മുകുന്ദനുണ്ണിയുടെ കൗശലങ്ങൾ ..!
എഴുതിയത് : Abdul Aleef
കടപ്പാട് : m3db
(സ്പോയിലർസ് ഉണ്ടോന്ന് ചോദിച്ചാൽ ഉണ്ടാകാം എന്നെ പറയാനുള്ളൂ ; സിനിമ കണ്ടവർ വായിക്കുന്നതാണ് താൽപര്യപ്പെടുന്നത്)
“സ്മോക്കിങ്ങ് കിൽസ്..” ന്ന് കാണിക്കുന്നയിടത്തെ മലയാളം വോയ്സ് ഓവറിൽ തന്നെ പ്രധാന കഥാപാത്രത്തിന്റെ മാനസിക നില ഏതാണ്ട് കൃത്യമായി അറിയിച്ചുകൊണ്ടുള്ള തുടക്കം അത്യാവശ്യം നന്നായി ഡീറ്റൈലിങ്ങ് / പരീക്ഷണ കൗശലങ്ങൾ ചെയ്ത സിനിമയാകണം ഇത് എന്ന് ആദ്യമേ തന്നെ തോന്നിപ്പിക്കുന്നതിൽ മുകുന്ദനുണ്ണിയുടെ ശിൽപികൾ വിജയിക്കുന്നുണ്ട്.
തൊട്ടടുത്തു തന്നെ ഫുൾ സ്ക്രീൻ എന്നത് നിർബന്ധപൂർവ്വം ചെറുതാക്കുന്നത് കൂടി കണ്ടപ്പോൾ ശ്രദ്ധയോടെ കാണാനുള്ളതാണീ സിനിമ എന്നതിന് അടിവര ഇടുന്നതായി. പിന്നീട് കഥാപാത്രത്തിന്റെ ജീവിതനിലവാരത്തിനൊപ്പം ഫ്രെയിം കൂടി വിസ്തൃതമാകുന്നുണ്ട്. അതിനേക്കാളുപരി തന്റെ സിനിമയുടെ കഥാപാത്രങ്ങളുമായും കഥാപരിസരവുമായും പ്രേക്ഷകനെ ചേർത്ത് പിടിക്കാനുള്ള സംവിധായകന്റെ ആഖ്യാന കൗശലമായും തോന്നി; എന്തായാലും ഞാൻ അതിൽ പൂർണമായും കുടുങ്ങി എന്ന് തന്നെ പറയാം.
സാധാരണ സിനിമ കഥകളിൽ ഒരു സംഭവം ഉണ്ടായി അതിനെ എങ്ങിനെ സ്വന്തം കാര്യ സാധ്യത്തിനായോ മറ്റോ ഉപയോഗപ്പെടുത്താം എന്ന് പിന്നീടാണ് കഥാപാത്രം ആലോചിക്കാറുള്ളതായി കാണിക്കുന്നത് ; അല്ലെങ്കിൽ ഫ്ലാഷ് ബാക്ക് പോലുള്ള കൗശലങ്ങൾ.
