പ്രമീള , മാദകത്വം തുളുമ്പിയ സ്ത്രീ സൗന്ദര്യം

296

Abdul Kalam Kalam

പ്രമീള

എഴുപത് – എൺപതുകളിൽ തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞുനിന്നിരുന്ന നടി.
തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ (പഴയ)തിരുച്ചി ആണ് സ്വദേശം. ബാല്യത്തിലേ നൃത്തം അഭ്യസിച്ചിരുന്ന ഇവർ നല്ലൊരു നർത്തകി കൂടിയാണ്. അച്ഛൻ അമൽദാസ്. അമ്മ സുശീല.
ഡോക്ടർ ആയിരുന്ന അച്ഛന്റെ ഉദ്യോഗാവശ്യാർത്ഥമാണ് സിനിമാനഗരത്തിലേക്ക് കുടിയേറിയത്.അവിടെ ഒരു വാടകവീട്ടിലായിരുന്നു താമസം.

നാട്ടിലെ ശാരദാസ്കൂളിൽ പഠിക്കുന്നകാലത്തേ, വിടർന്ന കണ്ണുകളുള്ള സുന്ദരിയായ പ്രമീളയെ നോക്കി കൂട്ടുകാരികാരികൾ പറയുമായിരുന്നുവത്രെ, നിന്റെ ഈ മുഖം വെള്ളിത്തിരക്കുള്ളതാണെന്ന്. അക്കാലത്തെ ഒരു ശരാശരിപെൺകുട്ടിക്കുണ്ടായിരുന്ന സിനിമാമോഹം, ഈ പ്രശംസകളോടെ പ്രമീളയുടെ മനസ്സിലും കടന്നുകൂടി.

പഠിക്കുന്ന കാലത്തൊക്കെ നടികർതിലകം ശ്രീ ശിവാജി ഗണേശൻ ആയിരുന്നു സിനിമയിലെ ആരാധനാമൂർത്തി. അക്കാലത്തു അദ്ദേഹത്തെ ഒരിക്കൽ നേരിട്ട്പോയി കണ്ടതും പരിചയപ്പെട്ടതും മധുരമായ ഒരനുഭവമായിരുന്നു എന്നവർ അഭിമുഖത്തിൽ പറയുന്നു.പഠിക്കുന്ന കാലത്തേ അച്ഛൻ ബസ്ചാർജിനു തരുന്ന നാണയത്തുട്ടുകൾ സ്വരുക്കൂട്ടി, ശിവാജിയുടെ ചിത്രങ്ങൾ കാണാൻപോകാറുണ്ടായിരുന്നുവത്രേ പ്രമീള. ഒരിക്കൽ അച്ഛൻ ആ കള്ളം കണ്ടുപിടിച്ചു. അടിയും കിട്ടി. പിന്നെ ആ പതിവ് നിർത്തി. (പിന്നീട് ശിവജിയുടെ കൂടെ ഏതാനും ചിത്രങ്ങളിൽ ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട് ഇവർ.’തങ്കപ്പതക്കം’ ആണ് ആദ്യമായി ഒരുമിച്ചഭിനയിച്ചത്)

കൂടെപഠിച്ചിരുന്ന ജയ എന്ന ഉറ്റകൂട്ടുകാരിയുടെ അമ്മാവൻ മുഖേനയാണ് പ്രമീള സിനിമയിലെത്തുന്നത്. അദ്ദേഹം ഒരു പ്രൊഡക്ഷൻ മാനേജരായിരുന്നു. എട്ടാം ഫോറത്തിൽവെച്ച് സ്കൂൾ മാറുന്ന സമയത്ത്, പ്രിയകൂട്ടുകാരിയുമായി ഫോട്ടോകൾ പരസ്പരം കൈമാറിയിരുന്നു പ്രമീള. പിന്നീട്, എം ജി ആറിന്റെ സഹോദരപുത്രനായ സുകുമാരനെ വെച്ച് അദ്ദേഹം, ‘മീനവൻ മകൻ ‘ എന്ന ഒരു ചിത്രം നിർമ്മിക്കുന്ന സമയം. അതിലേക്ക് ഇരുനിറമുള്ള ഒരു സുന്ദരിയെ അന്വേഷിക്കുമ്പോഴാണ് ജയ ആ ഫോട്ടോ അമ്മാവനെ കാണിക്കുന്നത്. പിന്നെ അദ്ദേഹത്തിന് പ്രമീളയെ മതി. അങ്ങനെ ജയയുടെ അച്ഛനും അമ്മാവനും പ്രമീളയുടെ വീട്ടിൽ വന്നു. അച്ഛനുമായി സംസാരിച്ചു. സമ്മതം വാങ്ങി അഡ്വാൻസും കൈപറ്റി. അങ്ങനെ സിനിമയിൽ ഹരിശ്രീ കുറിച്ചു. അതിൽ ഒരു മുക്കുവത്തിആയിരുന്നു വേഷമായിരുന്നു. പക്ഷെ പടം എന്തുകൊണ്ടോ പാതിവഴിയിൽ നിന്നു.

