അഭിനവ് സുന്ദർ നായക് വിനീത് ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ‘മുകുന്ദനുണ്ണി അസോസിയേറ്റ്സ്’ .വിനീത് ശ്രീനിവാസനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍ എന്നിവരാണ് ചിത്രത്തിൽ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കാമറ വിശ്വജിത്ത് ഒടുക്കത്തില്‍, അഭിനവ് സുന്ദര്‍ നായകും നിധിന്‍ രാജ് അരോളും ചേര്‍ന്നാണ് എഡിറ്റിംഗ്.
മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരുടെ വരികള്‍ക്ക് സിബി മാത്യു അലക്സ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിലെ നായികാവേഷമായ മീനാക്ഷിയെ അവതരിപ്പിച്ചത് ആർഷ ചാന്ദിനി ആണ്. ചങ്കരനൊത്ത ചക്കിയാണ് മീനാക്ഷി. തന്റെ ഭർത്താവിനെ പ്രൊഫഷനിൽ സഹായിക്കാൻ മനുഷ്യത്വത്തിന്റെ കണിക പോലും സൂക്ഷിക്കാത്തവൾ ആളാണ് മീനാക്ഷി. മീനാക്ഷിയെ കുറിച്ചുള്ള ഹ്രസ്വമായ കുറിപ്പ് വായിക്കാം. ഛായാ മുഖി എഴുതിയത്.
“ഹൃദയം കൊണ്ട് സ്നേഹിക്കുകയും സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരാണ് പെണ്ണുങ്ങൾ എന്ന ധാരണയെ വേരോടെ പിഴുത, ബുദ്ധി കൊണ്ട് സ്നേഹിക്കുന്ന ഒരുവൾ.പണക്കാരനും സുന്ദരനുമായ ഒരു ഡോക്ടറുടെ പ്രണയം അയാൾക്ക് MLA ആയ ഒരമ്മയും ആശുപത്രിമുതലാളിയായ ഒരച്ഛനുമുണ്ട് എന്നറിയാമായിരുന്നിട്ടും പുറംകാല് കൊണ്ട് തട്ടിക്കളഞ്ഞ, ഒരുവൾ. ഭൂലോക ഉടായിപ്പായ , പത്തു കാശുകിട്ടുമെന്നായാൽ സ്വന്തം അമ്മയെപ്പോലും കൊല്ലാൻ മടിയില്ലാത്ത ഒരു കേസില്ലാവക്കീലിന് (കാണുന്ന സമയത്ത് ) മേൽപ്പറഞ്ഞ ഡോക്ടറെക്കാൾ മൂല്യം കൊടുത്ത ഒരുവൾ. ”
“നല്ല വഴിയേ നടക്കുന്ന പെണ്ണൊരുത്തിയെ, അവളുടെ പരാജയപ്പെട്ട ജീവിതം ചൂണ്ടിക്കാട്ടി പരിഹസിക്കുന്ന ഒരുവൾ.പെണ്ണുകാണാൻ വന്ന ചെക്കന്റെ കണ്ണിൽ നോക്കി, സത്യം പറ വക്കീലേ നിങ്ങളാ ഡോക്ടറെ തോൽപ്പിക്കാൻ വേണ്ടിയല്ലേ എന്നെ പ്രൊപ്പോസ് ചെയ്‍തത് എന്ന് ചോദിക്കാൻ തന്റേടം കാണിച്ച, അതറിയാമായിരുന്നിട്ടും അയാളെത്തന്നെ ഭർത്താവായി സ്വീകരിച്ച ഒരുവൾ. അപകടം പറ്റിക്കിടക്കുന്ന പത്തുമുപ്പത് ജീവനുകളെ നോക്കി, ദുര നിറഞ്ഞ കണ്ണുകളോടെ, ഒരു രണ്ടുരണ്ടരക്കോടിയുടെ മുതലുണ്ട് അല്ലേ എന്ന് ചോദിച്ചവൾ. ചങ്കരനൊത്ത ചക്കിയായി സിനിമയിൽ നിറഞ്ഞാടിയ ഒരുവൾ.
പ്രിയപ്പെട്ട മീനാക്ഷീ പേടിയാകുന്നു പെണ്ണേ നിന്റെയീ സുന്ദരമായ മുഖം കാണുമ്പോൾ. സിനിമയിലല്ലേ എന്ന് സമാധാനിക്കാൻ തുടങ്ങുമ്പോൾ നിന്റെ കുസൃതിക്കണ്ണുകളെന്നെ കളിയാക്കുന്നു…ഓർമ്മയിലൊരു സുന്ദരമുഖം കയ്യിലൊരു ജ്യൂസുമായി നിന്ന് പിന്നെയും പരിഹസിക്കുന്നു.”