മസ്ജിദിലൊരു മന്ത്രിസഭാ യോഗം, രാജ്യരക്ഷയ്ക്കായി

120

Abdulla Bin Hussain Pattambi

മസ്ജിദിലൊരു മന്ത്രിസഭാ യോഗം, രാജ്യരക്ഷക്കായ്‌

അധിനിവേശക്കാരും അതിക്രമികളുമായ ഒരുകൂട്ടം ഭീകരന്മാരിൽ നിന്ന് ജന്മനാടിനേയും ജനത്തേയും രക്ഷിക്കാനായുളള യുദ്ധകാര്യങ്ങൾ ചർച്ച ചെയ്യാനായി ഒരു പ്രത്യേക അടിയന്തിര മന്ത്രിസഭാ യോഗം മുസ്‌ലിം പളളിയിൽ ചേരുകയുണ്ടായി. ആ നാട്‌ പക്ഷെ, ഇസ്‌ലാമിക രാഷ്ട്രമോ മുസ്‌ലിം ഭൂരിപക്ഷ രാജ്യമോ ആയിരുന്നില്ല. ആ നാടിന്റെ ഔദ്യോഗിക മതവും നാട്ടിലെ ഭരണാധിപനായ രാജാവ്‌ പിൻപറ്റിയിരുന്നതും ഹൈന്ദവ ധർമ്മത്തിലായിരുന്നു.

സത്യത്തിന്റെ തുറമുഖമെന്ന് പുകൾപെറ്റ കോഴിക്കോട്‌ പട്ടണം ആസ്ഥാനമായുളള കോഴിക്കോട്‌ നാട്ടുരാജ്യത്തായിരുന്നു ഈ അപൂർവ്വ മന്ത്രിസഭാ യോഗം നടന്നത്‌. കോഴിക്കോടിന്റെ ഭാഗമായ ചാലിയത്ത്‌ കോട്ട കെട്ടി അതിലിരുന്ന് രാജ്യത്തെ നിയമങ്ങളേയും നാട്ടുകാരേയും രാജാവിനേയും വെല്ലുവിളിച്ച്‌, അഹങ്കാരത്തോടെ അക്രമങ്ങൾ കാട്ടിക്കൂട്ടിയ പോർച്ചുഗീസുകാരെ തുരത്താൻ, അവരുടെ കോട്ട പിടിച്ചെടുക്കാൻ വേണ്ടിയുളള യുദ്ധകാര്യങ്ങൾ ചർച്ച ചെയ്യാനായിരുന്നു സാമൂതിരി രാജാവ്‌ കുറ്റിച്ചിറ ജുമാമസ്ജിദിൽ മന്ത്രിസഭാ യോഗം ചേർന്നത്‌.

ഏറെ അകലെയല്ലാതെ കോവിലകവും ദർബാറുമൊക്കെ ഉണ്ടായിരുന്നിട്ടും കുറ്റിച്ചിറ ജുമാമസ്ജിദിൽ തന്നെ ആ യോഗം നടത്താൻ തീരുമാനമെടുത്തത്‌ ഭരണാധികാരിയായ സാമൂതിരി രാജാവിന്റെ മാതാവ്‌ അഥവാ അമ്മ മഹാറാണി ആയിരുന്നു. അതിനൊരു പക്ഷെ അവരെ പ്രേരിപ്പിച്ചത്‌ പോർച്ചുഗീസ്‌ ആക്രമണങ്ങളിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സഹിക്കേണ്ടി വന്ന ആ പ്രദേശത്തെ ജനങ്ങളോടുളള ഐക്യദാർഡ്യം എന്ന നിലക്കാവാമെന്ന് കരുതുന്നു.

