മാടമ്പള്ളിയിലെ ശ്രീദേവി വായിച്ചറിയുന്നതിന് ഡോകട്ർ സണ്ണി എഴുതുന്നു

98

Abdul Sadiq

മാടമ്പള്ളിയിലെ ശ്രീദേവി വായിച്ചറിയുന്നതിന്

ഇത് ഞാനാണ്. ഡോക്ടർ സണ്ണി. ഒരാളുടെ എഴുത്തിന് ഇങ്ങനെ ഒരു വിശദമായ മറുപടി സാധാരണയാർക്കും നൽകാറ് പതിവില്ല. ഇതിപ്പോൾ കുറേയധികം തെറ്റിധാരണകൾ നമുക്കിടയിൽ ഉണ്ടായ സ്ഥിതിക്ക് മറുപടി തരാതെ പറ്റില്ലല്ലോ. ഞങ്ങൾ സൈക്യാട്രിസ്റ്റുകൾ ഒരാളെ മനസിലാക്കുന്നത് പേരും പേരിനൊപ്പമുള്ള തലയും വാലും കൂട്ടി വായിച്ചാണെന്ന് കുട്ടി മനസ്സിലാക്കിവെച്ചിരിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്. എന്നിരുന്നാലും പാരമ്പര്യമായി കിട്ടിയ തറവാട്ട് പേരോ, അച്ഛന്റെ പേരോ സ്വന്തം പേരിനൊപ്പം ചേർക്കാൻ താൽപര്യമില്ലായ്‌മ കാണിച്ച ആ പുരോഗമനചിന്തയെ ഞാൻ പ്രശംസിക്കുന്നു. അപ്പോഴും കുട്ടി മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. പേരിന്റെ കൂടെ ജാതിവാൽ ഉണ്ടായി എന്ന് കരുതി ഒരാൾ പുരോഗമനവാദി അല്ലാതാകുന്നില്ല. അത്തരത്തിൽ ഒരുപാട് സുഹൃത്തുക്കൾ എനിക്കുണ്ട്. എന്തിനേറെ പറയുന്നു സഖാവ് ഈ. എം. എസ്സിന് പേരിന്റെ കൂടെ നമ്പുതിരിപ്പാട് എന്നത് എന്നും ഉണ്ടായിരുന്നത് കുട്ടിക്കറിയില്ലേ…..ഞാൻ മനസ്സിലാക്കിയ ഏറ്റവും വലിയ പുരോഗമനവാദി എന്ന് പറയുന്നത് മഹാനായ ആ മനുഷ്യനാണ്.

അന്ന് ഗംഗയുടെ അസുഖം ഭേദമായി ഞാൻ അവിടം വിടുമ്പോൾ ഒരു ഓഫർ ലെറ്റർ കുട്ടിയുടെ മുമ്പിൽ വെച്ചത് ശരിയാണ്. എന്റെ അമ്മയെ അങ്ങോട്ട് അയക്കാമെന്ന് പറഞ്ഞിരുന്നു. അങ്ങനെ പറഞ്ഞയക്കാൻ എനിക്ക് അമ്മ ഉണ്ടായിട്ട് വേണ്ടേ. അതിന്റെ എല്ലാ കഥയും നകുലനോട് ചോദിച്ചാൽ മനസ്സിലാകും. പക്ഷേ ഞാൻ കുട്ടിയോട് പറഞ്ഞത് നകുലന് അറിയില്ലായിരുന്നു. ഒരു പ്രൊപോസൽ നാടകം സണ്ണി വക ഉണ്ടായതിനെപ്പറ്റി പിറ്റേ ദിവസം കുട്ടിയോട് ചോദിക്കണമെന്ന് മാത്രമേ ഞാൻ പോരുമ്പോൾ നകുലനോട് പറഞ്ഞിരുന്നുള്ളൂ.

