പടിഞ്ഞാറൻ ആഫ്രിക്കയിൽ എബോള പടർന്ന് പിടിച്ച കാലത്ത് പറഞ്ഞു കേട്ട ഒരു കഥയുണ്ട്

എബോള പടർന്ന് പിടിച്ച കാലത്ത് പറഞ്ഞു കേട്ട ഒരു കഥയുണ്ട്. പടിഞ്ഞാറൻ ആഫ്രിക്കയിൽ എബോള പടർന്ന് പിടിച്ചപ്പോൾ, മരണം 4000 കടന്നപ്പോൾ ലോകരാജ്യങ്ങൾ എല്ലാം തന്നെ പേടിച്ചുവിറച്ച് സ്വന്തം അതിർത്തികൾ കൊട്ടിയടച്ച് സ്വയം സുരക്ഷ പ്രഖ്യാപിച്ചപ്പോൾ 461 ഡോക്ടർമാരുമായി ക്യൂബ എന്ന കൊച്ചു കമ്യൂണിസ്റ്റ് രാജ്യത്തിലെ ഡോക്ടർമാർ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ സിയേറ ലിയോണയിൽ പറന്നിറങ്ങി. എബോളയെ നേരിടാൻ സഹായവുമായി എത്തിയ ആദ്യരാജ്യമായിരുന്നു ക്യൂബ. കൊണ്ടുവന്ന മെഡിക്കൽ കിറ്റുകൾ വിമാനത്താവളത്തിൽ നിന്ന് അവർ തന്നെ ചുമടെടുത്ത് ജോലി തുടങ്ങി. ആ പകർച്ചവ്യാധിയെ അവർ ധീരമായി നേരിട്ടപ്പോൾ Image result for cuban doctors in africa and abolaലോകമുതലാളിത്തരാഷ്ട്രങ്ങൾ അവരുടെ പിന്നാലെ കൂടി. പൗരത്വവും ആവശ്യത്തിൽ അധികം ശമ്പളവും വാഗ്ദാനം ചെയ്തപ്പോൾ ‘ജീവിക്കാൻ എന്തിനാണ് ഇത്രയും പണം’ എന്നായിരുന്നു അവരുടെ മറുചോദ്യം. അവരുടെ ജീവിതസങ്കൽപ്പങ്ങൾ വ്യത്യസ്തമാണ്.
ഇന്നിതാ അവരുടെ മെഡിക്കൽ സംഘം കൊറോണ ബാധിച്ച് ഏറ്റവും മോശം അവസ്ഥയിൽ എത്തിനിൽക്കുന്ന ഇറ്റലിയിലെ ലംബാർഡി പ്രവിശ്യയിലേക്ക് സഹായവുമായി പോയിരിക്കുന്നു. “വെള്ളകുപ്പായക്കാരുടെ സൈന്യം” എന്ന് വിശേഷിപ്പിക്കുന്ന 52 അംഗസംഘത്തെ നയിക്കുന്നത് Image result for cuban doctors in africa and abolaലിയനാർഡോ ഫെർണാണ്ടണ് എന്ന 68 കാരനായ ഡോക്ടറാണ്. അദ്ദേഹത്തിന്റെ എട്ടാമത്തെ അന്താരാഷ്ട്ര മെഡിക്കൽ മിഷനാണ് ഇത്. വിപ്ലവാവേശം അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രകടമാണ്. “ഭയമില്ല എന്ന് പറയുന്നവർ സൂപ്പർ ഹീറോകളാണ്. ഞങ്ങൾ സൂപ്പർ ഹീറോകൾ അല്ല. ഞങ്ങൾക്ക് ഭയമുണ്ട്. പക്ഷെ ഞങ്ങൾക്ക് വിപ്ലവദൗത്യം നിറവേറ്റാനുണ്ട്. ഞങ്ങൾ വിപ്ലവ ഡോക്ടർമാരാണ്. ഭയം അരികിൽ മാറ്റി വെച്ച് ഞങ്ങൾ യാത്രയാവുന്നു”. പ്രിയ നേതാവിന്റെ ചിത്രം നെഞ്ചോട് ചേർത്ത് ആ പതാക വാനിൽ ഉയർത്തി വീശി അവർ വിശ്വമാനവികതയിലേക്ക് നടന്നു പോയി.
