Aagneya Femina

പെണ്മക്കളുടെ ദിനമാണ്. പെൺകുട്ടികളെ കെട്ടിച്ചു മറ്റൊരു വീട്ടിലേയ്ക്ക് വിടൽ എന്ന ആചാരമേ നിർത്തണം എന്ന Chintha TK യുടെ പോസ്റ്റ് കണ്ടു. വേണം. അതിനേക്കാൾ മുന്നേ നിർത്തലാക്കേണ്ടത് എന്താണെന്നോ? ചില ചക്കരകൾ വിദേശത്തുനിന്ന് എല്ലാ പ്രാരാബ്ധങ്ങളുടെയും ഇടയിൽ നിന്നും ഓടി വന്നു പെണ്ണുകെട്ടി ആ പെങ്കൊച്ചിനെ, പത്തുമാസം ചുമന്നു പെറ്റതിനു പകരമായി സ്വന്തം അമ്മയ്ക്ക് പന്തു തട്ടികളിക്കാൻ ഇട്ടു കൊടുത്ത്, രണ്ടോ മൂന്നോ കൊല്ലം കൂടുമ്പോൾ ഓടി വന്നു കുറച്ചു ദിവസം നിന്നു വീണ്ടും ഓടിപ്പോകുന്ന ആ മനോഹരമായ ആചാരം ഇല്ലേ? അതങ്ങ് ആദ്യം നിയമം മൂലം നിരോധിക്കണം. ഒന്നുകിൽ സ്വന്തം തണലിൽ കൂടെ നിർത്തി ഭാര്യയെ നോക്കാൻ കെൽ‌പ്പുണ്ടാകുമ്പോ കെട്ടിയാൽ മതി. അതില്ലെങ്കിൽ വിവാഹശേഷം അവൾ ജോലിസ്ഥലത്തോ , സ്വന്തം വീട്ടിലോ നിൽക്കുന്നത് അനുവദിച്ചു കൊടുക്കാൻ ഉള്ള തന്റേടം (സ്വന്തം വീട്ടുകാരുടെ മുന്നിൽ) കാണിക്കണം.

ഞാൻ ഒക്കെ ജീവിക്കുന്ന ചുറ്റുപാടിൽ ഇപ്പോഴും കല്യാണം കഴിപ്പിച്ച് അയക്കുന്ന പെൺകുട്ടികൾക്ക് പരമാവധി 22 ഒക്കെയാണ് പ്രായം. പഠിച്ചു കൊണ്ടിരിക്കുമ്പോഴേ കല്യാണം ആലോചിക്കും. മിക്കവാറും ഡിഗ്രി പരീക്ഷയൊക്കെ വിവാഹശേഷം പോയി എഴുതുന്ന സെറ്റപ് ആണ് 90% കേസുകളും. ഭൂരിഭാഗം എണ്ണത്തിനും ജോലിക്കൊന്നും പോകാനുള്ള സാഹചര്യമോ മാർക്കോ കാണില്ല.
ഇനിയങ്ങോട്ട് പറയുന്ന സംഭവങ്ങൾ ഒന്നും എക്സപ്ഷനൽ കേസുകൾ അല്ല. ചുറ്റുപാടിലും കാണുന്നതിലെ ഭൂരിപക്ഷ ശതമാനം എന്നുതന്നെ പറയാം. ഇതിൽ‌പ്പറയുന്ന പെൺകുട്ടികൾ സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരും അല്ല. നല്ല സ്കൂളുകളിലും കോളേജുകളിലും പഠിച്ച ഹയർ മിഡിൽക്ലാസ്സ് കുടുംബാംഗങ്ങൾ തന്നെ ആണ്.

