യക്ഷി, പ്രേക്ഷരെ മാത്രമല്ല, ബോക്സോഫീസിനെ തന്നെ ഞെട്ടിച്ചു

0
296

യക്ഷി
Written By: Aarjith Pradeep

കള്ളിയങ്കാട്ടു നീലിയെന്ന യക്ഷിയുടെ സാന്നിധ്യം കൊണ്ട് കാഴ്ചക്കാരുടെ സിരകളിൽ ഭീതി ജനിപ്പിച്ച നാടകമായിരുന്നു ‘കടമറ്റത്ത് കത്തനാർ’. ഒരിക്കൽ അത് കണ്ട് പുറത്തിറങ്ങിയ മലയാറ്റൂരിനോട് “തനിക്കെന്താ ഒരു യക്ഷിയെ പ്രണയിച്ചു കൂടെ? ” എന്ന സുഹൃത്തിന്റെ ചോദ്യം തികച്ചും യാദൃശ്ചികമായിരുന്നു. എന്നാൽ ആ ചോദ്യം അദ്ദേഹത്തിന്റെ ചിന്താമണ്ഡലത്തിലെവിടെയോ ചെന്നു തറച്ചു.
അടുത്ത 17 ദിനരാത്രങ്ങൾക്കുള്ളിൽ മലയാള സാഹിത്യ ചരിത്രത്തിലെ നാഴികകല്ലായി മാറിയ ഒരു സൈക്കോളജിക്കൽ നോവൽ പിറവിയെടുത്തു. മുഖം എന്നായിരുന്നു ആ നോവലിന് മലയാറ്റൂർ നൽകിയ പേര്.

May be an image of 2 people, people standing and textഎഴുതി പൂർത്തിയാക്കിയ ഈ നോവൽ ആദ്യമായി വായിക്കാൻ അവസരം ലഭിച്ചത് അദ്ദേഹത്തിന്റെ പ്രിയ സുഹൃത്ത് കുട്ടനായിരുന്നു. 2 മണിക്കൂർ കൊണ്ട് അത് വായിച്ചു പൂർത്തിയാക്കിയ കുട്ടൻ, തന്റെ പോക്കറ്റിലെ പേനയെടുത്ത് ആ രചനക്ക് മറ്റൊരു പേര് നൽകി ‘യക്ഷി’. മലയാറ്റൂരിന്റെ പ്രിയ സുഹൃത്ത് കുട്ടനെ മലയാളികൾ ഹൃദയത്തിലേറ്റിയത് മറ്റൊരു പേരിലായിരുന്നു ‘വയലാർ’.

മലയാറ്റൂരിന്റെ യക്ഷി സിനിമയാക്കുക എന്ന ആഗ്രഹവുമായി എത്തിയ എം ഓ ജോസഫ് എന്ന നിർമ്മാതാവിനോട് മലയാറ്റൂർ ആദ്യം നീരസം പ്രകടിപ്പിക്കുകയാണ് ഉണ്ടായത്. നോവലിനെ പശ്ചാത്തലമാക്കി അതിനടുത്ത് സിനിമയാക്കിയ ചില ചിത്രങ്ങളുടെ നിലവാരത്തകർച്ചയായിരുന്നു അതിന്റെ കാരണം. എന്നാൽ ഒടുവിൽ അദ്ദേഹം സിനിമയുമായി സഹകരിക്കുവാൻ തയ്യാറായി. പക്ഷെ രണ്ടു ഡിമാന്റുകൾ കൂടി അദ്ദേഹത്തിനുണ്ടായിരുന്നു. സിനിമയുടെ തിരക്കഥ ഭാസിയും (തോപ്പിൽ ഭാസി) ഗാനരചന കുട്ടനും (വയലാർ ) ആയിരിക്കണം. നിർമ്മാതാവായ M O ജോസഫ് സന്തോഷത്തോടെ അവ അംഗീകരിച്ചു.

