ബാർക്കൂരിലേക്കൊരു യാത്ര

സിദ്ദീഖ് പടപ്പിൽ

മാലിക് ദീനാറിന്റെ നേതൃത്വത്തില് ഇന്ത്യയിൽ പണിതു എന്ന് വിശ്വസിക്കുന്ന ആദ്യ പത്ത് പള്ളികൾ കാണണമെന്ന ആഗ്രഹം കൂടെ കൂടിയിട്ട് കുറെയായി. ചേരമാൻ പെരുമാളും മാലിക് ദീനാറും ഒരേ കാലത്താണോ ജീവിച്ചിരുന്നത്, കേരളത്തിലെ ആദ്യ മുസ്ലിം പള്ളികൾ പണിതത് ഏഴാം നൂറ്റാണ്ടിലാണോ അതോ എട്ടാം നൂറ്റാണ്ടിലോ എന്നൊക്കെയുള്ള തർക്കങ്ങൾ ഒരു ഭാഗത്ത് നടക്കുമ്പോൾ തന്നെ വീടിന് തൊട്ടടുത്തുള്ള തളങ്കര മാലിക് ദീനാർ പള്ളിയുടെ മറ്റു ഒമ്പത് സഹോദര പള്ളികളിൽ രണ്ടെണ്ണം ഒരിക്കൽ പോലും കണ്ടിരുന്നില്ലായെന്ന സങ്കടമായിരുന്നു എനിക്ക്. അതിലൊന്ന് കൊല്ലം ജില്ലയിലുള്ള ജോനകപുരം മാലിക് ദീനാർ ജുമാ മസ്ജിദും മറ്റൊന്ന് കർണാടകയിലെ ബാർക്കൂർ എന്ന പ്രദേശത്തുള്ള മാലിക് ദീനാർ ജുമാ മസ്ജിദുമായിരുന്നു.

     മാലിക് ദീനാറും സംഘവും പണിത പള്ളികളിൽ ഇന്ന് ഏറ്റവും വലുതും പഴയ സൗന്ദര്യം ഇപ്പോഴും കാത്ത് സൂക്ഷിക്കുന്നതും ആഡ്യത വിളിച്ചോതുന്നതും കാസർകോട് ജില്ലയിലെ തളങ്കര മാലിക് ദീനാർ ജുമാ മസ്ജിദ് ആണെന്ന് ഉറപ്പിച്ചു പറയാമെങ്കിലും, ഞാൻ കണ്ട മറ്റു പള്ളികളും അത്യാവശ്യം നല്ല സൗകര്യങ്ങളോടെയുള്ള പള്ളികളായിരുന്നു. എന്നാല് ബാർക്കൂറിലെ പള്ളി എന്നെ ഞെട്ടിക്കുക തന്നെ ചെയിതു.
കാസർകോട് നിന്ന് ഏതാണ്ട് 130 കിമി ദൂരമുണ്ട്, കർണാടകയിലെ ഉഡുപ്പി ജില്ലയിലെ ബാർക്കൂരിലേക്ക്. രാവിലെ പത്തര മണിയോടെ വീട്ടില് നിന്നിറങ്ങി ഉച്ചഭക്ഷണ സമയത്ത് ഉഡുപ്പിയിലെത്തി. ഹോട്ടൽ സ്വാദിഷ്ട് ബണ്ണൻജെയില് കയറി ഭക്ഷണം കഴിച്ചു, വീണ്ടും ബാർക്കൂരിലേക്ക് യാത്ര തുടർന്നു. ഗൂഗ്‌ൾ മാപ്പ് കാണിച്ചു തന്ന വഴിയിലൂടെ സീതപ്പുഴ പാലത്തിലൂടെ കടന്ന് ബാർക്കൂർ എത്തി. പാലം കഴിഞ്ഞയുടനെയുള്ള ഇടത് വശത്തെ റോഡിലൂടെ തിരിയാനാണ് ഗൂഗ്ള് പറഞ്ഞു തന്നത്. വയലും വെള്ളക്കെട്ടുകളും നിറഞ്ഞ പാടങ്ങൾക്ക് നടുവിൽ പണിത കോൺക്രീറ്റ് പാതയിലൂടെ കുറച്ചു മുമ്പോട്ട് നീങ്ങിയപ്പോൾ വലത് വശത്തേക്ക് തിരിയാൻ പറഞ്ഞു. അതൊരു അത്യാവശ്യം നല്ല റോഡായിരുന്നു. മാപ്പില് പള്ളിയുടെ തൊട്ടടുത്തെത്തിയിട്ടും അവിടെങ്ങും മുസ്ലിങ്ങൾ താമസിക്കുന്നതായി തോന്നിയില്ല. വീണ്ടും ഇടത്തോട്ടുള്ള നേരിയ വഴിയിലൂടെ തിരിയാൻ പറഞ്ഞപ്പോൾ വഴി തെറ്റിയോ എന്ന് പോലും സംശയിച്ചു.

