ഒരു അഴിമതിക്കഥ
ഓഫീസിന്റെ വരാന്തയിലേക്ക് ഓടിക്കയറുമ്പോള്‍ എട്ടുമണി കഴിഞ്ഞിരുന്നു. നേരിയ ചാറ്റല്‍മഴ ഉണ്ടായിരുന്നു. വരാന്തയുടെ ഒരു മൂലയ്ക്കല്‍ വൃദ്ധയായ ഒരു സ്ത്രീ ഇരിയ്ക്കുന്നുണ്ടായിരുന്നു.
121 total views

ഭാഗം ഒന്ന്
ഓഫീസിന്റെ വരാന്തയിലേക്ക് ഓടിക്കയറുമ്പോള്‍ എട്ടുമണി കഴിഞ്ഞിരുന്നു. നേരിയ ചാറ്റല്‍മഴ ഉണ്ടായിരുന്നു. വരാന്തയുടെ ഒരു മൂലയ്ക്കല്‍ വൃദ്ധയായ ഒരു സ്ത്രീ ഇരിയ്ക്കുന്നുണ്ടായിരുന്നു. മുഷിഞ്ഞ വേഷം. മുഖത്ത് ദൈന്യത. കയ്യില്‍ കീറിയ ഒരു തുണിസഞ്ചി.
രജിസ്റ്ററില്‍ ഒപ്പിട്ട് നേരെ കൌണ്ടറിലേയ്ക്ക് കയറിച്ചെന്നു. കമ്പ്യൂട്ടര്‍ ഓണ്‍ചെയ്ത് ജാലകങ്ങള്‍ തുറന്നിട്ടു. പുറത്ത് പണമടയ്ക്കാന്ആരും ഉണ്ടായിരുന്നില്ല.
ഈ വൈദ്യുതി വിതരണസ്ഥാപനത്തില്‍ പണം പിരിക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിട്ട് എത്രയോ വര്‍ഷങ്ങളായി ……. പലതരത്തിലുള്ളവര്‍, പലനിറത്തിലുള്ളവര്‍, പല രൂപത്തിലും ഭാവത്തിലുമുള്ളവര്‍. ഒരു വഴിപാട് പോലെ, പണം എന്റെ നേര്‍ക്ക് നീട്ടി മനം പ്രാകി കടന്നു പോകുന്നവര്‍. ആവലാതികളും ശാപവാക്കുകളും ഉള്ളില്‍ നിറച്ച് അവര്‍ ഒരു മിന്നായം പോലെ കടന്നു പോകുന്നു. അവരുടെ കണ്ണില്‍ ഞാന്‍ വൈദ്യുതി വില്‍ക്കാനിരിയ്ക്കുന്ന ഒരു കൊള്ളലാഭക്കാരനായ കച്ചവടക്കാരന് മാത്രം, ഒരു യന്ത്രമനുഷ്യന്….. വികാരങ്ങളില്ല….വിചാരങ്ങളില്ല….. മുന്നില്‍ കാണുന്നത് പണം. പണത്തിന് സ്വന്തമായ വ്യാധികളില്ല, വേവലാതികളില്ല….കൈവശം വയ്ക്കുന്നവനും കൊടുക്കുന്നവനും വേവലാതികള്‍ മാത്രം. പണമുള്ളവന് കൂടുതല്‍ ഉണ്ടാക്കാനും ഇല്ലാത്തവന് ഇല്ലായ്മയുടെയും വേവലാതിയാണ്.
ഇനി അനീഷിന്റെ കടയില്‍ നിന്നും ഒരു ചായ കുടിയ്ക്കാം. അത് പതിവാണ്. രാവിലത്തെ ഷിഫ്റ്റ് എടുക്കുമ്പോള്‍ ചായ അനീഷിന്റെ കടയില്‍ നിന്നാണ് കുടിയ്ക്കുക. മെല്ലെ കൌണ്ടര്‍ അടച്ച് പുറത്തേയ്ക്ക് ഇറങ്ങി. അപ്പോഴും ദൈന്യതയോടെ ആ വൃദ്ധ ഇരിയ്ക്കുന്നുണ്ടായിരുന്നു. കാര്യം തിരക്കിയപ്പോള്‍ അവര്‍ പറഞ്ഞു.