ഗംഗയുടെ രോഗം മാറിയ വെപ്രാളത്തിൽ അവനത് മറന്ന് കാണും. അല്ലേലും കുട്ടിയും അവനും എന്തെങ്കിലും സംസാരിക്കുന്നത് പോലും അത്രയും ദിവസം അവിടെ താമസിച്ചിട്ട് ഞാൻ ഒരിക്കൽ പോലും കണ്ടിട്ടില്ല. ഇനിയും കുട്ടിക്ക് സംശയമുണ്ടെങ്കിൽ അമേരിക്കയിലെ എന്റെ വീട്ടിലേക്ക് വിളിച്ച് ചോദിച്ചാലും മനസ്സിലാകും. ഗബ്രിയെല്ല എല്ലാം കാര്യങ്ങളും കുട്ടിക്ക് ബോധ്യപ്പെടുത്തിത്തരും. ഗബ്രിയെല്ല എന്റെ ഭാര്യയാണ്. പിന്നെ ചൊവ്വാദോഷത്തിന്റെ കാര്യം..! ഒരു ദോഷത്തെക്കുറിച്ചും തർക്കിച്ചും പ്രസംഗിച്ചും നടക്കാൻ എനിക്ക് സമയമില്ല. ഇനി സമയം കിട്ടിയാൽ തന്നെ അതാണ്‌ പുരോഗമനം എന്ന് ഞാൻ കരുതുന്നുമില്ല . അങ്ങനെ വരുമ്പോൾ വിവാഹത്തിന് മുൻപ് എന്റെ കുടുംബക്കാർ നടത്താൻ പോകുന്ന ബാക്ക് ഗ്രൗണ്ട് വെരിഫിക്കേഷൻ എന്ന പരാമർശം കുട്ടിയുടെ അസ്ഥാനത്തുള്ള വെറും വികലമായ ചിന്തയല്ലേ…. ഗംഗയുടെ രോഗ നിർണ്ണയത്തിന് വേണ്ടി കുട്ടിയിൽ നിന്ന് കിട്ടേണ്ട എല്ലാ വിവരങ്ങളും ഞാൻ ചോർത്തിയിട്ടുണ്ട്. അതെല്ലാം ചികിത്സക്ക് ഫലപ്രദമായി ഉപയോഗിച്ചിട്ടുമുണ്ട്.

കുട്ടിയും നകുലനും കളിക്കൂട്ടുകാർ ആയിരുന്നതും ഒരു സഹോദരിയുടെ സ്ഥാനമാണ് നകുലൻ കുട്ടിക്ക് നൽകിയിരുന്നത് എന്നതും നകുലൻ പറഞ്ഞ് എനിക്ക് പണ്ടേ അറിയാമായിരുന്നു. കുട്ടിയുടെ അച്ഛൻ നിങ്ങടെ ബന്ധത്തെ പുതിയ ഒരു തലത്തിലേക്ക് ആലോചിക്കുന്നത് നകുലൻ മുൻകൂട്ടി മനസ്സിലാക്കിയിരുന്നു . അതുപ്രകാരം കുട്ടിയുടെ അപ്പച്ചിയോടും നകുലന്റെ അമ്മ ശാരദയോടും അമ്മാവനെ അതിൽ നിന്ന് പിന്തിരിപ്പിക്കണമെന്ന് നകുലൻ തന്നെ ആവശ്യപ്പെടുകയായിരുന്നു. ഉണ്ണിത്താന്റെ ഭാര്യ ബാസുരാമ്മയിൽ നിന്നാണ് ഈ വക സത്യങ്ങൾ ഞാൻ അടർത്തിയെടുത്തത്. അവർ എന്തൊക്കെയോ മറച്ചു വെച്ചാണ് സംസാരിച്ചിരുന്നത്.