തിരികെ വന്നു തൊട്ടടുത്ത കവലയിൽ ചെന്ന് ഇവിടെ തൊട്ടടുത്ത് മസ്ജിദ് ഉണ്ടോന്ന് ചോദിച്ചപ്പോൾ ഞങ്ങൾ നേരത്തെ പോയി മടങ്ങി വന്ന വഴി തന്നെ ഒരാൾ പറഞ്ഞു തന്നു. വീണ്ടും ആ നേർത്ത മണ്പാതയിലൂടെ മുമ്പോട്ട് പോയി. മൊത്തം കാട് പിടിച്ചു കിടക്കുന്ന ഒരു തുറസ്സായ പറമ്പിൽ ചെന്ന് ആ പാതയവസാനിച്ചു. എന്തെങ്കിലും ബോർഡോ മറ്റോ ഉണ്ടെന്ന് നോക്കിയെങ്കിലും ഒന്നും കണ്ടില്ല. പേടിപ്പെടുത്തുന്ന ചുറ്റുപ്പാട്, ഒരാളെ പോലും കാണാൻ സാധിച്ചില്ല. ചുറ്റിലും തിരഞ്ഞെങ്കിലും ഒരു വീട് പോലും കാണാനില്ല. വണ്ടി അവിടെയിട്ടു ആ പറമ്പ് മുഴുവൻ നടന്നപ്പോൾ പഴയൊരു മാരുതി കാർ ദൂരെ ഒരു മരത്തണലിൽ പാർക്ക് ചെയ്തത് ശ്രദ്ധയിൽ പെട്ടു.

അങ്ങോട്ട് നടന്നപ്പോൾ തുറന്ന് കിടക്കുന്ന പഴയൊരു ഗേറ്റും അതിന്റെ മേലെ തുരുമ്പെടുത്ത കമ്പിയില് മാലിക് ദീനാർ എന്ന് ഇംഗ്ലീഷില് എഴുതി വെച്ചിരിക്കുന്നതും കണ്ടപ്പോഴാണ് സമാധാനമായത്. ഗേറ്റും കടന്ന് അകത്ത് കടന്നപ്പോഴും പള്ളിയുടെ യാതൊരു ലക്ഷണവും കണ്ടില്ല. പഴയൊരു വീട് പൂട്ടികിടക്കുന്നതായി കണ്ടു. പച്ച കലർന്ന മഞ്ഞ നിറമുള്ള വീടായത് കൊണ്ട് അതൊരു മുസ്ലിം വീടാണെന്ന് ഉറപ്പിച്ചു. പച്ചയും നീലയും മഞ്ഞയും അതിന്റെ ഇളം ഷേഡുകളൊക്കെ ഓരോ തിരിച്ചറിവിന്റെ നിറങ്ങളാണല്ലോ.

