സമീപകാലത്തുതന്നെ ഒരു മഹാമാരി ഉണ്ടാകുമെന്ന് രണ്ടുവർഷം മുമ്പ് പ്രവചിച്ചിരുന്നു. ലോകം അതിനുമുന്നിൽ നിസ്സഹായരാകുമെന്നും

125

1918-ലെ വസന്തകാലത്താണ് സ്പാനിഷ് ഫ്ലൂ എന്ന പകർച്ചവ്യാധി ലോകത്ത് ആദ്യമായി പൊട്ടിപ്പുറപ്പെടുന്നത്. യുഎസിൽ നിന്നാണ് ഇതിന്റെ ഉദ്ഭവമെന്നാണു കരുതുന്നത്. ഒന്നാം ലോകമഹായുദ്ധ കാലത്ത് സൈനികരിലൂടെ ഇതു വിവിധ രാജ്യങ്ങളിലെത്തി. ലോകജനസംഖ്യയുടെ മൂന്നിലൊന്നു പേരെയും ഈ പകർച്ചവ്യാധി പിടികൂടിയിരുന്നു. ലോകമെമ്പാടും മരിച്ചതാകട്ടെ അഞ്ചു കോടിയിലേറെപ്പേരും (ലോകമഹായുദ്ധ കാലത്തു യുദ്ധം സംബന്ധിച്ച വാർത്തകൾക്ക് വിവിധ രാജ്യങ്ങൾ വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ സ്പെയിൻ ഇക്കാര്യത്തിൽ നിഷ്പക്ഷത പാലിച്ചു. അവിടെയുള്ളവർ വളരെ കൃത്യമായിത്തന്നെ ഈ രോഗത്തെപ്പറ്റിയറിഞ്ഞു. അങ്ങനെയാണ് രോഗം സ്പെയിനിലാണു പൊട്ടിപ്പുറപ്പെട്ടതെന്ന പ്രചാരവും സ്പാനിഷ് ഫ്ലൂ എന്ന പേരുമുണ്ടായത്)

നൂറുവർഷത്തിനപ്പുറം വീണ്ടും ഇത്തരത്തിലൊരു മഹാമാരി പെയ്തിറങ്ങാനുള്ള സാധ്യതകളേറെയെന്നാണു ഗവേഷകർ പറയുന്നത്. അങ്ങനെയൊരു അപ്രതീക്ഷിത പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടാൽ ഇന്നത്തെ സാഹചര്യത്തിൽ അതിനെ ഫലപ്രദമായി തടുക്കാനാകുമോയെന്നും അവർ പരിശോധിച്ചു. എന്നാൽ സാങ്കേതികതയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇത്രയേറെ വർധിച്ചിട്ടും സ്പാനിഷ് ഫ്ലൂ പോലെ ഒരു പകർച്ചവ്യാധിയുടെ ആക്രമണത്തെ നിലവിലെ സാഹചര്യത്തിൽ പ്രതിരോധിക്കാനാകില്ലെന്നാണു ഗവേഷകർ പറയപ്പെടുന്നത്. അതായത്, ഒരു മാരകവ്യാധി പൊട്ടിപ്പുറപ്പെട്ടാൽ നൂറു വർഷം മുൻപുണ്ടായിരുന്നതിനേക്കാളും മൂന്നിരട്ടിയായിട്ടായിരിക്കും അത് ആഞ്ഞടിക്കുക. 1918ലെ സ്പാനിഷ് ഫ്ലൂ എന്തുകൊണ്ടാണ് ഇത്രയേറെ മാരകമായത് എന്നു പരിശോധിച്ചതിൽ നിന്നു ലഭിച്ച വിവരങ്ങൾ ഇന്നത്തെ സാഹചര്യവുമായി താരതമ്യം ചെയ്യുകയായിരുന്നു ഗവേഷകർ.

ഇനിയൊരു മഹാവ്യാധി എവിടെ, എന്ന്, എങ്ങനെ ഉയര്‍ന്നുവരുമെന്നു നിലവിലെ സൗകര്യങ്ങളുപയോഗിച്ചൊന്നും കണ്ടെത്താനാകില്ല. എന്നാൽ രോഗമുണ്ടാകുന്നതിനു കാരണമായ അണു, അതു പ്രവേശിക്കുന്ന ശരീരം, സാമൂഹിക ഘടകങ്ങൾ ഇവ തമ്മിലുള്ള ബന്ധം പരിശോധിച്ചാൽ ഗുണം ചെയ്യും. ഇവ മനസ്സിലാക്കിയാൽ മാത്രമേ വരുംനാളുകളിൽ പ്രതിരോധ നടപടികൾ ഫലപ്രദമായി സ്വീകരിക്കാനാവുകയുമുള്ളൂ. ജനസംഖ്യയിലുണ്ടാകുന്ന വർധന, മരുന്നുകളെ പ്രതിരോധിക്കാനുളള ശേഷി, കാലാവസ്ഥാ വ്യതിയാനം എന്നിവയെല്ലാം ഭാവിയിൽ ഒരു പകർച്ചവ്യാധിയുണ്ടായാൽ മനുഷ്യനു തിരിച്ചടി സൃഷ്ടിച്ചേക്കാവുന്ന ഘടകങ്ങളാണ്.

