ വീട്ടിലെ സാധനങ്ങള്‍ ഓരോന്നായി വില്‍ക്കാന്‍ തുടങ്ങി . ആദ്യം വണ്ടി വിറ്റു, കുറെ നാള്‍ പിടിച്ചു നില്‍ക്കാനുള്ള പണം അങ്ങനെ കിട്ടി പക്ഷെ പറഞ്ഞ തുക മുഴുവന്‍ തരാതെ അയാള്‍ പറ്റിച്ചു. പിന്നീട് തന്റെ പ്രിയപ്പെട്ട ടിവി തൊട്ടു വില്‍ക്കാനവുന്ന അത്രയും… ഇലക്ട്രോണിക്ക് സാധനങ്ങള്‍ മുതല്‍ വീട്ടു പാത്രങ്ങള്‍ വരെ എല്ലാം..

കമ്പനി അനുവദിച്ച രണ്ടു മാസത്തെ സമയം അവസാനിക്കാന്‍ പോകുന്നു , എത്രയും പെട്ടന്ന് ഈ നാട് വിടണം എന്ന ചിന്തയില്‍ ഒരോ ദിവസവും തള്ളി നീക്കി. ഫൈനല്‍ സെറ്റില്‍മെന്റു തന്നു വിസ ക്യാന്‍സല്‍ ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ കമ്പനി ആരംഭിച്ചു .ഈ രണ്ടു മാസം കൊണ്ടു കടം ഏറെ വരുത്തിയിരിക്കുന്നു . നാട്ടിലെ അവസ്ഥ അതിലേറെ പരിതാപകരമായിരുന്നു . ഭാര്യയുടെ അവസാനത്തെ ആഭരണവും വിറ്റു കഴിഞ്ഞു . മക്കളുടെ സ്കൂള്‍ അഡ്മിഷന്‍ മുതല്‍ വീട്ടു ചിലവിനുവരെ പണം കണ്ടത്തെണ്ട അവസ്ഥയിലായിരുന്നു ഭാര്യ. ബന്ധുക്കള്‍ എല്ലാം കയ്യൊഴിഞ്ഞു. പതിവിനു വിപരീതമായി ഗള്‍ഫില്‍ നിന്നും വന്ന ഭാര്യയെയും മക്കളേയും കാണാന്‍ ആരും എത്തിയില്ല .

കമ്പനിയില്‍ നിന്നും ലഭിച്ച പണം മുഴുവന്‍ കടം വീട്ടാന്‍ വേണ്ടി വന്നു , ബാങ്ക് ലോണ്‍ അടക്കാന്‍ സഹായിച്ചവരുടെ പണം കൊടുത്തു കഴിയുമ്പോഴേക്കും ഏറെക്കുറെ കീശ കാലിയായിരുന്നു . മക്കള്‍ക്ക്‌ ഒരിത്തിരി ചോക്ലേറ്റു വാങ്ങാനുള്ള കാശുകയ്യില്‍ വെച്ച് ബാക്കിയെല്ലാം കൊടുത്തു തീര്‍ത്തു. ഒടുവില്‍ പഴയ വസ്ത്രങ്ങളും എന്റെ പ്രിയപ്പെട്ട പുസ്ഥകങ്ങലുമായി തിരികെ നാട്ടിലേക്ക് …

ജയന്റെ കണ്ണില്‍ നിന്നും കണ്ണനീര്‍ ധാര ധാരയായി ഒഴുകി, ഇരു കൈകളും കൊണ്ടു മുഖം പൊത്തിപ്പിടിച്ചു അയാള്‍ കരഞ്ഞു. ഒന്ന് ആശ്വസിപ്പിക്കാന്‍ പോലുമാകാതെ ഞാന്‍ ആ ജീവിത യാഥാര്‍ത്യങ്ങലുടെ മുന്നില്‍ പകച്ചു നിന്നു. “താങ്കള്‍ മതിയാവും വരെ കരയൂ മനസ്സിലെ സങ്കടം മാറട്ടെ ..” എന്റെ ആശ്വാസവാക്കുകള്‍ക്ക് അവിടെ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല .

കയ്യിലെ തൂവലകൊണ്ടു മുഖം തുടച്ചു , ജയന്‍ തുടര്‍ന്നു . ക്ഷമിക്കൂ , അറിയാതെ .. ഞാന്‍ …

തല്‍ക്കാലത്തേക്ക് പിടിച്ചു നില്‍ക്കാന്‍ നാട്ടില്‍ ഒരു ജോലി തരപ്പെടുത്താം എന്ന പ്രതീക്ഷയായിരുന്നു അവിടം വിടുമ്പോള്‍ . അങ്ങനെ ജോലി തേടി മഹാനഗരങ്ങളില്‍ അലഞ്ഞു , പക്ഷെ അവിടെ എന്നാക്കാല്‍ എത്രയോ മിടുക്കരായവര്‍ ജോലി തേടി അലയുന്നുണ്ടായിരുന്നു. കാലം ഒരു പ്രതികാരത്തോടെ എന്നെ തോല്പ്പിക്കുകയായിരുന്നു. നിത്യ ചിലവിനുള്ള ഒരു ചെറിയ ജോലി പോലും എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. ബയോഡാറ്റ വാങ്ങിവെച്ച കമ്പനികള്‍ നൂറു കണക്കിന് പക്ഷെ ആരും വിളിച്ചില്ല.

ഇന്നേക്ക് കൃത്യം ഒരു വര്ഷം തികയുന്നു പ്രവാസ ഭൂമിയില്‍ നിന്നും തിരികെ എത്തിയിട്ട്. ഒരു വര്‍ഷം , നീണ്ട അലച്ചില്‍ … പക്ഷെ .. അയാളുടെ ശബ്ദം പാതിയില്‍ മുറിഞ്ഞു!! .

അയാളുടെ മനസ്സ് മാറ്റാന്‍ ഞാന്‍ ചോദിച്ചു ,, ഇപ്പൊ എങ്ങോട്ട് പോകുന്നു ?

ഇന്നലെ ഒരു കമ്പനി വിളിച്ചിരിക്കുന്നു ആദ്യമായി , അവിടെ നാളെ ഇന്റര്‍വ്യു ആണ് .. ശരിയാകും എന്ന പ്രതീക്ഷയുണ്ട് മനസ്സില്‍ …

ശരിയാകും ജയെട്ടാ , ഈ ജോലി താങ്കള്‍ക്ക് തന്നെ ലഭിക്കും , എല്ലാ കയറ്റങ്ങള്‍ക്കും ഒരു ഇറക്കമുണ്ടാവും ..

തീവണ്ടി പാളങ്ങളില്‍ തീ പടര്‍ത്തി കുതിച്ചു പാഞ്ഞു കൊണ്ടേയിരുന്നു ,പതിയെ പ്രഭാതം തലപൊക്കി എത്തിനോക്കി.. ഏതോ നഗരത്തിന്റെ പ്രാന്തപ്രദേശത്തെ ചേരികളിലൂടെ തീവണ്ടി വേഗം കുറച്ചു സഞ്ചരിച്ചു ..

ജയന്‍ പറഞ്ഞു എനിക്കിറങ്ങാനായി, അടുത്ത സ്റെഷനില്‍ ഞാന്‍ ഇറങ്ങും .. ശ്യാം താങ്കളോട് വല്ലാത്ത ഒരു അടുപ്പം തോനുന്നു , ഒരു പക്ഷെ ഒട്ടും മടുപ്പില്ലാതെ എന്റെ ജീവത്തിനു കാതോര്‍ത്തത്‌ കൊണ്ടാവാം, അറിയില്ല , അല്ലെങ്കില്‍ .. ഒരു പക്ഷെ നമ്മുടെ പ്രത്യേയശാസ്ത്രങ്ങള്‍ ഒരേ ദ്രുവങ്ങിലൂടെ സഞ്ചരിക്കുന്നതവാം…

ഇനിയും എവിടെയെങ്കിലും കാണാം എന്ന് കരുതുന്നു .. താങ്കളുടെ എഴുതുകളിലൂടെ ഞാന്‍ തീര്‍ച്ചയായും ശ്യാമിനെ കാണും .. അയാള്‍ എന്റെ കരം ഗ്രഹിച്ചു വികാരാധിനനായി ..