ദേഷ്യം പൂണ്ട കുട്ടിയുടെ അച്ഛൻ, തമ്പിയദ്ദേഹം കുട്ടിയോട് അഭിപ്രായം ചോദിക്കാതെ നകുലന്റെ വിവാഹ ദിവസം തന്നെ കുട്ടിയുടെയും കല്യാണം കഴിപ്പിച്ചത് നകുലനോടുള്ള വാശി തീർക്കാനാണ്. അദ്ദേഹം ഒരു പഴഞ്ചനും യാഥാസ്തികനുമാണ് എന്ന് ആർക്കാണ് അറിയാത്തത്. പുരുഷന്മാരുടെ വാശിയുയുടേയും ദുരഭിമാനത്തിന്റേയും മാത്രം വിലയുള്ള കമ്പോള ചരക്കുകളാണ് സ്ത്രീകൾ എന്ന് കുട്ടി പറഞ്ഞത് ശരിയാണ്. പക്ഷേ… കുട്ടിയുടെ അച്ഛന്റെ കാര്യത്തിലാണ് അത് ഏറ്റവും ശരിയായിട്ടുള്ളത്.

കുട്ടിയെ വിവാഹം കഴിച്ച ധീര പുരുഷൻ ദൂരെ എവിടെയോ കിടക്കുന്ന ചൊവ്വയെ പേടിച്ച് കുട്ടിയെ ഉപേക്ഷിച്ചു ഓടി രക്ഷപ്പെട്ടു എന്ന് കുട്ടി കളിയാക്കി പറഞ്ഞത് എങ്ങനെയാണ് ശരിയാവുക. കല്ല്യാണം കഴിഞ്ഞ് ആദ്യ രാത്രിയിൽ തന്നെ കുട്ടി അയാളോട് തന്റെ ഫ്ലാഷ് ബാക്ക് പറഞ്ഞപ്പോളും അയാൾ എല്ലാം സഹിക്കാൻ തയ്യാറായിരുന്നു. പക്ഷേ… നകുലനെ മറക്കാൻ കഴിയില്ല എന്ന് കുട്ടി പറഞ്ഞപ്പോളാണ് അയാൾക്ക് പറയേണ്ടി വന്നത് ‘നിനക്ക് നിന്റെ വഴി എനിക്ക് എന്റെ വഴി’ എന്ന്. ചൊവ്വാ ദോഷം പേടിച്ച് ഓടിപ്പോയവൻ എന്ന് പറഞ്ഞ് ആ പാവത്തെ കുട്ടി വീട്ടുകാരുടേയും നാട്ടുകാരുടേയും മുമ്പിൽ
കോമാളിയാക്കി.

നകുലനും ഗംഗയും നാട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ കുട്ടി ആക്റ്റീവ് ആയി എന്ന സത്യം അംഗീകരിച്ചല്ലോ…അത് തന്നെ വലിയ കാര്യം. അത് വെറും അഭിനയമായിരുന്നു എന്ന് പറഞ്ഞാൽ അത് കൂട്ടിയുടെ വീട്ടുകാർ വെള്ളം കൂട്ടാതെ വിഴുങ്ങും. ഒരു സൈക്യാട്രിസ്റ്റായ എനിക്ക് അതിന് കഴിയില്ല. അവർ വന്നതിന് ശേഷമല്ലേ കുട്ടി റൂമിൽ നിന്ന് പുറത്തിറങ്ങാൻ തന്നെ തുടങ്ങിയത്. വീട്ടിൽ ഗസ്റ്റുകൾ വരുമ്പോൾ അടച്ചിരിക്കുന്നത് ബോറാണല്ലോ എന്ന് കരുതി പുറത്തേക്ക് വന്നതാണെന്ന കുട്ടിയുടെ ന്യായീകരിക്കൽ അതിഗംഭീരം തന്നെ. നകുലനും ഗംഗയും വരുന്നതിന് മുമ്പും പല ഗസ്റ്റുകളും മാടമ്പള്ളിയിൽ വന്നിട്ടുണ്ടായിരുന്നുവല്ലോ അന്നൊന്നും മഷിയിട്ട് നോക്കിയാൽ പോലും കുട്ടിയെ കാണാൻ കഴിഞ്ഞിരുന്നില്ല എന്നാണ് ദാസപ്പൻകുട്ടിയും കിണ്ടിയുമൊക്കെ എന്നോട് പറഞ്ഞത്. എനിക്കൊന്നും അറിയില്ല എന്ന് കരുതിയോ.