സ്പാനിഷ് ഫ്ലൂവിനു സമാനമായ മറ്റൊരു മാരകവ്യാധി വരുന്നുണ്ടെങ്കിൽ അത് പക്ഷിപ്പനിയായിരിക്കുമെന്നാണു ഗവേഷകർ പറയുന്നത്. ഇതാകട്ടെ വിമാനയാത്രികർ വഴി ലോകമെമ്പാടും എളുപ്പം പരക്കുകയും ചെയ്യും. ഏകദേശം 15 കോടി പേരെങ്കിലും പക്ഷിപ്പനി ബാധിച്ചു മരിക്കും വിധമായിരിക്കും വീണ്ടും മഹാമാരിയുടെ വരവെന്നും ഗവേഷകർ വ്യക്തമാക്കുന്നു. സ്പാനിഷ് ഫ്ലൂവിനൊപ്പം 1957ലെ ഏഷ്യൻ ഫ്ലൂ, 1968ലെ ഹോങ്കോങ് ഫ്ലൂ, 2009ലെ സ്വൈൻ ഫ്ലൂ എന്നിവയുടെ വ്യാപ്തിയെപ്പറ്റിയും മറ്റു ഘടകങ്ങളെപ്പറ്റിയും പഠിച്ചാണ് ഇത്തരമൊരു നിഗമനത്തിലേക്കു ഗവേഷകരെത്തിയത്.

സ്പാനിഷ് ഫ്ലൂ ലോകത്തെ മൂന്നിൽ ഒരാളെയെന്ന വിധം ബാധിച്ചെങ്കിലും പലരും രോഗം മാരകമാകാതെ രക്ഷപ്പെട്ടിരുന്നു. ചിലരാകട്ടെ വളരെ ചെറിയ ലക്ഷണങ്ങൾ മാത്രമേ പ്രകടിപ്പിച്ചുള്ളൂ. യുഎസ് സൈന്യത്തിൽ നിന്നു പടർന്ന സ്പാനിഷ് ഫ്ലൂവിൽ മരിച്ചവരിലേറെയും ചെറുപ്പക്കാരും സൈനികരുമായിരുന്നു. യുദ്ധം കാരണം ദാരിദ്ര്യവും പോഷകാഹാരക്കുറവും ശക്തമായിരുന്നതാണ് 1918ൽ അഞ്ചു കോടി പേർ മരിക്കാനുള്ള പ്രധാന കാരണമായത്. ഭൂരിപക്ഷം പേരും രോഗപ്രതിരോധശേഷി കുറഞ്ഞവരായിരുന്നെന്നു ചുരുക്കം. എന്നാൽ ഇനി ഇത്തരമൊരു മഹാവ്യാധി വരികയാണെങ്കിൽ അതു പൊട്ടിപ്പുറപ്പെടുക വികസിത രാജ്യങ്ങളിലായിരിക്കും. അവിടെത്തന്നെ പൊണ്ണത്തടിയും പ്രമേഹവും കാരണം വലയുന്ന ഒരു വലിയ വിഭാഗത്തെയായിരിക്കും ഇത് ആദ്യം ബാധിക്കുക. 2009ൽ ഇൻഫ്ലുവൻസ പൊട്ടിപ്പുറപ്പെട്ടപ്പോൾ ഇക്കാര്യം തെളിഞ്ഞതാണെന്നും യൂണിവേഴ്സിറ്റി ഓഫ് ക്വീൻസ്‌ലൻഡിലെ ഗവേഷക കേഴ്സ്റ്റി ഷോട്ട് പറയുന്നു.

