ഇങ്ങനെയെത്രെയെത്രയോ കഥകളിൽ അദ്ദേഹം കഥാപാത്രമായി വന്നു പോകുന്നു, ഇപ്പോൾ അഭിനവഗവേഷകർ തിരയുന്നതേറെയും അതിലെ ദുഷ്ട കഥാപാത്രങ്ങളാണ് എന്ന് മാത്രം

39

Abdul Kalam Kalam

” എനിക്ക് എന്നെപ്പറ്റിതന്നെ പല സ്വപ്നങ്ങളുമുണ്ട്. എന്തൊക്കെ ചെയ്യാൻ കഴിയണം, ഏതൊക്കെ പുതിയമേഖലകളിലേക്ക് ജീവിതത്തെ കടത്തികൊണ്ടുപോകണം എന്നിങ്ങനെയുള്ള കാര്യങ്ങളെപറ്റി. കെട്ടുപാടുകളെല്ലാം പാടെവിട്ടുപേക്ഷിച്ചും ത്യാഗരാജസ്വാമികളെപോലെ നാദബ്രഹ്മത്തിൽമാത്രം ശ്രദ്ധകേന്ദ്രീകരിച്ചും ജീവിക്കണമെന്നമോഹം. ബന്ധങ്ങളിൽനിന്നും ബന്ധനങ്ങളിൽനിന്നും മോചിതനായി അനീതിക്കെതിരെ പൊരുതിയും പൊതുനന്മയ്ക്കുതകുന്ന കാര്യങ്ങൾക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചും മുന്നോട്ടുപോവണമെന്ന ആഗ്രഹം. മിക്കവാറും ഇതൊന്നും നടക്കാൻ സാധ്യതയില്ലാത്ത കാര്യങ്ങളാണ്. ഭാര്യയുണ്ട്, മക്കളുണ്ട്. ഇവരെയൊന്നും ആരും എന്റെ തലയിൽ അടിച്ചേൽപ്പിച്ചതല്ല. അവരെചുറ്റിയുള്ള ചുമതലകളുണ്ട്. അവയിൽനിന്ന് ഒഴിഞ്ഞുമാറാനുമാവില്ല. ബാധ്യതകളുടെ ഊരാക്കുടുക്കിലാണ് ഞാൻ. “പറയുന്നത് മറ്റാരുമല്ല. ഗാന ഗന്ധർവ്വൻ കെ ജെ യേശുദാസ്.

1987 -88 വർഷത്തെ ‘കുങ്കുമം പതിപ്പുകളിൽ, ‘ യേശുദാസിന്റെ ജീവിതാനുഭവങ്ങൾ’ എന്ന ടൈറ്റിലോടെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും ജീവിതാനുഭവങ്ങളും എഴുതിയ താളുകൾ ഉണ്ട്. യേശുദാസിന്റെ ജീവിതാനുഭവങ്ങൾ എന്ന് വെച്ചാൽ, സത്യത്തിൽ അത്‌ മലയാളത്തിനുമപ്പുറമുള്ള സംഗീതചരിത്രത്തിന്റെ ഒരു വലിയ ഏടാണ്. എന്നാൽ അങ്ങനെയൊരു അക്ഷയഖനിതേടി കണ്ണോടിക്കുമ്പോൾ, ജീവിതദർശനങ്ങളുടെ അപഗ്രഥനവും നന്മതിന്മകളുടെ വിശകലനവും മറ്റുമൊക്കെയായി ഏതാനും ലേഖനങ്ങളാണ് കൂടുതലും. അനുഭവങ്ങളെക്കാൾ കാഴ്ചപ്പാടുകൾ എന്നുമാത്രമേ ഈ എഴുത്തുകളെ വിളിക്കാനാവൂ.
തന്റെ ചില കാഴ്ചപ്പാടുകളിലേക്ക് വരുമ്പോൾ അദ്ദേഹം എഴുതുന്നത് നോക്കൂ.

“ഞാൻ നിർമ്മിച്ചു, ഞാൻ പാടി, ഞാൻ ചിട്ടപ്പെടുത്തി എന്നൊക്കെ വമ്പു പറയുന്നവർ മണ്ടന്മാരാണ്. ഞാൻ സ്വന്തമായി ഒന്നും പുതുതായി രൂപപ്പെടുത്തുന്നില്ല. പ്രകൃതിയെ അനുകരിക്കുകമാത്രമാണ് ക്രിയാത്മക വാസന പ്രകടമാക്കുന്നവരൊക്കെ ചെയ്യുന്നത്. ഈ പ്രപഞ്ചത്തിൽ ആകെക്കൂടി ഒരൊറ്റ സംവിധായകനെ ഒള്ളൂ. സ്രഷ്ടാവ്. അഥവാ പരബ്രഹ്മം എന്ന് എന്ന് നാം വിളിക്കുന്ന ആദ്യന്തിക സംവിധായകൻ. ”

“അവാർഡുകൾക്ക് വേണ്ടി അണ്ടർഗ്രൗണ്ടിൽ പണിയെടുക്കുന്നവരെപറ്റിഓർക്കുമ്പോൾ ചിരിക്കാനാണ് തോന്നുക. സ്വയം അവാർഡ് നേടാനും, എതിരാളിക്ക് അവാർഡ് കിട്ടാതിരിക്കാനും വളരെയേറെ കഷ്ടനഷ്ടങ്ങൾ സഹിക്കുന്നവർ നമ്മുടെ കലാ സാഹിത്യ രംഗങ്ങളിലുണ്ട്. മുക്കാലും വിവരദോഷികളടങ്ങിയ കമ്മിറ്റികൾ ഇത്തരം അണ്ടർഗ്രൗണ്ട് വീരന്മാരുടെ പിടിയിൽപെട്ടു അവാർഡുകൾ നൽകുകയും ചെയ്യും. നമ്മളിൽ പലരും അത്തരം അവാർഡുകൾ വാങ്ങി സുഖമനുഭവിക്കാറുണ്ട്. ഞാനും അങ്ങനെ കുറേകാലം സുഖമനുഭവിച്ചുവെന്നകാര്യം മറക്കുന്നില്ല. പക്ഷെ, അവാർഡിന് വേണ്ടി ഒരിക്കലും ഒരു ചെറുവിരൽ പോലും അനക്കിയിട്ടില്ലെന്നത് സത്യം. ഈയടുത്ത കാലത്ത് ഇനി അവാർഡുകളേ വേണ്ട എന്ന് ബന്ധപ്പെട്ടവരെയെല്ലാം അറിയിക്കുകയും ചെയ്തു. ”
ഓരോ ലക്കങ്ങളിലും അദ്ദേഹത്തെ സ്വാധീനിച്ച ഏതെങ്കിലുമൊരാൾ കടന്നുപോകുന്നു.