ഗംഗയുടെ മാനസിക രോഗം മറ്റുള്ളവരുടെ മുന്നിൽ വെച്ചു പുറത്തു വരാതിരിക്കാൻ കുട്ടിയെ പിടിച്ചു പൂട്ടിയിത് ശരിയായില്ല എന്ന വാദം ഞാൻ അംഗീകരിക്കുന്നു. പക്ഷേ കുട്ടിയുടെ മനസ്സിൽ ഇത്രയധികം ഗ്രഡ്ജ് നകുലനോടും ഗംഗയോടും ഉള്ളത് ഞാൻ അറിഞ്ഞിരുന്നില്ല. പിന്നെ, അതൊക്കെ ഞങ്ങൾ സൈക്യാട്രിസ്റ്റുകൾ ഉണ്ടാക്കുന്ന ഓരോ ഹൈപ്പോത്തിറ്റിക്കൽ സിറ്റുവേഷൻ സാണ്. ആരും സഞ്ചരിക്കാത്ത വഴിയേ സഞ്ചരിക്കുന്നവരാണ് ഞങ്ങൾ…! അറിയില്ലേ..? ആ രീതിയിൽ അതിനെ കണ്ടാലും മതി. മറ്റൊരു കാര്യം ,അത്തരം സിറ്റുവേഷൻസ് അവിടെ ശേഷവും ഉണ്ടായിട്ടുണ്ട് എന്നതാണ് . അതിലൊക്കെ നകുലനും, എന്തിന് ഏറെ പറയുന്നു ആ ബ്രഹ്മദത്തൻ നമ്പൂതിരി വരേ അഭിനയിച്ചില്ലേ..?

ഒരു വിഷകുപ്പിയുടെ കാര്യമാണ് മറ്റൊന്ന്… അത് ഞാൻ തന്നെ അവിടെ കൊണ്ടിട്ടതാ. നകുലനെ കുട്ടി വിഷം കൊടുത്തു കൊല്ലാൻ ശ്രമിക്കുന്നു എന്ന് എനിക്ക് സംശയമുണ്ടെന്ന് കൂട്ടിയെ തോന്നിപ്പിക്കാൻ വേണ്ടിയായിരുന്നു അത്. അതിൽ ഞാൻ വിജയിക്കുകയും ചെയ്തു. അതിനൊക്കെ ചില തെറാപ്യുട്ടിക് ഇൻഡിക്കേഷൻസ് ഉണ്ടെന്ന് കൂട്ടിക്കോളൂ. നകുലന് വേണ്ടി ഇനി ഒരായിരം വട്ടം ഭ്രാന്തിയായി അഭിനയിക്കാൻ കുട്ടി തയ്യാറാകും എന്ന് ഞാൻ പരസ്യമായി ഒരു ഹൈപ്പിന് വേണ്ടി പറഞ്ഞതാണ്. ആയിരം പോയിട്ട് ഒരു തവണ അഭിനയിച്ചതിന്റെ പൊല്ലാപ്പാണല്ലോ ഞാനിപ്പോൾ അനുഭവിക്കുന്നത്.ഞാൻ പ്രൊപ്പോസ് ചെയ്തത് കുട്ടി തെറ്റിദ്ധരിച്ചതിൽ കുട്ടിയെ കുറ്റം പറയാൻ കഴിയില്ല. കാരണം അവിടെ എനിക്കറിയേണ്ടിരുന്നത് നകുലനോടുള്ള പ്രണയം ഇപ്പോഴും കുട്ടി മനസ്സിൽ സൂക്ഷിച്ചു നടക്കുന്നുണ്ടോ എന്നതായിരുന്നു. അല്ലാതെ അതൊന്നും ക്ളൈമാക്സ് പഞ്ചിന് വേണ്ടി മാത്രം ഞാൻ ഉണ്ടാക്കിയതോ അല്ലെങ്കിൽ നില വിട്ട് ഒരു കൗമാരക്കാരന്റെ തലത്തിലേക്ക് ഞാൻ തരം താണതോ അല്ല. എന്റെ വേറിട്ട വഴികളിലൂടെയുള്ള സഞ്ചാര രീതികൾ ലോകത്ത് പാട്ടാണ്. അത് കുട്ടി മനസ്സിലാക്കിയിരുന്നുവെങ്കിൽ ഇങ്ങനെയുള്ള ഒരു സംശയവും ഉണ്ടാകില്ലായിരുന്നു.
ഒരു രോഗിയെ ചികില്സയ്ക്കാൻ വന്ന് രോഗിയുടെ ഭർത്താവിന്റെ കസിൻ സിസ്റ്ററിനെ പ്രേമിക്കാൻ ഇതെന്താ ചന്ദുമേനോന്റെ ഇന്ദുലേഖ നോവലോ.