കഴിഞ്ഞ ആഴ്ചയായിരുന്നു കൊറോണ എന്ന മഹാമാരിയുമായി വന്ന എം എസ് ബ്രാമിയർ എന്ന ബ്രിട്ടീഷ് ആഡംബരകപ്പലിനെ കരയ്ക്കടുപ്പിക്കാൻ ക്യൂബ സമ്മതം നൽകിയത്. കപ്പൽ കരയ്ക്കടുപ്പിക്കാനുള്ള ബ്രിട്ടന്റെ അഭ്യർത്ഥന സൗഹൃദരാഷ്ട്രങ്ങൾ നിരസിച്ചപ്പോളായിരുന്നു പ്രഖ്യാപിത ശത്രുരാജ്യമായ ക്യൂബ ആ അഭ്യർത്ഥന സ്വീകരിച്ചത്. “ഒരാഴ്ചക്കാലം കരീബിയൻ കടലിലൂടെ ഞങ്ങൾ അഭയം തേടി അലയുകയായിരുന്നു. ഇനിയെന്ത് സംഭവിക്കും എന്നറിയാത്ത പ്രതിസന്ധിയിൽ ആയിരുന്നു ഞങ്ങൾ. ക്യൂബയുടെ ഹൃദയ വിശാലതയ്ക്ക് നന്ദി. കൊറോണ ഒരു കഥയായി മാറുമ്പോൾ ഞങ്ങൾക്ക് അഭയം നൽകിയ ഈ നാട്ടിൽ സഞ്ചാരികളായി ഞങ്ങൾ തിരിച്ചുവരും” എന്നായിരുന്നു യാത്രക്കാർ പ്രതികരിച്ചത്. ഹവാനയിലെ മരിയേൽ തുറമുഖത്ത് ഈ കപ്പൽ അടുപ്പിക്കുമ്പോൾ 100 മൈൽ അകലെയായി അമേരിക്കൻ ഐക്യനാടുകൾ എന്ന ബ്രിട്ടന്റെ സുഹൃത്തിനെ കാണാമായിരുന്നു.
എണ്ണകുഴിച്ചെടുക്കാൻ ഇല്ലാത്ത സിയേറ ലിയോണ എന്ന വെസ്റ്റ് ആഫ്രിക്കൻ രാജ്യത്തിലേക്ക് സ്വന്തമായി ആയുധങ്ങൾ വിൽക്കാൻ ഇല്ലാത്ത ക്യൂബ എന്ന രാജ്യത്തിലെ ഡോക്ടർമാർ സ്റ്റെതസ്കോപ്പുമായി പോയത് എന്തിനായിരിക്കും. ലോകരാഷ്ട്രങ്ങൾ കൈവെടിഞ്ഞ, കരീബിയൻ കടലിൽ ഒരു പായ്കപ്പൽ പോലെ അങ്ങോട്ടും ഇങ്ങോട്ടും ഒഴുകിക്കൊണ്ടിരുന്ന എം എസ് ബ്രെമിയർ എന്ന കൊറോണവാഹിനി കപ്പലിന് അഭയം നൽകിയത് എന്തിനായിരിക്കും. ദൈവത്തിന് മാത്രമേ എന്റെ രാജ്യത്തിനെ രക്ഷിക്കാൻ കഴിയൂ എന്ന് പ്രധാനമന്ത്രി പോലും കരഞ്ഞുപറഞ്ഞ ഇറ്റലിയിലേക്ക് 52 ഡോക്ടർമാർ വിപ്ലവദൗത്യവുമായി പോയത് എന്തിനായിരിക്കും. ചോദിക്കുകയാണെങ്കിൽ തലമുറകൾ പുറകിലോട്ട് ചോദ്യങ്ങൾ നീളും. വിപ്ലവാനന്തര