ചില ബ്രിട്ടീഷ്‌‌ പദവികളും ഖാൻ ബഹദൂർ ഇണ്ണിക്കമ്മു സഹാബും

31

✒️ Abdulla Bin Hussain Pattambi.

ചില ബ്രിട്ടീഷ്‌‌ പദവികളും ഖാൻ ബഹദൂർ ഇണ്ണിക്കമ്മു സഹാബും

ചെറുപ്പകാലം തൊട്ടേ കേൾക്കുന്ന ഒരു പേരായിരുന്നു ഇണ്ണിക്കമ്മു സാഹിബിന്റേത്‌. എന്റെ നാട്ടിലൊക്കെ അക്കാലത്തെ അൽപ്പം ധൂർത്തന്മാരേയൊക്കെ പറ്റി പറയുമ്പോൾ ഉപമ രൂപത്തിൽ ഉയർന്നു വരുന്ന ഒരു പേരായിരുന്നു ഈ ഇണ്ണിക്കമ്മു സാഹിബിന്റേത്‌. അദ്ധേഹം ഏതു നാട്ടുകാരനാണെന്നോ എന്താണ്‌ അദ്ധേഹത്തെ പ്രശസ്തിയിലേക്ക്‌ നയിച്ചതെന്നോ അക്കാലത്ത്‌ എന്നല്ല, ഇപ്പോഴും മിക്കവർക്കും അജ്ഞാതമാണു താനും. വലിയ പത്രാസൊക്കെ കാണിച്ചു നടക്കുന്നവനെ കാണുമ്പോൾ “ഓ.. അവൻ ഇണ്ണിക്കമ്മു സായ്ബിന്റെ മകനല്ലേ.. അല്ലെങ്കിൽ ഇണ്ണിക്കമ്മു സായ്ബിന്റെ പേരക്കുട്ടിയല്ലേ..” എന്നൊക്കെയുളള കമന്റുകൾ സർവ്വസാധാരണമായിരുന്നു.

ഖാൻ ബഹദൂർ ഉണ്ണിക്കമ്മു സാഹിബ്‌ എന്നായിരുന്നു യഥാർത്ഥത്തിൽ അദ്ധേഹത്തിന്റെ പേര്‌. പാലക്കാട്‌ ജില്ലയിൽ മണ്ണാർക്കാടിനടുത്ത സ്ഥലത്തായിരുന്നു അദ്ധേഹത്തിന്റെ സ്വദേശമെന്നാണ്‌ അറിയാൻ സാധിച്ചത്‌. ഒരു ബ്രിട്ടീഷ്‌ അനുകൂലിയായ ഭൂപ്രഭു ആയിരുന്ന ഇദ്ധേഹം, കോഴിക്കോട്‌ ഫറൂഖ്‌ കോളേജിന്റെ ആദ്യ പ്രസിഡന്റു സ്ഥാനം വഹിച്ചിട്ടുണ്ട് എന്നാണറിഞ്ഞത്‌‌. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌, അവരുടെ ആധിപത്യം നിലനിർത്താൻ നാടുവാഴികളുടേയും നാട്ടുപ്രമാണിമാരുടേയും സമ്പന്നരുടേയും സഹായവും പിന്തുണയും അവർക്ക്‌ അത്യാവശ്യമായിരുന്നു എന്നത്‌ കൊണ്ട്‌, തങ്ങളെ അനുകൂലിക്കുന്നവർക്കും ചൊൽപ്പടിക്ക്‌ നിൽക്കുന്നവർക്കും ചില അധികാരങ്ങളും അവകാശങ്ങളും വകവെച്ചുകൊടുത്തും സ്ഥാനമാനങ്ങൾ നൽകിയും കൂടെ നിർത്തുക പതിവായിരുന്നു.

ഈ പതിവ്‌ ഇന്ത്യയിൽ ആദ്യമായി പരീക്ഷിച്ചത്‌, ഭാരതം കീഴടക്കി ഭരണം നടത്തിയ തുർക്കി സുൽത്താന്മാരായിരുന്നു. അവർ, ഭാരതത്തിലെ അഫ്ഗാൻ – പേർഷ്യൻ പാരമ്പര്യമുളള ഭൂപ്രഭുക്കന്മാർക്ക്‌ ഖാൻ പദവി നൽകിയിരുന്നതോടൊപ്പം, തദ്ധേശീയരായ ഹിന്ദു സമീന്താർ പ്രഭുക്കളേയും ഈ പദവികളിൽ പ്രതിഷ്‌ഠിച്ചിരുന്നു. പിന്നീടു വന്ന അഫ്ഗാൻ ഭരണാധികാരികളും മുഗളരുമെല്ലാം ഖാൻ പദവി ഇങ്ങിനെ നൽകിയതായി കാണാൻ സാധിക്കും.