പിന്നെ ജനലയ്ക്ക് അരികിൽ കുട്ടി വന്നു എന്നതും എന്നെ നോക്കി എന്നതും സത്യത്തിൽ ഞാൻ അറിഞ്ഞിട്ട് പോലുമില്ല. ജനാലയ്ക്കരുകിൽ ആരെങ്കിലും വരുവാനുണ്ട് എന്ന് കരുതി കാത്തിരിക്കുന്നവൾ എന്ന് പറഞ്ഞ് ഗംഗയെ കളിയാക്കുകയൊന്നും വേണ്ട….അതൊക്കെ ഒരു അസുഖത്തിന്റെ പ്രോഡ്രോമൽ സ്റ്റെജിൽ ഗംഗ ചെയ്തതാ… ആരാണെങ്കിലും അങ്ങനെയൊക്കെ ചെയ്യും.വിധേയത്വത്തിന്റെ ചങ്ങലയായ താലി പൊട്ടിച്ചെറിഞ്ഞു സ്വാതന്ത്ര്യത്തിലേക്ക് നടന്നു വന്നവൾ എന്ന് സ്വയം വിശേഷിപ്പിച്ച് എഴുതിയത് കണ്ട് എനിക്ക് അതിശയമൊന്നും തോന്നിയില്ല. പല കാരണങ്ങൾ കൊണ്ട് കുട്ടിയെപ്പോലെ മനസ്സിൽ വിചാരിക്കാത്ത ഒരു പുരുഷനോടൊപ്പം സഹവർത്തിക്കേണ്ടി വരുമ്പോൾ പെൺകുട്ടികൾ ഇടക്കിടക്ക് ചെയ്യുന്ന പിറു പിറുപ്പുകളിലെ വാചകങ്ങളാണവ.

എന്നോട് നല്ല അമർഷമുണ്ട് കുട്ടിക്ക്. അതുകൊണ്ടാണല്ലോ എന്റെ പേരിന്റെ കൂടെ എന്റെ അച്ഛന്റെ പേരും ചേർത്ത് അഭിസംബോധന ചെയ്ത് വിളിച്ച് എഴുത്ത് തുടങ്ങിയത് . എന്റെ മുഴുവൻ പേര് സണ്ണി ജോസഫ് എന്നാണെന്നൊക്കെ തിരഞ്ഞു പിടിച്ചു കണ്ടിരിക്കുന്നു. എന്നോടുള്ള ഗ്രഡ്ജാണ് അത് സൂചിപ്പിക്കുന്നത്. ഇനി പറയാനുള്ളത് വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. അതിങ്ങനെ നേരിട്ട് പറയുന്നതിൽ എന്തെങ്കിലും അനൗചിത്യം ഉള്ളതായി തോന്നുന്നില്ല. ഇൻസൈറ്റ് ബിൽഡ് അപ്പിന്റെ ഭാഗമായി കാണാവുന്നതേ ഉള്ളൂ.