മലയാളത്തിൽ ( ഒരു അഭിനേത്രയെന്നനിലയിൽ തന്നെയും ) ശ്രദ്ധേയമായൊരു വേഷം ലഭിക്കുന്നത് ടി ഇ വാസുദേവന്റെ ‘മറുനാട്ടിൽ ഒരു മലയാളി’ എന്ന ചിത്രത്തിലാണ്. മരം ചുറ്റിപ്രേമത്തിനു പ്രസക്തിനലകിയിരുന്ന ആ കാലഘട്ടത്തിലെ ചില സിനിമകളിൽ , ഒരു ഹാസ്യകഥാപാത്രവും അതിനൊരു ജോഡിയും ഉണ്ടായിരുന്നു. അക്കാലത്തെ ഹാസ്യസാമ്രാട്ട് അടൂർഭാസിയുടെ ജോഡിയായാണ് അതിൽ വേഷമിട്ടത്. (പിന്നീട് വേറെയും ചിത്രങ്ങളിൽ ഇവർ ജോഡിയായി വന്നിട്ടുണ്ട്.)
ഈ ചിത്രത്തിന്റെ വിജയം അവരുടെ കരിയർഗ്രാഫ് ഉയർത്തി.

അങ്ങനെ മലയാളത്തിൽ ‘ലൈൻബസ്’, (കെ എസ് ജി )’സംഭവാമി യുഗേ യുഗേ’ (കെ പി കൊട്ടാരക്കര ) തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തയായി വരുമ്പോഴാണ് കെ എസ് ഗോപാലകൃഷ്ണന്റെ ‘വാഴേയ്‌ടി വാഴെയ് ‘ എന്ന തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത്. പതിനാലു വയസായിരുന്നു ആ ചിത്രത്തിൽ അഭിനയിക്കുമ്പോൾ അവരുടെ പ്രായം. തമിഴിൽ നല്ലൊരു കഥാപാത്രം ലഭിക്കുന്നത് പക്ഷേ തുടർന്ന് ചെയ്ത, കെ ബാലചന്ദറിന്റെ ‘അരങ്ങേറ്റം’ എന്ന ചിത്രത്തിലാണ്.

ആചാരങ്ങളും അനുഷ്ഠാനങ്ങളും കൊണ്ടു നടക്കുന്ന ദരിദ്രമായ ഒരു പഴയ നമ്പൂതിരിതറവാട്ടിലെ ലളിത എന്ന പെൺകുട്ടി, ജോലി ആവശ്യാർഥം മദ്രാസിലെത്തുന്നതും, അവിടത്തെ ഉന്നതപ്രമാണിമാരുടെ വലയിൽപെട്ടു ചാരിത്ര്യം നഷ്ടപ്പെടുകയും, കുടുംബത്തിന് വേണ്ടി ജീവിതം ഹോമിക്കുക്കുകയും ചെയ്യുന്ന ഒരു കഥാപാത്രം. ഇതിലെ വേഷം തമിഴിൽ അവർക്ക് നല്ല ജനസമ്മിതി നേടിക്കൊടുത്തു. തമിഴ്നാട് സർക്കാരിന്റെ സ്റ്റേറ്റ് അവാർഡ് അടക്കം കുറേ പുരസ്‌കാരങ്ങളും ഈ ചിത്രം പ്രമീളക്ക് നേടിക്കൊടുത്തു