ഒരു ലക്കത്തിൽ ശ്രീ നബാബ് രാജേന്ദ്രനെ മുക്തകണ്ഠം പ്രശംസിക്കുന്നുണ്ട്. മറ്റൊന്നിൽ, യൂസഫ് ഖാൻ എന്ന ദിലീപ് കുമാറിനെ.
ബോംബെ നഗരത്തിലെ ബാന്ദ്രയിൽ, പാലിഹിൽ എന്ന പ്രദേശത്തു ഒരു വീട്ടിൽ ഒരു സുഹൃത്ത് സമ്മേളനത്തിൽ സംബന്ധിക്കുമ്പോൾ, അവിടെ വെച്ച് ദിലീപ് കുമാർ നടത്തിയ പ്രഭാഷണം ആണ് പരാമർശിക്കുന്നത്. ഞാനെന്നഭാവം അറിവില്ലായ്മയാണ് എന്ന രത്‌നച്ചുരുക്കമുള്ള ദിലീപിന്റെ ഭാഷണത്തിലൂന്നി ഇതുകൂടി പറഞ്ഞുവെക്കുന്നു
“പല ഗായകരും ഒന്നൊന്നായി പ്രത്യക്ഷപ്പെടുന്ന വേദികളിൽ, ചില മഹാഗായകർ അവരെക്കാൾ ഗ്രേഡ് കുറഞ്ഞവർ പാടിത്തുടങ്ങുമ്പോൾ, എഴുനേറ്റ് നടന്നുതുടങ്ങുന്ന കാഴ്ച ഞാൻ കണ്ടിട്ടുണ്ട് ഇത് അഹങ്കാരമാണ്. മറ്റൊരുവൻ നന്നായി പാടുന്നത്കേട്ട് സഹിക്കാൻ കഴിയാത്ത മനോഭാവമാണ്. ഇത് മാറേണ്ടിയിരിക്കുന്നു. ”

1988 വർഷത്തെ ഒരു ലക്കത്തിൽ കടന്നുവരുന്നത് ശബരിമലയുമായി ബന്ധപ്പെട്ട ഏതാനും അനുഭവങ്ങളാണ്.
“1972 ലാണ് ഞാൻ ആദ്യമായി ഇരുമുടികെട്ടുമേന്തി മല ചവിട്ടിയത്. ‘അഹിന്ദുക്കൾക്ക് പ്രവേശനമില്ല’ എന്ന് തിളങ്ങുന്ന വലിയ അക്ഷരങ്ങളിൽ എഴുതിവെച്ചിട്ടുള്ള ഗുരുവായൂർ ക്ഷേത്രനടയിൽ നിന്ന് വ്യത്യസ്തമാണ് ഹരിഹരസുതന്റെ സന്നിധാനമെന്നു ഞാൻ കേട്ടറിഞ്ഞിരുന്നു. ചില സുഹൃത്തുക്കളുമൊത്ത് ആദ്യമായി ശബരിമലയിലെത്തിയ ഞാൻ, അവിടെ മേരിലാന്റ് സ്റ്റുഡിയോ ഉടമ പി സുബ്രഹ്മണ്യത്തിന്റെ സുബ്രഹ്‌മണ്യം ട്രസ്റ്റ്‌ ഓഫീസിൽ വിശ്രമിച്ചു. ചുറ്റും കടലിരമ്പുന്നതു പോലെ ഭക്തജന പ്രവാഹം. ആ ബഹളമൊക്കെ അയ്യപ്പഭക്തിയുടെ പൂർത്തീകരണത്തിന് ആവശ്യമാണെന്ന് അന്നെനിക്ക് തീർച്ചയായിരുന്നു.
ഓരോ വർഷവും പതിവ്പോലെ വ്രതാനുഷ്ടാനം നടത്തി. ഭക്തജനങ്ങൾക്ക് വേണ്ടി സംഗീതപരിപാടി നടത്തും.
മദ്രാസ് നഗരത്തിലെ നുങ്കംപാക്കത്തുള്ള ധർമ്മശാസ്താ കോവിലിലും ആണ്ടുതോറും ഞാൻ പോകാറുണ്ട്. മാലയും ചന്ദനവും ഭസ്മക്കുറിയുമണിഞ്ഞു ഒരു സാധാരണ അയ്യപ്പഭക്തനായിതന്നെ.

