Aami Dhanya
മായിൻകുട്ടി ഹീറോയാടാ, ഹീറോ!
ആ മായിൻകുട്ടിയില്ലായിരുന്നെങ്കിൽ ഗോഡ്ഫാദറിന്റെ അവസ്ഥ ഒന്നാലോചിച്ചു നോക്കിയേ….പിടിച്ചോണ്ട് കൊണ്ടോരാൻ പറഞ്ഞാൽ കൊന്നോണ്ട് വരുന്ന അഞ്ഞൂറാന്റെ മക്കളും പക മൂത്ത് ഭ്രാന്തായ, കുതന്ത്രത്തിന് കയ്യും കാലും വച്ച ആ ആനപ്പാറ അച്ചമ്മയും കൂടി വെട്ടിയും കുത്തിയും തമ്മിൽ തല്ലി തീർന്നേനെ….
ഫ്രീ അക്കമഡേഷൻ വിത്ത് ഫുഡ് നൽകി അഞ്ഞൂറാൻ വളർത്തി വലുതാക്കുന്ന തണ്ടും തടിയുമുള്ള വെറും ഗുണ്ടകളായി ഒടുങ്ങിയേനെ അഞ്ഞൂറാന്റെ മക്കൾ. അല്ലേൽ തന്നെ ഈ അഞ്ഞൂറാനും അച്ചമ്മയും എന്തൊക്കെയാ കാണിച്ചുകൂട്ടിയതല്ലേ? രണ്ടിടത്തും പടയൊപ്പിക്കാൻ കറക്റ്റ് നാലു മക്കളെ വീതം പ്രൊഡ്യൂസ് ചെയ്യുക. മക്കൾക്കാണേൽ ശത്രൂന്റെ മക്കളുടെ പേരിനൊപ്പം പ്രാസമൊപ്പിച്ച് പേരിടുക!
അഞ്ഞൂറാൻ മകന് ബാലരാമൻ എന്ന് പേരിട്ടപ്പോ അപ്പുറത്ത് അച്ചമ്മ മൂത്തമോനെ പരശുരാമാ എന്നങ്ങ് വിളിച്ചു.അഞ്ഞൂറാൻ സ്വാമിനാഥൻ എന്ന് പേരിട്ടപ്പോ അച്ചമ്മ രണ്ടാമത്തവനെ ഭൂമിനാഥനാക്കി. അച്ചമ്മയുടെ കോപ്പിയടി ശല്യം സഹിക്കാനാവാതെ പ്രേമചന്ദ്രൻ- രാമഭദ്രൻ എന്നിങ്ങനെ രണ്ട് വെറൈറ്റി പേരുകൾ അഞ്ഞൂറാൻ അങ്ങ് കാച്ചിയപ്പോൾ ദാണ്ടേ, അച്ചമ്മ വീണ്ടും ചെക്ക് വയ്ക്കുന്നു,
ഹേമചന്ദ്രനും വീരഭദ്രനും!
മക്കൾക്ക് പേരിടുന്നതിൽ പോലും മത്സരബുദ്ധിയുള്ള ആ അച്ചമ്മയുടെയും അഞ്ഞൂറാന്റെയും വാശിയിൽ പെട്ട് ഈയാംപ്പാറ്റകളെപോലെ ഒടുങ്ങേണ്ട മക്കൾ. മായിൻകുട്ടിയെ പോലൊരു ചങ്ങാതി രാമഭദ്രന് ഉണ്ടായതുകൊണ്ട്, എല്ലാവരുടെയും തലേവര അങ്ങട് മാറികിട്ടി. അഞ്ഞൂറാന്റെയും അച്ചമ്മയുടെയും കഥയിലെ വെറും സപ്പോർട്ടിംഗ് ആക്റ്ററല്ല മായിൻകുട്ടി.സംശയമുണ്ടേൽ, ആദ്യം മുതൽ ഒന്നൂടി സൂക്ഷിച്ചു നോക്കിയേ, അഞ്ഞൂറാന്റെ മോനായാലും ആനപ്പാറ അച്ചമ്മയുടെ കൊച്ചുമോളാണെങ്കിലും മായിൻകുട്ടിയ്ക്ക് പുല്ലാ…
അച്ചമ്മയുടെ കൊച്ചുമോൾ മാലുവിന് ഗംഭീരവരവേൽപ്പ് പ്ലാൻ ചെയ്യുന്നതിന്റെ മുൻനിരയിൽ തന്നെ മായിൻകുട്ടിയിട്ടുണ്ട്. വേണേൽ അഞ്ഞൂറാന്റെ മോന്റെ പേരിൽ വരെ പിരിവ് നടത്താൻ മായിൻകുട്ടിയ്ക്ക് മടിയില്ല. പിരിവിലേക്ക് ഏത് അഞ്ഞൂറാന്റെ മോനും ഇടാം എന്ന് നിസാരമായി പ്രഖ്യാപിക്കുന്നുമുണ്ട് മായിൻകുട്ടി.
