മലബാറിന്റെ അതിരുകൾ – സഞ്ചാരികളുടെ കാഴ്ച്ചപ്പാടിലൂടെ

  0
  209

  ✒️Abdulla Bin Hussain Pattambi.

  മലബാറിന്റെ അതിരുകൾ – സഞ്ചാരികളുടെ കാഴ്ച്ചപ്പാടിലൂടെ

  മലബാറിന്റെ ഇന്നത്തെ അതിരുകളായിരുന്നില്ല, നൂറ്റാണ്ടുകൾക്ക്‌ മുൻപ്‌. ഇക്കാലത്ത്‌ അറിയപ്പെട്ട മലബാർ എന്നത്‌, പാലക്കാട്‌ ജില്ല മുതൽ കാസർക്കോട്‌ ജില്ല ഉൾപ്പടെ മംഗലാപുരത്തിന്റെ അതിർത്തി വരെയാണെങ്കിൽ, അത്‌ പല കാലങ്ങളിലും പല രൂപ വിത്യാസങ്ങളോടെ ഏറിയും കുറഞ്ഞുമിരുന്നതായി ചരിത്രത്തിൽ കാണാം. യഥാർത്ഥത്തിൽ എവിടം മുതൽക്ക്‌ ആരംഭിച്ച്‌, എവിടെ വെച്ച്‌ അവസാനിക്കുന്നു എന്നത്‌ നിർണ്ണയിക്കപ്പെടാത്തതും ചരിത്രത്തിൽ ഏകീകരിക്കപ്പെടാത്തതുമായ ഒരു വിഷയമാണ്‌ മലബാറിന്റെ സ്ഥാനം എന്നത്‌. ചിലർ ഗുജറാത്തിലെ കച്ഛ്‌ തീരം മുതൽ കന്യാകുമാരി വരെയുളള തീരഭാഗങ്ങളെ മലബാറിൽ ഉൾപ്പെടുത്തിയപ്പോൾ, ചിലർ മംഗലാപുരം മുതൽ തെക്കൻ കൊല്ലം വരെ അതിന്റെ അതിർത്തിയായി കണക്കാക്കി. മലനാട്‌ സന്ദർശ്ശിച്ച സഞ്ചാരികളുടെ കുറിപ്പുകളിൽ തന്നെ ഇതുപോലുളള അഭിപ്രായങ്ങൾ രേഖപ്പെടുത്തപ്പെട്ടത്‌ കാണാം. മലബാറിന്റെ അതിരുകളെ പറ്റിയുളള സഞ്ചാരികളുടേയും മറ്റും അത്തരം ചില വിവരണങ്ങളിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം. ആദ്യമായി നമുക്ക്‌ മലബാറിനെ പറ്റി നടത്തപ്പെട്ട ആദ്യകാല പഠനങ്ങളിൽ ഒന്നായ മലബാർ മാന്വലിൽ വില്യം ലോഗൻ മലബാറിന്റെ അതിരുകളെ പറ്റി നടത്തിയ പരാമർശ്ശം പരിശോധിക്കാം.

  ബ്രിട്ടീഷ്‌ മലബാർ ജില്ലയുടെ കലക്ടറായിരുന്ന വില്യം ലോഗൻ തന്റെ പ്രസിദ്ധമായ പഠന റിപ്പോട്ടിൽ മലബാറിന്റെ അതിരുകൾ ഇങ്ങിനെയാണ്‌ കണക്കാക്കിയിട്ടുളളത്‌.

  1- വില്യം ലോഗൻ ( 1841–1914 ) വിവരിക്കുന്ന മലബാർ :- യഥാർത്ഥ മലബാർ വടക്കു നിന്ന് തെക്കോട്ട്‌ തീരദേശങ്ങളിലൂടെ 150 നാഴിക ദൂരം ആണ്‌ വിസ്തീർണ്ണം. ഇതിന്റെ അതിരുകൾ – വടക്ക്‌: തെക്കൻ കർണ്ണാടക ജില്ല ( അന്നത്തെ ദക്ഷിണ കാനറയുടെ ഭാഗമായിരുന്ന ഇന്നത്തെ കാസർക്കോടിന്റെ ഭാഗങ്ങൾ ഉൾപ്പടെ ). കിഴക്ക്‌: കുടക്‌, മൈസൂർ, നീലഗിരി കൊയമ്പത്തൂർ ജില്ലകൾ. തെക്ക്‌: കൊച്ചി നാട്ടുരാജ്യം. പടിഞ്ഞാറ്:‌ അറബിക്കടൽ എന്നിവയാണ്‌ മലബാറിന്റെ അതിർത്തികളായി ലോഗൻ നൽകിയിരിക്കുന്നത്‌. തദ്ധേശീയർ ‘മലബാർ’ എന്ന പേരുച്ചരിക്കുന്നില്ലെന്നും അത്‌ വിദേശികൾ നൽകിയ പേരാണെന്നും പറയുന്ന ലോഗൻ, മലനാട്‌, മലയാളം, കേരളം എന്നൊക്കെയാണ്‌ തദ്ധേശവാസികൾ വിളിച്ചു വരുന്നതെന്നും എഴുതിക്കാണാം.

  2- മാർക്കോ പോളോയുടെ ( 1254-1324 ) വിവരണത്തിലെ മലബാർ :- ഹേലി ( കണ്ണൂരിലെ ഏഴിമല ) മുതൽ ഗുജറാത്ത്‌ വരെ നീണ്ടു കിടക്കുന്ന തീരഭാഗങ്ങളാണ്‌ മലബാർ.