1984 മെയ്‌ മാസത്തിൽ ൽ എന്റെ അമ്മച്ചി മരിച്ചു. ആ വർഷം എനിക്ക് ശബരിമലക്ക് പോവാൻ കഴിഞ്ഞില്ല. എന്നാൽ രണ്ടും പരസ്പരം ബന്ധപ്പെട്ട കാര്യങ്ങളല്ല. അങ്ങനെയങ്ങു സംഭവിച്ചു പോയി എന്ന്മാത്രം.
1987 ൽ, ഈസ്റ്ററിനു മുമ്പ് ഞാൻ അമ്പത്ദിവസത്തെ നോമ്പാചരണം നടത്തി.സമ്പൂർണമായ വ്രതാനുഷ്ഠാനം. അതിന്റെ പിന്നാലെ ശബരിമലക്കു പോകാനുള്ള വ്രതവും എടുത്തു. പഴയ ഒരു കടം വീട്ടാനുണ്ടായിരുന്നു. എന്റെ മൂത്തമകൻ വിനുവിനെ മലകയറ്റികൊള്ളാമെന്നു എന്റെ ഭാര്യാസഹോദരൻ ഒരു നേർച്ച നേർന്നിരുന്നു. നേർന്നയാൾ കടം വീട്ടാത്തത്കൊണ്ട് അതെന്റെ ഭാരമായി. കുട്ടികളുടെ പേരിൽ ഞാൻ നേർച്ചയൊന്നും നേരാറില്ല.

അങ്ങനെ വിനുവിനെയും രണ്ടാമത്തെ പുത്രൻ വിജയിയെയും കൊണ്ട് കൂട്ടിഞാൻ ശബരിമലയിലേക്ക് പോയി. തലയിൽ ഇരുമുടികെട്ടുകളുമായി അവർ എന്റെയൊപ്പം നടന്നു. മലയടിവാരത്തിലെത്തിയപ്പോൾ പെട്ടെന്ന് വിജയ് തലയുയർത്തിനോക്കി. മുന്നിൽ മാനത്തോളമുയർന്നു നിൽക്കുന്ന മല.
എന്റെ കർത്താവേ, ഇത്രേം വല്യ മലയോ..
അവൻ അറിയാതെ വിളിച്ചു പറഞ്ഞു.
എന്റെ മനസ്സ് അതുകേട്ടു സന്തോഷംകൊണ്ട് നിറഞ്ഞു. കർത്താവ് തന്നെ ബ്രഹ്‌മാവ്‌, ബ്രഹ്മാവ് തന്നെ അല്ലാഹു, അല്ലാഹു തന്നെ യഹോവ എന്ന് ഞാൻ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന തത്വങ്ങളുടെ പ്രതിഫലനം അതിൽ ഉണ്ടായിരുന്നു. മല കയറിയിറങ്ങിയതിനു ശേഷം, ഇതേ മക്കളെയും കൊണ്ട് ഞാൻ വേളാങ്കണ്ണി പോലെയുള്ള പള്ളികളിലേക്കും പോകാറുണ്ട്.
ഞാൻ ശബരിമലയിൽ ആദ്യംപോയ നാളുകളിൽ യേശുദാസ് ഹൈന്ദവനായി എന്നൊരു പ്രചരണം നടത്തിയിരുന്നു. ആയിടെ കോട്ടയത്തെ ക്രൈസ്തവ സന്യാസികൾ നടത്തുന്ന ഒരു പത്രത്തിലെ ഉത്തരവാദപ്പെട്ട ഒരു സന്യാസി അതേപ്പറ്റി, ‘സത്യവിശ്വാസം തെറ്റിച്ച അവന്റെ പാട്ടെല്ലാം ഇതോടെ തീരും ‘ എന്ന് പറഞ്ഞതായി കേട്ടിരുന്നു. അതിനു ശേഷം ഒന്നര പതിറ്റാണ്ട് കഴിഞ്ഞു. സന്യാസിയുടെ പ്രവചനത്തിനു എന്ത് സംഭവിച്ചുവെന്ന് എല്ലാർക്കും അറിവുള്ളതാണല്ലോ ”
ലക്കം 19, 20 എന്നിവയിൽ പങ്കുവെക്കുന്നത് അദ്ദേഹത്തിന്റെ വിദേശയാത്രകളെകുറിച്ചാണ്.

“1987 ജൂണിലോ ജൂലൈലോ മറ്റോ, മുൻകൂട്ടിനിശ്ചയിച്ചതിനുശേഷം, കേന്ദ്രഗവർമെന്റ്ന്റെ ഒരു ഉന്നതോദ്യോഗസ്ഥർ മദിരാശിയിൽ എന്നെ വന്നു കണ്ടു. കേന്ദ്രസാംസ്കാരികവകുപ്പിൽനിന്നും പ്രത്യേകം നിയോഗിച്ചയാൾ. ‘സോവിയറ്റുയൂണിയനിൽ ഭാരതോത്സവം നടക്കുന്ന വിവരം അറിഞ്ഞുകാണുമല്ലോ. അതിലേക്കായി രാജ്യത്തെ പ്രമുഖകലാകാരന്മാരെയെല്ലാം ക്ഷണിക്കുന്നതിന്റെ ഭാഗമായാണ് ഞാൻ വന്നിരിക്കുന്നത്. ‘

അതിന്റെ വിശദവിവരങ്ങൾ അദ്ദേഹം വർണ്ണിച്ചുകൊണ്ടിരിക്കുന്നു. ഞാൻ ക്ഷമയോടെ കേട്ടിരുന്നു.
‘ദക്ഷിണേന്ത്യയിൽനിന്നുള്ള കലാകാരന്മാരുടെ പട്ടികയിൽ താങ്കളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ നാടിന്റെ കലാപരമായ വളർച്ചയും സാംസ്‌കാരികപാരമ്പര്യവും സോവിയറ്റ് ജനതയെ മനസ്സിലാക്കികൊടുക്കാനുള്ള അവസരമാണിത്. സഹകരിക്കണം.
കെ വി മഹാദേവന്റെ ട്രൂപ്പ് മദിരാശിയിൽ നിന്നും സോവിയറ്റ് യൂണിയനിലേക്ക് പോകും. അതിൽ ഗായകനായാണ് താങ്കൾ പോകേണ്ടത്. നമ്മുടെ നല്ല ചലച്ചിത്രഗാനങ്ങൾ കേട്ട് സോവിയറ്റു യൂണിയനിലെ ജനങ്ങൾ സന്തോഷിക്കട്ടെ. ‘.
ഞാനേറെ മാനിക്കുന്ന സംഗീതജ്ഞനാണ് കെ വി എം. അദ്ദേഹത്തിന്റെ ട്രൂപ്പിൽ അംഗമാകുന്നതും അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ പാടുന്നതും തീർച്ചയായും സന്തോഷമുളവാക്കുന്ന കാര്യമാണ്. പക്ഷേ ഈ ക്ഷണം എന്നിൽ സന്തോഷമുളവാക്കിയില്ല.
നമ്മുടെ സാംസ്‌കാരികപാരമ്പര്യത്തിന്റെ ഉന്നമനം മനസ്സിലാക്കികൊടുക്കുന്നതിനു ഉപയുക്തമായ മാധ്യമമാണോ നമ്മുടെ ചലച്ചിത്രഗാനങ്ങൾ?