ഓക്കേ, അങ്ങനെ അമ്പതും, എഴുപത്തഞ്ചും ,നൂറും പവൻ ഒക്കെ കൊടുത്ത്/വാങ്ങി, ലക്ഷങ്ങൾ ഫൂഡിനും, സ്റ്റേജിനും ,ഗാനമേളയ്ക്കും ഒക്കെ ചിലവിട്ട് നടത്തുന്ന ഗംഭീരമായ വിവാഹശേഷം 1-2 മാസം രണ്ട് മാസം കഴിഞ്ഞാൽ ഭർത്താവ് പോകും. പിന്നെ ഭർതൃവീട്ടിലാണ് ഈ പെൺകുട്ടികളുടെ ജീവിതം, സ്വന്തം വീട് അത്ര അകലെ ഒന്നും ആകില്ല. പക്ഷേ വീട്ടിൽ പോകാൻ ഉള്ള അവധിക്ക് വ്യക്തമായ മാനദണ്ഡങ്ങളോട് കൂടിയ ഇടവേളകൾ ഉണ്ട്. മാസത്തിൽ രണ്ട് ദിവസം എന്നിങ്ങനെ. വീട്ടിലെ വിശേഷങ്ങൾക്ക് പോലും ഭർതൃവീട്ടിലെ ആരുടെ എങ്കിലും എസ്കോർട്ട് ഇല്ലാതെ പോകൽ അനുവദനീയം അല്ല. വിശ്രമവേളകൾ ആനന്ദകരമാക്കാൻ വീട്ടുപണി, വല്ലപ്പോഴും വന്നുപോകുന്ന നാത്തൂന്റെ മക്കളെ വളർത്തൽ, കെട്ട്യോനെ പനപോലെ ആക്കി വളർത്തി തളർന്ന അമ്മായിയമ്മയെ (കക്ഷിക്ക് മിക്ക കേസിലും വയസ്സ് 50കളോ അതിൽ കുറവോ ആയിരിക്കും) അടിമുടി പരിചരിക്കൽ. പ്രസവിക്കാൻ ആയതും, പ്രസവിച്ചു കിടക്കുന്നതും ആയ നാത്തൂന്മാരെ പരിചരിക്കൽ, അതിന്റെ കൂടെ എക്സ്ട്രാ ഓഫർ ആയി ചെയ്യുന്ന സകലതിലും ഉള്ള കുറ്റവും കുറവും കണ്ട് പിടിച്ചുകൊണ്ടുള്ള കമന്റുകൾ, വീട്ടുകാരെ കമന്റടിക്കൽ , കുത്ത്‌വാക്കു, പരിഹാസം തുടങ്ങിയവയും കാണും. ഇനി ഇതൊന്നുമില്ലെങ്കിലും അത്രയും ചെറിയ പെൺകുട്ടികൾ ഒന്ന് കെട്ടിപ്പോയി എന്നതിന്റെ പേരിൽ മറ്റൊരുഇടത്ത്, മറ്റൊരു വീട്ടിൽഅപരിചിതരായ കുറെ ആൾക്കാർക്കൊപ്പം രണ്ടാംകിടപൌര ആയി കഴിയുന്നത് എന്നാൽ എന്താണെന്ന് ആർക്കും മനസ്സിലാകില്ലേ?( വാട്ട്സാപ്പും സ്മാർട്ട് ഫോണും ഒക്കെ ഉള്ള കാലത്ത്.നിങ്ങലുടെ വിശ്രമവേളകൾ അല്പം കൂടെ ആനന്ദകരമല്ലേ കൊച്ചുങ്ങളെ, ഞങ്ങളെപ്പോലെ അല്ലല്ലോ എന്നൊരുത്തിയോട് ചോദിച്ചു. ബിൽകുൽ നോ ഉണ്ട സ്റ്റിൽ വാക്കിംഗ് ഇത്താത്തോയ് എന്ന് മറുപടി കിട്ടി)

