രത്നങ്ങളുടെ വിലകൊടുത്ത് കുപ്പിച്ചില്ലുകള്‍ വാങ്ങുന്നതുപോലെയാണ്, മനുഷ്യസ്നേഹത്തിനു പകരം രാജ്യസ്നേഹത്തെ പ്രതിഷ്ഠിക്കുന്നത്

336

Abbas Odamalakkundu എഴുതുന്നു 

കാശ്മീർ..

വണ്ടി ഓടിക്കുന്ന ഡ്രൈവർ മുഹമ്മദ് കാശ്മീർ സ്വദേശിയാണ്.യാത്രക്കിടയിൽ ഞാൻ അവന്റെ നാടിനെ കുറിച്ച് കുറെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.(വിശദമായി സംസാരിക്കാൻ ഇതുവരെ പറ്റിയിരുന്നില്ല )

എനിക്ക് മനസ്സിലായിടത്തോളം കാശ്മീരികൾക്ക് പാക്കിസ്ഥാനിലും പോവണ്ട ഇന്ത്യയും വേണ്ട .അവർക്ക് സ്വന്തമായി ഒരു രാജ്യമാണ് വേണ്ടത്.

Abbas Odamalakkundu

പൊതുവെ കൂട്ടുകുടുംബ വ്യവസ്ഥയാണവിടെ. ഒരു വിധം എല്ലാവർക്കും സ്വന്തമായോ പാട്ടത്തിനെടുത്തതോ ആയ കൃഷി സ്ഥലങ്ങളുണ്ട്‌ .ആറു മാസം നെല്ലും ആറു മാസം ഗോതമ്പും കൃഷി ചെയ്യുന്നു.കാട്ടു മൃഗങ്ങളുടെ ശല്ല്യമൊന്നുമില്ല. ഇടയ്ക്കു കനത്ത തോതിൽ മഞ്ഞു വീണാൽ കൃഷി നശിക്കും. ഒരി വിധം എല്ലാവരും കട്ടൻ ചായ കുടിക്കുന്നവരും സിഗരറ്റ് വലിക്കുന്നവരും ആണ് .ശ്രീനഗർ വിമാന താവളത്തിൽ നിന്നും രണ്ടു മണിക്കൂറ ദൂരമേയുള്ളൂ അവന്റെ വീട്ടിലേക്ക്.

1995 വരെയൊക്കെ ഇന്ത്യൻ പട്ടാളക്കാർ ഒരുപാട് ദ്രോഹിച്ചിരുന്നു അവരെ എന്ന് പറഞ്ഞു .ഇപ്പോൾ ശല്ല്യമൊന്നുമില്ല.തീവ്രവാദ ചിന്തയുള്ള ആരെ കണ്ടാലും നാട്ടുകാർ എതിർക്കുമെന്ന് പറഞ്ഞു .മിക്ക വീടുകളിലും തന്തൂരി അടുപ്പും വെള്ളം ചൂടാക്കാനുള്ള സംവിധാനവും ചൂട് കായാനുള്ള ചിമ്മിനി സംവിധാനവും ഉണ്ട് .

അവനിതുവരെ ഒരു ബോംബ്‌ സ്ഫോടനം കണ്ടിട്ടില്ല .അതിനു പ്രധാന കാരണം അവന്റെ ഗ്രാമത്തിന്റെ സുരക്ഷിതത്വം ആണെന്ന് പറഞ്ഞു.
ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളം ചുട്ടു പൊള്ളുമ്പോൾ ഭൂമിയിലെ സ്വർഗത്തിൽ ഇപ്പോൾ ടൂറിസ്റ്റ് സീസണ്‍ ആരംഭിക്കുകയാണ്. അവിടെ ഇപ്പോൾ പകൽ തെളിച്ചമുള്ള കാലാവസ്ഥയും രാത്രി ചെറിയ മഞ്ഞു വീഴ്ചയും ഉണ്ടെന്നു പറഞ്ഞു .

കാശ്മീരിൽ കാണുന്ന എല്ലാ മരങ്ങളിലും ഇപ്പോൾ പൂവുണ്ടായിരിക്കും എന്ന് പറഞ്ഞപ്പോൾ അവനറിയാതെ തന്നെ വണ്ടിയുടെ വേഗത ഒന്ന് കുറഞ്ഞോ എന്ന് തോന്നി എനിക്ക് .
കാശ്മീർ താഴ്വരകളിലെ ആപ്പിളിന്റെ മധുരം അവന്റെ ചുണ്ടുകളിൽ വന്നുവോ. അവൻ

സംസാരിച്ചുകൊണ്ടേയിരുന്നു.ഇപ്പോൾ പൂക്കൾ ഉള്ള മരങ്ങൾ എല്ലാം കുറച്ചു കഴിഞ്ഞാൽ ഫലങ്ങൾ ആവുമത്രെ. അവൻ നാട്ടീന്നു വന്നപ്പോൾ ഒരിക്കലെനിക്ക് വാൽനട്ട് തന്നിരുന്നു.

അവന്റെ മോനെ കുറിച്ച് ചോദിച്ചപ്പോൾ കുറച്ചുനേരമവൻ ദാൽ തടാകം പോലെ നിശബ്ദനായി. പിന്നെ വീണ്ടും പറഞ്ഞു തുടങ്ങി. ഇന്ഷ അല്ലാഹ് ഈ മരുഭൂമിയിൽ നിന്നും എത്രയും പെട്ടെന്ന് മഞ്ഞു മൂടി കിടക്കുന്ന എന്റെ വീട്ടിലേക്ക് പോവണം .മോനെ കാണണം. ഞാൻ കണ്ടിട്ടുണ്ട് അവന്റെ കുഞ്ഞിന്റെ ഫോട്ടോ.കാശ്മീർ ആപ്പിളും കാശ്മീർ കുഞ്ഞുങ്ങളും ഒരു പോലെയാണ് .