ഒരു സ്വഭാവനടി എന്നതിലേറെ, ശരീരപ്രകൃതിയെയാണ് പല സിനിമാക്കാരും മാനിച്ചത്. ആദ്യ തമിഴ്ചിത്രത്തിൽ കൂടെ അഭിനയിച്ചിരുന്ന ഉഷാറാണിയും ഭർത്താവ് ശങ്കരൻനായരും ചേർന്ന് നിർമ്മിച്ച ‘തമ്പുരാട്ടി’യിൽ അല്പം സെക്സിയായാണ് അഭിനയിച്ചത്. റാണിയുടെ നിര്ബന്ധവും അപേക്ഷയും കൊണ്ടാണ് അങ്ങനെ ഒരുചിത്രത്തിൽ അഭിനയിച്ചത്. അവിടെന്നുതൊട്ട് പിന്നെ സമാനരീതിയിലുള്ള വേഷങ്ങൾ ഒരുപാട്ചെയ്‌യേണ്ടി വന്നു. സിനിമകളിൽ കൂടി സാമ്പത്തികമായ നല്ല നിലയിലെത്തിയെങ്കിലും, ഒരുപാട് പണം അച്ഛൻ അറിയാത്ത ബിസിനസ്കൾ ചെയ്തു കളഞ്ഞുകുളിച്ചു. സെറ്റിലെ അച്ഛന്റെ കർക്കശനിലപാടുകൾ സിനിമയിൽ അവസരങ്ങൾ കുറയാൻ കാരണമാകുകയും ചെയ്തു.

കെ എസ് ഗോപാലകൃഷ്ണന്റെ പടങ്ങൾ ഹിറ്റായി ഓടുന്നകാലത്താണ്, കസിനുമായി ചേർന്ന് ‘ജഡ്ജ്‌മെന്റ്’ എന്ന പടം നിർമ്മിക്കുന്നത്. അതിന്റെ നിർമാണവേളയിൽ അച്ഛൻ മരിച്ചു. കസിനും ഒരു അഗ്നിബാധയിൽപെട്ടു മരിച്ചു. അത് ഇവരെ തളർത്തി. മുടക്കുമുതൽ മാത്രം തിരിച്ചു കിട്ടി.പിന്നീട് എൺപതുകളുടെ അവസാനത്തോടെ പടങ്ങളൊന്നും ഇല്ലാതെയായി. അങ്ങനെയാണ് അമേരിക്കയിലുള്ള മൂത്ത സഹോദരൻ നിരന്തരമായി നിർബന്ധിച്ചത് കൊണ്ട് അമേരിക്കയിലേക്ക് ചേക്കേറുന്നത്. 1990 ൽ പുറത്തുവന്ന ‘മുതലാളിയമ്മ’ (? )ആണ് അവസാന ചിത്രം.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലായ് ഒത്തിരിസിനിമകളിൽ വേഷമിട്ട ഇവർക്ക്, സിനിമാചരിത്രത്തിൽ തന്റേതായ ഒരു സ്ഥാനമുണ്ട്. ഇപ്പോൾ അമേരിക്കക്കാരനായ ഭർത്താവ് പോളുമൊത്ത് കാലിഫോർണിയയിൽ സെറ്റിൽഡ് ആണ്.

(ലേഖനം ആധാരമാക്കിയത് ഫിലിം മാഗസിന്റെ എൺപതുകളുടെ ലക്കങ്ങളാണ്. സിനിമാമംഗളത്തിന്റെ നവംബർ ലക്കത്തിൽ പ്രിയസുഹൃത്ത് shijeesh U.K തയാറാക്കിയ, ഇവരുടെ വിശദമായ അഭിമുഖത്തിൽനിന്നുള്ള വിലപ്പെട്ട ഒരുപ്പാട് വിവരങ്ങളും ഈ പോസ്റ്റിനെ സമ്പുഷ്‌ടീകരിച്ചിട്ടുണ്ട്.)