ഇത് വീട്ടിൽ ഇരിക്കുന്നവരുടെ കഥ. കല്യാണം കഴിഞ്ഞും ജോലിക്കും പഠിക്കാനും പോകുന്ന തങ്കക്കുടങ്ങൾക്ക് ഇതിന്റെ ഇരട്ടി എന്റെർടൈന്മെന്റ് ആണ്. വിവാഹം കഴിഞ്ഞാൽ എല്ലാ വേരും പറിച്ചു നടപ്പെടുന്നത് പെൺകുട്ടികളുടെ മാത്രം ആണല്ലൊ. പുലർച്ചെ ഉണർന്ന് വീട്ടിലെ സകല ചില്ലറകൾക്കും, ആടിനും പശുവിനും കോഴിക്കും വരെ മൂന്നുനേരത്തിനും ഉള്ള ഭക്ഷണവും, ശുചിയായ ഇടങ്ങളും, അലക്കിയ വസ്ത്രവും ഒരുക്കി വച്ചു അകലെ ഉള്ള ഓഫീസിലേയ്ക്കോ, കോളേജിലേയ്ക്കോ ഓടുന്നവർ. കെട്ടിയവൻ എന്നു പറഞ്ഞ പ്രസ്ഥാനം ഇവിടെ ഇല്ലല്ലോ, സ്വന്തം വീട്ടീന്നു വന്നു പൊയ്ക്കോളാം എന്ന വാദത്തിനൊനും ഒരു വിലയും ഇല്ല. വൈകിട്ട് ക്ഷീണിച്ച് ഒടിഞ്ഞു മടങ്ങി വരുമ്പോൾ എല്ലാവരും അപ്പോൾ ചായ ഉണ്ടാക്കിക്കുടിച്ചതടക്കം രാവിലെ മുതൽ ഉള്ള പാത്രങ്ങൾ സിങ്കിൽ വെയിറ്റ് ചെയ്യുന്നുണ്ടാകും എന്ന് പറഞ്ഞ കൂട്ടുകാരി ഉണ്ട്. അതായ്ക്കോട്ടേ. ആറിയതെങ്കിലും ഒരിറ്റ് ചായ അവർ കരുതി വച്ചിരുന്നെങ്കിൽ, അല്ലെങ്കിൽ ചെന്നാൽ ഒരു ഗ്ലാസ്സ് ചുടുവെള്ളം ഉണ്ടാക്കിക്കൊടുത്തെങ്കിൽ എന്ന് ആശിച്ചിട്ടുണ്ട് എന്ന്. പകരം തലവേദനിച്ച് അല്പം ഇരുന്നാൽ, പാത്രം ഒക്കെ ആരു കഴുകും, ആരെങ്കിലും പെട്ടെന്ന് കയറി വന്നാൽ എന്ത് കരുതും, 4-5 പെണ്ണുങ്ങൾ ഉള്ള വീടല്ലേ എന്ത് കരുതും എന്ന് പറയുമെന്ന്. നമ്മുടെ വ്യവസ്ഥിതി അനുസരിച്ച് ഈ ചെയ്തികളിലും പറച്ചിലിലും ഒന്നും ഒരു ശരികേടും ഇല്ല. മറിച്ച് അപ്പോ ഇക്കണ്ട പകൽ മുഴുവൻ ആരെങ്കിലും കയറി വന്നാൽ വീട്ടിലിരിക്കുന്ന മറ്റു പെണ്ണുങ്ങൾക്ക് ഒന്നുമില്ലേ എന്ന് തിരിച്ചു അവൾ ചോദിക്കുന്നതിലാണ് തെറ്റും മര്യാദകേടും മുഴുവൻ ഇരിക്കുന്നത്. ഇതിനിടയ്ക്ക് ഗർഭമോ ഗർഭാലസ്യമോ കൂടെ ബോണസ് ആയിട്ട് വരണം. അതിനിപ്പ എന്താണ്? പെണ്ണായാൽ പള്ളേലുണ്ടാവും, പെറും. അതിന്?