10 best onscreen couples of Malayalam cinemaസത്യൻ മാഷിന്റെ വലിയ ആരാധകൻ കൂടിയായ M O ജോസഫിന് ശ്രീനിവാസനായി മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലും കഴിയുമായിരുന്നില്ല. ഒരേ സമയം അധ്യാപകനായും നല്ലൊരു കാമുകനായും സംശയ രോഗിയായ ഭർത്താവായും മലയാള സിനിമ കണ്ട ആദ്യത്തെ സൈക്കോ ഭീകരനായും സത്യൻ തകർത്തഭിനയിച്ചു.അന്നോളം ഉണ്ടായ സിനിമകളിലെ നായകൻ വില്ലൻ ക്ളീഷകളെയെല്ലാം യക്ഷി വെല്ലുവിളിച്ചു. സിനിമയുടെ പകുതിയോടടുത്ത് മാത്രമാണ് എത്തുന്നതെങ്കിലും ശാരദയുടെ രാഗിണി ഒരേ സമയം നമുക്ക് ആരാധനയും ഭീതിയും ജനിപ്പിക്കുന്ന ഒന്നായിരുന്നു. സത്യൻ മാഷിനോട് മത്സരിച്ചഭിനയിച്ച് തന്റെ കഥാപാത്രം അവിസ്മരണീയമാക്കാൻ ശാരദയ്ക്ക് കഴിഞ്ഞു.

ഗോവിന്ദൻ കുട്ടി (ചന്ദ്രൻ ), അടൂർ ഭാസി (അനന്ദൻ), സുകുമാരി (കല്യാണി), ബഹദൂർ(പരമു), വിജയലക്ഷ്‌മി(മലയാളികൾക്ക് ഉഷാകുമാരിയായ നിർമ്മല), ശ്രീലത നമ്പൂതിരി (വനജ) എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി.മെല്ലി ഇറാനിയുടെ മനോഹരമായ ഛായാഗ്രഹണവും M S മണിയുടെ എഡിറ്റിങ്ങുമൊക്കെ ഇന്നും യക്ഷിയെ ഒരു ക്ലാസ്സിക്കായി നിലനിർത്താൻ സഹായിച്ചു.
കഥയിലൂടെ..

അവിവാഹിതനും ചെറുപ്പക്കാരനുമായ ശ്രീനിവാസൻ എന്ന കോളേജ് പ്രൊഫസറിലൂടെയാണ് ഈ സിനിമയുടെ ആഖ്യാനം. ഒരു കെമിസ്ട്രി അധ്യാപകൻ യക്ഷിയേയും ഗന്ധർവനേയും കുറിച്ച് ഗവേഷണം നടത്തുന്നത് ശരിയാണോ എന്ന് സഹപ്രവർത്തകരുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം ശ്രീനിവാസന് ഉണ്ടായിരുന്നു. ചെമ്പിനെ സ്വർണമാക്കാൻ നടന്ന ആൽക്കമിസ്റ്റുകളാണ് കെമിസ്ട്രി എന്ന ശാസ്ത്രശാഖയുടെ തന്നെ അടിത്തറ, അപ്പോൾ പിന്നെ വ്യഥ എന്നു പലരും കരുതുന്ന തന്റെ അന്വേഷണങ്ങൾക്കും നാളെ പലതും കണ്ടെത്താൻ കഴിഞ്ഞേക്കും.

കോളേജിൽ ആരാധകർ ഒരുപാട് ഉണ്ടായിരുന്നുവെങ്കിലും ശ്രീനിയുടെ ആരാധന വിജയലക്ഷ്മി ടീച്ചറിനോട് മാത്രമായിരുന്നു. ടീച്ചറും ശ്രീനിയെ അഗാധമായി പ്രണയിച്ചു. കോളേജിലെ സഹപ്രവർത്തകനായ ചന്ദ്രന്റെ ഒപ്പമായിരുന്നു ശ്രീനിയും വേലക്കാരൻ പരമുവും താമസിച്ചിരുന്നത്. ചന്ദ്രന്റെ വിവാഹം അടുക്കാറായതിനാൽ പുതിയൊരു വീട് തേടിയുള്ള ശ്രീനിയുടെ അന്യോഷണം ചെന്നു നിന്നത് പ്രേതബാധയുണ്ടെന്ന് നാട്ടുകാർ വിശേഷിപ്പിച്ച ഒരു ഭവനത്തിലായിരുന്നു.ആ യക്ഷിയുടെ കഥ തന്നെയായിരുന്നു അദ്ദേഹത്തിന് ഈ വീടിനോട് കൂടുതൽ താല്പര്യം ജനിപ്പിച്ചതും.