അവിടെ വിവിധഇന്ത്യൻ ഭാഷകളിലെ പാട്ടുകൾ പാടേണ്ടതുണ്ടാവും. ഇവിടെ പലഭാഷകളിലും പാടിയിട്ടുള്ള എനിക്ക് ചില കാര്യങ്ങൾ തുറന്നു സമ്മതിക്കേണ്ടതുണ്ട്. പലതും മോഷണമുതലുകളും സങ്കരവസ്തുക്കളുമാണ്. പാശ്ചാത്യലോകത്തെ ഡിസ്കുകളിൽ നിന്നും കാറ്റുകളിൽ നിന്നും ട്യൂണുകളും ബിറ്റുകളും തട്ടിയെടുത്തു ചില്ലറ മേമ്പൊടികൾ ചേർത്ത് തയാറാക്കിയ ആ ജനപ്രിയ ഉത്പന്നങ്ങൾ സാധാരണക്കാർക്ക് തലയാട്ടി രസിക്കാൻ കൊള്ളാം. ഇതാ ഞങ്ങളുടെ സംഗീതം എന്ന് ഉയർത്തികാട്ടാൻ പറ്റിയ ചരക്കുകളാണോ അവ?. അങ്ങനെ ഉദ്‌ഘോഷിക്കാനുള്ള തൊലിക്കട്ടിയൊന്നും എനിക്കില്ല.
എന്നാൽ ഇതിനുമുമ്പ് ഇന്ത്യക്കുവെളിയിൽ ഇങ്ങനെ പരിപാടികൾ അവതരിപ്പിച്ചിട്ടില്ലേ എന്ന ചോദ്യം സ്വാഭാവികമായും ഉയരാം. യൂറോപ്പിലും അമേരിക്കയിലും റഷ്യയിലും ഗൾഫ് നാടുകളിലുമൊക്കെ നടത്തിയിട്ടുള്ള പരിപാടികൾ എല്ലാം പക്ഷേ സാമ്പത്തികാടിസ്ഥാനത്തിൽ ഉള്ള ഏർപ്പാടുകളായിരുന്നു. രണ്ടും രണ്ടാണ്. സിനിമാഗാനങ്ങൾ മാത്രമായിരുന്നു അതിൽ പാടിയിരുന്നത്. എന്റെ നാട് ലോകത്തിനു നൽകിയ വിലപ്പെട്ട സംഭാവനയാണ് കർണാടക ശാസ്ത്രീയസംഗീതം. അത് അപസ്വരമില്ലാതെ അവതരിപ്പിക്കാമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. തനി ഭാരതീയമായ കലാശില്പം വേണം ഭാരതോത്സവത്തിൽ കാട്ടാൻ. ഇത്രയുമെല്ലാം ചിന്തിച്ചുഞാൻ അദ്ദേഹത്തോട് പറഞ്ഞു,

എന്നോട് ക്ഷമിക്കണം. കെ വി എം ബഹുമാന്യനായ സംഗീതകലാകാരനാണ്. പക്ഷേ അദ്ദേഹത്തിന്റെയെന്നല്ല, മറ്റാരുടേതായാലും, റഷ്യയിലേക്കെന്നല്ല മറ്റേതൊരു രാജ്യത്തേക്കായാലും ഭാരതീയ സംസ്കാരിക മേളയിൽ സിനിമാപാട്ട് പാടാൻ ഞാനില്ല. എന്നെ വെറുതേ വിടണം. കർണാടക ശാസ്ത്രീയ സംഗീതമാണെങ്കിൽ ആലോചിക്കാം.
‘അങ്ങേനെയാണെങ്കിൽ ചലച്ചിത്രഗാനങ്ങളിൽ തെരെഞ്ഞെടുത്ത അർദ്ധ ശാസ്ത്രീയ ഗാനങ്ങൾ പാടിയാൽ മതി എന്നായി അദ്ദേഹം. എന്തായാലും താങ്കൾ ചലച്ചിത്ര ഗാനങ്ങൾ തന്നെ പാടണം എന്നാണ് ഞങ്ങളുടെ ആഗ്രഹം.
ഞാൻ വീണ്ടും ഒഴിവുപറഞ്ഞു.
അദ്ദേഹം വീണ്ടും തുടർന്നു.,
ഡൽഹിയിൽ പോയി ഞാൻ വീണ്ടും ആലോചിച്ചിട്ടറിയിക്കാം. തീരുമാനം അനുകൂലമെങ്കിൽ ഈ ഒക്ടോബറിൽ പോകാൻ തയാറാകുമോ..

ആ സമയത്ത് അമേരിക്കയിൽ ആണ് എന്റെ ഒരു പ്രോഗ്രാം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
എങ്കിൽ മാർച്ചിൽ വരാൻ കഴിയുമോ എന്നായി അദ്ദേഹം. അടുത്ത പരിപാടി മാർച്ചിൽ ആണത്രേ.
ഈ റഷ്യൻ യാത്രയെ കുറിച്ച് പിന്നെ കൂടുതലൊന്നും എഴുതികാണുന്നില്ല. എന്നാൽ മറ്റൊരു റഷ്യൻ യാത്രയെ കുറിച്ചു വിവരിക്കുന്നും ഉണ്ട്.അതും അറുപതുകൾ അവസാനം എന്ന് വേണം അനുമാനിക്കാൻ.