തല്ലൊന്നും മായിൻകുട്ടിയ്ക്ക് പുത്തരിയല്ല. ഇനി ഡാൻസ് ചെയ്യണോ? പാട്ട് പാടണോ? ഇടിയ്ക്കണോ? എന്തിനും ഏതിനും മായിൻകുട്ടി റെഡി.അച്ഛന്റെ ശബ്ദം കേൾക്കുമ്പോഴേക്കും സിഗരറ്റ് തല്ലികെടുത്തുന്ന, ചേട്ടന്മാരുടെയും അച്ഛന്റെയും പേരുകേട്ടാൽ മുട്ടുവിറയ്ക്കുന്ന വെറും പേടിത്തൊണ്ടനായ രാമഭദ്രനെ വീരശൂരപരാക്രമി ആക്കിയത് ആരാന്നാ വിചാരം? നമ്മടെ മായിൻകുട്ടി, അല്ലാതാരാ!
രാമഭദ്രൻ ഒരാണാണെന്നു തന്നെയാണ് എന്റെ വിശ്വാസം എന്ന മാലുവിന്റെ ഒരൊറ്റ ഡയലോഗിനെ വളച്ചൊടിച്ച് രാമഭദ്രനെ എരികയറ്റി വിടുന്നത് മായിൻകുട്ടിയാണ്. ഒരൊറ്റവരിയിൽ നിന്നും ഇത്രയും അർത്ഥം കണ്ടെത്താൻ മായിൻകുട്ടിയ്ക്ക് അല്ലാതെ വേറെ ആർക്കുപറ്റും?
ആ രാമഭദ്രനാവട്ടെ, കേട്ടപാതി കേൾക്കാത്ത പാതി അത് ചോദിക്കാൻ പോയേക്കുന്നു!
ആനപ്പാറ അച്ചമ്മയും കൊച്ചുമോളും കൂടി പ്രേമനാടകവും കൊണ്ടിറങ്ങുമ്പോ വിരണ്ടുപോയ, കോളേജ് തന്നെ വിട്ട് പോവാനൊരുങ്ങുന്ന രാമഭദ്രന് ധൈര്യം കൊടുക്കുന്നത്, കുബുദ്ധി പറഞ്ഞുകൊടുക്കുന്നത് ഒക്കെ മായിൻകുട്ടിയാണ്.
ആ കുബുദ്ധി ഓർത്ത് മായിൻകുട്ടിക്ക് തന്നെ സ്വയം രോമാഞ്ചം വന്നുപോയി! ☺️
അച്ചമ്മയുടെ കൊച്ചുമോളേ പ്രേമിക്കണേൽ ഞാൻ വേറെ അപ്പന് ജനിക്കണമെന്ന് വീരവാദം പറയുന്ന രാമഭദ്രനെ അയിനൊക്കെ ഒരുപാട് സമയമെടുക്കൂലേ 😏 എന്ന് കൂളായി കൈകാര്യം ചെയ്യുകയാണ് മായിൻകുട്ടി… എങ്ങനെ പ്രപ്പോസ് ചെയ്യണമെന്ന് രാമഭദ്രന് ക്ലാസെടുത്തു കൊടുക്കേം ചെയ്യുന്നു.
മാലു അമ്മേനെ പിടിച്ച് സത്യം ചെയ്യാൻ പറയുമ്പോൾ, പേടിച്ചോടുന്ന രാമഭദ്രനോട് മായിൻകുട്ടിയുടെ ഒരു ക്ലാസിക് ചോദ്യമുണ്ട്, “ഒന്നു സത്യം ചെയ്ത് കൊടുത്തെന്നു വച്ച് മരിച്ചുപോയ നിന്റെ അമ്മയ്ക്ക് ഇനിയെന്ത് സംഭവിക്കാനാ?” 🙄🤔🤔
പിന്നല്ല, ഇനിയെന്ത് സംഭവിക്കാനാ!