കോളേജിന്റെ ശാസ്ത്ര സ്റ്റാളിനായി ശ്രീനി ഒരുക്കിയ ഒരു കൗതുകമായിരുന്നു ‘യക്ഷിയുടെ രക്തപാനം’ എന്ന വർക്കിംഗ് മോഡൽ. ചുവന്ന നിറത്തിലുള്ള ഒരു ദ്രാവകം ഒഴുകിവന്നു നിറം ഇല്ലാതാകുന്നതായിരുന്നു അതിന്റെ പ്രവർത്തനം. ഇതിന്റെ നിർമ്മാണ പരീക്ഷണങ്ങൾക്കിടയിൽ നടന്ന പൊട്ടിത്തെറിയിൽ, ശ്രീനിയുടെ മുഖത്തിന്റെ പാതി ആസിഡ് വീണു വികൃതമാക്കപ്പെട്ടു. ആശുപത്രിയിൽ വച്ച് ശ്രീനിയുടെ വികൃതമായ മുഖം കണ്ടമാത്ര വിജയകുമാരിയുടെ അഗാധപ്രണയം ഒരു സ്ഫടികപാത്രം പോലെ അവിടെ തകർന്നു വീണു.. ശ്രീനിയെ യാതൊരു മടിയും കൂടാതെ അവർ ഉപേക്ഷിച്ചു. എല്ലാ രീതിയിലും എല്ലാ അർത്ഥത്തിലും തകർന്നുപോയ ശ്രീനിയെ സമാശ്വസിപ്പിക്കാൻ ആത്മ സുഹൃത്തായ ചന്ദ്രൻ മാത്രമാണ് ഉണ്ടായിരുന്നത്. ചന്ദ്രൻ കൂടെ താമസിക്കാൻ നിർബന്ധിച്ചെങ്കിലും, വിവാഹിതയായി എത്താൻ പോകുന്ന ചന്ദ്രന്റെ വധുവിനെ തന്റെ മുഖം ഭയപ്പെടുത്തും എന്ന് പറഞ്ഞ്, അദ്ദേഹം മുൻപ് കണ്ടു വെച്ചിരുന്ന പ്രേതഭവനം എന്ന് കരുതപ്പെടുന്ന വീട്ടിലേക്ക് വേലക്കാരൻ പരമുവിനോപ്പം താമസം മാറ്റി.

അവിടെ താമസം തുടങ്ങിയ ശേഷമുള്ള ആദ്യ വെള്ളിയാഴ്ച ഒരു അമാവാസി ദിനം കൂടി ആയിരുന്നു. രാത്രിയുടെ ഏതോ യാമത്തിൽ കതകിലെ കൊട്ട് കേട്ട് ചെന്ന് വാതിൽ തുറന്ന ശ്രീനി കണ്ടത്, അപ്സരസ് പോലെ സുന്ദരിയായ ഒരു യുവതിയെ ആണ്. രാഗിണിയെന്ന് സ്വയം പരിചയപ്പെടുത്തിയ അവൾ ശ്രീനിയെ ഏറെ നാളായി പരിചയമുണ്ടെന്ന മട്ടിലാണ് പെരുമാറിയത്. കടപ്പുറത്തെ കൽമണ്ഡപത്തിനു വടക്കായി കാറ്റാടി മരങ്ങൾക്കിടയിലാണ് തന്റെ വീടെന്നും കൊട്ടാരക്കരയിൽ നിന്നും ബസ്സിൽ വരുന്ന വഴി ഒരു മരം വീണ് യാത്ര തടസപ്പെടുകയും തുടർന്ന് നടന്നു വരുന്ന വഴിയിൽ മഴപെയ്തപ്പോൾ ഓടിക്കയറിയതാണെന്നും രാഗിണി ശ്രീനിയോട് പറഞ്ഞു. ശ്രീനി പുലർച്ചെ എഴുന്നേറ്റപ്പോൾ രാഗിണി അവിടെ ഉണ്ടായിരുന്നില്ല.ഇന്നലെ വരെ പൂക്കാത്ത വീട്ടിലെ പാലമരം പൂക്കളാൽ നിറഞ്ഞിരിക്കുന്നു. ഇതെല്ലാം ഒരു സ്വപ്നം പോലെ തോന്നിയ ശ്രീനി, തന്റെ വേലക്കാരൻ പരമുവിനെ തിരക്കിനടന്നപ്പോൾ കണ്ട കാഴ്ച ഭീകരമായിരുന്നു. പരമു മുറിയിൽ ചോര തുപ്പി മരിച്ചു കിടക്കുന്നു…