യേശുദാസ്, എമിലി (ഇതാരാവാം? ഒരു ഗിറ്റാർ കലാകാരൻ ആണെന്നാണ് മനസിലാകുന്നത് ), പ്രൊഫസർ എം എസ് ദേവദാസ്, മോഹിനിയാട്ടം ശ്രീമതി കലാമണ്ഡലം ചന്ദ്രിക, ശ്രീ അപ്പുമാരാർ തുടങ്ങിയവരായിരുന്നു സംഘത്തിൽ. ചന്ദ്രികയുടെ മോഹിനിയാട്ടത്തിനു ചൊല്ലുപാടികൊടുക്കേണ്ട ചുമതല ദാസിനായിരുന്നു. അതൊക്കെ ഫ്ലൈറ്റ്ൽ നിന്നായിരുന്നു റിഹേഴ്സൽ ചെയ്തത്. ആ സമയത്ത് സോവിയറ്റ് യൂണിയൻൽ അംബാസഡർ ആയിരുന്നത് മലയാളിയായ കെ പി എസ് മേനോൻആയിരുന്നു. അവിടെ ഇന്ത്യൻ സംഘത്തെ സ്വീകരിക്കാൻ അദ്ദേഹവും എത്തിയിരുന്നു. വെളുപ്പിന് നാല് മണിക്ക് ഖസാക്കിസ്ഥാനിലെ അൽമാ അറ്റാ (ആപ്പിൾ പഴങ്ങളുടെ നാട് എന്നാണ് ഈ വാക്കിനർത്ഥം. ) വിമാനതാവളത്തിൽ എത്തുമ്പോൾ, സംഘത്തെ വരവേൽക്കാൻ വൻ ജനാവലി തന്നെ ഉണ്ടായിരുന്നു പോൽ., പൂക്കുടകളും ആപ്പിൾപഴകെട്ടുകളുമായി. തുടർന്ന് കമ്മ്യൂണിറ്റി ഹാളിൽ ഔപചാരികമായ സ്വീകരണചടങ്ങ്. അതിൽ സോവിയറ്റ് -ഇന്ത്യാ സാംസ്‌കാരിക സമിതി പ്രസിഡന്റ്‌ മാഡം ഷംസനോവ, കെ പി എസ് തുടങ്ങിയവർ പ്രസംഗിച്ചു.

പത്തു ദിവസത്തെ ടൂർ പ്രോഗ്രാം ആയിരുന്നു ഷെഡ്യൂളിൽ.
“അവിടെ നിരവധി വേദികളിൽ ഗാനമേളകളും നൃത്തപരിപാടികളും അവതരിപ്പിച്ചു. ‘ചെമ്മീൻ’ഉൾപ്പടെയുള്ള മലയാളഗാനങ്ങളും, ‘ലവ് ഇൻ ടോകിയോ’, ‘സംഗം’ തുടങ്ങിയ ഹിന്ദി ഫിലിം ഗാനങ്ങളും ആയിരുന്നു ഹൈലൈറ്റ് . കർഷകർ പണിയെടുക്കുന്ന വയലുകളിൽ വരെ ഗാനമേള അവതരിപ്പിച്ചു. ഇന്ത്യൻ ഭാഷ വശമില്ലെങ്കിലും അവർ അച്ചടക്കത്തോടെ എല്ലാം ആസ്വദിച്ചു. ”
അങ്ങനെയിരിക്കെ, ഇടക്ക് ഒരു വേദിയിൽ അവതരിപ്പിച്ച ഗാനങ്ങൾ, ഒരു ദിവസം ഖസാക്കിസ്ഥാൻ റേഡിയോനിലയം പ്രക്ഷേപണം ചെയ്തു. കലാകാരൻമാരെ പറ്റിയും അർത്ഥ വിവരണങ്ങളും ഉൾപ്പെടുത്തിയ ഒരു പരിപാടി. അന്ന്തന്നെ നിലയത്തിന്റെ സംഗീതവിഭാഗം പ്രൊഡ്യൂസർ, യേശുദാസിനെ സമീപിച്ചു.
ദാസിന്റെ ശബ്ദത്തിൽ ഒരു റഷ്യൻ ആലപിച്ചു ആലേഖനം ചെയ്തു പ്രക്ഷേപണം ചെയ്യണം. അതാണ് ആവശ്യം. വലിയൊരു ജന്മസാഫല്യം. യേശുദാസ് സമ്മതിച്ചു.

‘ഷാസ്വ മെറിൻ.. ‘ എന്ന് തുടങ്ങുന്ന ആ റഷ്യൻ ഗാനത്തിനു ഒരു വിഷാദച്ചായയായിരുന്നു.
പറന്നകന്നു പോകുന്ന ശിശിരകാലപക്ഷികളെ നോക്കി ‘നിങ്ങളെന്തുകൊണ്ടാണ് എന്നെ വിട്ടകലുന്നത്, നിങ്ങളുടെ സാമീപ്യം ഞാനെത്ര വില മതിക്കുന്നു ‘ എന്ന് വിലപിക്കുന്ന കവിയുടെ വാക്കുകൾ, നിലയത്തിലെ സംഗീതജ്ഞന്റെ നിർദേശത്തിൽ യേശുദാസ് പാടി. ദാസിന്റെ ആദ്യ ഭാരതീയേതര ഗാനം. ഖസാകിസ്ഥാൻ റേഡിയോ പലതവണ അവരുടെ പ്രക്ഷേപണത്തിൽ ഇത് ഉൾപ്പെടുത്തി.
അന്ന് ഇരുപത്തിയഞ്ചു രൂബിൾ ആയിരുന്നു പ്രതിഫലം കിട്ടിയത്. തീർന്നില്ല, പാട്ട് കേട്ട ചില റഷ്യൻ സംഗീതാസ്വാദർ, ഒരു ടെലിവിഷൻ സംഗീത പരിപാടിയിലേക്ക് യേശുദാസിനെയും എമിലിനെയും ക്ഷണിച്ചു.
അതിലും പങ്കെടുത്തതോടെ, ഓട്ടോഗ്രാഫിൽ ഒപ്പിട്ടുകൊടുക്കേണ്ട ചുമതലകൂടി വന്നു ദാസിനു, അടുത്ത പരിപാടികളിൽ. ധാരാളം ഉപഹാരങ്ങളും സമ്മാനങ്ങളും ലഭിച്ചു. പത്തുദിവസത്തെ സംഭവബഹുലമായ പരിപാടികൾ കഴിഞ്ഞു നേരെ മോസ്‌കോയിലേക്ക് യാത്രതിരിച്ചു ഇന്ത്യൻ സംഘം.