ആദ്യം താഴെ പറയുന്നവ ഒന്ന് വായിക്കൂ
-Tendency to bear grudges
-Suspeciousness and pervasive tendency to
misconstruct friendly actions in hostile way
-preoccupied with unsubstantiated
conspirational explanations to events.

ഞങ്ങൾ സൈക്യാട്രിസ്റ്റുകൾ മറ്റു ഡോക്ടർ മാരെപ്പോലെയല്ല. ഒരു രോഗിയെ അസ്സസ്മെന്റ് ചെയ്യുന്നതിന്റെ ഭാഗമായി പലരിൽ നിന്നും ഹിസ്റ്ററി ശേഖരിക്കേണ്ടിവരും. അങ്ങനെ വരുമ്പോൾ അവരൊക്കെ ഞങ്ങളുടെ അസ്സസ്‌മെന്റിന്റെ ഭാഗമാകും.
അങ്ങനെയുള്ള എന്റെ നിരീക്ഷണത്തിൽ കുട്ടിയുടെ വ്യക്തിത്ത്വത്തിൽ ഞാൻ കണ്ടെത്തിയ ചില ചില പരനോയിഡ് ട്രൈറ്റുകളാണ് മേല്പറഞ്ഞവ. ഈ പാരനോയിഡ് ട്രൈറ്റുകൾക്ക് പുറമേ.നകുലനോടുള്ള പ്രണയം ഒരു ഡെല്യൂഷണൽ ലെവലിൽ ഉണ്ട് താനും.

Delusion of love.

ഇതിനെ erotomania എന്നും declerambaults sundrome എന്നൊക്കെ പണ്ടുള്ളവർ വിളിക്കുമായിരുന്നു.
ഇപ്പോൾ കുട്ടിയുടെ ഈ അജ്ഞാത പ്രേമത്തിന് എതിരെ നിൽക്കുന്ന ഞാനുൾപ്പെടെയുള്ളവരെയെല്ലാം persecutors ആയിട്ടാണ് കുട്ടി കാണുന്നത്. അത് persecutary delusion ലെവലിൽ എത്തിയിയിട്ടുണ്ട്. Mood, affect, personal care എന്നിവയിൽ വലിയ കുഴപ്പമില്ല എന്നത് കൊണ്ടും രണ്ട് ഡെല്യൂഷൻസും related ആയത് കൊണ്ടും. ഹാലൂസിനേഷൻസ് ഒന്നും ഇല്ലെന്ന് അനുമാനിച്ചും എനിക്ക് കുട്ടിയിൽ ഒരു ഡയഗ്നോസിസ് ഉണ്ട്.ആ ഡയഗ്നോസിസ് ഞാൻ മാടമ്പള്ളിയിൽ ഒരാളോട് പറഞ്ഞിട്ടുണ്ട്. സമയം ആകുമ്പോൾ ആ ആള് കുട്ടിയോട് അത് പറയും. അപ്പോൾ കുട്ടിക്ക് മനസ്സിലാവും ഇനി കുട്ടി എങ്ങനെ മുന്നോട്ട് പോവണമെന്ന്.

Trance and possession എന്ന ഒരു ന്യുറോട്ടിക് രോഗമായിരുന്നു ഗംഗയുടേത്. അത് മരുന്ന് ആവശ്യമില്ലാത്ത ഒരു ലഖു മനോരോഗമാണ്. എന്നാൽ കുട്ടിയുടേത് delusional disorder എന്ന രോഗമാണ്. സൈക്കോസിസ് ഗണത്തിൽ വരുന്നതും മരുന്ന് നിർബന്ധമായും കഴിക്കേണ്ടതുമായ ഒരു രോഗമാണത്.എഴുത്ത് അവസാനിപ്പിക്കുന്നു. വിഷ് യൂ എ റാപിഡ് റിക്കവറി. എന്ന്
ഡോക്ടർ സണ്ണി.
Dr. Abdul sadiq
Psychiatrist
Kuthiravattam.