അവനോട് സംസാരിച്ചു കഴിഞ്ഞപ്പോൾ ഈസ്റ്റർ തലേന്ന് ക്രിസ്തുമസ് ആഘോഷിച്ച ഒരു പ്രതീതി.മഞ്ഞിനെ കുറിച്ച് സംസാരിക്കുന്നത് പോലും കുറച്ചു നേരത്തെയ്ക്കെങ്കിലും നമ്മുടെ മനസ്സിൽ ഒരു തണുപ്പ് കൊണ്ട് വരുമെന്നുള്ളതൊരു സത്യമാണ്.
—————-

ഇത് 2013 ഏപ്രിൽ മാസമെഴുതിയ കുറിപ്പാണ്. വർഷങ്ങൾ കുറെ കഴിഞ്ഞെങ്കിലും മുഹമ്മദ് ഇപ്പോഴും ഇവിടെത്തന്നെയുണ്ട് . ഇന്ന് എന്റെ അടുത്ത് വന്നിരുന്നു അവൻ.

നാട്ടിലെ ബന്ധുക്കളെ ഓർത്ത് അവനൊരു സമാധാനവും ഇല്ലെന്നു പറഞ്ഞു. ഓഗസ്റ്റ് എട്ടിനാണ് ഭാര്യയുമായി അവസാനമായി സംസാരിച്ചത് . ഉപ്പയോടും ഉമ്മാനോടും മകനോടും ഒന്നും മിണ്ടിയിട്ടില്ല .

നമുക്കറിയാം എന്തെങ്കിലും കാരണത്താൽ ഒരു ദിവസം വീട്ടിലേക്കു വിളിക്കാൻ പറ്റിയില്ലെങ്കിലുള്ള ബുദ്ധിമുട്ട്. ഇവിടെ വീട്ടുകാർ ജീവിച്ചിരിപ്പുണ്ടോ , അവർക്ക് ഭക്ഷണം ഉണ്ടോ എന്നൊന്നും അറിയാൻ പറ്റാതെ ഒരുപാട് ആളുകൾ ഇത്രയും ദിവസം.

രണ്ടു ദിവസം മുന്നേ അവന്റെ ഒരു അനിയൻ വണ്ടിയെടുത്ത് പഞ്ചാബിൽ വന്നിട്ട് അവനെ വിളിച്ചു സംസാരിച്ചതുകൊണ്ട് ചെറിയ സമാധാനം ഉണ്ടെന്നു പറഞ്ഞു.
മുഹമ്മദിന്റെ നാട്ടിലെ അക്കൗണ്ടിൽ ക്യാഷ് ഉണ്ടെങ്കിലും രണ്ടായിരം, അയ്യായിരം ഒക്കെയാണ് ബാങ്കുകാർ നൽകുന്നത് . അതുകൊണ്ട് ഇവൻ കുറച്ചു കാശ് പഞ്ചാബിലേക് വെസ്റ്റേൺ യൂണിയൻ വഴി സഹോദരന്റെ പേരിൽ അയച്ചു കൊടുത്തു.

ഇതൊക്കെയാണ് അവസ്ഥ. ഭൂമിയിലെ സ്വർഗം അവിടത്തെ അന്തേവാസികൾക്ക് നഷ്ട്ടപെട്ടു തുടങ്ങുന്നു. ഓരോ ദിവസം കഴിയുംതോറും അവരുടെ ജീവിതം ഏറ്റവും മോശം അവസ്ഥയിലേക്ക് പോയികൊണ്ടേയിരിക്കുന്നു.

ഞങ്ങൾ എന്ത് തെറ്റ്‌ ചെയ്തിട്ടാണ് അബ്ബാസ് ഭായ് എന്ന അവന്റെ ചോദ്യത്തിന് മുന്നിൽ എനിക്കുത്തരം ഇല്ലായിരുന്നു.

രാജ്യസ്നേഹവും അതിന്റെ പേരിലുള്ള അസഹിഷ്ണുതയും വർത്തമാനകാലഘട്ടത്തിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. മാനവികത,മനുഷ്യ സ്നേഹം എന്നത് കഴിഞ്ഞിട്ടേ ഉള്ളൂ ദേശീയതയും,ദേശ സ്നേഹവും. നിങ്ങൾ ഒരു മനുഷ്യസ്നേഹിയാണെങ്കിൽ തീർച്ചയായും നിങ്ങളൊരു രാജ്യസ്നേഹിയും ആയിരിക്കും.

“രത്നങ്ങളുടെ വിലകൊടുത്ത് കുപ്പിച്ചില്ലുകള്‍ വാങ്ങുന്നതുപോലെയാണ്, മനുഷ്യവംശസ്നേഹത്തിനു പകരം രാജ്യസ്നേഹത്തെ പ്രതിഷ്ഠിക്കുന്നതെന്നു പറഞ്ഞ മഹാകവി രവീന്ദ്ര നാഥ ടാഗോറിന്റെ ദീർഘവീക്ഷണത്തെ നമിച്ചുകൊണ്ടു നിറുത്തുന്നു.

അബ്ബാസ് ഒഎം

Advertisements