റഷ്യയിലെ ചരിത്രപ്രധാനമായ എല്ലാ സ്ഥലങ്ങളും സന്ദർശിച്ചു.
മോസ്‌കോവിൽ വെച്ചു അവസാനമായി കേരള-മദ്രാസ്-ബംഗാൾ സംഘങ്ങൾ സംയുക്തമായി ഒരു പരിപാടി അവതരിപ്പിച്ചു.
ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളായാണ് ഇവയെയെല്ലാം പരാമർശിക്കുന്നത്.
തുടർന്നുള്ള ഒരു ലക്കത്തിൽ, സത്യസായിബാബ യേശുദാസിനെ കാണാൻ ആഗ്രഹിച്ചു വിവരം അറിയിക്കുകയും ശേഷമുള്ള കൂടിക്കാഴ്ചകളും ഒക്കെയാണ്. ആധ്യാത്മിക തലങ്ങളിലുള്ള നീണ്ട എഴുത്തുകളാണ് ആ ലക്കം എന്ന് പറയാം.
ശ്രീ വയലാറിനെകുറിച്ചുള്ള ഒരു ലക്കത്തിൽ എഴുതുന്നത് വായിക്കൂ.
“വയലാർ രാമവർമ്മ എന്ന യുവ കവിയെ കേരളം മുഴുവൻ ആദരിച്ചന്ഗീകരിക്കുമ്പോഴും ഞാനദ്ദേഹത്തെപ്പറ്റികേട്ടിട്ടുപോലുമില്ലായിരുന്നു. കാരണം കവിതാബോധമോ സാഹിത്യബോധമോ ഉള്ള ആളല്ല ഞാൻ. അതൊന്നും എന്നെ ആകര്ഷിച്ചിട്ടുമില്ല. താല്പര്യമുള്ള ഒരേയൊരുവിഷയം സംഗീതമായിരുന്നു. അന്നുമിന്നും അതിൽ ജ്ഞാനം നേടാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

അദ്ദേഹത്തെകുറിച്ചു ആദ്യമായി കേൾക്കുന്നത്, അദ്ദേഹമെഴുതിയ ഒരു പാട്ട്, സിനിമക്കുവേണ്ടി പാടാൻ ആദ്യത്തെ അവസരം വന്നപ്പോഴാണ്. ചിത്രം ‘ഭാര്യ’.സിനിമയുടെ വിജയരഹസ്യങ്ങൾക്കുള്ള എല്ലാ ചേരുവയും ചേർത്ത ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. അക്കാലഘട്ടത്തിലേ ഏറ്റവും പ്രബലനായ കുഞ്ചാക്കോയായിരുന്നു ശില്പി. അദ്ദേഹത്തിന്റെ ഉദയാ സ്റ്റുഡിയോയുമായി എന്റെ ബന്ധം തുടങ്ങുന്നതും ഈ നാളുകളിലാണ്. പുതുമുഖമെന്നനിലയിൽ എന്നെ ഏറെകുറെ അവഗണിക്കുകയും എന്നാൽ ജനപ്രീതി നേടിയ ഗായകനായതോടെ എന്റെമേൽ സ്നേഹവാത്സല്യങ്ങൾ കോരിചൊരിയുകയും ചെയ്തയാളാണ് കുഞ്ചാക്കോ. പക്ഷേ അതൊക്കെയാണ് സിനിമ. ആർക്കും ആരെയും കുറ്റപ്പെടുത്താനാകില്ല.
അതിനുമുമ്പ് ആറോ ഏഴോ സിനിമകളിൽ അതിനകം ഞാൻ പാടിക്കഴിഞ്ഞിരുന്നു. ‘കാൽപ്പാടുകൾ’, ‘ശ്രീരാമപട്ടാഭിഷേകം’, ‘കണ്ണും കരളും ‘, ‘വിധി തന്ന വിളക്ക് ‘, ‘ശാന്തി നിവാസ്’, ‘ഭാഗ്യജാതകം’, ‘വിയർപ്പിന്റെ വില’ എന്നിവയായിരുന്നു അത്. പ്രമുഖ സംഗീതജ്ഞരുമായും കവികളുമായും അടുത്തുപരിചയപ്പെടാൻ ആ നാളുകളിൽ എനിക്കവസരമുണ്ടായി.
ഭാര്യയുടെ സംഗീതചുമതല പക്ഷേ ഇവർക്കാർക്കുമല്ലായിരുന്നു.
താരതമ്യേന ചെറുപ്പക്കാരായ രണ്ടു പേർ.

