എഴുത്തുകാരൻ അബ്ദുള്ളക്കുട്ടി എടവണ്ണഎഴുതുന്നു..
ഇന്നലെ മഞ്ചേരി ദേവകി സിനിമാക്സിൽ നിന്ന് സകുടുംബം അപമാനം ഏറ്റുവാങ്ങേണ്ടിവന്ന ഒരനുഭവമുണ്ടായി.കുടുംബത്തോടൊപ്പം ഒരു സിനിമക്കിറങ്ങുക എന്നതിന് വലിയ മുന്നൊരുക്കം വേണം. സമയവും സൗകര്യവും മനസ്സു മൊക്കെ ഒത്തുവരണമല്ലോ.പൊന്നിയിൻ സെൽവൻ എന്ന ചരിത്രനോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ്.ഇന്നലെ സെക്കന്റ് ഷോക്ക് 168 രൂപ അധികമായി നൽകി ഞങ്ങൾ 5 ടിക്കറ്റ് ആറാമത്തെ നിരയിലായി ഓൺലൈനിൽ റിസർവ് ചെയ്തു.ഞാനും റുമിയും മോനും മോളും മരുമകനും. ഒരു ചരിത്ര സിനിമക്ക് ആവശ്യമായ ചെറിയൊരു ബ്രീഫിംഗ് മരുമകൻ സനു കാറിൽ നിന്ന് തന്നു .തീയേറ്ററിൽ സമയത്തിനെത്തി. കൗണ്ടറിൽ നിന്ന് ഓൺ ലൈൻ ബുക്കിംഗ് രസീറ്റ് കാണിച്ച് ടിക്കറ്റ് വാങ്ങി.തീയേറ്ററിനകത്ത് ചെന്നപ്പോൾ സീൻ ആകെ മാറുകയാണ്. ഞങ്ങളുടെ സീറ്റിൽ കുറേ ചെറുപ്പക്കാർ നിരന്ന് ഇരിക്കുന്നു. പോപ്പ്കോണൊക്കെ കൊറിച്ചങ്ങനെ ഇരിക്കുകയാണ്. ഗേറ്റ് കീപ്പർ ഞങ്ങളോട് ഇവിടെ ഇരിക്കാൻ പറഞ്ഞതാണെന്നാണ് അവർ പറയുന്നത്. അവർക്ക് റിസർവേഷൻ ഒന്നുമില്ല. ഗേറ്റ് കീപ്പറോട് പറഞ്ഞോളൂ എന്നാണ് മറുപടി. ഞങ്ങളെന്തിന് അവരോട് വഴക്കുണ്ടാക്കണം.
ഗേറ്റ് കീപ്പറോട് പരാതി പറഞ്ഞു. അയാൾ വന്നു നോക്കി.എന്നിട്ട് ഞങ്ങളോട് പറഞ്ഞു. ‘അവർ എണീക്കുന്നില്ല. എന്താ ചെയ്യുക?നിങ്ങൾ മുമ്പിൽ എവിടെയെങ്കിലും പോയി ഇരുന്ന് സിനിമ കണ്ടോളൂ..’വളരെ നിരുത്തരവാദപരമായ സംസാരം.അപ്പോഴേക്ക് തീയറ്ററിൽ കാണികൾ ഏതാണ്ട് മുൻ നിര വരെ നിറഞ്ഞിട്ടുമുണ്ട്. സിനിമ തുടങ്ങുകയും ചെയ്തു.ഞങ്ങൾ ഗേറ്റ് കീപ്പറോട് വീണ്ടും ഈ അന്യായത്തെ ചോദ്യം ചെയ്തു. അയാൾ നിസ്സംഗനാണ്.ഞങ്ങൾ 5 പേർ അധികം പണം കൊടുത്ത് ടിക്കറ്റ് റിസർവ് ചെയ്തിട്ടാണ് തീയേറ്ററിനകത്ത് പിച്ചക്കാരെപ്പോലെ കാത്തു നിൽക്കുന്നത് !ബഹളം കൂട്ടി സിനിമ കാണുന്നവർക്ക് ശല്യമുണ്ടാക്കുന്നതു ശരിയുമല്ലല്ലോ. സിനിമ ഓടിക്കൊണ്ടിരിക്കുകയാണല്ലോ എന്ന അസ്വസ്ഥതയുമുണ്ട്.മാനേജറെ കാണണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടു. അയാൾ കാണിച്ചു തന്നത് അവിടത്തെ കഫ്റ്റീരിയ നടത്തിപ്പുകാരനെയാണ്. അയാൾ വളരെ കൂളായി നിങ്ങൾ പണം തിരികെ വാങ്ങി പൊയ്ക്കോളൂ എന്നു പറഞ്ഞു.
