മനുഷ്യരിലെല്ലാം തന്നെ സൌന്ദര്യബോധമുണ്ട്. ചിലര്‍ സൌന്ദര്യപരിപാലനത്തില്‍ അതീവശ്രദ്ധാലുക്കളും മറ്റുചിലര്‍ അല്ലാതവരുമാണ്. മുടികൊഴിച്ചില്‍, താരന്‍, കഷണ്ടി, എന്നുവേണ്ട ആണ്‍കുട്ടികള്‍ക്ക് മുഖത്തുണ്ടാവുന്ന കറുത്തപാടുകള്‍ മുതല്‍ നെഞ്ചളവ് കുറയുന്ന കൌമാരപെണ്‍കൊടിയുടെ മനസ്സില്‍വരെ വ്യാകുലതയാണ്, ആധിയാണ്.
”സൌന്ദര്യബോധം” എന്ത്?,
എന്തിന്?,
എന്തുകൊണ്ട്?.
ആര്‍ക്കറിയാം, എനിക്കെന്തായാലും അറിയില്ല. പെണ്‍കുട്ടികളെ കണ്ടാല്‍ ഇന്‍സൈഡ് ചെയ്ത പാന്റ്‌സൊന്നു നേരെയാക്കി പ്രത്യേക ആംഗിളില്‍ നില്‍ക്കുന്ന കൌമാരനും അങ്ങനെയൊരുത്തന്‍ കണ്ണില്‌പെട്ടാല്‍ നടത്തത്തിന്റെ താളംമാറുന്ന, കണ്ണുകള്‍ ഒളിച്ചോട്ടം നടത്തുന്ന കൌമാരിക്കും തഥാവര്ത്തീകപ്രചോദനം എന്താണ്?. സത്യം എനിക്കതും അറിയില്ല.
ഇതൊന്നും ആലോചിച്ചുസമയംകളയേണ്ട വിഷയങ്ങളല്ലതന്നെ. നിസ്തര്‍ക്കം. പക്ഷെ മൂട്ടയുടെ കടിയുംകൊണ്ട്, മണല്‍ക്കാറ്റിന്റെ മൂളലും ഒട്ടകത്തിന്റെ ഞരക്കവും കേട്ട്, ഖൈമയില്‍ (ടെന്റ്) ഉറക്കം നഷ്ട്ടപ്പെട്ട ഒരു ഗള്‍ഫുകാരന്‍ ഇതല്ലാതെ മറ്റെന്താലോചിക്കാനാണ്?.
വര്‍ഷങ്ങള്‍ക്കുമുമ്പ് യാത്രപരഞ്ഞിറങ്ങിയ നാടിനെകുരിച്ചുപോലും ഓര്‍മ്മകള്‍ മങ്ങിതുടങ്ങിയിരിക്കുന്നു.പല്ലുപോലും കിളിര്‍ക്കാത്ത മകന് ഇപ്പോള്‍ എങ്ങിനെയാവും?.
എത്രശ്രമിച്ചിട്ടും ആ മുഖം ഭാവനയില്‍ തെളിയുന്നില്ല. പക്ഷെ ഒരു മുഖവും അതിനു വന്നിരിക്കാവുന്ന പരിവര്‍ത്തനങ്ങളും മനസ്സിന് നല്ല നിശ്ചയമുണ്ട്. ഞാനാമുഖത്ത് അവസാനമായി തഴുകുമ്പോള്‍ കണ്ണുനീരിന്റെ ഉറവപൊട്ടിയിരുന്നു. യാത്രപറഞ്ഞിറങ്ങുന്ന അവസാനനിമിഷം നെഞ്ചില്‍തലചായ്ച്ച് വിങ്ങിപ്പൊട്ടിയമുഖം ഇറുകെപ്പുണര്‍ന്നു സാന്ത്വനിപ്പിക്കുമ്പോള്‍ അറിയാതെ തികട്ടിവന്ന എങ്ങലുകള്‍, ഹൃദയം മുഴക്കിയ പെരുമ്പറകള്‍, ശ്വാസനിശ്വാസത്തിന്റെ ഏറ്റക്കുറച്ചിലുകള്‍… അതുമാത്രം ഇന്നും പൂര്‍വ്വസ്ഥിതിയില് നിലനില്‍ക്കുന്നു. എങ്കിലും ഇതൊന്നും മേല്‍പ്പറഞ്ഞ മനസ്സിന്റെ കൌമാരചാപല്യങ്ങള്‍ക്ക് ധവയസ്സ് 26പ വിഘ്‌നമായ് തീരുമോ?. ഒരിക്കല്‍ക്കൂടി പറയുന്നു. എനിക്കറിയില്ല.
കഫീല്‍ (സ്‌പോണ്‍സര്‍) ഒരിക്കലെന്നെ ചികിത്സക്കായി ഹോസ്പിറ്റലില്‍ കൊണ്ടുപോകാന്‍ തയ്യാറായി.സാധാരണ പതിവില്ലാത്തതാണ്. ഹോസ്പിറ്റലിലെക്കാന് പോകുന്നത്.
അവിടെയും കാണുമല്ലോ ആരെങ്കിലും?.
