ചപ്പാത്തിമാമൻ ‘സൈക്കിൾ മാമൻ’ ആയ കഥ

186

ചപ്പാത്തിമാമൻ ‘സൈക്കിൾ മാമൻ’ ആയ കഥ

കൊച്ചി പ്രദേശത്തെ, സസ്യാഹാര ഭക്ഷണശാലകളുടെ ഒരു വിജയകഥയും..

നടനും സംവിധയകനും എഴുതുകരനുമായ മധുപാൽ ഒരു ഡോക്യൂമെൻ്റെറി ചെയ്തു! ‘സൈക്കിൾ മായൻ’ എന്ന ഡോക്യൂമെൻ്റെറി….

ബി. ടി. എച്ച്. വെജിറ്റേറിയൻ ഹോട്ടൽ ശൃഖലയുടെ സ്ഥാപകൻ ബി. ഗോവിന്ദ റാവുവിൻറെ ജീവിത വിജയമാണ് ഈ ഡോക്യൂമെൻ്റെറിയുടെ വിഷയം…

ഗോവിന്ദ റാവുവിൻറെ എട്ടാം ചരമ വാർഷികമാണിന്ന്! പ്രണാമം! 🌹

‘സൈക്കിൾ മായൻ’ എന്ന ഡോക്യൂമെൻ്റെറിയുടെ ആദ്യ പ്രദർശനം ഇക്കഴിഞ്ഞ ഡിസംബർ മാസത്തിൽ എറണാകുളം, വൈറ്റില – അരൂർ ദേശീയപാതയോരത്തുള്ള കണ്ണാടിക്കട് എന്ന സ്ഥലത്തുള്ള “BTH സരോവരം’ ഹോട്ടലിൽ അടൂർ ഗോപാലകൃഷ്ണൻ, മധുപാൽ, കെ. എൽ. മോഹനവർമ്മ തുടങ്ങിയവരോടൊപ്പം ഞാനും കണ്ടു. അന്നൊരു ചെറുകുറിപ്പ് ഞാൻ FB-യിൽ എഴുതുകയും ചെയ്‌തിരുന്നു.

ആദ്യനാളുകളിൽ ഗോവിന്ദറാവു അന്നത്തെ മറ്റെല്ലാവരെയും കാൽനടയായി തൃപ്പൂണിത്തുറയിൽ നിന്ന് എറണാകുളത്തെത്തി. പിന്നീട് ഒരു സൈക്കിൾ വാങ്ങി അതിലായി സഞ്ചരം:-

സൈക്കിളിൽ നഗരംചുറ്റുന്ന നാളുകളിൽ കുട്ടികൾ ഗോവിന്ദറാവുവിനെ വിളിച്ചിരുന്നതു ‘സൈക്കിൾ മായൻ’ എന്ന്. തുളുവിൽ ‘മായൻ’ എന്നാൽ അമ്മാവൻ. ജന്മശതാബ്ദി വേളയിൽ ഗോവിന്ദറാവുവിന്റെ കഥ ഡോക്യുഫിക്‌ഷനായി പുറത്തുവന്നിരിക്കുന്നത്.

സസ്യാഹാര ഭക്ഷണശാലകളുടെ ആഗോള ഹബ്ബ് ആണല്ലോ കർണാടകയിലെ തുളുനാട്ടുള്ള ഉഡുപ്പി. ഉടുപ്പിക്കടുത്തുള്ള ‘പടുബദ്രി’ എന്ന ഗ്രാമത്തിൽ ശ്രീനിവാസ റാവുവിൻറെ ഇളയ പുത്രനായി ആണ് 1917-ൽ സെപ്റ്റംബർ 18- ന് ഗോവിന്ദ റാവുവിൻറെ ജനനം. (ഇക്കഴിഞ്ഞതു ജന്മശതാബ്‌ദി വർഷം) ശ്രീനിവാസ റാവുവിനു തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശ ക്ഷേത്രത്തിലെ മുഖ്യശാന്തിക്കാരനാകാൻ ക്ഷണം കിട്ടി. അങ്ങനെ നനേ ചെറുപ്പത്തിൽ കുടുംബത്തോടൊപ്പം തൃപ്പൂണിത്തുറ എത്തി.