ഭീതിയുടേയും ആകാംഷയുടേയും ചിറകിലേറിയുള്ള യക്ഷിയുടെ അത്ഭുതകഥ ഇവിടെയാണ് തുടങ്ങുന്നത്. സിനിമാസ്വാദനത്തിന്റെ രസച്ചരടുകൾ പൊട്ടാതിരിക്കാൻ തുടർന്നുള്ള അവിസ്‌മരണീയ അഭിനയമുഹൂർത്തങ്ങളും നാടകീയരംഗങ്ങളും സിനിമയിലൂടെ തന്നെ നേരിട്ട് കണ്ടാസ്വദിക്കുവാൻ ക്ഷണിക്കുന്നു…

ഒരു അനശ്വര ഗാനത്തിന്റെ അപൂർവമായ പിറവിയുടെ കഥ

മലയാളത്തിലെ ആദ്യത്തെ സൈക്കോളജിക്കൽ സിനിമയുടെ പ്രിവ്യൂ ഷോ കണ്ട വിതരണക്കാർ പൂർണ്ണതൃപ്‌തരായിരുന്നില്ല. സിനിമയിലെ നായിക കഥാപാത്രമായ രാഗിണി എത്തുന്നത് സിനിമയുടെ പകുതിയോടുക്കുമ്പോൾ മാത്രമാണ്, അപ്പോൾ പിന്നെ സാധാരണ പ്രേക്ഷകരെ സിനിമയിൽ പിടിച്ചു നിർത്താൻ ആദ്യപകുതിയിൽ ഒരു യുഗ്മ ഗാനം കൂടി ചേർത്തേ മതിയാകൂ എന്നവർ ശഠിച്ചു.
റിലീസ് ചെയ്യാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ സിനിമ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങി.ഏറ്റവും വലിയ പ്രശ്നം സത്യൻ മാഷിന്റെ ഡേറ്റ് ആയിരുന്നു.അദ്ദേഹത്തിന് പിറ്റേന്ന് രാത്രിയിലെ വിമാനത്തിൽ ബോംബേക്ക് പോകേണ്ടതാണ്.അദ്ദേഹത്തിന്റെ അസുഖവുമായി ബന്ധപ്പെട്ട ചില പ്രധാന പരിശോധനകൾക്കുള്ളതായതിനാൽ അത് മാറ്റി വെക്കാനും കഴിയില്ല. ആകെയുള്ള ഏതാനും മണിക്കൂറുകൾ കൊണ്ട് ഒരു ഗാനം എഴുതി ചിട്ടപ്പെടുത്തി റെക്കോർഡ് ചെയ്തതിന് ശേഷം അത് സത്യൻമാഷിനെയും ഉഷാകുമാരിയെയും കൊണ്ട് ചിത്രീകരിച്ചു പൂർത്തിയാക്കുക എന്ന വെല്ലുവിളി സ്വീകരിച്ച് മുന്നിട്ടിറങ്ങാൻ സംവിധായകൻ K S സേതുമാധവനും സംഘവും തീരുമാനിച്ചു.ബോംബെയിൽ നിന്ന് യേശുദാസ് രാവിലത്തെ വിമാനത്തിന് തന്നെ മദിരാശിയിൽ എത്തുമെന്നും എത്തിയാൽ ഉടൻ റെക്കോർഡിങ് സ്റ്റുഡിയോയിൽ എത്താമെന്നും ഉറപ്പും കിട്ടിയട്ടുണ്ട്. ഇനി വേണ്ടത് ഒരു ഗാനമാണ്.