അറിഞ്ഞയുടനെ ഞാനെന്റെ ഷൂഎടുത്ത് തുടച്ചു, ഉള്ളതില്‌നല്ല ഷര്‍ട്ടും പാന്റ്‌സും അണിഞ്ഞു. നാട്ടില്‍നിന്നും വന്ന ആദ്യദിവസം അഴിച്ചു വെച്ചതാണെല്ലാം. ക്രീമുകളൊന്നും തേച്ചില്ല, കാരണം ക്രീമുപോയിട്ടു വെളിച്ചെണ്ണപോലുമില്ല തലയില്‍തേക്കാന്‍. ഉള്ള സനഫ്‌ളവര്‍ഓയില്‍ പേരിനൊന്ന് തലയില്പൂശി. ഉപ്പുവെള്ളതിലാണ് കുളിയും തേവാരവും അതും ഇതുമെല്ലാം. നാട്ടില്‍വെച്ച് വലത്തോട്ടാണ് മുടിചീകാരുണ്ടായിരുന്നത്. അന്നുഞാന്‍ നേരെയാണ് ചീകിയത്. കാരണം എന്റെ കയ്യിനെക്കാള്‍ ആരോഗ്യം തലമുടി കൈവരിച്ചിരുന്നു. ഞാനിതെല്ലാം ചെയതതെന്തിനാണ്?.
ഇതാണോ സൌന്ദര്യബോധം?. ചിലപ്പോള്‍ ഇതുതന്നെയായിരിക്കും. ആര്‍ക്കറിയാം ഹോസ്പിറ്റലെത്തി. കഫീല്‍ മുന്നിലും ഞാന്‍ പിന്നിലും. നേരെ ര്‌സപ്ഷനിലേക്ക്, ഗവണ്‍മെന്റ് ഹോസ്പിറ്റലാണ്. സത്യത്തില്‍ ഞാന്കരുതി വയനാട് ജില്ലാആശുപത്രിയാണെന്ന്. മൊത്തത്തില്‍ മലയാളിമയം. തുറന്നുപരയാമല്ലോ കുരെനാളുകള്‍ക്ക് ശേഷം മലയാളം മൊഴിയുന്ന മങ്കമാരെക്കണ്ടപ്പോള്‍ എനിക്കെന്തോ ഒരു ഇത്.
ഞാനൊന്ന് സ്റ്റടിയായി, ഷര്‍ട്ടിന്റെ തലയെല്ലാംകൂടി പാന്റ്‌സിന്റെ ഉള്ളിലേക്ക് തള്ളിക്കയറ്റി. കഫീല്‍ കുട്ടിച്ചാത്തന്‍സീരിയല്‍ കാണുന്ന കുട്ടികളെപോലെ എന്നെത്തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഞാന്‍ ഗൌനിച്ചില്ല. ചുമ്മാനടന്നുപോകുന്ന രണ്ട് തരുണീമണികള്‍ എന്റെയടുത്തുവന്നു. ധവയനാട്ടുകാരല്ലപ.
ചോദ്യം; ചേട്ടന്‍ മലയാളിയാണല്ലേ?. ആണെങ്കില്‍സഹായിക്കാനാണ്. സഹായമനസ്‌കത. പ്രശംസനീയംതന്നെ.
ഉത്തരം; അതെ.
ചോദ്യം; നാട്ടിലെവിടെയാണ്? ഉത്തരം;വയനാട്.
കഫീലിന്റെ മൂക്ക് ചാമ്പക്കപോലെ ചുവക്കുന്നു. അവനൊരു ”സംശയംവാസു” ആണ്. ഇന്നേവരെ ഒരുജോലിക്കാരനെയും വീടിന്റെ കൊമ്പൌണ്ടില്‌പോലും കയറ്റിയിട്ടില്ല. സംസാരത്തിനിടയില്‍…
ചോദ്യം; എന്താണ്‌ജോലി?.
ഞാനോന്നുസംശയിച്ചു,സത്യംപറയണോ?. വേണ്ട.
ഉത്തരം; സൂപ്പര്‍മാര്‍ക്കറ്റില്. അതുവരെ ചോദിച്ചതും പറഞ്ഞതും കഫീലിന് മനസ്സിലായില്ലെങ്കിലും ”സൂപ്പര്‍ മാര്‍ക്കറ്റ്” അതവന് ചിരപരിചിതമായ വാക്കാണ്. കാര്യംപിടികിട്ടി. അവന്‍ ചാടി ഇടപെട്ടു.
”ലാ മാഫി” ധഅതുശരിയല്ലപ. മ്മ്‌ഹെ… മ്മ്ഹ്‌ഹെ അവന്‍ ആടിനെപോലെ കരഞ്ഞ് അഭിനയിച്ചുകാണിച്ചു. ആ പ്രകടനത്തില്‍ എന്റെ പ്രവാസജീവിതത്തിന്റെ പൂര്‍ണ്ണരൂപം അടങ്ങിയിരുന്നു. പെരുവിരലില്‍ നിന്നും മൂര്ധാവിലേക്ക് ഒരുവൈദ്യുതിപ്രവാഹം കടന്നുപോയതുപോലെ. ആകെ ചമ്മി,വിളറി, വിയര്‍ത്ത് ഞാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ ഒരുമാതിരി ആക്കിയചിരിയും ചിരിച്ചു അവര്‍ നടന്നകലുന്നതാണ് കണ്ടത്. സത്യത്തില്‍ ഒന്ന്‌ചോദിച്ചോട്ടെ ഇതാണോ ആ അത്. എന്തോ എനിക്കറിയില്ല.