സിബിൽ സ്കോറിന്റെ പേരിൽ നടക്കുന്ന ചൂഷണം!

0
124

Abdul Mustak A P

സിബിൽ സ്കോറിന്റെ പേരിൽ നടക്കുന്ന ചൂഷണം!

സിബിൽ സ്കോറിനെ കുറിച്ച് കേൾക്കാത്തവർ നമ്മുടെ ഇടയിൽ ആരും കാണില്ല. ഒരു ക്രെഡിറ്റ് കാര്ഡിനോ, അല്ലെങ്കിൽ ഒരു ലോണിനോ അപേക്ഷിച്ചവർക്കറിയാം ബാങ്കുകളും മറ്റും അതിനു നൽകുന്ന പ്രാധാന്യം.. 700 ഇൽ താഴെയാണ് സ്കോറെങ്കിൽ ബാങ്കിലേക്ക് കയറിപോയതിന്റെ ഇരട്ടി വേഗത്തിൽ അവർ തിരിച്ചയ്ക്കും…. രാജ്യത്തെ ഓരോ ബാങ്കിങ് ഇടപാടുകാരന്റെയും, സാമ്പത്തിക ഭദ്രതയും, കടങ്ങൾ തിരിച്ചടക്കുന്നതിലെ കൃത്യതയും വിശ്വാസ്യതയും എല്ലാം ഒറ്റയടിക്ക് മനസിലാക്കാൻ സഹായിക്കുന്ന ഈ മൂന്നക്ക സംഖ്യ അടിസ്ഥാനമാക്കിയാണ് നമുക്ക് ബാങ്കുകളും മറ്റും ലോണുകൾ അനുവദിക്കുന്നതും നിരസിക്കുന്നതും…

കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും, ശരിക്കും ആരാണ് ഇതിന്റെ യഥാർത്ഥ ഗുണഭോക്താക്കൾ…? സിബിൽ സ്‌കോർ കുറഞ്ഞാൽ ലോൺ പ്രാഥമിക തലത്തിൽ തന്നെ നിരസിക്കപ്പെടും എന്നത് കൊണ്ട് ഭൂരിഭാഗം വരുന്ന സാധാരണക്കാരായ ഉപഭാക്താക്കൾക്ക് അല്ല ഇതിന്റെ പ്രയോജനം ലഭിക്കുന്നത് എന്ന് ഊഹിക്കാം… പകരം, ഇതുകൊണ്ടു നേട്ടമുണ്ടാക്കുന്നതാവട്ടെ, ബാങ്കുകളും ഫിനാൻഷ്യൽ സ്ഥാപനങ്ങളുമാണ്.. വെറുമൊരു സിബിൽ സ്‌കോർ പരിശോധിച്ചാൽ തന്നെ ലോൺ ആവശ്യപ്പെടുന്ന ആളുടെ ദീര്ഘകാലാടിസ്ഥാനത്തിലുള്ള സാമ്പത്തിക ഭദ്രതയും, തിരിച്ചടവിൽ ഗ്യാരണ്ടീയും മറ്റും മനസിലാക്കാൻ കഴിഞ്ഞു അതിനനുസരിച്ചു മാത്രം ലോണുകളും മറ്റും നൽകുന്നത് കൊണ്ട് കിട്ടാക്കടങ്ങൾ കുറക്കാനും അതുവഴി കൂടുതൽ ലാഭം ഉണ്ടാക്കാനും ബാങ്കുകൾക്ക് കഴിയും….

What is a CIBIL Score and How can you check it Online with Karvy Corporateഇതുകൊണ്ടു പ്രയോജനമുള്ള മറ്റൊരു കൂട്ടർ ഉയര്ന്ന സിബിൽ സ്‌കോർ ഉള്ള ഇടപാടുകാരാണ്.. ഉയർന്ന സ്‌കോർ ഉള്ളവർക്ക് നിഷ്പ്രയാസം അവരുടെ സാമ്പത്തിക ആവശ്യങ്ങൾ ബാങ്കുകളിൽ നിന്ന് നേടിയെടുക്കാൻ കഴിയും.. പക്ഷെ ഒന്നാലോചിച്ചാൽ, സിബിൽ സ്‌കോർ എന്ന ഏർപ്പാട് ഇല്ലെങ്കിലും, ഉയർന്ന സാമ്പത്തിക ഭദ്രതയുള്ളതു കൊണ്ട് അത്തരക്കാർക്കു മറ്റുള്ളവരെക്കാളും വളരെ പെട്ടെന്ന് തന്നെ അവരുടെ ആവശ്യങ്ങൾ നേടിയെടുക്കാനും കഴിയും… ……അപ്പോൾ പിന്നെ പ്രധാനമായും ഇതിന്റെ ഗുണഭോക്താക്കൾ ബാങ്കുകൾ തന്നെയാണ് എന്ന് മനസിലാക്കാം….

