മലയാള സിനിമ ഇത്തരം ചില കലാകാരന്മാരുടെ കൂടെയാണ്. ഒരുപാട് പേരെടുക്കാൻ ആഗ്രഹിച്ചു സിനിമയിൽ എത്തി ഒടുവിൽ ആരുമറിയാതെ അരങ്ങൊഴിഞ്ഞു പോകുന്നവർ. ആരും അവരെ തിരക്കില്ല, സിനിമയുടെ ദീപപ്രഭാ വലിയങ്ങൾക്കും ദൂരെ ദൂരെ ആരുമറിയാതെ ജീവിതത്തിന്റെ സ്ഥിരമായ സെക്കന്റ് ഷോയുടെ ഇരുട്ടിൽ അവർ സിനിമകൾ കാണുന്നുണ്ട്, നെടുവീർപ്പിടുന്നുണ്ട്, കഥാപാത്രങ്ങളെ താനായി സങ്കല്പിക്കുന്നുണ്ട്. ഒടുവിൽ പ്രായത്തിന്റെ നമ്പർ വരുന്ന ഒരു സീറ്റിൽ നിന്നും എഴുന്നേറ്റ് അവർ മരണമെന്ന വീട്ടിലേക്കു സഞ്ചരിക്കുമ്പോൾ ഏതാനും ചില സുഹൃത്തുക്കൾ മാത്രം അറിയും. ജീവിതമെന്ന ഒരു കണ്ണീർ സിനിമയുടെ പര്യവസാനം. അവരെ സ്നേഹിക്കുന്നവർക്ക് മാത്രം അവരുടെ ജീവിതത്തിന്റെ ക്ളൈമാസ് ഒരു പരിണാമഗുപ്തിയിൽ നിൽക്കും. അത്തരമൊരു കലാകാരനാണ് സിജോ കുട്ടപ്പൻ. അദ്ദേഹം വിടപറഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിന്റെ സുഹൃത്തും നോവലിസ്റ്റുമായ A Sebastian-ന്റെ കുറിപ്പ് വായിക്കാം
A Sebastian
ചെമ്പന് മുൻപേ മലയാള സിനിമയിൽ നടിച്ചവൻ. ഏ.കെ.സാജൻ എന്ന സംവിധായകൻ്റെ കളരിയിൽ നിന്നും തിരക്കഥയുടെ രീതി ശാസ്ത്രം പഠിച്ചവൻ അതായിരുന്നു സിജോ കുട്ടപ്പൻ. പഴയ മുൻസിപ്പൽ വായനശാലയിലെ നിത്യ സന്ദർശകനായ സിജോയെ അറിയുന്നത് അനിൽകുമാർ തട്ടാം പറമ്പിൽ, ജൂബിൻ എന്നിവരുടെ ഗ്യാംങിൽ നിന്നുമായിരുന്നു. സിനിമയെ നെഞ്ചോട് ചേർത്ത് എഴുത്തു വഴിയിലും അഭിനയ രംഗത്തും നിലയുറപ്പിക്കാൻ കഠിനമായി പരിശ്രമിച്ച് സാജൻ്റെ കളരിയിൽ ഇടം നേടുകയും ആദ്യ സിനിമയായ സ്റ്റോപ്പ് വയലൻസിൽ അഭിനയിക്കുകയും കൂടെ നിൽക്കുകയും ചെയ്തത് സ്ക്രീനിൽ കണ്ടപ്പോൾ സിനിമയിൽ ഇടം കണ്ടെത്തുവാൻ കഴിഞ്ഞു എന്നതിൽ സന്തോഷിച്ചിരുന്നു.
തുടർന്ന് ഈ രംഗത്ത് ശ്രദ്ധേയനായി വലിയ വിജയങ്ങൾ ഉണ്ടാകുമെന്ന് തന്നെ ഞങ്ങൾ വിശ്വസിച്ചിരുന്നു. എന്തോ പിന്നീട് അവന് ബിസിനസിൽ ശ്രദ്ധിക്കേണ്ടി വന്നത് കൊണ്ടോ ആ ബന്ധങ്ങൾ അറ്റത് കൊണ്ടോ അങ്കമാലിയിൽ ഒതുങ്ങേണ്ടി വന്നു. വലിയ പ്രതീക്ഷയായിരുന്നു സ്റ്റോപ്പ് വയലൻസ് അവന് നൽകിയത്. വിചാരിച്ച പോലെ കാര്യങ്ങൾ മുന്നോട്ട് പോയിരുന്നെങ്കിൽ സിജോ എന്ന സംവിധായകനും തിരക്കഥാകൃത്തും മലയാള സിനിമയുടെ നെറുകയിൽ എത്തുമായിരുന്നു. ഇന്ന് ജെയ്മോൻ ദേവസി പൂക്കൾ അലങ്കരിക്കുന്ന വഴി എന്ന വാട്സാപ്പ് ഗ്രൂപ്പിൽ അവൻ്റെ ചരമ വാർത്ത പോസ്റ്റ് ചെയ്യുമ്പോഴാണ് വിവരമറിഞ്ഞത്. വർക്കി പിള്ള ചേട്ടൻ്റെ നാൽപ്പതിൻ്റെ കുർബ്ബാന കഴിഞ്ഞ് ഭക്ഷണം കഴിച്ച് പിരിയുമ്പോൾ ഈ നട്ടപ്ര വെയിലത്ത് എങ്ങോട്ടാ? ഒന്നും നോക്കിയില്ല, പൊള്ളുന്ന വെയിലിൽ സിമിത്തേരിയുടെ പുറകിലുള്ള വഴിയിലൂടെ ടൗൺ കോളനി വഴി മൃഗാശുപത്രിയുടെ പുറകിലുള്ള അവനെ വീട്ടിൽ പോയി കണ്ടു.