മൈലാപ്പൂരിലെ ന്യൂ വുഡ്‌സ് ലാൻഡ് ഹോട്ടലിലെ അടുത്തടുത്തുള്ള രണ്ടു മുറികളിലായിരുന്നു വയലാറും ദേവരാജൻ മാഷും താമസിച്ചിരുന്നത്, ഗാനത്തിന്റ സന്ദർഭം പറഞ്ഞു കേട്ട വയലാർ, രാത്രി തന്നെ എഴുതി തരാമെന്ന് വാക്കും പറഞ്ഞ് തന്റെ മുറിയിലേക്ക് പോയി. അവിടെ കൂട്ടുകാരുമായുള്ള ആഘോഷങ്ങളുടെ മാദക ലഹരിയിൽ രാത്രിയുടെ യാമങ്ങൾ ഓരോന്നായി അസ്തമിച്ചു. പുറത്ത് വരികൾക്കായി ദേവരാജൻ മാഷ് അക്ഷമനായി കാത്തു നിന്നു. രാവിരുട്ടിവെളുത്തിട്ടും വയലാറും വരികളും എത്തിയില്ല. ഒടുവിൽ ദേവരാജൻ മാഷ് വയലാറിന്റെ മുറിയിലേക്ക് ചെന്നു.. ക്ഷുഭിതനായ മാഷിനെ കണ്ടുടൻ വയലാർ പുഞ്ചിരിച്ചു കൊണ്ട്, പാട്ടല്ലേ തരാം തരാം എന്ന് പറഞ്ഞ്, ഒരു പെൻസിൽ എടുത്ത്, അവിടെ കിടന്ന ഹിന്ദു പത്രത്തിന്റെ മാർജിനിൽ കുറച്ചു വരികൾ കുറിച്ചു, എന്നിട്ട് പറഞ്ഞു ആദ്യം ഇതിൽ തുടങ്ങു, ബാക്കി ഉടൻ തരാം.നിമിഷ കവിയുടെ വരികൾക്ക് ക്ഷണിക നേരം കൊണ്ട് കല്യാണി രാഗത്തിൽ ഒരു ട്യൂൺ ദേവരാജൻ മാഷും ഒരുക്കി.

“സ്വർണ്ണച്ചാമരം വീശിയെത്തുന്ന
സ്വപ്നമായിരുന്നെങ്കിൽ ഞാൻ
സ്വർഗ്ഗ സീമകളുമ്മവെയ്ക്കുന്ന
സ്വപ്നമായിരുന്നെങ്കിൽ ഞാൻ
(സ്വർണ്ണച്ചാമരം..)
ഹർഷലോലയായ് നിത്യവും നിന്റെ
ഹംസ തൂലികാ ശയ്യയിൽ
വന്നു പൂവിടുമായിരുന്നു ഞാൻ
എന്നുമീ പർണ്ണശാലയിൽ”

ശേഖർ ഒരുക്കിയ ഓർക്കസ്ട്രയും യേശുദാസിന്റെയും P ലീലയുടെയും അനുഗ്രഹീത നാദങ്ങളും ശ്രോതാക്കളെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിൽ തന്നെയെത്തിച്ചു.
ചിത്രത്തിലെ യേശുദാസ് ജാനകി പാടിയ ‘ചന്ദ്രോദയത്തിലെ’ എന്ന ഗാനവും പി സുശീല പാടിയ ‘വിളിച്ചു ഞാൻ വിളി കേട്ടു’ എന്ന ഗാനവും പ്രേക്ഷക ശ്രദ്ധ നേടിയ മികച്ച സൃഷ്ടികളായിരുന്നു.
സിനിമയും നോവലും

ഒരു നോവൽ നൽകുന്ന ആസ്വാദനതലവും സാങ്കൽപ്പിക ലോകവുമെല്ലാം അത് വായിക്കുന്നവരുടെ ചിന്താശേഷിക്കനുസരിച്ച് വികസിക്കുകയും സങ്കോചിക്കുകയും ചെയ്യുന്നു. ഭാവനയുടെ ഈ അനന്തമായ വിശാലത നോവലുകൾക്ക് എപ്പോഴും സിനിമയെക്കാൾ മുൻതൂക്കം നൽകുന്നു.

സേതുമാധവൻ എന്ന ക്രാഫ്റ്റ് മാൻ യക്ഷി എന്ന നോവലിനോട് 100% നീതിപുലർത്തിയട്ടുണ്ട്. അതേസമയം ഏറ്റവും സാധാരണക്കാരനായ ഒരുവന് പോലും ആസ്വദിക്കാൻ കഴിയും വിധത്തിൽ പല കാര്യങ്ങളിലും കൂടുതൽ വ്യക്തത സിനിമയിൽ നൽകാനും തിരക്കഥാകൃത്തും സംവിധായകനും ശ്രമിച്ചിട്ടുണ്ട്.