അയാളോട് ഇത്തിരി ചൂടായി പറഞ്ഞപ്പോൾ മാനേജർ താഴെയുണ്ടെന്നു പറഞ്ഞു അയാൾ തടിയൂരി.ഞങ്ങൾ താഴേക്കിറങ്ങി കൗണ്ടറിൽ ഇരിക്കുന്ന മാനേജർ എന്ന് പറഞ്ഞ ആളെ കണ്ടു.അയാൾ കൈമലർത്തുന്നു. കൂടെ നിങ്ങൾ ക്ഷമിക്കൂ എന്ന ഉപദേശവും . സിനിമ തുടങ്ങി 10 മിനിട്ട് കഴിഞ്ഞു. അയാൾ ഗേറ്റ് കീപ്പറോടും കഫ്റ്റീരിയക്കാരനോടും സംസാരിച്ച് നിങ്ങൾക്ക് വേണമെങ്കിൽ ബാൽക്കണിയിൽ 5 സീറ്റ് റെഡിയാക്കി തരാം എന്നു പറഞ്ഞു. തുടങ്ങിയിട്ട് പത്ത് മിനിട്ട് കഴിഞ്ഞ് ഒരു സിനിമ കാണാൻ പറയുന്നതിന്റെ അനൗചിത്യത്തെക്കുറിച്ചു പോലും അയാൾ ബോധവാനല്ല.ഞങ്ങൾ അമർഷത്തോടെ ഈ നിരുത്തരവാദത്തെപ്പറ്റി അയാളോട് സംസാരിച്ചു.അകത്ത് പടമോടിക്കൊണ്ടിരിക്കുന്നു. മുൻകൂട്ടി പണമടച്ച് ടിക്കറ്റ് റിസർവ് ചെയ്ത ഒരു കുടുംബം രാത്രി 9.45 ന് ഈ വിധം തീയേറ്റർ മുറ്റത്ത് നിൽക്കുന്നതിൽ അയാൾക്ക് യാതൊരു പ്രശ്നവുമില്ല എന്ന് മനസ്സിലായി. പണം തിരിച്ചു തരാൻ കഴിയില്ല എന്നയാൾ ആദ്യം പറഞ്ഞു.
തീയേററർ ഉടമ മഞ്ചേരിയിലെ അഭിഭാഷകനായ അഡ്വ: കൃഷ്ണനുണ്ണി എന്നയാളാണ് എന്നോർമ്മ വന്നത് അപ്പോഴാണ് . സുഹൃത്തും വക്കീലുമായ ബിജു ജോണിന്റെ കൂടെ അദ്ദേഹത്തെ മുമ്പ് കണ്ടു പരിചയമുണ്ട്. ഫോൺ നമ്പരറിയില്ല. മാനേജറോട് ഓണറുടെ നമ്പർ ആവശ്യപ്പെട്ടു. അത് തരില്ല എന്നയാൾ പറഞ്ഞു.
ബിജു ജോണിന് വിളിച്ച് കൃഷ്ണനുണ്ണി വക്കീലിന്റെ നമ്പർ വാങ്ങി വിളിച്ചു കാര്യം പറഞ്ഞു.അദ്ദേഹം വളരെ സൗമ്യതയോടെ കേട്ടു , ഞാൻ സ്ഥലത്തില്ല, ഇല്ലെങ്കിൽ നിങ്ങളുടെയടുത്ത് വരുമായിരുന്നു എന്നു പറഞ്ഞു, ഫോൺ മാനേജറുടെ കയ്യിൽ കൊടുക്കാൻ പറഞ്ഞു.അദ്ദേഹം മാനേജറോട് സംസാരിച്ചു.