യൂ നോ, മായിൻകുട്ടി ഈസ് വെരി പ്രാക്റ്റിക്കൽ, സെന്റിമെൻസിൽ ഒന്നും കാര്യമില്ലെന്ന് നൈസായല്ലേ രാമഭദ്രനു മനസ്സിലാക്കി കൊടുക്കുന്നത്!
അതൊക്കെ പോട്ടെ, ചങ്ങാതിയുടെ പ്രണയത്തിന് വേണ്ടി എന്തോരമാണ് മായിൻകുട്ടി സഹിക്കുന്നത്.
രാമഭദ്രന്റെ തടിമാടന്മാരായ ചേട്ടൻമാരുടെയും അച്ചമ്മയുടെ മക്കളുടെയും മൊത്തം ഇടിയും കുത്തും വാങ്ങികൂട്ടുന്നു, മാലൂനെ വീഴ്ത്താനായി ജ്യൂസിൽ കലക്കിയ മയക്കുമരുന്ന് കഴിച്ച് സ്വയം തലകുത്തി വീഴുന്നു. ത്യാഗിയാണ് മായിൻകുട്ടി, മഹാ ത്യാഗി!
പ്രശ്നങ്ങൾക്കൊക്കെ തീകൊളുത്താൻ അറിയുന്ന മായിൻകുട്ടിയ്ക്ക് എവിടെ, എപ്പോൾ, എങ്ങനെ ഇടപെടണമെന്നും എങ്ങനെ കോംപ്രമൈസ് ആക്കണമെന്നും നല്ല ബോധ്യമുണ്ട്. കോളേജിൽ വച്ച് രാമഭദ്രനും വീരഭദ്രനും തെരുവുനായ്ക്കളെ പോലെ തല്ലിതീരുമെന്ന് ഉറപ്പാവുമ്പോൾ, മാലു ഇടപ്പെട്ടാലേ സംഭവം കൺട്രോൾ ചെയ്യാനാവൂ എന്ന് കണ്ട് സമയോചിതമായി മാലുവിനെ കൂട്ടികൊണ്ടുവരുന്നത് മായിൻകുട്ടിയാണ്. അല്ലേൽ അഞ്ഞൂറാന്റെ ആൺകോട്ടയിലോ അച്ചമ്മയുടെ വീട്ടുമുറ്റത്തോ രണ്ടിലൊരുത്തൻ നെഞ്ചിൽ റീത്തും വച്ച് പൂമാലയിട്ട് മൂക്കിൽ പഞ്ഞിയും വച്ച് കിടക്കുന്നത് കാണായിരുന്നു. ഒരു മരണം നൈസായി ഒഴിവാക്കിയ മായിൻകുട്ടി എന്നാ സുമ്മാവാ!
അല്ലേൽ തന്നെ, രാമഭദ്രനെ ഒരിക്കലാണോ മായിൻകുട്ടി രക്ഷിച്ചത്? പലകുറി….
ആനപ്പാറ അച്ചമ്മയുടെ ചായ്പ്പിൽ നിന്നും രാമഭദ്രനെ കയ്യോടെ പൊക്കിയിരുന്നേൽ ഉള്ള അവസ്ഥ ഒന്നു ആലോചിച്ചുനോക്കിയേ, അഞ്ഞൂറാന്റെ ദുരഭിമാനം വച്ച് മൂപ്പര് തലേൽ മുണ്ടിട്ട് നടക്കേണ്ടി വന്നേനെ, കൃത്യസമയത്ത് മരത്തിൽ നിന്ന് ഉരുണ്ട് വീണ് ആ സീൻ തന്നെ മാറ്റികളഞ്ഞത് ആരാ, മായിൻകുട്ടി!