1) ശ്രീനിയും കാമുകിയായ വിജയലക്ഷ്മിയുമായുള്ള രംഗങ്ങൾ നോവലിൽ താരതമ്യേന കുറവാണ്. എന്നാൽ സിനിമയിൽ അതിന് നല്ല പ്രാധാന്യം നൽകിയിട്ടുണ്ട്. പ്രണയം കവിഞ്ഞൊഴുകുന്ന യുഗ്മ ഗാനങ്ങളും ശ്രീനിയുടെ മനസ്സിലെ പ്രണയത്തിന്റെ ആഴം നമുക്ക് കാണിച്ചു തരുന്നു. പിന്നീട് അദ്ദേഹത്തിന്റെ മനസികനിലയെ വരെ ഈ വിരഹം ബാധിക്കുന്നതായി നമുക്ക് സിനിമയിൽ കാണാൻ കഴിയുന്നുണ്ട്.

2)വനജയെന്ന കഥാപാത്രം ശ്രീനിയോട് പ്രണയാഭ്യർത്ഥന നടത്തുന്ന ഒരു ചെറിയ രംഗം മാത്രമാണ് സിനിമയിൽ ഉള്ളത്. എന്നാൽ നോവലിൽ കുളത്തുപ്പുഴയിലേക്ക് കോളേജിൽ നിന്ന് നടന്ന വിനോദയാത്രയും അനുബന്ധ സംഭവങ്ങളും കൊണ്ട് വനജയെ വിശദമായി തന്നെ കഥാകാരൻ വരച്ചു കാട്ടുന്നു.. പിന്നീടുള്ള വനജയുടെ പരിഹാസങ്ങൾക്ക് മൂർച്ച കൂടാൻ കാരണവും ഇതാണ്.

3)പാതി കരിഞ്ഞ മുഖത്തിന്റെ അപകർഷതയും പേറി വേശ്യാഗൃഹത്തിലേക്ക് ശ്രീനി നടത്തിയ യാത്രയും തുടർസംഭവങ്ങളും കഥാപാത്രത്തെ പൂർണമായും സ്ഥാപിക്കാൻ എഴുത്തുകാരൻ നിർമിച്ചവയാണ്, എന്നാൽ സിനിമയിൽ അവ ഒഴിവാക്കപ്പെട്ടു.. (പഴയ പ്രിന്റുകളിൽ നിന്ന് മുറിച്ചു മാറ്റപ്പെട്ടവ ആകാനും സാധ്യതയുണ്ട്,അന്ന് തിയറ്ററിൽ സിനിമ കണ്ടിട്ടുള്ളവർ ഓർമ്മകൾ പങ്കു വെക്കുക)

4)കാറിൽ യാത്ര ചെയ്യുന്ന ശ്രീനി തന്റെ വീട്ടിലേക്കുള്ള വഴിയിൽ വെച്ചാണ് രാഗിണിയെ കണ്ടു മുട്ടുന്നത്. അവർ തമ്മിൽ അടുക്കുന്നത് കുറച്ചു ദിവസങ്ങൾ കൊണ്ടാണ്.സിനിമയിലാവട്ടെ രാത്രിയുടെ മൂന്നാം യാമത്തിൽ നനഞ്ഞ വസ്ത്രങ്ങളുമായി ശ്രീനിയുടെ വീട്ടിലേക്ക് ഓടി കേറുന്ന രാഗിണിയെയാണ് നാം കാണുന്നത്.ശ്രീനി-രാഗിണി ബന്ധം ഈ ഒറ്റ രാത്രി കൊണ്ട് തന്നെ ഒരുപാട് വളരുന്നു..

5) കോടതിമുറിയിൽ എല്ലാവരും തനിക്കെതിരെ വിരൽചൂണ്ടിയപ്പോഴും, ഒരു കൈകൾ മാത്രം തനിക്കായി ഉയർന്നു വരുന്നതത് ശ്രീനിക്ക് കാണാമായിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള വളകൾ ധരിച്ച ആ കൈകൾ ആകാശത്തോളം വളർന്നു. വായനക്കാരുടെ ചിന്തകൾക്കും ഭാവനകൾക്കുമാണ് എഴുത്തുകാരൻ ഇവിടെ രാഗിണിയെ വിട്ടുകൊടുതിരിക്കുന്നത്.
എന്നാൽ സിനിമയിലെ ക്ലൈമാക്സ് വളരെ വ്യക്തമാണ്. ഇതു വരെ സിനിമ കാണാത്തവരുടെ ആസ്വാദനത്തെ അത് ബാധിക്കുമെന്നതിനാൽ പങ്കു വെക്കുന്നില്ല,നേരിട്ട് കണ്ട് തന്നെ വിലയിരുത്തുക.
ചില ‘യക്ഷി’ കഥകൾ

