ജെയിംസ് എന്ന ജെയിംസ് ചാക്കോ.

189

Abdul kalam

ജെയിംസ് എന്ന ജെയിംസ് ചാക്കോ.

ഏതാണ്ട് രണ്ട് ദശകത്തിലേറെ മലയാള സിനിമയിൽ ചെറിയ ചെറിയ വേഷങ്ങളിൽ വില്ലനായും മറ്റും നിറഞ്ഞുനിന്നിരുന്ന ജെയിംസ്ന്റെ സിനിമയിലേക്കുള്ള വഴികൾ അൽപ്പം വേദനകൾ നിറഞ്ഞതാണ്.

കാലം എൺപതുകൾ. ബാംഗ്ലൂരിലെ അക്കാലത്ത് പുതിയതായി തുറന്നൊരു ഹോട്ടലിലെ മാനേജർ ഉദ്യോഗം വലിച്ചെറിഞ്ഞാണ് ഒരു കൂട്ടുകാരനുമൊത്തു സിനിമാനഗരത്തിലേക്ക് വണ്ടികയറുന്നത്. മനസ്സിൽ നിറയെ സുന്ദരസ്വപ്നങ്ങളുമായുള്ള യാത്രാമദ്ധ്യേ കൂട്ടുകാരൻ കടന്നു കളഞ്ഞു. അതും, ആകെയുണ്ടായിരുന്ന അയ്യായിരം രൂപയുമായി. ചില്ലിക്കാശില്ലാതെ എഗ്ഗ്മോറിൽ വണ്ടിയിറങ്ങുമ്പോൾ എങ്ങേനെയും അതിജീവിക്കും എന്ന ആത്മവിശ്വാസം മാത്രാമായിരുന്നു കൂട്ടിന്.

ഒരു ചാൺ വയറുനിറക്കാനായി പേന വിറ്റുനടന്നിരുന്നു ജെയിംസ്. തെരുവായ തെരുവെല്ലാം പേന വേണോ പേന വേണോ എന്ന് വിളിച്ചുനടന്നു അവസാനം തൊണ്ട പഴുത്തു. അങ്ങനെ പേന വിൽപ്പന മതിയാക്കി.

പിന്നീട് മോഹൻലോഡ്ജ്, രഞ്ജിത്ത് ലോഡ്ജ് എന്നിവിടങ്ങളിൽ മാനേജരായി പ്രവർത്തിച്ചു. ആയിടക്കാണ് ജോൺ എബ്രഹാം, ചിന്ത രവി, പവിത്രൻ (‘വെള്ളാനകളുടെ നാട്’ ലെ ലിസിയുടെ ഭർത്താവ്. ഇദ്ദേഹവും ശിവജിയുമൊക്കെ അന്നു മദ്രാസ്സിൽ ഭാഗ്യം തേടി നടക്കുന്ന കാലമായിരുന്നു അത് ), വിജയൻ കരോട്ട്, പി ആർ നായർ തുടങ്ങിയവരുമായി പരിചയപ്പെടുന്നത്. ഇവരുമായുള്ള അടുപ്പമാണ് ജെയിംസിനെ സിനിമയുമായി അടുപ്പിക്കുന്നത്.

ഈരാളിയുടെ അനുജൻ മോനായിയുമായും ഇക്കാലത്തു അടുത്തു. അങ്ങനെ ഊരാളിയുടെ ‘ചുവന്ന ചിറകുകൾ’ എന്ന ചിത്രവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുവാൻ ഇടയായി. പിന്നെ പി ജി വിശ്വംഭരൻന്റെ ‘ഇവിടെ കാറ്റിനു സുഗന്ധം’ എന്ന സിനിമയുടെ പ്രൊഡക്ഷൻ അസിസ്റ്റന്റ് ആയി.

‘തിരകൾ എഴുതിയ കവിത ‘ എന്ന പടത്തിന്റെ ഡബ്ബിങ്മായി സഹകരിച്ചതോടുകൂടി ഡബ്ബിങ് ആർട്ടിസ്റ് എന്ന നിലയിലും അറിയപ്പെട്ടു അക്കാലത്ത്.

അങ്ങനെ ‘ചാമരം ‘ ത്തിന്റെ ഡബ്ബിങ്ങിന് വേണ്ടി വരുമ്പോഴാണ് നെടുമുടിവേണുവുമായി പരിചയപ്പെടുന്നത്. അദ്ദേഹവുമായുള്ള പരിചയം ജയിംസിന്റെ ജീവിതം മാറ്റിമറിച്ചു. പിന്നെ കുറച്ചുകാലം വേണുവിന്റെ സെക്രട്ടറി ആയിരുന്നു ജെയിംസ്. ചിലർ, വേണുവിന്റെ ‘മനസ്സാക്ഷി സൂക്ഷിപ്പുകാരൻ’ എന്ന് പോലും വിളിക്കുമാറ് ആ ബന്ധം വളർന്നു. ആ ഒരു ബന്ധത്തിലൂടെയാണ് ‘മുത്താരം കുന്ന് പി ഒ ‘ യിൽ കൂടി ഒരു സിനിമാനടനാകുന്നത്. (ഇതിന് മുമ്പ് ‘മണിചെപ്പ് തുറന്നപ്പോൾ ‘ എന്ന പടത്തിൽ ഒരു മിന്നിമറയുന്ന രംഗത്തിൽ വന്നിട്ടുണ്ട് ).

ചെറുതെങ്കിലും പ്രേക്ഷമനസ്സിൽ ഇടം നേടിയ കഥാപാത്രങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഓരോ സിനിമകളും.

ചങ്ങാത്തം, പാവം പൂർണ്ണിമ, മനസ്സറിയാതെ, എന്റെ ഉപാസന, അരം+അരം=കിന്നരം, കൈയും തലയും പുറത്തിടരുത്, മുഖ്യമന്ത്രി, ഒരു കുടക്കീഴിൽ, ഒന്നിങ്ങു വന്നെങ്കിൽ, സീസൺ, മീശമാധവൻ, പത്രം, മേലേപ്പറമ്പിൽ ആൺവീട്, സന്ദേശം, കളിക്കളം, സുര്യമാനസം, ഒരു മറവത്തൂർ കനവ്, മൈ ഡിയർ മുത്തച്ഛൻ, ന്യൂഡൽഹി, മഹായാനം, പാവം പാവം രാജകുമാരൻ, ചാന്ദ്രനുദിക്കുന്ന ദിക്കിൽ, വിയറ്റനാം കോളനി.. തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.

2007 ജൂൺ 14 ന് അന്തരിച്ചു.

Previous articleഗ്രഹണ ഓർമ്മകൾ
Next articleഈ കരസേനാ മേധാവിയെ തുറുങ്കിലടയ്ക്കുകയാണ് വേണ്ടത്
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.