എന്നാൽ ഇതിലെ മുകുന്ദനുണ്ണിയുടെ ചിന്തയിലേക്ക് അത്തരം ചിലകാര്യങ്ങൾ മുൻകൂറായി കിട്ടുന്നത് അതേ കാലഗതിയിൽ തന്നെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.ഉദാഹരണത്തിന് മുകുന്ദനുണ്ണി ടി.വി യിൽ വാർത്ത കണ്ട് കൊണ്ട് (ഫുൾ ഗ്രെയിൻസ് ആയ പഴയ ടി.വി കൈകൊണ്ട് തട്ടി ശരിയാക്കികൊണ്ടാണ് ഇരിക്കുന്നത് ; ആ സമയത്ത് അയാളുടെ ജീവിതവും ചിന്തകളും ഏതാണ്ട് ആ ടി.വിയുടെ അവസ്ഥയിലുമാണ്..!) ഭക്ഷണം കഴിക്കാനായി ഇരിക്കുമ്പോഴാണ് അയാളുടെ ജീവിത കഥയെ ഒരു വഴിത്തിരിവിൽ എത്തിക്കുന്ന സംഭവത്തിന്റെ തുടക്കം ഉണ്ടാകുന്നത്; അതിന്റെ തുടർച്ചയിൽ അയാൾ നടത്തുന്ന സുപ്രധാന നീക്കത്തിന്റെ ചിന്തകൾക്ക് വഴിമരുന്നിടുന്ന ഒരു വാർത്ത, ടി.വി ശരിയാകുന്ന സമയത്ത് തന്നെ സ്ക്രോൾ ചെയ്ത് പോകുന്നുണ്ട്. മുകുന്ദനുണ്ണി ആ സ്ക്രോളിൽ അഗാധമായി മുഴുകുന്നതും ഒരു നിഗൂഢസ്മിതം തെളിയുന്നതും ശ്രദ്ധയിൽ പെടുന്നത് സിനിമയുടെ തുടർ കാഴ്ചയിലാണ് എന്നതിലാണ് (ചിലരെങ്കിലും ആദ്യ കാഴ്ചയിൽ കണ്ടിട്ടുണ്ടാവാം , ഭീകരന്മാർ..!) സംവിധായക കൗശലം എന്ന തലത്തിൽ ആസ്വദിക്കാൻ പ്രേരിപ്പിക്കുന്നത്
അത് പോലെ വളരെയൊന്നും വിസ്തരിച്ചു പറയാതെ തന്നെ, ക്ളൈമാക്സിനോട് അനുബന്ധിച്ചുള്ള ഒരു സംഭവത്തിന്റെ ചിന്താധാര മുകുന്ദനുണ്ണിയിൽ നേരത്തെ തന്നെ ഉണ്ടായിരുന്നതാണെന്നോ, ആ തീരുമാനം നേരത്തെ തന്നെ എടുത്തിരുന്നതാണെന്നോ ഒക്കെ സ്ഥാപിക്കുന്ന തരത്തിൽ മുകുന്ദനുണ്ണിയും സുഹൃത്തും കൂടി കാർ വാങ്ങാൻ പോകുന്നയിടത്ത് സെയിൽസ്മാന്റെ വാക്കുകളിലൂടെയും ആ സീൻ ആസൂത്രണം ചെയ്തിരിക്കുന്നതിലൂടെയുമൊക്കെയാണ്. സാമ്പ്രദായിക രീതിയിലെ ഫ്ലാഷ് ബാക്ക് കൗശലങ്ങൾ ഒന്നും ആ ഭാഗങ്ങളിൽ കാണിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധ വെച്ചിട്ടുമുണ്ട്. ഇത്തരത്തിൽ നിരവധി ആഖ്യാന കൗതുകങ്ങൾ നിറച്ച ഒരു സിനിമ തന്നെയാണ് അഡ്വ. മുകുന്ദനുണ്ണി അസോസിയേറ്റ്സ്. തിന്മയെ മഹത്വവൽക്കരിക്കുന്നത് എന്നൊക്കെയുള്ള ആരോപണങ്ങൾ നേരിടുമ്പോഴും ഇത്തരത്തിലെ തിന്മമരങ്ങൾ കൂടിയുള്ള സമൂഹത്തിലാണ് നാം ജീവിച്ചു പോകുന്നത് എന്ന തിരിച്ചറിവ് കൂടി നൽകുന്നുണ്ട് ഈ സിനിമ എന്നുറപ്പിച്ചു പറയാം.
ഇത്തരത്തിൽ ഇഴകീറിയ വായനയിലൂടെയും മറ്റും ഒരേ സിനിമ ഒന്നിലധികം തവണ കാണുവാനൊന്നും ഈ OTT റിലീസ് കാലത്ത് കുറച്ചു പ്രേക്ഷകർക്കെങ്കിലും ഒരു ബുദ്ധിമുട്ടും ഇല്ലന്നിരിക്കെ, സ്ക്രിപ്റ്റിലും സംവിധാനത്തിലുമൊക്കെ അതിന്റെ വിശാല സാധ്യതകൾ തിരയുന്ന / പരീക്ഷിക്കുന്ന പുതുതലമുറ സിനിമകളിൽ ശ്രദ്ധേയമായ ഒന്ന് തന്നെയാണ് അഡ്വ. മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്.