അതോടൊപ്പം തന്നെ ദരിദ്രരാജ്യങ്ങളും ഭയക്കണം. 1918ലെ സമാനസാഹചര്യങ്ങളുമായി ഇന്നും പോഷകാഹാരക്കുറവും ദാരിദ്ര്യവും അനുഭവപ്പെടുന്ന ഒട്ടേറെ രാജ്യങ്ങളുണ്ട്. ആഗോളതാപനവും തിരിച്ചടിയാകും. ചൂടേറുന്ന സാഹചര്യത്തിൽ പല പക്ഷികളുടെയും ദേശാടന പാത തന്നെ മാറിമറിയുന്നുണ്ട്. അതോടെ പക്ഷിപ്പനി അണുക്കൾ എവിടെയൊക്കെയെത്തുമെന്ന് ആർക്കും പ്രവചിക്കാൻ പോലും സാധിക്കില്ല. ഇന്നേവരെ പക്ഷിപ്പനിയെത്താത്തയിടങ്ങളിലും കൂടുതൽ പക്ഷിവിഭാഗങ്ങളിലേക്കുമെല്ലാം അണുക്കൾ പടരാൻ ആഗോളതാപനം കാരണമാകും.

1918ൽ സ്പാനിഷ് ഫ്ലൂ ബാധിച്ച് അധികം വയോധികർ മരിച്ചിരുന്നില്ല. കാലക്രമേണ അവർ ആർജിച്ചെടുത്ത പ്രതിരോധശേഷിയാണു സഹായകരമായത്. ‘സെക്കൻഡറി ബാക്ടീരിയ ഇൻഫക്‌ഷൻ’ കാരണമായിരുന്നു മരണത്തിലേറെയും. ഈ അണുബാധ തടയാനാകട്ടെ മരുന്നുകള്‍ കൊണ്ടു മാത്രമേ സാധിച്ചിരുന്നുള്ളൂ. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ രോഗപ്രതിരോധ ശേഷി എത്രത്തോളം ശക്തമാണെന്നതാണ് ഉയരുന്ന വലിയ ചോദ്യം. അതായത് വീണ്ടുമൊരു മാരകവ്യാധി പടർന്നാൽ സെക്കൻഡറി ബാക്ടീരിയ ഇൻഫക്‌ഷൻ തന്നെയായിരിക്കും പ്രധാന മരണകാരണം.

മരുന്നുകളെപ്പോലും പ്രതിരോധിക്കും വിധം രോഗാണുക്കളിലുണ്ടാകുന്ന മാറ്റങ്ങളും ശ്രദ്ധിക്കണം. ഉദാഹരണത്തിന്, ഇന്ന് എച്ച്7എൻ9 എന്നറിയപ്പെടുന്ന വൈറസ് ബാധിക്കുന്നവരിൽ 40% പേരും മരിക്കാറുണ്ട്. എന്നാലിത് ഒരു മനുഷ്യനിൽ നിന്നു മറ്റൊരാളിലേക്കു പകരില്ല. ചെറിയൊരു ജനിതകമാറ്റം മതി വൈറസുകളുടെ ഈ സ്വഭാവം മാറാനെന്നും ഗവേഷകർ പറയുന്നു. അതോടെ ഇതുവരെ ഉപയോഗിച്ചിരുന്ന പ്രതിരോധമാർഗങ്ങളൊന്നും പോരാതെ വരും. മാരകരോഗമായി ഇതു മാറുകയും ചെയ്യും.

ഒരു നൂറ്റാണ്ടിനു മുൻപ് ഇന്നത്തെ 700 കോടി ജനസംഖ്യ ആലോചിക്കാൻ പോലും പറ്റാത്തതാണ്. മെഗാസിറ്റികളും രാജ്യാന്തരതലത്തിലെ വിമാനയാത്രകളും വൻതോതിൽ വർധിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ സ്പാനിഷ് ഫ്ലൂവിന്റെ വ്യാപനത്തെപ്പറ്റിയുള്ള പഠനം ഇന്നത്തെ കാലത്ത് ഏറെ ഗുണം ചെയ്യുന്നതാണ്. എന്നാൽ പകർച്ചവ്യാധി പരത്തുന്ന വൈറസുകളുടെ കാര്യം അപ്രവചനീയമാണ്. ഏതു രോഗമാണു പടരുന്നതെന്ന് മുൻകൂട്ടി അറിയാൻ പോലും ഇന്നു സാധിക്കില്ല. ഏതുരോഗത്തെയും പ്രതിരോധിക്കാൻ ശക്തിയുള്ള വാക്സിൻ കണ്ടുപിടിക്കാത്തിടത്തോളം കാലം, വരാനിരിക്കുന്ന മഹാമാരിയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിച്ചു കൊണ്ടേയിരിക്കുകയും വേണം. ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ തന്നെ നടപടിയുണ്ടാകണമെന്നും ഫ്രന്റിയേഴ്സ് ഇൻ സെല്ലുലാർ ആൻഡ് ഇൻഫെക്‌ഷൻ മൈക്രോബയോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ (2018)നിർദേശിക്കുന്നു.

(കടപ്പാട്)