വീടിനടുത്തെത്തിയപ്പോൾ അതിന്റെ പിറകിൽ വലതു വശത്ത് കൊച്ചു പള്ളിയുടെ കുബ്ബയും മിനാരവും കണ്ടു. പള്ളിയുടെ ഇടതു വശത്ത് മറ്റൊരു വലിയ കോൺക്രീറ്റ് വീടും കണ്ടു. ഈ രണ്ട് വീടുകളും പള്ളിയുടെ കോമ്പൗണ്ടിന് അകത്ത് എന്ന പോലെ തോന്നിച്ചെങ്കിലും പള്ളിയിലേക്കോ രണ്ട് വീട്ടിലേക്കോ വാഹനം പോകാനുള്ള സൗകര്യമുണ്ടായിരുന്നില്ല. കല്ല് കെട്ടി അതിര് വേർതിരിച്ചത് പോലെയുള്ള പറമ്പിലൂടെ നടന്നു പള്ളിക്കടുത്തെത്തി. ഇമാം മുറിയുടെ വാതിൽ തുറന്നിട്ടിരിക്കുന്നു. ഞങ്ങളുടെ കൂടെയുള്ള കുട്ടികളുടെ ശബ്ദം കേട്ടാവണം മെലിഞ്ഞ ചെറുപ്പക്കാരനായ ഇമാം പുറത്തിറങ്ങി വന്നു.

പള്ളിയെ പറ്റിയും ചുറ്റുപാടുകളെ പറ്റിയുമുള്ള കാര്യങ്ങൾ അദ്ദേഹത്തോട് ചോദിച്ചറിഞ്ഞു. സൗത്ത് കാനറാ ജില്ലക്കാരനായ അബ്ദുൽ ലത്തീഫിന് മലയാളം നല്ല പോലെ വഴങ്ങുമായിരുന്നു. ഇവിടെങ്ങും ഒരു മുസ്ലിം വീട് പോലും കാണുന്നില്ലല്ലോ നിസ്കാര സമയത്ത് ആളുണ്ടാവുറുണ്ടോ എന്ന് ചോദിച്ചപ്പോൾ നിങ്ങൾ പള്ളിയിലേക്ക് വരുന്ന വഴി കണ്ട രണ്ട് വീടുകൾ മാത്രമാണ് മുസ്ലിം വീടുകൾ. അതിലൊന്ന് പള്ളിയുടെ സ്ഥലത്ത് പള്ളി കമ്മിറ്റി നിർമ്മിച്ച വീട്, അതിൽ ഇപ്പോൾ എന്റെ കുടുംബം താമസിക്കുന്നു. മറ്റൊന്ന് പ്രദേശവാസിയായ അബ്ബാസ് ബേഗിന്റെ. ദിവസത്തെ അഞ്ച് നേര നിസ്കാര സമയത്ത് മിക്കവാറും രണ്ടോ മൂന്നോ പേര് എത്തും, ചില ദിവസങ്ങളിൽ തനിച്ചാവാറുമുണ്ട് എന്ന് കൂടി കേട്ടപ്പോൾ അത്ഭുതം തോന്നി. ഇന്ത്യയിൽ ആദ്യമായി പണിത പത്ത് പള്ളികളിൽ ഒരു പള്ളിയുടെ ഇന്നത്തെ അവസ്ഥ കേട്ടപ്പോൾ മനസ്സ് പള്ളി പണിത ചരിത്ര ഘട്ടത്തിലേക്ക് പോകുകയായിരുന്നു.