1)കൊല്ലം സ്വദേശിയായ ബാൽത്തസാറുമായി ചേർന്ന് നവജീവൻ ഫിലിംസ് എന്ന നിർമ്മാണകമ്പനിയുണ്ടാക്കിയാണ്, M O ജോസഫ് മലയാള സിനിമയുടെ നിർമ്മാണ രംഗത്ത് എത്തുന്നത്. സേതുമാധവന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നടൻ പെണ്ണും (1967), തോക്കുകൾ കഥ പറയുന്നു (1968) ഉം ആയിരുന്നു ആദ്യ സിനിമകൾ. ഇതിനിടയ്ക്ക് മലയാറ്റൂരിന്റെ യക്ഷിയുടേയും, മുട്ടത്തു വർക്കിയുടെ വെളുത്ത കത്രീനയുടേയും പകർപ്പവകാശം ജോസഫ് സ്വന്തമാക്കിയിരുന്നു. മൂന്നാമത്തെ ചിത്രമായി യക്ഷി വേണമോ? , വെളുത്ത കത്രീന വേണമോ? എന്നതിനെ തുടർന്നുണ്ടായ ആശയപരമായ വിയോജിപ്പുകൾ, കൂടുതൽ അലോസരങ്ങളായും തർക്കങ്ങളായും മാറുന്നതിനു മുൻപ് തന്നെ അവർ പിരിയാൻ തീരുമാനിച്ചു. യക്ഷിയുടെ അവകാശം M O ജോസഫിനും വെളുത്ത കത്രീനയുടെ അവകാശം ബാൽത്തസാറിനും നൽകി. നവജീവൻ ഫിലിംസ് അവിടെ വേർപിരിയപ്പെട്ടു..

തന്റെ കുടുംബ പേരായ മഞ്ഞിലാസിന്റെ ബാനറിൽ M O ജോസഫ് ഇറക്കിയ യക്ഷി, പ്രേക്ഷരെ മാത്രമല്ല, ബോക്സോഫീസിൻസിനെ തന്നെ ഞെട്ടിച്ചു. അതേ വർഷം ബാൽത്തസാർ നവജീവന്റെ ബാനറിൽ പുറത്തിറക്കിയ വെളുത്ത കത്രീനയും ഒരു വിജയ ചിത്രമായിരുന്നു…

2)ഷാരൂഖ് ഖാൻ ആദ്യമായി കരാർ ഒപ്പിട്ട സിനിമയായ Dil Aashna Hai ക്ക് ശേഷം ഹേമമാലിനി സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയായിരുന്നു മോഹിനി (1995). മലയാറ്റൂരിന്റെ യക്ഷിയെ അടിസ്ഥാനമാക്കി Zee Tv ക്ക് വേണ്ടി നിർമിച്ച മോഹിനിയിൽ, നായികയായി എത്തിയത് റോജയിലൂടെ സുപരിചിതയായ മാധുവാണ്.നായകനായി സുദേഷ് ബെറിയും. 90കളിൽ TV യിലൂടെ മാത്രം പ്രദർശിപ്പിക്കപ്പെട്ട് ‘cult’ പദവി നേടിയ സിനിമയായിരുന്നു ഇത്.

3)1987 ൽ 6 പുസ്തകങ്ങളുമായി ഇന്ത്യയിൽ പ്രസിദ്ധീകരണം ആരംഭിച്ച Penguin Books എന്ന ലോകത്തിലെ ഏറ്റവും വലിയ പുസ്തക പ്രസാധകർ, മലയാളത്തിൽ നിന്ന് വിവർത്തനം ചെയ്ത ആദ്യ നോവൽ യക്ഷിയായിരുന്നു.