ക്യൂബയിൽ ഇൻഡസ്ട്രിയൽ മിനിസ്റ്റർ ആയിരിക്കുമ്പോൾ ആ സ്ഥാനം ത്യജിച്ച് ആഫ്രിക്കൻ രാജ്യമായ കോംഗോയിലെ ജനങ്ങളുടെ മോചനത്തിന് വേണ്ടി ചെഗുവേര പോയത് എന്തിനായിരിക്കും. അവിടെ നിന്നും ബൊളീവിയൻ കാടുകളിൽ പോരാട്ടത്തിന്റെ തീജ്വാലകളുയർത്തി ഒടുവിൽ ആയിരക്കണക്കിന് മൈലുകൾ അകലെയുള്ള കേരളത്തിലെ ഇലക്ട്രിക് പോസ്റ്റുകളിൽ രക്തനക്ഷത്രമായി മാറിയത് എന്തിനായിരിക്കും.
After all Che Guevara was also a doctor.
എന്തിനായിരുന്നു ഞങ്ങളുടെ ബക്കറ്റുകൾ ക്യൂബയ്ക്ക് വേണ്ടി കിലുങ്ങിയത്. ഇത് വരെ കാണാത്ത ആമസോൺ വനാന്തരങ്ങൾ കത്തിയമർന്നപ്പോൾ എന്തിനായിരുന്നു ഞങ്ങളുടെ മുഷ്ടികൾ ഉയർന്നത്. സദ്ദാം ഹുസൈന്റെ കൊലപാതകം എന്ത്കൊണ്ട് കേരളത്തിന്റെ തെരുവുകളിൽ പ്രതിഷേധം തീർത്തു. ചിലരുടെ പരിഹാസ ചോദ്യങ്ങൾക്ക് കമ്യൂണിസ്റ്റ് ക്യൂബ പ്രവൃത്തിയിലൂടെ മറുപടി പറയുന്നുണ്ട്. സാർവ്വദേശീയത ഉയർത്തി പിടിക്കേണ്ടതിന്റെ ആവശ്യം എന്തെന്ന് ഇന്ന് ലോകം ചർച്ച ചെയ്യുന്നുണ്ട്.
കേരളത്തിന്റെ മൂന്നിരട്ടി മാത്രം വലിപ്പമുള്ള ഒന്നരകോടി ജനതയുള്ള ഈ കൊച്ചു രാജ്യത്തിന് ലോകരാഷ്ട്രങ്ങളുടെ മുന്നിൽ ഇങ്ങനെ തലയുയർത്തി നിൽക്കാൻ കഴിയുന്ന ഒരു രാഷ്ട്രീയമുണ്ട്. എം എസ് ബ്രെമിയർ കപ്പലിൽ നിന്ന് ആശ്വാസചിരിയുമായി ഇറങ്ങിപ്പോയ ആ വിനോദ സഞ്ചാരികൾ ആ രാഷ്ട്രീയം തിരിച്ചറിഞ്ഞിട്ടുണ്ടാവും. എഴുന്നേറ്റ്‌ നിന്ന് കയ്യടികളുമായി ക്യൂബൻ ഡോക്ടർമാരെ വരവേറ്റ ഇറ്റാലിയൻ ജനത അത് തിരിച്ചറിഞ്ഞിട്ടുണ്ടാവും. ജീവൻ അപകടത്തിലായിരിക്കുമ്പോളാണ് നമ്മൾ പലപ്പോഴും നമ്മുടെ പ്രത്യയശാസ്ത്രം തിരിച്ചറിയുന്നത്.
Hasta la victoria siempre !!!
Advertisements