‘വീട്ടില്‍ രണ്ടീസായി കറണ്ടില്ല മോനെ…… മീറ്റര്‍ ഇടിമിന്നലില്‍ കരിഞ്ഞതാണ്. വല്ല്യ ഏമാനെ കാണണം……….’
നൈറ്റ് ഡ്യൂട്ടിക്കാര്‍ രണ്ടുപേരും പോയ്ക്കഴിഞ്ഞു. ലൈന്‍ സ്റ്റാഫ് ആരും ഇതുവരെ എത്തിയിട്ടില്ല. എട്ടുമണിയാണ് സമയമെങ്കിലും ഒമ്പത് മണിയ്ക്കു ശേഷമേ എല്ലാവരും എത്താറുള്ളൂ. എല്ലാവരും എത്തിയാല്‍ പിന്നെ പ്രതിഞ്ജയുണ്ട്. ഞാന്‍ എന്റെ ജോലിയില്‍ വളരെ ശ്രദ്ധയുള്ളവനായിരിയ്ക്കും, എന്റെ ചെറിയ അശ്രദ്ധപോലും എന്റെ കുടുംബത്തിനും നാട്ടുകാര്‍ക്കും തീരാനഷ്ടത്തെ ഉണ്ടാക്കികൊടുക്കും, അതിനാല്‍ ഞാന്‍ ഇന്നു മുതല്‍ എന്റെ ജോലിയില്‍ ബദ്ധശ്രദ്ധനായിരിയ്ക്കും……..
അമ്മാമ്മയോട് ഇരിക്കാന്‍ പറഞ്ഞ് ഞാന്‍ അനീഷിന്റെ ചായക്കടയിലേയ്ക്ക് കയറിച്ചെന്നു. ഓഫീസിന് നേരെ മുന്നിലാണ്. ഒരു ചായ പറഞ്ഞ് ബെഞ്ചില്‍ അമര്‍ന്നിരുന്നു.
എട്ടരക്കൂട്ടം പിരിഞ്ഞിട്ടില്ല. എട്ടരക്കൂട്ടമെന്നാല് എട്ട് മുതിര്‍ന്നവരും പിന്നെ രണ്ടടിക്കാരനായ ലോട്ടറി രാജേട്ടനും ചേര്‍ന്നൊരു കൂട്ടായ്മയാണ്. ഈ വലിയ ആകാശത്തിനുകീഴെ എല്ലാ വിഷയവും ഈ എട്ടരക്കൂട്ടം ചര്‍ച്ചചെയ്യാറുണ്ട്. ഇന്നത്തെ വിഷയം പാര്‍ട്ടി പ്രയോജകരായിട്ടുള്ള കൊലപാതകങ്ങളെക്കുറിച്ചുള്ളതാണ്. എല്ലാവരും അവരവരുടെ വാദഗതികള്‍ സ്ഥാപിക്കാന്‍ കയ്യും മെയ്യും മറന്നുള്ള പോരാട്ടത്തിലാണ്.
വലിയൊരു ചിരിയോടെ അനീഷ് ചായ കൊണ്ടുവന്നു. പിന്നിലേക്ക് കെട്ടിയിട്ട അവന്റെ നീളന്‍ മുടിക്ക് എന്തോ ഒരു പ്രത്യേകതയുണ്ട്. അനീഷ് കോളേജില്‍ പഠിക്കുന്നകാലത്ത് ഫാഷന്‍ഷോകളില്‍ പങ്കെടുത്തിരുന്നു. അതിന്റെ സ്വാധീനം അവന്റെ വേഷവിധാനങ്ങളില്‍ കാണാം.