  3- റഷീദുദ്ധീന്റെ ( 1247–1318 ) വിവരണത്തിലെ മലബാർ :- ഗോവയിൽ നിന്ന് തുടങ്ങി തെക്കൻ കൊല്ലത്ത്‌ അവസാനിക്കുന്ന പ്രദേശമാണ്‌ മലബാർ. ഇതിന്റെ നീളം 300 ഫർസഖ്‌ ആണ്‌ ( 1 ഫർസഖ്‌ 3 നാഴിക ).

  4- മറ്റൊരു സഞ്ചാരിയായ ഥെവാനോ ( Thevenot ) യുടെ വിവരണത്തിലെ മലബാർ :- കണ്ണൂർ മുതൽ കന്യാകുമാരി വരെയുളള പ്രദേശമാണ്‌ മലബാർ.

  5- അബുൽ ഫിദയുടെ ( 1273-1331 ) വിവരണത്തിലെ മലബാർ :- ഹോനാവർ മുതൽ കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന പ്രദേശമാണ്‌ മലബാർ.

  6- ലോകപ്രസിദ്ധ മൊറോക്കൻ സഞ്ചാരി ഇബ്ൻ ബതൂത്ത ( 1304-1369 ) തന്റെ സഞ്ചാര വിവരണ ഗ്രന്ഥമായ റിഹ്‌ലയിൽ മലബാറിനെ പരിചയപ്പെടുത്തുന്നത്‌ ഇങ്ങിനെയാണ്‌ :- സന്താപൂർ ( ഗോവ ) മുതൽ കോലം ( തെക്കൻ കൊല്ലം ) വരെയുളള രാജ്യത്തെയാണ്‌ മുലൈബാർ എന്ന് വിളിച്ചു വരുന്നത്‌. സമുദ്ര തീരത്തു നീണ്ടു കിടക്കുന്ന ഈ രാജ്യത്തിന്‌ സന്താപൂർ മുതൽ കോലം വരെ രണ്ടുമാസത്തെ യാത്രാ ദൂരമുണ്ട്‌.

  7- ഇന്ത്യയുടെ പുസ്തകം എന്ന ലോകപ്രസിദ്ധ ഗ്രന്ഥത്തിലൂടെ ഹിന്ദുമതത്തെ ലോകത്തിന്‌ പരിചയപ്പെടുത്തിയ പ്രസിദ്ധനായ സഞ്ചാരി അൽ ബിറൂനിയുടെ ( 973-1050 ) കാഴ്ച്ചപ്പാടിലെ മലബാറിന്റെ അതിരുകൾ :- ഗോവ മുതൽ തെക്കൻ കൊല്ലം വരെയാണ്‌. ഇതിന്റെ നീളം 300 ഫർസഖ്‌ ( 500 കിലോമീറ്റർ ) ആണ്‌.

  8- ചൈനീസ്‌ സഞ്ചാരിയായ ചൗ ജൂ ക്വയുടെ ( 1170-1231 )
  വിവരണത്തിൽ മലബാർ :- നായന്മാരുടെ രാജ്യം എന്നാണ്‌ ചൗ മലബാറിനെ വിശേഷിപ്പിക്കുന്നത്‌. തെക്കൻ കൊല്ലം, പന്തലായനി ( കൊയിലാണ്ടി ), മംഗലാപുരം എന്നീ തുറമുഖ നഗരങ്ങൾ ഉൾപ്പെടുന്ന പ്രദേശമാണ്‌ മലബാർ.

  9- കൃസ്ത്യൻ മിഷനറിയും സഞ്ചാരിയുമായ ഫ്രിയർ ഒഡൊറിക്കിന്റെ ( 1286-1331 ) വിവരണത്തിലെ മലബാർ :- താനയിൽ നിന്ന് തീരപ്രദേശത്തു കൂടി സഞ്ചരിച്ച്‌ മലബാറിലെത്തി. അതിന്റെ അതിർത്തി വലിയ തുറമുഖ നഗരമായ പൊളംബം ( തെക്കൻ കൊല്ലം ) വരെയെന്ന് അദ്ധേഹം രേഖപ്പെടുത്തുന്നു.

  10- ഇബ്ൻ ഖുർദ്ധാദ്‌ ബെയുടെ ( 820-912 ) വിവരണത്തിൽ മലബാർ‌ :- സിന്ദാനിൽ ( സിന്ദുദുർഗ്ഗ്‌, അല്ലെങ്കിൽ ഇന്നത്തെ മഹാരാഷ്ട്രയിലെ താന എന്ന സ്ഥലത്തിന്റെ 80 കിലോമീറ്റർ വടക്ക്‌ സ്ഥിതി ചെയ്യുന്ന സൻജാൻ ) നിന്ന് അഞ്ചു ദിവസം ( കാൽനട )-യാത്ര ചെയ്താൽ മലബാറിൽ എത്തും.

  11- അൽ ഇദ്‌രീസിയുടെ ( 1100-1165 )

  വിവരണത്തിലെ മലബാർ :- താനയിൽ ( ഇന്നത്തെ മഹാരാഷ്ട്രയിലെ താന ) നിന്ന് മലബാറിലെ ഫന്ദറീന ( പന്തലായനി – ഇന്നത്തെ കൊയിലാണ്ടി ) തുറമുഖത്തേക്ക്‌ തീരപ്രദേശത്തു കൂടി നാലു ദിവസത്തെ യാത്രാദൂരമുണ്ട്‌.

  📚 Reference:-
  പ്രാചീന മലബാർ, Malabar Manuel, കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ, കേരളം അറുനൂറു കൊല്ലം മുമ്പ്‌, Elliot – History of India, മറ്റു സോഴ്സുകളും.