പൂജ വിധികളും സംസ്കൃതവും എല്ലാം പഠിച്ചുവെങ്കിലും ഗോവിന്ദനു വാണിജ്യരംഗത്താണ് താല്പ്പര്യം തോന്നിയത്. അങ്ങനെ എറണാകുളം ബ്രോഡ്‌വെയ്ക്കടുത്തു ഒരു ചപ്പാത്തിക്കട തുടങ്ങി… അന്ന്, 1930-കളിൽ മലയാളികൾക്ക് പരിചിതമായ ഒരു ഭക്ഷ്യ വിഭവമായിരുന്നില്ല ചപ്പാത്തി… കേരളത്തിലെ ആദ്യ ചപ്പാത്തിക്കടയായി ഡോക്യൂമെൻ്റെറി ഇതിനെ അടയപ്പെടുത്തുന്നു…

അന്നത്തെ എറണാകുളം പട്ടണം: അങ്ങിങ്ങായി മാത്രം വ്യാപാരസ്ഥാപനങ്ങൾ. അന്ന് പ്രധാന വർത്തക കേന്ദ്രം കൊച്ചിയിലെ മട്ടാഞ്ചേരിയായിരുന്നു.

ക്രമേണ, എറണാകുളം കായൽക്കരയിൽ, ‘ആലുംകട’വിലെ ഒരു ചെറുമുറിയിൽ ആരംഭിച്ച, ഗോവിന്ദ റാവുവിൻറെ ചപ്പാത്തിക്കട വെജിറ്റേറിയൻ ഭക്ഷണ ശാലയായി വളർന്നു… (ഇന്നു ബ്രോഡ്‌വേ എന്നറിയപ്പെടുന്ന തെരുവിന്റെ തെക്കേയറ്റമായിരുന്നു ആലുംകടവ്.) അങ്ങനെ ‘ഭാരത് കഫേ’ ജന്മമെടുത്തു.

ഗോതമ്പും അതുകൊണ്ടുള്ള വിഭവങ്ങളും മലയാളികൾക്ക് അപരിചിതം. … പച്ചക്കറിയുമായി തമിഴ്നാട്ടിൽനിന്ന് എത്തുന്നവരും തമിഴ് തെരുവോര കച്ചവടക്കാരും എറണാകുളം ചന്തയിലെ തൊഴിലാളികളുമെല്ലാം ഭക്ഷണത്തിനായി ആശ്രയിച്ചിരുന്ന ഭാരത് കഫെ… പക്ഷേ, രണ്ടാം ലോകയുദ്ധം തീതുപ്പിയ നാളുകൾ. പൊതുവെ പട്ടിണിയായിരുന്നു… ബോംബ് ഭീഷണി ഉണ്ടായിരുന്നതുകൊണ്ട്, പട്ടണത്തിൽ തന്നെ ആരും വരാത്ത കാലം. പിടിച്ചുനിൽക്കാൻ ഏറെ പ്രയാസപ്പെട്ടു.

പക്ഷേ, യുദ്ധം ശമിച്ചതോടെ ഭാരത് കഫെ പച്ചപിടിച്ചു… പിന്നീട് ‘ഭാരത് കഫെ’ പിന്നീടു കൊച്ചിയുടെ മുഖമുദ്രയായി മാറി. 1964-ൽ ദർബാർഹാൾ റോഡിന് സമീപം ബി.ടി.എച്ച്. ഹോട്ടൽ തുടങ്ങി… ഭാരത് ടൂറിസ്റ്റ് ഹോം (ബി.ടി.എച്ച്.) ആയി. എറണാകുളത്തപ്പന്റെ അയൽപക്കമായി. കടയുടമ ബി. ഗോവിന്ദറാവു അതിനെ എല്ലാ ജനവിഭാഗങ്ങളുടെയും പ്രിയങ്കമായ ഇടമാക്കി മാറ്റി. 2000-ത്തിലാണ് ‘ബി.ടി.എച്ച്. സരോവരം’ തുടങ്ങിയത്…. സസ്യാഹാര ഹോട്ടൽ വ്യവസായത്തിലെ മികവിന്റെ പേരിലാണ് ഗോവിന്ദ റാവു അറിയപ്പെടുന്നത്.

93-ാം വയസ്സിൽ 2011 ഒക്ടോബർ 28-ന് ആണ് അദ്ദേഹം അന്തരിച്ചത്…


-ആർ. ഗോപാലകൃഷ്ണൻ | 2019 ഒക്ടോബർ 28