4)BBC യുടെ റേഡിയോ സർവീസായ BBC WORLD SERVICE ൽ 1993 ൽ ‘Off the Shelf’ എന്ന പരിപാടിയിലൂടെ 12 ഭാഗങ്ങളായി മലയാറ്റൂരിന്റെ യക്ഷിയുടെ ഇംഗ്ലീഷ് പതിപ്പ് അവതരിപ്പിക്കപ്പെട്ടു.

5)യക്ഷി ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത് മാതൃഭൂമിയിൽ ഖണ്ഡശ്ശയായി ആയിരുന്നു(1967).A S നായരുടെ മനോഹരമായ കരിക്കേച്ചറുകൾ മലയാറ്റൂരിന്റെ രചനയെ കൂടുതൽ ജീവസുറ്റതാക്കി മാറ്റി. പിന്നീട് അത് ഒരുമിച്ച്, നമ്മൾ കണ്ടിട്ടുള്ളത് പോലെ നോവലായി പ്രസിദ്ധീകരിച്ചു.ഇന്ന് DC ബുക്സിനാണ് യക്ഷിയുടെ പകർപ്പവകാശം.

6)യക്ഷി നോവലിന് ശാലിനി ഉഷ നായർ ഒരുക്കിയ ദൃശ്യ ഭാഷയാണ് അകം(2011) എന്ന സിനിമ.ശ്രീനിയായി ഫഹദ് ഫാസിലും രാഗിണിയായി അനുമോളും വേഷമിട്ടു.

7)കോവൂരിന്റെ കേസ് ഡയറിയെ ആസ്പദമാക്കി സേതുമാധവൻ ഒരുക്കിയ പുനർജ്ജന്മം (1972), വിൻസെന്റ് മാഷിന്റെ ഗന്ധർവ്വ ക്ഷേത്രം(1972), K.G ജോർജിന്റെ ആദ്യ സിനിമയായ സ്വപ്നാടനം (1976) ഇവയെല്ലാം യക്ഷിക്ക് തുടർച്ചയെന്നോണം ആ കാലഘട്ടത്തിൽ മലയാള സിനിമയൊരുക്കിയ മികച്ച സൈക്കോളജിക്കൽ സിനിമകളാണ്.

8)സത്യന്റെ മരണശേഷം മഞ്ഞിലാസ് നിർമിച്ച എല്ലാ സിനിമയിലും മഞ്ഞിലാസ് ബാനറിന്റ പേരിനൊപ്പം സത്യൻ മാഷിന്റെ ചിത്രവും അനുസ്മരണത്തിനായി M O ജോസഫ് ചേർത്തിരുന്നു.
യക്ഷികഥയുടെ ആഴങ്ങളിലേക്ക്
പുരുഷന്റെ ദൗർബല്യത്തിന് മറയായി മനസു സൃഷ്ടിച്ചെടുക്കുന്ന പ്രതിരോധമാണ് സംശയം. തന്റെ ലൈംഗീകശൈത്യം മറ്റാരും തിരിച്ചറിയാതിരിക്കാൻ തന്റെ ഇണയുടെ ചരിത്രത്ത്യത്തിലും സ്വഭാവത്തിലും മറ്റുള്ളവരുടെ മുന്നിൽ പുക മറ സൃഷ്ടിക്കുന്ന ചില മാന്യരായ മാനസിക രോഗികളുടെ ദൃശ്യാവിഷ്കാരമാണ് ഇതെന്ന് ചുരുക്കി പറയാം..

ശ്രീനി രാഗിണിയെ അഗാധമായി സ്നേഹിച്ചു, മറ്റെല്ലാത്തിനും ഉപരി.. പക്ഷേ ഇടക്കെപ്പോഴോ താളം തെറ്റിയ മനസ്സ് എല്ലാം തകർത്തു..
കൊറിയൻ സൈക്കോ സിനിമകൾ കണ്ട് അന്തം വിടുന്ന,നമ്മുടെ പുതിയ തലമുറ അറിയുന്നില്ല അതിന്റെയൊക്കെ അപ്പനാകാൻ പറ്റിയ ഒന്ന് മലയാളികൾ 50 കൊല്ലങ്ങൾക്ക് മുൻപേ സൃഷ്ടിച്ചിരുന്നുവെന്ന്..
അന്നും ഇന്നും കാലത്തിനു മുന്നിൽ തലകുനിക്കാത്ത ഒരു ക്ലാസ്സിക്‌ ആണ് യക്ഷി…