അസമയത്ത് കാമുകിയുടെ വീടിന്റെ മതിലുചാടുന്ന, തീക്കളിയ്ക്ക് പോവുന്ന, ചങ്ങാതിയോട് “ഒന്ന് വിസിലടിച്ചാൽ മതി, സ്പോട്ടിൽ നിന്റെ വീട്ടിലറിയിക്കാം,” എന്ന ഉറപ്പു കൊടുക്കുന്ന മായിൻകുട്ടി എന്ന നൻപന്റെ സഹായമനസ്ഥിതി നമ്മൾ കാണാതെ പോവരുത്.
നാട്ടാര് മൊത്തം പേടിയോടെ നോക്കികാണുന്ന അഞ്ഞൂറാനെ എത്ര കൂളായാണ് മായിൻകുട്ടി ഒരൊറ്റ വരിയിൽ വരച്ചിടുന്നത്, “ഇങ്ങനെയുണ്ടോ ഒരു അച്ഛൻ, മക്കളെ കെട്ടാൻ സമ്മതിക്കൂല. തട്ടിപ്പോവാതെ ഇങ്ങനെ കിടക്കാണ്, എന്നിട്ട് ആഴ്ചയ്ക്ക് ആഴ്ചയ്ക്ക് ഓരോ ശപഥവും 😏.” സത്യം ഏത് അഞ്ഞൂറാന്റെ മകന്റെ മുഖത്തു നോക്കിയും തുറന്നു പറയും മായിൻകുട്ടി എന്ന ധീരൻ.
ഏട്ടന്മാരുടെ മനസ്സു മാറ്റാൻ രാമഭദ്രനെ ഉപദേശിക്കുന്ന മായിൻകുട്ടി തന്നെയാണ് ഗതികെട്ടാൽ മൂന്നെണ്ണത്തിനും എലിപാഷാണം വാങ്ങി കൊടുക്കാനും ഉപദേശിക്കുന്നത്, പിന്നല്ല, സഹിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ! (ദേഷ്യം വന്നാൽ മായിൻകുട്ടി ഡേഞ്ചറാണ് 😬)
എല്ലാ മാസവും തിരുവില്വാമലയിൽ തപസ്സിരിക്കാനെന്ന് അച്ഛനോടും സഹോദരന്മാരോടും കള്ളം പറഞ്ഞ് മുങ്ങുന്ന, ആറേഴുകൊല്ലമായി എല്ലാരെയും പറ്റിച്ചോണ്ടിരിക്കുന്ന സ്വാമിനാഥന്റെ രഹസ്യബന്ധം കണ്ടുപിടിക്കുമ്പോൾ മായിൻകുട്ടിയിൽ പ്രേക്ഷകർ കാണുന്നത് ഒരു ഡിറ്റക്ടീവിനെയാണ്. 🕵♀️ വിത്ത് പ്രൂഫ് അല്ലേ മായിൻകുട്ടി സംഭവം പൊക്കുന്നത്. ആരേലും അന്വേഷിച്ചുവന്നാലും വഴിതെറ്റാനായി സ്വാമിനാഥൻ ഉണ്ടാക്കിയെടുത്ത വ്യാജമേൽവിലാസമൊക്കെ നിസാരമായി മായിൻകുട്ടി പൊളിച്ചടുക്കുന്നുണ്ട്.
ചേട്ടന്റെ മക്കളെ പോലും കണ്ടാൽ തിരിച്ചറിയാത്ത രാമഭദ്രന്, ഡാൻസു പഠിക്കാൻ വന്ന പത്തിരുപതോളം കുട്ടികൾക്കിടയിൽ നിന്നും, ഒറ്റ നോട്ടത്തിലല്ലേ മായിൻകുട്ടി, ചേട്ടന്റെ മക്കളെ എടുത്തുപൊക്കി കാണിച്ചുകൊടുക്കുന്നത്. നിരീക്ഷണപാഠവത്തിലും സാമാന്യബോധത്തിലും മായിൻകുട്ടി പുലിയാണ്!