എനിക്ക് 18 വയസ്സുപ്രായമുള്ള സമയത്താണ് കല്യാണം കഴിഞ്ഞത്. ഒപ്പം വിവാഹിതയായ സമപ്രായക്കാരിയായ കൂട്ടുകാരി അതിന്റെ പിറ്റേ മാസം ഗർഭിണി ആയി. ദൂരെ ഉള്ള ഭർതൃഗൃഹത്തിൽ നിന്ന്പ്രൈവറ്റ് ബസ്സിൽ എന്നും കോളേജിൽ വന്നുപോകുന്ന ദുരിതം പറഞ്ഞ് അവൾ കരഞ്ഞിട്ടുണ്ട്. മത്തിഅടുക്കിയപോലെ സ്കൂൾ-കോളേജ് കുട്ടികലെ അടുക്കുന്ന നമ്മുടെ പ്രൈവറ്റ് ബസ്സിൽ. ഒരിക്കൽ വയർ അമർന്ന് വേദനിച്ച് കണ്ടക്ടറോട് പരാതി പറഞ്ഞപ്പോൾ “കിടന്നു സുഖിക്കുമ്പോൾ ഇതൊന്നും ഓർത്തില്ലേ “ എന്ന് ആറുമാസം നിറവിന്റെ വയറോടെ നിൽക്കുന്ന ആ 19കാരിയോട് അയാൾ വിടലച്ചിരിയോടെ ചോദിച്ചു. ഭർത്താവിന്റെ വീട്ടുകാരോട് മുഴുവൻ ചാർജ് കൊടുക്കാൻ ഉള്ള പൈസക്ക് കെഞ്ചുമായിരുന്നു എന്ന്. എസ്.റ്റി. കൊടുക്കുമ്പോൾ ആണല്ലോ ഈ ദുരന്തം. ഉദ്യോഗസ്ഥ ഒന്നും അല്ലല്ലോ. പഠിക്കാൻ പോകുന്നവൾക്ക് അത്ര പൈസ എന്നും തരാൻ സാധ്യമല്ല എന്ന് അവരും. 75 പവൻ സ്വർണ്ണം സ്ത്രീധനം നൽകി കെട്ടിച്ചു വിട്ടവൾ ആണ്. സഹികെട്ട് ഒടുവിൽ പഠിക്കാൻ പോകുന്നില്ല എന്ന് പറഞ്ഞുനോക്കി. അതും നടക്കില്ല. ജോലികിട്ടാൻ ഉള്ള സാധ്യത നോക്കിയാണ് നല്ല മാർക്കുള്ള മിടുക്കിക്കൊച്ചിനെ മോനെക്കൊണ്ട് കെട്ടിച്ചത്. അവനു മൂന്ന് പെങ്ങമ്മാർ അടക്കം ഒരുപാട് ബാധ്യതകൾ ഉണ്ട്.

15 വയസ്സിൽ അയല്പക്കത്തെ വീട്ടിലേയ്ക്ക് മരുമകളായി വന്ന ഒരുവൾ ഉണ്ട്. അത്ര പണ്ടൊന്നും അല്ല, ഒരു 15 കൊല്ലം ആയിക്കാണും. ആ പ്രായത്തിലേ അഞ്ചടി എഴിഞ്ചൊളം പൊക്കവും, ഒത്തവണ്ണവും, പഠിക്കാൻ മണ്ടിയും(മിടുക്കി ആയിട്ടും കാര്യം ഒന്നും ഇല്ലായിരുന്നു.) പെട്ടെന്ന് കെട്ടിച്ചു വിടാൻ പ്രേരകമായ കുറ്റകൃത്യങ്ങൾ അവയായിരുന്നു. ഇപ്പറഞ്ഞപോലെ പിറ്റേ മാസം ഗർഭിണി. വയറും വച്ച് പത്തോളം അംഗങ്ങൾ ഉള്ള ഉള്ള വീട്ടിലെ സകല ജോലികളും, രാപ്പകൽ ചെയ്ത് വേദനിച്ച് മുഖം ചുളിച്ച് നിൽക്കുന്ന അതിനെ കണ്ടിട്ടുണ്ട്. എട്ടുമണിക്കെങ്കിലും സ്കൂളിലും കോളേജിലും പോകേണ്ട 5-6 എണ്ണം ഉണ്ടായിരുന്നു അവിടെ. അതുങ്ങളെ വിടാൻ പുലർച്ചെ എണീക്കണം. 15 വയസ്സുള്ള ഗർഭിണി പുലർച്ചേ എഴുന്നേറ്റ് 12 മുതൽ 18 വയസ്സ് വരെ ഉള്ളതുങ്ങളെ ഊട്ടി ഒരുക്കി വിടുന്നതിനെപ്പറ്റി ആണ് പറയുന്നത്.

