ലോകത്ത് ഏറ്റവും കൂടുതൽ ചാരിറ്റിപ്രവർത്തനങ്ങൾ നടത്തുന്ന പത്തുപേരിൽ ഒരാൾ

Abdul Kalam Kalam

ജാക്കിചാൻ.

ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധിക്കപ്പെടുന്ന, മാർഷ്യൽ ആർട്സ് സിനിമകളുടെ അപ്പോസ്തലൻ. 1927ൽ ചൈനയിൽ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര യുദ്ധത്തെതുടർന്നു, ഹോങ്കോങ്ങിലേക്ക് പലായനം ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിൽ 1954 ഏപ്രിൽ ഏഴിനാണ് ജാക്കിചാന്റെ ജനനം. അച്ഛൻ ചാൾസ്, അമ്മ ലീലി ചാൻ.വ്യത്യസ്ത കേസുകളിൽ പെട്ടു ജയിലിലായപ്പോൾ, അവിടെവെച്ചു പരിചയപ്പെട്ടാണ് അവർ വിവാഹിതരാകുന്നത്. 1960ൽ കുടുംബം ഓസ്ട്രേലിയയിലേക്ക് താമസം മാറ്റി. അവിടെ കാൻബെറയിൽ പിതാവ് ചാൾസിന് അമേരിക്കൻ എംബസിയിൽ പാചകക്കാരനായി തൊഴിൽ ലഭിച്ചതിനെ തുടർന്നായിരുന്നു ഈ മാറ്റം.

പഠനത്തിൽ മിടുക്കനല്ലായിരുന്ന ജാക്കിചാൻ ഒന്നാം ക്ലാസിൽ തന്നെ തോറ്റു. ആറാം വയസിൽ ജാക്കിയെ മാതാപിതാക്കൾ ഹോങ്കോങ്ങിൽ പ്രവർത്തിക്കുന്ന ചൈന ഡ്രാമാ അക്കാദമിയിൽ ചേർത്തു. പിന്നീടുള്ള പത്തു വർഷം മാതാപിതാക്കളിൽ നിന്നു വേർപിരിഞ്ഞു നാടകവും സംഗീതവും ആയോധന കലകളും അഭ്യസിച്ചു.വെളുപ്പിന് അഞ്ചുമണിക്ക് എഴുനേറ്റ് തുടങ്ങും അവിടത്തെ ചിട്ടകൾ. പിൽകാലത്ത് തന്റെ സിനിമാ ജീവിതത്തിൽ സന്തതസഹചാരികളായിരുന്ന സുമോ ഹങ്ങ്‌, യുവാൻ ബിയാവോ എന്നിവർ അവിടെ ചാന്റെ സഹപാഠികൾ ആയിരുന്നു. അവിടത്തെ മികച്ച വിദ്യാർത്ഥികളുടെ കൂട്ടത്തിൽ ഈ മൂവരും തിരഞ്ഞെടുക്കപ്പെട്ടു.

1962 ൽ, ‘Big and little wong tin bar ‘ എന്ന ചിത്രത്തിലൂടെയാണ് ജാക്കിച്ചാനും സതീർത്യനായ സമോ ഹങ്ങും സിനിമയിൽ ഹരിശ്രീ കുറിക്കുന്നത്. അങ്ങനെ പതിനാറാമത്തെ വയസ്സുമുതൽ ചില ആക്‌ഷൻ സിനിമകളിൽ അഭിനയിച്ചെങ്കിലും ഒന്നും ശ്രദ്ധിക്കപ്പെട്ടില്ല. ജാക്കിചാൻ യുഗത്തിനു മുമ്പ്, ലോകസിനിമയിൽ മാർഷ്യൽ സിനിമകൾ ജനപ്രിയമാക്കിയ വെറ്റെറൻ താരം ബ്രൂസ്‌ലിയുടെ മാസ്റ്റർ പീസ് ചിത്രം ‘എന്റർ ദി ഡ്രാഗൺ’ ഉൾപ്പടെ ഏതാനും ചിത്രങ്ങളിൽ ജാക്കിച്ചാൻ ഫൈറ്റ് രംഗങ്ങളിൽ പ്രത്യക്ഷപ്പെട്ടു.