ചായ കുടിച്ച് തിരികെ കൌണ്ടറിലേക്ക് നടക്കുമ്പോള്‍ ലൈന്മാന് ശശിയും ഓഫീസിന്റെ വരാന്തയിലേക്ക് കയറിവന്നു. കോപ്പര്‍ ശശി എന്ന് വിളിയ്ക്കും. പണ്ട് നടത്തിയ ചെമ്പ്കമ്പി മോഷണത്തിന് ലഭിച്ച സ്ഥാനപ്പേരാണ്. വരാന്തയില്‍ ഇരിയ്ക്കുന്ന അമ്മാമ്മയെ കണ്ടപ്പോള്‍ അയാളുടെ കണ്ണുകള്‍ ഇരയെ കിട്ടിയ കഴുകനെപ്പോലെ തിളങ്ങി.
‘എന്താ അമ്മാമേ, രാവിലെത്തന്നെ ?……’
‘വീട്ടില്‍ രണ്ടുദിവസമായി കറണ്ടില്ല. വലിയ ഏമാനെ കാണണം………’
ഞാന്‍ കൌണ്ടറിലേയ്ക്ക് കയറുമ്പോഴും എന്നെ ഇടംകണ്ണിട്ട് നോക്കി അയാള്‍ അമ്മാമ്മയോട് എന്തോ കുശുകുശുത്തുകൊണ്ടിരുന്നു. പിന്നെ ഞാന്‍ വേറൊരു ലോകത്തേക്ക് കടന്നു. പണമടയ്കുന്നവരുടെ വേവലാതികള്‍. ഉള്ളവന്റെ ധാര്‍ഷ്ട്യവും, ഇല്ലാത്തവന്റെ ദൈന്യതയും, അവരുടെ കണ്ണുകളിലൂടെ മിന്നിമറഞ്ഞു. സാമാന്യം തിരക്കുള്ള ഒരു ദിവസമായിരുന്നു. ഉച്ചയായത് അറിഞ്ഞില്ല. അടുത്ത ഷിഫ്റ്റി ന്റെ ആള് വന്നപ്പോള്‍ പെട്ടെന്ന് കാഷ് ക്ലോസ് ചെയ്ത് പുറത്തേയ്ക്കിറങ്ങി.
അപ്പോഴും ശശി വരാന്തയില്‍ നില്‍പ്പുണ്ടായിരുന്നു, പുതിയ ഇരയേയും കാത്തിരിക്കുന്ന കഴുകനെപ്പോലെ. ശശി ആദര്‍ശധീരനായ ഒരു ഓട്ടോറിക്ഷാെ്രെഡവര് ആയിരുന്നു. ആനന്ദന്മാസ്റ്ററുടെ അരുമ ശിഷ്യന്. അഴിമതി എവിടെ കണ്ടാലും പ്രതികരിക്കാന്‍ മാസ്റ്റര്‍ അവനെ പഠിപ്പിച്ചിരുന്നു. അവന് ആനന്ദന്മാസ്റ്ററുടെ പ്രതീക്ഷയായിരുന്നു. അഴിമതിക്കെതിരെ പ്രതികരിക്കാന്‍ ഒരു ഓട്ടോറിക്ഷാെ്രെഡവറെങ്കിലും മാസ്റ്റര്‍ക്ക് കൂട്ടുണ്ടായതില് മാസ്റ്റര്‍ ആശ്വാസം കൊണ്ടു. ശരാശരി കേരളീയന്റെ പ്രശ്നം ഒരിക്കലും അഴിമതിയല്ല, മേലനങ്ങാതെ എങ്ങനെ കാര്യം നടക്കും എന്നതാണ്. ഒരു കേരളീയന്റെ ഓരോ അണുവിലും അഴിമതിക്കറ പുരണ്ടാലും അവന് നാണിക്കേണ്ടതില്ല, വേണമെങ്കില്‍ അഭിമാനം കൊള്ളുകയുമാകാം.