ഇതൊക്കെ ഭർത്താവ് കൂടെ ഉള്ളവർക്കും ഇല്ലെന്നോ, അവരുടെ ദുഃഖം കുറവെന്നോ അല്ല. അങ്ങനെ ഒരാൾ പോലും കൂടെ ഇല്ലാതെ ഒരു കൂട്ടം ആളുകൾക്കിടയിൽ രണ്ടാംകിട പൌരയായി പെട്ടുപോകുന്നവളെപ്പറ്റി ആണ്. ഇതിന്റെ ഒക്കെ ഇടയിലും “ഗൾഫുകാരന്റെ ഭാര്യ” എന്ന കണ്ണോടെ അവൾ എങ്ങോട്ടൊക്കെ പോകുന്നു, ആരോടൊക്കെ മിണ്ടുന്നു എന്ന് സദാചാരക്കണ്ണോടെ നോക്കിയിരിക്കുന്ന സമൂഹത്തിനിടയിൽ ജീവിക്കുന്നവളോടാണ്.

ഇതിനെതിരെ എന്ത് മാറ്റം വരണം എന്നാണ്? ആരു മാറ്റം കൊണ്ടുവരും എന്നാണ്. ഇതൊക്കെ അനുഭവിക്കുന്നവർ പോലും ഇതിനെ ഒന്നും അബ്യൂസ് ആയി കാണുന്നില്ല എന്നതാണ്. പകരം ഇതിലൂടെയെല്ലാം നിത്യവും ഓരോ നിമിഷവും കടന്നുപോകുമ്പോൾ ഉണ്ടാകുന്ന വിഷാദത്തേയും, ഭ്രാന്തിനേയും, വേദനകളെയുമെല്ലാം പാപഭാരത്തോടെയും, കുറ്റബോധത്തോടെയും സ്വന്തം തെറ്റായി കാണാൻ പ്രോഗ്രാംഡ് ആണ് ഇതുങ്ങളൊക്കെ. അത്യാവശ്യം കാശു കിട്ടും, ശംബളം കൊടുക്കാതെ ഒരു ഹൌസ്കീപ്പറും, ഹോംനഴ്സും, പിന്നെ സേയ്ഫ് ആയി കിട്ടുന്ന സെക്സ്. ഈ ഇക്വേഷനീന്ന് കല്യാണങ്ങൾ മാറാനേ പാടില്ല. അതാണ് സംസ്കാരവും പൈതൃകവും. അതിൽ ഒന്നും തെറ്റല്ല. ഒന്നും അബ്യൂസും അല്ല. ഭർത്താവ് ലീവിനു വരുന്നു എന്നറിഞ്ഞാൽ ഭയന്ന് വിറയ്ക്കുന്ന കൂട്ടുകാരി ഉണ്ടായിരുന്നു. അയാളെ വല്യ ഇഷ്ടമാണ്. അയാൾ രണ്ടോ മൂന്നോ കൊല്ലം കൂടുമ്പോൾ വരുന്നതാണ് ആകെ ആശ്വാസം. പക്ഷേ അയാൾ വന്നാൽ വീട്ടിൽ വരുന്ന എക്സ്ട്രാ വിരുന്നുകാരെ മുഴുവൻ തീറ്റിപ്പോറ്റുന്നതും, ബന്ധുവീടുകളിൽ മുഴുവൻ പോയി ക്ഷീണിച്ചു നടുവൊടിയുന്നതും സഹിക്കാം. ഈ എക്സ്ട്രാ ജോലികൾക്കൊപ്പം ലീവിനു വരുന്നവനെ ദിവസത്തിൽ പലതവണ , പിരീഡ്സിന്റെ ദിവസങ്ങളിൽ‌പ്പോലും തൃപ്തിപ്പെടുത്തിയേ പറ്റു. ഒരുനേരം വയ്യെന്ന് പറഞ്ഞാൽ വരാൻ ടിക്കറ്റിനുൾപ്പടെ ചെലവായ പൈസയുടെ കണക്ക് കേൾക്കണം, എന്തിനാണു പിന്നെ കല്യാണം കഴിച്ചത് എന്ന ചോദ്യം കേൾക്കണം. ഇതൊന്നും അബ്യൂസ് അല്ല. ആ ചോദ്യങ്ങളും കണക്കുപറച്ചിലുകളും ഒന്നും. എല്ലാം ചിലരുടെ അവകാശങ്ങളാണ്.(Oh yeah, not all men)