ഒരു സിനിമാ താരമാവുക എന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കാനാകാത്തതിൽ മനസ്സ് മടുത്ത ജാക്കി തിരിച്ച് ഓസ്ട്രേലിയയിലെത്തി. കെട്ടിടനിർമ്മാണ ഗ്രൂപ്പിൽ പെയിന്റിംഗ് തൊഴിലാളിയായി പണിയെടുത്തു. ആയിടക്കാണ്, ചൈനീസ് സിനിമാകാരനായ വിലീ ചാൻ (Willie Chan) ജാക്കിച്ചാന് വീണ്ടും സിനിമാലോകത്തേക്ക് അവസരം തുറന്നുകൊടുക്കുന്നത്. വിഖ്യാതമായ ‘ഗോൾഡൻ ഹാർവെസ്റ്റ് ഫിലിംസിന്റെ ഭാഗമായിരുന്നു അദ്ദേഹം. ലോക സിനിമയിൽ ഒരു ഐകണായുള്ള ജാക്കിച്ചാന്റെ വളർച്ചയിൽ, മലേഷ്യൻ ഒറിജിനായ വിലീ ചാനു വലിയൊരു പങ്കുണ്ട്. ‘ഇൻഡോ ഓവർസീസ് ഫിലിംസ്’ ലൂടെ ഏഷ്യയിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ എത്തിക്കുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു.

അങ്ങനെ 1976 ൽ ‘ New fist of fury’ യിൽ നായകനായി വന്നു ചാൻ. (‘Fist of fury’ ബ്രൂസ്‌ലിയുടെ പടമാണ് ). സംവിധായകനായ ലോ വീ, ബ്രൂസ്‌ലിയുടെ ശൈലിയിലാണ് ജാക്കിച്ചാനെ അവതരിപ്പിച്ചത്. പടം പരാജയമായി. കാരണം, ചൈനീസ് ജനതക്ക് മറ്റൊരു ബ്രൂസ്‌ലിയെ സങ്കൽപ്പിക്കാൻ കഴിയില്ലായിരുന്നു. തുടർന്നു 1978 ൽ ഇറങ്ങിയ ‘Snake in the eagle shadow’ ആണ് ജാക്കിച്ചാന്റെ തനത് സ്റ്റൈലിൽ ഇറങ്ങിയ ചിത്രം. സംവിധായകൻ Yuen woo ping, ജാക്കിചാന്‌ ഫൈറ്റ് രംഗങ്ങളിൽ പൂർണമായ സ്വാതന്ത്ര്യം നൽകി. അങ്ങനെ ചടുലമായ അംഗചലനങ്ങളോടൊപ്പം കോമിക് വിക്ഷേപങ്ങളും പ്രയോഗിക്കപ്പെട്ടു. പ്രേക്ഷകർ ആ പുതിയ ജെനെറിനെ ഇഷ്ട്ടപെട്ടു.

പിന്നീട് സംവിധായകൻ ലോ വി യുടെ സഹായത്തോടെ ആദ്യമായൊരു ചിത്രവും സംവിധാനം ചെയ്തു. ‘The fearless hyana’. പിന്നീട് എൺപതുകളുടെ തുടക്കത്തോടെ ‘The big brawl’ എന്ന ചിത്രത്തിലൂടെ ബോളിവുഡ് ഫിലിം ഇന്ഡസ്ട്രിയിലും അരങ്ങേറി ചാൻ. ബോക്സ്‌ ഓഫീസ് റെക്കോർഡുകൾ ഭേദിച്ച്കൊണ്ട് ‘Rumble in the broux’ ഹിറ്റായതോടെ, ചാൻ, ഹോളിവുഡിലും സ്റ്റാറായി.
‘Rush hour’, ‘ Shanghai noon’ തുടങ്ങിയ ചിത്രങ്ങൾ, ലോകത്തെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സ്റ്റാറുകളിൽ രണ്ടാമനാക്കി. എന്നാൽ ചലച്ചിത്രസംബന്ധമായ ഇടപെടലുകളിൽ പരിമിതികൾ വന്നപ്പോൾ സ്വന്തമായി JCE Movies എന്ന ഫിലിം നിർമാണ കമ്പിനി രൂപികരിച്ചു അദ്ദേഹം.

ജാക്കിച്ചാന്റെ മിക്ക സിനിമകളിലും ഫൈറ്റ് കൊറിയോഗ്രഫി ചെയ്തിരുന്നത് അദ്ദേഹവും ബ്രാൻഡ് അലൻ എന്ന ഓസ്‌ട്രേലിയൻ ആയോധന വിദഗ്ധനും ഉൾപ്പെട്ട ഒരു ടീം ആയിരുന്നു. തന്റെ ചിത്രങ്ങളിലെ മിക്ക വില്ലന്മാരെയും ഓഡീഷൻ ചെയ്തിരുന്നതും ചാൻതന്നെയായിരുന്നു.’ Who am I ‘ ലെ ഡച്ച് ഫൈറ്റർ ‘സ്മൂരൻ ബർഗ്’, ‘The drunken master 2 വിലെ ‘കെൻ ലോ’ തുടങ്ങിയവർ ഇതിൽ പെടുന്നു.