വിപ്ലവപ്രസ്ഥാനത്തിന്റെ പിന്നണിയിൽ തൂലികയും ഹാർമോണിയക്കട്ടകളും ഒപ്പമിളക്കി ഏറെ ഹരം പകർന്നഇവർ, വെള്ളിത്തിരയുടെ ഗ്ലാമർ ലോകത്തേക്ക് കടന്നുവന്നു. ജി ദേവരാജനും വയലാർ രാമവർമ്മയും. പിന്നീടുള്ള ഒരു പതിറ്റാണ്ടുകാലം മലയാളസിനിമക്കുവേണ്ടി ഒരുക്കിയ സംഗീതസാഗരത്തിൽ, മലയാളത്തിലെ എന്റെ ഏറ്റവും മികച്ച ഗാനങ്ങളിലെ പകുതിയും ഉൾപ്പെടുന്നു. എന്നെ ‘ഭാര്യ’ യുടെ പിന്നണിയിൽ പാടാൻ ക്ഷണിച്ചത് ജി ദേവരാജൻ മാഷാണ്.
എന്റെ അച്ഛൻ അഗസ്റ്റിൻ ജോസഫ് ഭഗവതരും ദേവരാജൻ മാസ്റ്ററുടെ അച്ഛൻ ഗോവിന്ദൻ മാസ്റ്ററും ഒരുമിച്ചു നാടകകമ്പിനികളിൽ പ്രവർത്തിച്ചിരുന്നു. ആ കുടുംബബന്ധമാവണം എന്നെപ്പറ്റിഓർമ്മിക്കാൻ മാഷക്ക് പ്രേരണയായത്. ഞാൻ നന്ദിയുള്ളവനാണ്. വ്യക്തിപരമായി എന്തൊക്കെ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായാലും, ദേവരാജനെന്ന സംഗീതപ്രതിഭയെ ഞാൻ ബഹുമാനിക്കുന്നു. ഗുരുനാഥനെപോലെ കരുതുന്നു. ‘യേശുദാസിനു ഉച്ചാരണശുദ്ധി പോരാ ‘ എന്നദ്ദേഹം രണ്ടുവട്ടം ചിന്തിക്കാതെ പത്രക്കാരോട് വെട്ടിത്തുറന്നു പറഞ്ഞപ്പോഴും ഈ ആദരവിന്‌ കുറവൊന്നുമുണ്ടായില്ല. സത്യം.

മദ്രാസിലെ തൗസൻഡ് ലൈറ്റിസ്നു മുമ്പിലെ ‘സാവോയ്’ ഹോട്ടലിലെ ഒരു മുറിയിൽ വെച്ചാണ് വയലാർ രാമവർമ്മയെ ഞാനാദ്യമായി കാണുന്നത്. ‘ഭാര്യ’ യിലെ ഗാനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു സന്ദർശനം. തുടക്കം മുതൽ ഒടുക്കം വരെ സ്നേഹവാത്സല്യങ്ങൾ കാട്ടിയ കവി, എന്നെ ‘ദാസപ്പൻ’ എന്നായിരുന്നു വിളിച്ചിരുന്നത്. ഭാര്യയിൽ എനിക്ക് ആകെ മൂന്നു പാട്ടുകളായിരുന്നു. അന്നത്തെ മുടിചൂടാമന്നനായിരുന്ന എ എം രാജക്കായിരുന്നു പ്രധാനപാട്ടുകൾ നിശ്ചയിച്ചിരുന്നത്. എന്റെ പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും, എന്റെ ശബ്ദം ശ്രദ്ധിക്കപ്പെട്ടു. അടുത്ത ‘നിത്യ കന്യകയിലും’ ഈ കൂട്ടുകെട്ട് എനിക്ക് ഒരു അനശ്വര ഗാനം തന്നു. (കണ്ണീർ മുത്തുമായ്.. )
സിനിമയുമായി ബന്ധപ്പെട്ടാണ് എന്റെ ഭാവിജീവിതം എന്ന് മനസ്സിലായപ്പോൾ തന്നെ, ഞാൻ മനസ്സിൽ നിശ്ചയിച്ചുറപ്പിച്ചിരുന്നു. സിനിമയുമായി എന്റെ ബന്ധം, നൂറു ശതമാനവും പ്രൊഫഷണൽ മാത്രമായിരിക്കും. ആ മായികലോകത്തിനു പ്രേക്ഷകരെയെന്നപോലെ, അതിലെ ഭാഗഭാഗിത്വം വഹിക്കുന്നവരെയും നന്നാക്കാനും വഴിതെറ്റിക്കാനും കഴിയും. കനകവും കാമിനിയും മദ്യവും മയക്കുമരുന്നും ആധിപത്യം പുലർത്തുന്ന സിനിമയുടെ അധോലോക സ്വാധീനങ്ങളിൽനിന്നു ഞാനൊഴിഞ്ഞുമാറി.
എനിക്ക് സിനിമയുടെ ലോകത്ത് സുഹൃത്തുക്കൾ നന്നേ കാര്യമായി ഇല്ലായിരുന്നു. (!).

ഇക്കാരണങ്ങളാലൊക്കെ എനിക്ക് വയലാറുമായി വളരെ അടുത്തു ബന്ധപ്പെടാനോ സൗഹൃദം സ്ഥാപിക്കാനോ കഴിഞ്ഞില്ല. സിനിമയുടെ ലോകത്തെത്തുമ്പോൾ നിഷ്കളങ്കനായ വയലാർ, ഒരു വിശുദ്ധനായിരുന്നു. നോക്കിനിൽക്കെ കുറേ കശ്മലന്മാർ ചേർന്ന് അദ്ദേഹത്തെ മറ്റൊരു ലോകത്തേക്ക് നയിച്ചു. പ്രതിഭാശാലിയായ വയലാറിന്റെ ജീവിതം അകാലത്തിൽ പൊലിഞ്ഞുപോയതിനു നമുക്ക് ഈശ്വരന്മാരെയൊന്നും കുറ്റപ്പെടുത്താൻ കഴിയില്ല. നശിപ്പിച്ചേ അടങ്ങു എന്ന മട്ടിൽ ഇറങ്ങിയ, സദ്യയും കുപ്പിയുമായി വന്നവരെയും, കടക്കെണ്ണേറുമായി വന്നവരെയും കണ്ടറിയാനുള്ള ലേശം വക്രബുദ്ധി അദ്ദേഹത്തിനുണ്ടായില്ല. മനസൊരു റിജുരേഖയായിരുന്നു. വെള്ളനിറം മാത്രം പ്രതിഫലിപ്പിച്ച കണ്ണാടി. ഫലമോ, ഓർക്കാപ്പുറത്ത് നമുക്കദ്ദേഹത്തെ നഷ്ടമായി.