അലൂപ രാജവംശത്തിന്റെ തലസ്ഥാന നഗരമായിരുന്നു ബാർക്കൂർ. അലൂപ രാജഭരണത്തിന് മുമ്പായിരിക്കണം ഇവിടെയൊരു മസ്ജിദ് പണിതത്. മാലിക് ദീനാർ കാലഘട്ടത്തിൽ പണിത മറ്റു ഒമ്പത് പള്ളികളിൽ എട്ടും കടലിനോട് ചേർന്ന സ്ഥലത്തോ അല്ലെങ്കിൽ തീരദേശത്തോട് ചേർന്ന് നിൽക്കുന്ന പുഴയുടെ തീരങ്ങളിലോ ആയിരുന്നു. എന്നാല് അതിൽ നിന്നും വിഭിന്നമായി തീര ദേശമല്ലാത്തതും ഇന്നും അധിക ജനവാസമൊന്നുമില്ലാത്ത ഈ നദീ തീരത്ത് എന്ത് കൊണ്ടാവും നിർമ്മിക്കപ്പെട്ടതെന്നാലോചിച്ചു. ഒരു പക്ഷേ ആ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട നഗരമായിരിക്കാം ബാർക്കൂർ. അന്നിവിടെ ഭരിച്ചിരുന്ന രാജാവ് വിദേശികളായ അറബികളുമായി കച്ചവട ബന്ധത്തിൽ ഏർപ്പെട്ടിരുന്നിട്ടുണ്ടാവാം, അത് വഴിയാവും അറബികൾ ഈ നാടുമായി അടുപ്പത്തിലാവുന്നത്.

മറ്റു നിസ്കാരങ്ങൾക്ക് ആളുകൾ ഉണ്ടാവാറില്ലെങ്കിലും വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ധാരാളം ആളുകൾ ഇവിടെയെത്തുമെന്ന് ഇമാം പറഞ്ഞു. മൂന്ന് കിമി മാറിയുള്ള പ്രദേശത്ത് വരെ വേറെ പള്ളികൾ ഇല്ലായെന്നും അവിടെയൊക്കെ ധാരാളം മുസ്ലിം കുടുംബങ്ങൾ താമസമുണ്ടെന്നും അദ്ദേഹം തുടർന്നു. അദ്ദേഹത്തിന് അറിയുന്ന രീതിയിൽ പള്ളിയുടെ ചരിത്രവും മറ്റും വിശദീകരിച്ചു. പണ്ടെന്നോ പള്ളി പുതുക്കി പണിയുന്ന സമയത്ത് കുഴിക്കുമ്പോൾ കിട്ടിയ ഒരു കരിങ്കൽ ഫലകം അദ്ദേഹം കാണിച്ചു തന്നെ. അത്ര വ്യക്തമല്ലാത്ത രീതിയിൽ ഒരു ആയത്ത് ആ കല്ലില് കൊത്തി വെച്ചതും കാണാനിടയായി. പള്ളിയുടെ നടുമുറ്റത്ത് തന്നെ ഒരു കിണറുണ്ട്. ഹൗളില് നിന്ന് വെള്ളമെടുത്തു കാല് കഴുകി പള്ളിക്കകത്ത് കടന്നു. പുറമേ നിന്ന് കാണുമ്പോൾ വളരെ ചെറുതെങ്കിലും അകം അത്യാവശ്യം വിശാലമാണ്. കാർപെറ്റ് വിരിച്ച വലിയ ഹാളിൽ എ സി യും അനുബദ്ധ സൗകര്യങ്ങളുമുണ്ട്.

ഇമാം മുറിയോട് ചേർന്ന് ഒരു ഹാളിൽ രണ്ട് ബെഞ്ചും ഡസ്ക്കും ശ്രദ്ധയിൽ പെട്ടപ്പോൾ ഇവിടെ മദ്രസ ക്ലാസ് എടുക്കാറുണ്ടോന്ന് ചോദിച്ചു. നാല് കുട്ടികൾക്ക് മത വിദ്യാഭ്യാസം പകർന്നു നൽകുന്നതും പള്ളി ഇമാം തന്നെ. ബാങ്ക് വിളിക്കുന്ന മുഅദ്ദിനും പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുന്ന ഇമാമും വെള്ളിയാഴ്ച്ചകളിലെ നിർബന്ധ കുത്ത്ബ (പ്രസംഗം) നിർവഹിക്കുന്ന ഖത്തീബും മദ്രസ അധ്യാപകനുമെല്ലാം ഒരാൾ തന്നെ. കൂടാതെ പള്ളി വൃത്തിയാക്കുന്ന ജോലിയും അദ്ദേഹത്തിന് തന്നെയാണ്. തന്റെ ജോലിയിൽ ആത്മാർത്ഥതയുള്ളയാളാണ് അബ്ദുൽ ലത്തീഫ് എന്ന് പള്ളിക്കകം കണ്ടപ്പോൾ ബോധ്യമായി. കാട് മൂടിക്കെട്ടി കിടക്കുന്ന പഴയൊരു ഖബർസ്ഥാനും ചുറ്റുപാടും നോക്കി കണ്ട ശേഷം അബ്ദുൽ ലത്തീഫിനോട് യാത്ര പറഞ്ഞു, ബാർക്കൂർ ടൗണിനടുത്തുള്ള പഴയൊരു ജൈന ബസദി സന്ദർശിക്കാനായി ഞങ്ങളിറിങ്ങി. വീണ്ടുമൊരിക്കൽ ബാർക്കൂരും അയൽ പ്രദേശങ്ങളും കാണാനെത്തുമെന്ന ഉറപ്പോടെ…