എന്റെ നമ്പരും ഇമെയിലും കുറിച്ചോളൂ , ഞാന്‍ അടുത്ത മാസം ഞാന്‍ അവധി കഴിഞു പോകും , കുറെ പേര്‍ക്ക് ബയോഡാറ്റ കൊടുത്തതല്ലേ ഒരെണ്ണം എനിക്കും തരൂ . പ്രവാസ ലോകത്ത് എവിടെയെങ്കിലും ഒരു ജോലി താങ്കളെ കാത്തിരിക്കുന്നുണ്ടാവും …

തീവണ്ടി പതിയെ സ്റെഷന്ടുത്തെത്തി നിന്നു. ജയന്‍ ഒരു ഷേക്ക്‌ ഹാന്‍ഡ്‌ തന്നു ബാഗുമെടുത്ത് പുറത്തേക്കു നടന്നു , തീവണ്ടി പാളം പോലെ നീണ്ട പ്ലാറ്റ്ഫോമിലൂടെ ചുമലില്‍ ബാഗും തൂക്കി നടന്നു പോകുന്ന്ന ജയനെ മഹാനഗരത്തിന്റെ തിരക്കുകള്‍ വിഴുങ്ങുന്നത് ഒരു നെടുവീര്‍പ്പോടെ നോക്കിനിക്കിനിന്നു. ഈ ജോലിയെങ്കിലും ആ ചെറുപ്പക്കാരനെ തേടിയെത്തന്നേ എന്ന പ്രാര്‍ത്ഥനയോടെ ….

You May Also Like

ഇനി കുവൈത്തില്‍ “വീട്ടുവേലക്കാരില്ല”..!!!

കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികളെ ഇനി വീട്ടുവേലക്കാരെന്ന് വിളിക്കാന്‍ പാടില്ല, പകരം വീട്ടു സഹായികള്‍ എന്നായിരിക്കും ഇനി അവര്‍ അറിയപ്പെടുക.

വീണ്ടും ഒരു പ്രവാസി ഷോര്‍ട്ട് ഫിലിം “സണ്‍ ഡെയ്സ്”

കഴിഞ്ഞ ദിവസം ഈ ഹൃസ്വ ചിത്രത്തിന്റെ പ്രിവ്യു കണ്ടിറങ്ങിയവര്‍ പറയുന്നത് ഇങ്ങനെയാണ്…ഈ പ്രവാസി സിനിമ തകര്‍ത്തു..!!! ഒരു ഒന്ന് ഒന്നര പടം.!

പ്രവാസത്തിന്റെ കാണാകാഴ്ചകള്‍ – ഒട്ടുമിക്ക പ്രവാസിയുടെയും കഥ

അപ്പുറത്ത് ഉച്ചത്തില്‍ ഒരു സ്ത്രീ സംസാരിക്കുന്നത് കേള്‍ക്കാം. “എടാ അതിനെ ഇവിടെ ഇടാന്‍ പറ്റില്ലാ. എനിക്ക് സാരിയുടുക്കാനും മറ്റു കാര്യങ്ങള്‍ക്കും എവിടെ പോകും? അതിവിടെ ഒരു ഭാരമായി കിടക്കും.

ഓര്‍മ്മക്കൂട്ടില്‍..

ഇതൊരു തിരിഞ്ഞുനോട്ടമാണ്, എന്‍റെ ബാല്യത്തിലേക്ക്, വസന്തം വിരിയിച്ചു കൊഴിഞ്ഞു പോയ സ്കൂള്‍ദിനങ്ങളിലേക്ക്, ചിറകു നിവര്‍ത്തി അകലേക്ക്‌…