മനോരമച്ചാനലിലെ വാർത്തവായനക്കാരി നിഷയ്ക്ക് എന്തോ പ്രശ്നമുണ്ട്

266

Aar See Ramchand

മനോരമച്ചാനലിലെ വാർത്തവായനക്കാരി നിഷയ്ക്ക് എന്തോ പ്രശ്നമുണ്ട്

ഇന്നലെ രാത്രി രാജമലയിലെ പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടൽ സംബന്ധിച്ച ദുരന്തവാർത്ത ഇന്ന് രാവിലെയാണ് പുറംലോകം അറിഞ്ഞത്. കണ്ണൻദേവൻ തേയിലത്തോട്ടത്തിലെ തൊഴിലാളികൾ ഉറക്കിക്കിടന്ന ഇരുപതോളം ലയങ്ങൾ മലയിടിച്ചിലിൽ അകപ്പെട്ട സങ്കടവാർത്തയുടെ ആദ്യസൂചനകൾ നൽകുകയായിരുന്നു ചാനലുകൾ. മൂന്നാർ മേഖലയുമായി ഒരു മാനസികഅടുപ്പം സൂക്ഷിക്കുന്ന എനിക്ക് ആ ദുരന്തം വ്യക്തിപരമായ ഒരു വിങ്ങലായി അനുഭവപ്പെട്ടു. കൂടുതൽ വിവരങ്ങൾക്കായി ചാനലുകൾ പരതുന്നതിനിടെയാണ് മനോരമച്ചാനലിലും എത്തിപ്പെട്ടത്. ആ സമയം അവിടെ വാർത്തകൾ അവതരിപ്പിക്കുകയായിരുന്ന നിഷയ്ക്ക് വല്ലാത്തൊരുതരം ആവേശമുള്ളതായിത്തോന്നി. അവർ ചടുലമായി പറഞ്ഞത് ഇങ്ങനെ, “നാല് വരികളിലായി എൺപതിൽപ്പരം ലായങ്ങൾ പൂർണ്ണമായും മണ്ണിനടിയിലായിരിക്കുന്നു”!

മറ്റ് ചാനലുകളിൽ നിന്ന് സംഭവത്തിൻ്റെ ഏകദേശരൂപം മനസ്സിലാക്കാൻ കഴിഞ്ഞിരുന്നതുകൊണ്ട് നിഷ പറയുന്നതല്ല ശരിയല്ലെന്ന് ഉറപ്പുണ്ടായിരുന്നു. നാലുവരികളിലായി ഇരുപത് ലയങ്ങളാണല്ലൊ ദുരന്തത്തിന് ഇരയായത്. അവയിൽ 80 പേർ താമസമുണ്ടായിരുന്നു. നിഷ ആവേശത്തിമിർപ്പിൽ അതിനെ നാലിരട്ടിയായി പൊലിപ്പിച്ചുകളഞ്ഞു! ഒരുതവണയാണ് അവർ അത് പറഞ്ഞതെങ്കിൽ അതിനെ ഒരു നാക്കുപിഴയായി കണക്കാക്കാമായിരുന്നു. പക്ഷേ, ആ ബുള്ളറ്റിൻ അവസാനിക്കുംവരെ അവരത് ആവർത്തിച്ചുകൊണ്ടിരുന്നു!

എടുത്തുചാട്ടക്കാരിയായ ഒരു ചാനൽപ്രവർത്തകയുടെ കൈപ്പിഴ, എന്ന് ഈ പൊലിപ്പിക്കലിനെ നമുക്ക് അവഗണിക്കാൻ കഴിയില്ല. കാരണം, സമാനമായ തരത്തിൽ അതിലും മോശമായ ഒരബദ്ധം ഇന്നുതന്നെ നിഷ ഒരിക്കൽക്കൂടി കാഴ്ചവച്ചു. “കേരളത്തിലെ നാല് അണക്കെട്ടുകൾ തകർന്നു”, എന്ന വ്യാജവാർത്തയായിരുന്നു അത്! “നാല് അണക്കെട്ടുകൾ നിറഞ്ഞു”, എന്ന വാർത്ത പതിവ് ആവേശത്തള്ളിച്ചയ്ക്കിടയിൽ അവർ അങ്ങനെ വായിക്കുകയാണ് ചെയ്തത്. ഇത് ക്രിമിനൽ/ഡെലിബെറേറ്റ് നെഗ്ലിജെൻസാണ്. ചാനലുടമകൾ ഈ സ്ത്രീയെ നിയന്ത്രിക്കാൻ തയ്യാറാകണം.
കൊറോണാവ്യാപനത്തിലാണെങ്കിലും പ്രളയദുരന്തങ്ങളുടെ കാര്യത്തിലാണെങ്കിലും കേരളത്തിൽ ഭയാനകമായി ചിലത് സംഭവിക്കണം എന്നൊരാഗ്രഹചിന്ത ഇവിടെ ചിലരുടെ മനസ്സിലുണ്ട്. ഒരു രാഷ്ട്രീയനേതാവ് മനസ്സറിയാതെ അത് തുറന്നുപറയുകപോലുമുണ്ടായി. സമാനമനസ്കയായ നിഷ എന്ന വാർത്താവതാരത്തിൻ്റെ വായിൽനിന്ന് ഇന്നത്തെ ഈ സങ്കടദിനത്തിൽ രണ്ടുതവണയാണ്, “മോൻ ചത്താലുംവേണ്ടില്ല മരുമകളുടെ കണ്ണീരുകാണണം”, എന്ന മനോഭാവത്തിലുള്ള അശുഭവചസ്സുകൾ പുറത്തുചാടിയത്! നിഷാ, ദുരന്തദാഹം മനുഷ്യോചിതമായ ഒരു മനോഭാവമല്ല.. അത് അവനവനെത്തന്നെ തിരിഞ്ഞുകൊത്തുമെന്ന് പഴമക്കാർ പറഞ്ഞുകേട്ടിട്ടുണ്ട്.