(അപ്പോൾ, ഏട്ടമ്മാര് തല്ലാൻ വന്നപ്പോൾ ജീവനും കൊണ്ടോടിയ ആ ഓട്ടമോ എന്നു ചോയിക്കരുത്. അത് മായിൻകുട്ടി മണ്ടനായതുകൊണ്ടല്ല, ആ അഞ്ഞൂറാന്റെ മക്കള് നന്നായൊന്ന് മെയ്യനങ്ങി ഓടി കിതച്ച് ക്ഷീണിക്കട്ടെ എന്നു കരുതി മനപൂർവ്വം ചെയ്തതല്ലേ. അവിടെ മായിൻകുട്ടിയെ ചതിച്ചത് ആ വഴിയിൽ കിടന്ന അയലാണ്! അല്ലേൽ കാണായിരുന്നു, ഉസൈൻ ബോൾട്ടിനെ പോലെ ഓടുന്ന മായിൻകുട്ടിയെ പിടികിട്ടാതെ അഞ്ഞൂറാന്റെ മക്കള് ചമ്മി നാണം കെടുന്നത്. 😌)
ഒരടി കാണാനായി മാത്രമാണോ സ്വാമിനാഥൻ കല്യാണം കഴിച്ച കാര്യം മായിൻകുട്ടി പ്രേമചന്ദ്രന് ഒറ്റുകൊടുക്കുന്നത്? മായിൻകുട്ടി മണ്ടനായതുകൊണ്ടാണ് എന്നാണോ നീങ്ങൾ കരുതിയത്, ഏയ് അല്ല, സംഭവം സിമ്പിളാണ്, സാഹസികത എന്നും മായിൻകുട്ടിയ്ക്ക് ഒരു വീക്ക്നെസ്സ് ആയിരുന്നു! 😎
സ്വാമിനാഥനെ വീട്ടുകാര് കെട്ടിക്കാൻ തീരുമാനമെടുത്തപ്പോഴാണ് നിർണായകമായ ആ തീരുമാനം മായിൻകുട്ടി എടുക്കുന്നത്, “കൊച്ചമ്മിണി ചേച്ചി ചതിക്കപ്പെട്ടുകൂടാ…” ചങ്ങാതി രാമഭദ്രനെ പോലും അറിയിക്കാതെ അഞ്ഞൂറാന്റെ വീട്ടിലെ ആ പരമരഹസ്യം കൊച്ചമ്മിണിയ്ക്ക് ചോർത്തികൊടുക്കുന്നതും പടപുറപ്പാടിന് കൊച്ചമ്മിണിയെ അനുഗ്രഹിച്ച് വിടുന്നതും മായിൻകുട്ടി തന്നെ.
മായിൻകുട്ടി അന്ന് ആ തീരുമാനം എടുത്തില്ലായിരുന്നെങ്കിൽ, അഞ്ഞൂറാന്റെ ‘മക്കൾസംഖ്യം’ പിരിയുമായിരുന്നോ? നാലെണ്ണത്തിനും നല്ലബുദ്ധി തെളിയുമായിരുന്നോ?
അങ്ങനെ അഞ്ഞൂറാന്റെയും ആനപ്പാറ അച്ചമ്മയുടെയും തലവര തന്നെ മാറ്റിയെഴുതിയ, എല്ലാ നിർണായകസന്ദർഭങ്ങളിലും ഇടപ്പെട്ട് സംഭവം കളറാക്കിയതാരാ? മ്മടെ മായിൻകുട്ടി!
അഞ്ഞൂറാന്റെ ഹിറ്റ്‌ലർ ബംഗ്ലാവും ആനപ്പാറ അച്ചമ്മയുടെ കോട്ടക്കൊത്തകങ്ങളും പൊളിച്ച് കയ്യിൽ കൊടുക്കുക എന്നതായിരുന്നു മായിൻകുട്ടിയെന്ന നായകന്റെ നിയോഗം.
വെട്ടും കുത്തും അലങ്കാരമായി കൊണ്ടുനടന്ന അഞ്ഞൂറാനെയും അച്ചമ്മയേയും മനുഷ്യരാക്കി, സമാധാനത്തിന്റെ വെള്ളരിപ്രാവുകളാക്കി മാറ്റിയത്, അതിനായി അഹോരാത്രം പ്രവർത്തിച്ചത് വിശുദ്ധ മായിൻകുട്ടിയാണ്. ദ റിയൽ ഹീറോ!
(NB: മുപ്പത് വർഷം മുൻപ് എഴുതേണ്ട ആസ്വാദന കുറിപ്പാണ്… നിർഭാഗ്യവശാൽ ഞാനന്ന് തറ- പറ എഴുതിപഠിക്കുന്ന തിരക്കിലായിപോയി… മായിൻകുട്ടി എന്നോട് ക്ഷമി)