അങ്ങനെ മാസ്റ്ററുടെ ശിഷ്യത്വത്തില്‍ ഓട്ടോറിക്ഷാെ്രെഡവറായി കഴിഞ്ഞുകൂടുന്ന കാലത്താണ് പത്താംതരം തോറ്റവര്‍ക്ക് ഈ വൈദ്യുതി വിതരണ സ്ഥാപനത്തില്‍ തൊഴിലവസരം സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. ഒരുപക്ഷെ ലോകത്തില്‍ ആദ്യമായാണ് പത്താംതരം ജയിച്ചത് അയോഗ്യതയി കണക്കാക്കിയത്. അങ്ങനെ പത്താംതരം ജയിച്ച അവന്റെ സഹോദരന് നോക്കിനില്‍ക്കെ ആനന്ദന്മാസ്റ്ററുടെ നിരന്തരമായ ശിക്ഷണത്തില്‍ ശശി ഒരു മസ്ദൂര്‍ ആയി ജോലിക്ക് ചേര്‍ന്നു. രണ്ടുവര്‍ഷത്തിനുള്ളില്‍ അവന് ഒരു ലൈന്മാന് ആയി സ്ഥാനക്കയറ്റവും കിട്ടി. ത്യാഗനിര്‍ഭരമായ ആ കഥയുടെ ഒന്നാം ഭാഗം ഇവിടെ അവസാനിക്കുന്നു.
ഭാഗം രണ്ട്
ഇന്നും എനിക്ക് രാവിലത്തെ ഷിഫ്റ്റ് ആണ്. വരാന്തയിലേക്ക് കയറുമ്പോള്‍ ഇന്നും ആ വയസ്സായ സ്ത്രീ ഒരു മൂലയില്‍ നില്‍പ്പുണ്ടായിരുന്നു. മുഷിഞ്ഞ വേഷം. കയ്യില്‍ ഒരു കീറസഞ്ചി. പക്ഷെ, മുഖത്ത് ദൈന്യതയെക്കാള് ഏറെ പ്രസന്നതയായിരുന്നു. എന്നെ കണ്ടതും അവര്‍ എന്റെ അടുത്തേക്ക് ഓടിവന്നു.
‘മോന് ഒരു ഉപകാരം ചെയ്യണം…….’
‘ എന്താ അമ്മാമ്മേ…….’
‘അന്ന് മീറ്റര്‍ മാറ്റിത്തന്ന ആ കുട്ടീല്ലേ, ന്താ തിന്റെ പേരെനിക്കറീല്ല…… നല്ല സ്വഭാവള്ള കുട്ട്യാ. ആയിരം ഉറുപ്പ്യ വെലള്ള മീറ്ററിന് അഞ്ഞൂറ് റുപ്പ്യെ വാങ്ങീള്ളൂ….. എന്റെ കൈയ്യില്‍ മുഴുവനും ഇണ്ടാര്ന്നില്ല……… വല്ലോരടെ വീട്ടില്‍ പത്രം കഴുകീട്ട് കിട്ടണ്ടേ….’
പത്തുരൂപയുടെ കുറച്ച് മുഷിഞ്ഞനോട്ടുകള് എന്റെ നേരെ നീട്ടിക്കൊണ്ട് അവര്‍ തുടര്‍ന്നു.
‘ന്നാലും വിശ്വാസവഞ്ചന ചീയ്യാന്‍ പടില്ലലോ….. മോനിത് ആ കുട്ടീടെ കയ്യിലൊന്ന് കൊടുക്കോ ?……’
ജീവിതഭാരം പേറി തളര്‍ന്ന ആ അമ്മാമ്മയുടെ ചുളിവുകള്‍ വീണ മുഖത്തേയ്ക്ക് സ്തബ്ധനായി ഞാന്‍ നോക്കിനിന്നു. എന്താണ് ചെയ്യേണ്ടത് എന്നെനിക്ക് അറിയില്ലായിരുന്നു.
ഇപ്പോള്‍ ഞാന്‍ വെറുമൊരു ഒരു യന്ത്രമനുഷ്യന്….. വികാരങ്ങളില്ല…. മുന്നില്‍ കാണുന്നത് പണം മാത്രം……
122 total views, 1 views today