അല്ലെങ്കിലും എതിർക്കണമെന്ന് തോന്നിയാലും കൂടെ ആരുണ്ടാകും എന്നാണ്? തങ്ങൾക്കും ഒരു മരുമകൾ വന്നു കയറിയിട്ട് വേണം ഈ പ്രിവിലേജുകൾ ഒക്കെ അനുഭവിക്കാൻ എന്ന് കരുതി ഇരിക്കുന്ന സ്വന്തം വീട്ടുകാരോ?

അതുകൊണ്ടൊക്കെത്തന്നെ ഫാമിലി സ്റ്റാറ്റസ് ഇല്ലാത്തവരെ അവളുമാർ ഗൌനിക്കില്ല എന്ന ചില ബാച്ചികളുടെ പുച്ഛം കേൾക്കുമ്പോ “കണക്കായിപ്പോയെടോ മത്തങ്ങാത്തലയാ” എന്നേ മനസ്സിൽ പറയാറുള്ളു.

അതുകൊണ്ടൊക്കെത്തന്നെ “വേറെ വീട്ടിൽ പോകാൻ ഉള്ളവളാണ്” എന്ന് ഇന്നുവരെ സ്വന്തം മകളോട് പറഞ്ഞിട്ടില്ല. അവളോട് അങ്ങനെ പറയാൻ ഞങ്ങളുടെ മാതാപിതാക്കളെപ്പോലും സമ്മതിക്കാറും ഇല്ല. അവൾക്കില്ലാത്ത വറുത്തമീനുകൾ ഒന്നും അവളുടെ സഹോദരനും ഈ വീട്ടിൽ ഇല്ല. രണ്ടുപേരും അവരുടെ മാതാപിതാക്കളുടെ വയസ്സുകാലത്തേക്കുള്ള നിക്ഷേപവും അല്ല. ഞങ്ങൾ എന്നാൽ, അവർ രണ്ടുപേരും സ്വന്തം ചിറകുകൾ ഉള്ള രണ്ട് സ്വതന്ത്ര വ്യക്തികൾ ആയി പറന്നുപോകും വരെ അവരുടെ സുരക്ഷയും, വിദ്യാഭ്യാസവും ഉറപ്പുവരുത്താൻ ഉള്ള രണ്ടാളുകൾ മാത്രം. അതിൽക്കൂടുതൽ ഒന്നുമില്ല, അതിൽക്കൂടുതൽ ഒന്നും വേണ്ട. മകളാണ്, മക്കളാണ്. അത്രയേ ഉള്ളു.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.