ലോകത്ത്‌ ആദ്യമായി ഖാൻ പദവി അഥവാ ഖാആൻ അല്ലെങ്കിൽ ഖാഖാൻ പദവി, തങ്ങളുടെ ഉന്നത പ്രമാണിമാർക്കും ഭരണതലത്തിലെ ഉന്നതർക്കും നൽകിത്തുടങ്ങിയത്‌ മംഗോളിയരായിരുന്നു. ഈ പാരമ്പര്യം പിന്നീട്‌ ഈൽഖാൻ സുൽത്താന്മാരും സൽജൂക്കുകളും ഖുവാരിസ്മ്‌‌ ഷാമാരും ചില സ്ഥാനമാറ്റങ്ങളോടെ ഉപയോഗിച്ചിരുന്നതായി കാണാം. തുർക്കി , അഫ്ഗാൻ ഭരണകൂടങ്ങളെ തുടർന്ന് ഇന്ത്യയിൽ ഭരണം നടത്തിയ മുഗളരും ഈ പദവികൾ തങ്ങൾക്ക്‌ വേണ്ടപ്പെട്ടവർക്ക്‌ നൽകിത്തുടങ്ങി. നിരവധി രജപുത്രർ ഇത്തരം പദവികളിൽ മുഗളരുടെ കാലത്തുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഭരണത്തിൽ വന്നതോടെ അവരും ദില്ലിസൽതനത്തുകളേയും മുഗളരേയും പിൻപറ്റി, തങ്ങളുടെ ചൊൽപ്പടിക്ക്‌ നിൽക്കുന്ന പ്രമാണിമാർക്കും പ്രസിദ്ധ വ്യക്തിത്വങ്ങൾക്ക്‌ സ്റ്റാറും താമ്രപത്രത്തോടും കൂടിയ പദവികൾ നൽകുക പതിവായി.
തങ്ങളെ അനുകൂലിക്കുന്ന മുസ്‌ലിം പ്രമാണിമാർക്ക്‌ “ഖാൻ ബഹദൂർ, ഖാൻ സാഹിബ്‌” തുടങ്ങിയ പട്ടങ്ങൾ നൽകിയപ്പോൾ, ഹിന്ദു പ്രമാണിമാർക്ക്‌ “റാവു ബഹദൂർ, റായ്‌ ബഹദൂർ, റാവു സാഹിബ്‌, റായ്‌ സാഹിബ്‌” എന്നീ സ്ഥാനങ്ങളാണ്‌ കൊടുത്തിരുന്നത്‌. ഇതിൽ റായ്‌ ബഹദൂർ സ്ഥാനം നൽകിയിരുന്നത്‌ മുഖ്യമായും നേപ്പാളിനോടടുത്ത ഇന്ത്യൻ പ്രദേശങ്ങളിലെ ഹിന്ദു പ്രമാണിമാർക്കായിരുന്നു എന്നു കാണാം. ഇതുപോലെ സിഖുമതത്തിലെ ബ്രിട്ടീഷനുകൂല പ്രമാണിമാർക്ക്‌ ഗവൺമന്റ്‌ നൽകിയിരുന്ന സ്ഥാനമായിരുന്നു “സർദാർ ബഹദൂർ, സർദാർ സാഹിബ്” പദവികൾ. പാഴ്സി മതത്തിൽ പെട്ടവർക്കും മുസ്‌ലിംകൾക്കും ഒരുപോലെ നൽകപ്പെട്ടതായിരുന്നു ഖാൻ ബഹദൂർ, ഖാൻ സാഹിബ്‌ പദവികൾ. ഇതിൽ സാഹിബ്‌ എന്ന് വരുന്ന പദവികളെല്ലാം ബഹദൂർ എന്ന പദവികൾക്ക്‌ താഴേയായിരുന്നു.

നവാബ്‌ ബഹദൂർ, നവാബ്‌ സാഹിബ്‌, ദിവാൻ ബഹദൂർ, ദിവാൻ സാഹിബ്‌, റായ്‌ സാഹിബ്, റാവു സാഹിബ്.. തുടങ്ങിയ ഉയർന്നതും താഴ്‌ന്നതുമായ വേറേയും പദവികൾ ഉണ്ടായിരുന്നു. ഖാൻ ബഹദൂർ ചേക്കുട്ടി സാഹിബ്‌, റായ്‌ ബഹദൂർ ചന്ദൻ റായ്‌, ഖാൻ ബഹദൂർ ആറ്റക്കോയ തങ്ങൾ, റാവു ബഹദൂർ ശങ്കര രാമയ്യർ, റാവു ബഹദൂർ ഈശ്വര വാര്യർ, ഖാൻ ബഹദൂർ ഉണ്ണിക്കമ്മു സാഹിബ്‌, ഖാൻ സാബിബ്‌ അബ്ദുൽ ജബ്ബാർ ഖാൻ, ഖാൻ സാഹിബ്‌ കിഷൻജി, റാവു സാഹിബ്‌ അയ്യത്തൻ ഗോപാലൻ, സർദാർ ബഹാദൂർ ദലിപ്‌ സിംഗ് തുടങ്ങിയവരൊക്കെ ഇത്തരം പട്ടങ്ങൾ ലഭിച്ചവരിൽ ചിലരാണ്‌.

📚 വിവരങ്ങൾ വിവിധയിടങ്ങളിൽ നിന്ന് ശേഖരിച്ചത്‌.