1571ൽ ആയിരുന്നു ഈ മന്ത്രിസഭാ യോഗം ചേർന്നത്‌. ഇതിൽ വായിച്ചു കേൾപ്പിക്കാനായി ഒരു കത്ത്‌ അമ്മ മഹാറാണി എഴുതി തയ്യാറാക്കി നൽകിയിരുന്നു. ഇതിൽ രാജ്യസ്നേഹത്തെ കുറിച്ചും രാജ്യത്തോടും ജനങ്ങളോടുമുളള കടപ്പാടിനെ പറ്റിയും രാജാവിന്റേയും മന്ത്രിമാരുടേയും സൈന്യങ്ങളുടേയും ഉത്തരവാദിത്തങ്ങളും കടമകളും വിശ്വാസവും സംസ്കാരവും സംരക്ഷിക്കേണ്ടതിന്റെ അനിവാര്യതകളെക്കുറിച്ചും രാജമാതാവ്‌ വിശദമായി എഴുതിയിരുന്നു.
ഈ പ്രത്യേക സഭാ യോഗത്തിൽ പങ്കെടുത്തവർ ഇവരായിരുന്നു. സമൂതിരി രാജാവ്‌, പ്രധാനമന്ത്രി മങ്ങാട്ടച്ചൻ, മന്ത്രിമാർ , നായർസേനാ ( കരസേന ) തലവൻ ധർമോത്ത്‌ പണിക്കർ, നാവികസേന തലവൻ കുഞ്ഞാലി മരക്കാർ , തിനയഞ്ചേരി ഇളയത്‌, രാമച്ചൻ നെടുങ്ങാടി, മന്ത്രിമുഖ്യൻ തലപ്പണ്ണ നമ്പൂതിരി, ധനകാര്യമന്ത്രി വരക്കൽ പാറനമ്പി, തുറമുഖ വാണിജ്യ വകുപ്പ്‌ മന്ത്രിയായ ഷാ ബന്ദർ ഖ്വാജ ഉമർ അന്താബി ( ഇദ്ധേഹം തുർക്കിക്കാരനായിരുന്നു ), സാമൂതിരിയുടെ പ്രത്യേക ഉപദേശക സമിതി അംഗങ്ങളായ ഖാദി അബ്ദുൽ അസീസ്‌ ( അന്നത്തെ കോഴിക്കോട്‌ ഖാദിയായിരുന്നു. ഖാദി/ഖാസി-മുസ്‌ലിംകളുടെ മതനേതാവ് ) , തളി ക്ഷേത്രത്തിലെ മുഖ്യപൂജാരി, ഖാദി മുഹമ്മദ്‌, അബ്ദുൽ വഫാ മുഹമ്മദ്‌ ശത്താർ ( ഇദ്ദേഹത്തിന്റെ ഖബറാണ് ഇടിയങ്ങര ശൈഖിന്റെ പളളിയിലുളളത്‌. അവിടുത്തെ അപ്പവാണിഭ നേർച്ച പ്രസിദ്ദമാണ് ) , സീദി മുഹമ്മദ്‌ അൽ ഖുമാമി,

വിദേശ രാജ്യങ്ങളിലേക്ക്‌ കോഴിക്കോടിന്റെ അംബാസിഡർമാരെ നിയമിക്കുമ്പോളും വിദേശ രാജ്യങ്ങളിലെ പ്രതിനിധികൾ കോഴിക്കോട്‌ വരുമ്പോഴും അതാത്‌ രാജ്യങ്ങളിലെ ഭരണാധികാരികൾക്ക്‌ നൽകാനുളള സാമൂതിരിയുടെ കത്തുകൾ എഴുതി തയ്യാറാക്കാൻ ചുമതലയുളള പൊന്നാനിയിലെ മഖ്ദൂം അബ്ദുൽ അസീസ്‌ മഅബരി, സാമൂതിരിയുടെ നായർ മുഖ്യന്മാർ, ദേശവാഴികൾ, താനൂരിലെ ഉണ്ണിവർമ്മൻ അടക്കമുളള സാമന്ത രാജാക്കന്മാർ തുടങ്ങിയവരും പളളിയിൽ ചർച്ചക്കായി ഒത്തുകൂടിയിരുന്നു.
1571ലെ ഈ യുദ്ദത്തിൽ പോർച്ചുഗീസുകാർ പരാചയപ്പെടുകയും സാമൂതിരി ചാലിയം കോട്ട കീഴടക്കി അതിന്റെ അടിക്കല്ല് പോലും മാന്തിയെടുക്കുകയും ചെയ്തു. ( ചാലിയത്തെ മൂന്ന് ജുമാമസ്ജിദുകൾ തകർത്ത്‌ അവയുടെ കല്ലുകൾ ഉൾപ്പടെയുളള വസ്തുക്കളും ഈ കോട്ടകെട്ടാൻ അവർ ഉപയോഗിച്ചിരുന്നു ). മലബാറിലെ ആധിപത്യം നഷ്ടപ്പെട്ട പറങ്കികൾ പിന്നെ കൊച്ചിയിലും ഗോവയിലുമായി ഒതുങ്ങി.

വിവരങ്ങൾ ശേഖരിച്ചത്‌:-
ഖാദി മുഹമ്മദിന്റെ രചനകൾ.
മറ്റു സ്രോതസ്സുകൾ.

വായിച്ചുകഴിഞ്ഞാൽ :-
“ഇത്‌ ചരിത്രമാണ്, അഥവാ കഴിഞ്ഞ്‌പോയ കാലത്തിലൊരിക്കൽ സംഭവിച്ചത്‌. ഇതിലെ നന്മകളെ ഉൾക്കൊളളുക, തിന്മകളെ ഉപേക്ഷിക്കുക. അവരുടെ ചെയ്തികൾക്ക്‌ ഇന്ന് ജീവിച്ചിരിക്കുന്നവരോ ഇനി ജനിക്കാൻ പോവുന്നവരോ ഉത്തരവാദികളല്ലെന്ന് ഓർക്കുക”