You May Also Like

മദീനാ തെരുവില്‍ ഞാന്‍ കണ്ട അന്‍സാരി

മക്കയില്‍ നിന്നും എല്ലാം വെടിഞ്ഞ് മദീനത്തെത്തിയ പ്രവാചകനെയും (സ) സഹാബികളെയും സഹായിച്ച അന്നത്തെ മദീനാ നിവാസികളേയാണ് അന്‍സാരികള്‍ എന്ന് പറയുന്നത്. ഈ ലോകത്ത് ഇപ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ അന്‍സാരീകളെ കണ്ടിട്ടുണ്ടാവുമോ? ഇല്ലെന്നാണ് മറുപടി എങ്കില്‍ ഞാന്‍ പറയാന്‍ പോവുന്നത് ഞാന്‍ കണ്ട ഒരു മനുഷ്യനെക്കുറിച്ചാണ്.

ഷിംലയുടെ 5 ആഡംബര സ്വർഗങ്ങൾ ഒരു കിടിലൻ അനുഭവത്തിനായി തിരക്കുകളിൽ നിന്നും രക്ഷപ്പെടൂ

യാത്രയ്ക്കുള്ള കാലാവസ്ഥ അടുത്തുവരികയാണ്, ആളുകൾ ഇപ്പോൾ ഹിൽ സ്റ്റേഷനുകളിലേക്കുള്ള യാത്ര ഒഴിവാക്കില്ല. നിങ്ങൾ ഹിമാചൽ പ്രദേശിലെ…

ചില കാസറഗോടന്‍ ഭാഷാ വിശേഷങ്ങള്‍…….

കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ജില്ലയാണല്ലോ കാസറഗോഡ് .മറ്റു ജില്ലകളില്‍ ഉപയോഗിക്കുന്ന ഭാഷകളില്‍ നിന്നും കാസറഗോഡ് ഭാഷ വളരെ വ്യത്യസ്തമാണ്…സപ്ത ഭാഷാ സംഗമ ഭൂമിയായ കാസറഗോഡ് ഭാഷയില്‍ മറ്റു ഭാഷകളായ കന്നഡ,കൊങ്കണി,തുളു,ഉര്‍ദു,ഹിന്ദി,തമിഴ് തുടങ്ങിയവ വല്ലാതെ സ്വാധീനം ചെലുത്തിയിട്ടുണ്ട്… ഒരു കാസറഗോഡ് സംഭാഷണം…

ട്രാവല്‍ ബൂലോകം: ഇടുക്കി – കേരളത്തിന്റെ റാണി..

ഇടുക്കിയുടെ വശ്യമാനോഹാരിതയെ തൊട്ടറിയാന്‍ നിങ്ങളും ആഗ്രഹിക്കുന്നുവോ..? താമസം, ഭക്ഷണം, യാത്ര, റോഡുമാര്‍ഗ്ഗമുള്ള റൂട്ട് മാപ്പ്, സ്ഥലങ്ങള്‍ എന്നിവയറിയാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്‌ളിക്ക് ചെയ്ത്, ട്രാവല്‍.ബൂലോകം സന്ദര്‍ശിക്കൂ