‘The drunken master 2’ എന്ന ചിത്രത്തിലെ എപിക് ഫൈറ്റിൽ കനലിൽ കൂടി നിരങ്ങിനീന്തുന്ന ചാനെ ഓർക്കുന്നുവല്ലോ. ഈ ചിത്രം ഹോളിവുഡിൽ റീലീസ് ചെയ്തത് ‘Defender ‘ എന്ന പേരിലാണ്. (പല ചിത്രങ്ങളും ഇതുപോലെ പേര് മാറ്റിയാണ് അവിടെ റിലീസ് ചെയ്തിരുന്നത്. ‘പോലിസ് സ്റ്റോറി ‘ ‘-സൂപ്പർ കോപ്പ്’ ആയി ഇറങ്ങിയത് ഉദാഹരണം ).ഈ ചിത്രത്തിലെ വില്ലൻ കെൻ ലോ പിന്നീട് ചാന്റെ ബോഡിഗാർഡ് ആയിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ചാരിറ്റിപ്രവർത്തനങ്ങൾ നടത്തുന്ന പത്തു പേരിൽ ഒരാളാണ് ജാക്കി ചാൻ.തന്റെ സിനിമകളിൽ ആഭാസരംഗങ്ങൾ ഉണ്ടാവരുത് എന്നദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു. ജാക്കിച്ചാനോളം റിയലിസ്റ്റിക് ആയി മാർഷ്യൽ സിനിമകളിൽ അഭിനയിച്ചവർ വേറെ ഉണ്ടോ സംശയമാണ്.

സമകാലികരായ ജെറ്റ് ലി, ഡോണി യങ്, ബ്രാൻഡൻ ലീ തുടങ്ങിയവർ തുടങ്ങിടയവർ ആധുനിക സങ്കേതങ്ങളും മറ്റും ഉപയോഗപ്പെടുത്തിയപ്പോൾ, സിനിമയുടെ പൂർണതക്ക് വേണ്ടി എന്ത് റിസ്കും എടുക്കാൻ തയാറായി ജാക്കിചാൻ.  ‘Armour of God ‘ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ മരത്തിൽ നിന്നുവീണ് അദ്ദേഹത്തിന്റെ ശരീരത്തിലാകമാനം പരുക്കുകളായിരുന്നു. ഏതാണ്ട് മുപ്പതോളം സർജറികൾ നടത്തിയിട്ടുണ്ട് ആ ശരീരത്തിൽ .അറുപത്തിയാറു വയസ്സുകാരനായ ജാക്കി ചാന്റെ ആത്മകഥ ‘നെവർ ഗ്രോവ് അപ്പ്‌ ‘ എന്ന പേരിൽ രണ്ടുവർഷം മുമ്പ് ഇറങ്ങുകയുണ്ടായി. ചാന്റെ യൗവനകാലത്തെ ബലഹീനതകളും ദുഖകരമായ സംഭവങ്ങളും ഞെട്ടലോടെയാണ് ആരാധകർ വായിച്ചത്.

പ്രസവസമയത്ത്, അച്ഛനമ്മമാർ, ആശുപത്രി ബിൽ അടക്കാൻ കഴിയാതെ തന്നെ വിൽക്കാൻ ശ്രമിച്ചതും, ചൈനയുടെയും സിംഗപ്പൂരിന്റെയും ആന്റി -കൊക്കയ്ൻ മിഷന്റെ അംബാസഡർ ആയിരിക്കുമ്പോൾ സ്വന്തം മകൻ ജെയ്‌സ് ലീ, സമാനമായ കേസിൽ പെട്ടതും, വിചിത്രമായ സ്വഭാവരീതികൾ വെച്ചുപുലർത്തിയ മകളുമായി ബന്ധം മുറിച്ചതും എല്ലാം തുറന്നെഴുതിയിട്ടുണ്ട്.  ഓസ്കാർ അക്കാദമിയിൽ നിന്നും , ഓണററി പുരസ്‌കാരം നൽകി ആദരിക്കപ്പെട്ടിട്ടുണ്ട് ചാൻ . ലോകത്തെ ഏതൊരു മാർഷ്യൽ സ്റ്റാറുകളെക്കാളും ബഹുദൂരം മുന്നിലാണ്‌ ഈ ആയോധന കലയുടെ രാജകുമാരൻ. ദി സ്റ്റാർ ഓഫ് സ്റ്റാർസ്.