നമ്മുടെ ഇടപാടുകൾ നമ്മുടെ അനുവാദമില്ലാതെ നിരീക്ഷിച്ചു അത് ക്രെഡിറ്റു സ്‌കോറുകൾ ആക്കി മാറ്റുന്ന ഈ സ്ഥാപനം പക്ഷെ, ആ സ്‌കോറുകൾ രാജ്യത്തുള്ള മറ്റെല്ലാ സ്ഥാപനങ്ങളുമായി ഫീസ് വാങ്ങിയോ വാങ്ങാതെയോ പങ്കുവെക്കുമെങ്കിലും, ആ സ്‌കോർ എത്രയാണെന്ന് അതിന്റെ ഉടമസ്ഥരായ നമ്മോടു വെളിപ്പെടുത്താതെ രഹസ്യമാക്കി വെക്കുകയും, വെളിപ്പെടുത്തണമെങ്കിൽ ഭീമമായ തുക ഫീസ് ആയി ആവശ്യപ്പെടുകയും ചെയ്യും……. വല്ലവന്റെയും വണ്ടിയെടുത്തു ടാക്സി ആയി ഓടിച്ചു കിട്ടിയ കാശ് എത്രയാണെന്ന് അറിയണമെങ്കിൽ, വണ്ടിയുടെ ഓണർ അങ്ങോട്ട് കാശ് നൽകേണ്ടുന്ന സ്ഥിതിയല്ലേ ഇത്?… ശരിക്കും നമ്മുടെ സ്‌കോറുകൾ (ഇടപാടുകളുടെ വിവരങ്ങൾ) മറ്റു ബാങ്കിങ് സ്ഥാപനങ്ങൾക്ക് അവരുടെ നേട്ടത്തിന് വേണ്ടി പങ്കു വെക്കുമ്പോൾ നമുക്കല്ലേ അതിൽ നിന്നും അവർക്കു ലഭിക്കുന്ന ഫീസിലെ ഒരു ഭാഗം നൽകേണ്ടത്…?

ഒരു ക്രെഡിറ്റു സ്‌കോർ റിപ്പോർട്ടിങ്ങിനു ശരാശരി 400 രൂപയോ അതിൽ കൂടുതലോ ആണ് ബാങ്കുകളും സിബിൽ കമ്പനിയും ഈടാക്കുന്നത്…. ശരിക്കും തീവെട്ടിക്കൊള്ള എന്ന് തന്നെ പറയാം…. വെറും 10 രൂപയ്ക്കു, ദിവസക്കണക്കിനുള്ള മനുഷ്യാദ്ധ്വാനം ആവശ്യമുള്ള എത്ര സങ്കീർണ്ണമായ വിവരങ്ങളും ആർ ടി ഐയിലൂടെ ലഭിക്കുന്ന ഒരു രാജ്യത്താണ്, സിബില്‍ സ്കോര്‍ എത്രയാണെന്ന് പറയുക മാത്രം ചെയ്യുന്ന ഒരു കമ്പ്യൂട്ടർ റിപ്പോർട്ടിന് 500 രൂപയോളം വാങ്ങുന്നത് എന്നോർക്കണം… 440 രൂപയാണ് ഒരു സിബിൽ റിപ്പോർട്ടിന് SBI വാങ്ങുന്നത്, ഡീറ്റെയിൽസ് താഴെ നൽകിയിട്ടുണ്ട്.. സാക്ഷാൽ സിബിൽ ആകട്ടെ ഒരു മാസത്തെ പ്ലാൻ എന്ന പേരിൽ 550 രൂപയും വാങ്ങുന്നു.. അതിന്റെയും ഡീറ്റെയിൽസ് താഴെയുണ്ട്…

ഫീ ഇത്തിരി കത്തിയാണെങ്കിലും, നമ്മൾ മുടക്കുന്ന പണം ലഭിക്കുന്നത് നമ്മുടെ സർക്കാരിനല്ലേ എന്ന് കരുതി അല്പം സമാധാനിക്കാൻ ശ്രമിക്കുമ്പോഴാണ് മറ്റൊരു ഞെട്ടിക്കുന്ന കാര്യം മനസിലായത്, അതായത്, രാജ്യത്തെ എല്ലാ പൗരന്മാരുടെയും സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ റിസർവ് ബാങ്ക് അധികാരം നൽകിയിരിക്കുന്ന ഈ കമ്പനി വെറുമൊരു പ്രൈവറ്റ് കമ്പനിയാണെന്ന സത്യം.. അത് മാത്രമല്ല, ഈ സിബിൽ എന്ന കമ്പനിയിൽ 90 ശതമാനം ഓഹരിയും ട്രാൻസ്‌യൂണിയൻ എന്ന അമേരിക്കൻ സ്വകാര്യ കമ്പനിക്ക് സ്വന്തവും… പോരെ പൂരം…നമ്മുടെ ഇടപാടുകളുടെ വിവരങ്ങൾ നമുക്ക് പറഞ്ഞു തരുന്നതിനു നമ്മുടെ കയ്യിൽ നിന്ന് തന്നെ അന്യായ ഫീ വാങ്ങുന്ന ഈ വിദേശ കമ്പനിയുടെ ചൂഷണത്തിനെതിരെ പ്രതിഷേധിച്ച പറ്റൂ….