ഇത്രയെല്ലാം ഗൂഢാലോചനകളും തകർത്തു തരിപ്പണമാക്കാനുള്ള ശ്രമങ്ങളും അതിജീവിച്ചവനാണ് ഞാൻ. മധുരം നുള്ളിത്തരാനെന്ന ഭാവത്തിൽ, അടുത്തുകൂടുന്ന കളമൊഴികളെ എത്രയോ കണ്ടിട്ടുണ്ട്. ഏതെങ്കിലും ചവറ്റുകൊട്ടയിൽ എങ്ങാനും വീണുകിട്ടിയാൽ, തൊണ്ടിസഹിതം പിടികൂടി കഥകളെഴുതാൻ കാത്തിരുന്ന ജേണലിസ്റ്റുകളുടെ പ്രാക്ക് എന്റെ തലയിലുണ്ടാവണം. ”
മുപ്പാത്തോളം പതിപ്പുകളിൽ കുത്തിനിറച്ചവയിലേറെയും അനുഭവങ്ങളെക്കാൾ ഇതുപോലെ തത്വ ചിന്തകളാണ്. ആയിരം സംഗീതസംവിധായകരെയും ആയിരം കവികളെയും ഒരായിരം സിനിമാരംഗത്തെ കുലപതികളുമായും ഇടപഴകിയ യേശുദാസിനു ഒരു പക്ഷേ കൂടുതലൊന്നും അനുഭവങ്ങളായി എഴുതാനുണ്ടാവില്ല. മറിച്ച്, അവരുടെയെല്ലാം പരന്ന അനുഭവങ്ങളിലെ ഒരു യുഗപുരുഷനാവാം യേശുദാസ്.

കുങ്കുമത്തിന്റെ ചില പതിപ്പുകളിൽ തന്നെ ഡി സി (കിഴക്കേമുറി)യെ പോലെയുള്ളവർ അവരുടെ അനുഭവകഥകളിലെല്ലാം യേശുദാസ് ഒരു കഥാപാത്രമായി കടന്നു പോകുന്നു.
എം എസ് വി ഒരു അനുഭവകഥയിൽ പറയുന്നത്, ദാസ് വേറെ എവിടെയും പറയാത്ത കാര്യങ്ങളാണ്.
മലയാളത്തിൽ ഒരുമിച്ചു മികച്ചഗാനങ്ങൾ ചെയ്തവരാണ് ഇരുവരും. ഒരിക്കൽ ഒരു തമിഴ് സിനിമയുടെ ഗാനങ്ങൾ പുരോഗമിക്കുന്നതിനിടയിൽ അവർ തമ്മിൽ തെറ്റി.(ഇതിലെ ശരിതെറ്റുകൾ എന്താണെന്നു അറിയില്ല. അക്കാലത്തെ പ്രശസ്തയായ ഒരു ദക്ഷിണേന്ത്യൻ ഗായികയുടെ പേരും ഈ പിണക്കത്തിന്റെ കഥയിൽ പറഞ്ഞുകേട്ടിട്ടുണ്ട് )

പിന്നെ കുറച്ചുകാലം ഒരു ബന്ധവുമുണ്ടായിരുന്നില്ല. അതിനിടയ്ക്കാണ് എം എസ് വി വീണ്ടും മലയാളത്തിലേക്ക് വരുന്നത്. പടം ‘പണി തീരാത്ത വീട് ‘. ചിത്രത്തിലെ ഗാനങ്ങൾ യേശുദാസിനെക്കൊണ്ട് പാടിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അതിനായി അദ്ദേഹം യേശുദാസിനെ ടെലിഫോണിൽ ബന്ധപ്പെട്ടു. എന്നാൽ മറുതലക്കൽ എം എസ് വി യുടെ ശബ്ദം കേട്ടപ്പോൾ തന്നെ ദാസ് ഫോൺ കട്ട് ചെയ്തു. അദ്ദേഹത്തിന് അത്‌ വളരെ വിഷമമായി. അതിലെ ഗാനങ്ങൾ പിന്നീട് ജയചന്ദ്രന് കൊടുക്കുകയായിരുന്നു. അതിലെ ഗാനങ്ങൾക്ക് ജയചന്ദ്രനു, ആ വർഷത്തെ മികച്ചഗായകനുള്ള കിട്ടാക്കനിയായ അവാർഡ് ലഭിക്കുകയും ചെയ്തു. ഇതേ ചിത്രത്തിലെ ‘കണ്ണീർ തുള്ളിയെ സ്ത്രീയോടുപമിച്ച ‘ എന്ന ഗാനം പക്ഷേ എം എസ് വി സ്വന്തമായി തന്നെ പാടി. ഈ ഗാനം യേശുദാസല്ലാതെ വേറെ ആര് പാടിയാലും അതിനു പൂർണത ലഭിക്കില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഇങ്ങനെയെത്രെയെത്രയോ കഥകളിൽ അദ്ദേഹം കഥാപാത്രമായി വന്നു പോകുന്നു. ഇപ്പോൾ അഭിനവഗവേഷകർ തിരയുന്നതേറെയും അതിലെ ദുഷ്ട കഥാപാത്രങ്ങളാണ് എന്ന് മാത്രം. നല്ല കഥാപാത്രങ്ങളായി വന്ന കഥകൾക്ക് കാതോർക്കാം.