മാനേജർ , അവർക്ക് ബാൽക്കണിയിൽ സീറ്റ് കൊടുക്കാമെന്ന് പറഞ്ഞിട്ട് അവർ സമ്മതിക്കാഞ്ഞിട്ടാണ് എന്നു പറഞ്ഞ് സ്വന്തം കുറ്റത്തിൽ നിന്ന് ഒഴിഞ്ഞു മാറുകയാണ്. കുറച്ചു കഴിഞ്ഞപ്പോൾ മാനേജർ സ്വരം മാറി ഫോണിൽ ഓണറായ വക്കീലിനോട്, നിങ്ങൾ ആ ജാതി വർത്തമാനമൊന്നും പറയണ്ട , ഞാൻ 40 കൊല്ലമായി ഈ പണി തുടങ്ങീട്ട് എന്നു പറയുന്നതു കേട്ടു.നല്ല മാനേജർ ! ഓണറോട് തന്നെ ഇങ്ങനെയാണ് ! പിന്നെയല്ലേ നമ്മളോട് !കൃഷ്ണനുണ്ണി വക്കീൽ വീണ്ടും ഫോണിൽ എന്നോട് സൗമ്യതയോടെ, ഞാൻ സോറി പറയുന്നു, നിങ്ങൾക്കുണ്ടായ ഈ വിഷമത്തിന് ഞാൻ എന്താണ് ചെയ്തു തരേണ്ടത് എന്നു ചോദിച്ചു. നാളെ വരാൻ പറ്റുമോ ? ടിക്കറ്റിന്റെ കാശ് തിരിച്ചു തരാം എന്നൊക്കെ പറഞ്ഞു.ഇനി വരാൻ പറ്റില്ല.മക്കൾ നാളെയുണ്ടാവില്ല.അടച്ച കാശ് എന്തായാലും വേണം.
അതിനപ്പുറം 26 കി.മീ കാറിന് ഓടാൻ ചെലവായ പെട്രോൾ, ഒരു കുടുംബത്തിനുണ്ടായ മാനനഷ്ടം, സമയനഷ്ടം .. ഇതിനൊക്കെ സഹൃദയനായ വക്കീലിനോട് ഞാനെങ്ങിനെ നഷ്ടപരിഹാരം ചോദിക്കും? ഇത് ഓൺ ലൈൻ യുഗമാണ്.ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ 40 വർഷത്തെ പഴക്കമുള്ള മാനേജർക്കും സ്റ്റാഫിനും കാര്യങ്ങൾ പറഞ്ഞു കൊടുക്കൂ എന്നു പറഞ്ഞ് ഫോൺ വെച്ചു.അദ്ദേഹം മാനേജറോട് ഫോണിൽ പറഞ്ഞ് അടച്ച കാശ് തിരിച്ചു തന്നു .ചരിത്ര സിനിമയല്ല, സിനിമ കാണൽ തന്നെ ചരിത്രമായി എന്ന വിചാരവുമായി വിഷണ്ണരായ ഒരു കുടുബത്തേയും വഹിച്ച് പത്തേ കാലോടെ വണ്ടി തിരികെ എടവണ്ണയിലേക്ക് .
**************
അബ്ദുള്ളക്കുട്ടി എടവണ്ണയുടെ പോസ്റ്റ് വായിച്ചല്ലോ . അതിനോടൊപ്പം തിയേറ്റർ മാനേജ്മെന്റിന്റെ ഖേദപ്രകടനവും ആ കുടുംബത്തെ സിനിമ കാണാൻ നിർബന്ധപൂർവ്വം ക്ഷണിക്കുകയും ചെയ്തിരിക്കുന്നു. കുറ്റക്കാരായ ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടാണ് മാനേജ്മെന്റ് നടപടി കൈകൊണ്ടത്. അതേക്കുറിച്ചുള്ള അബ്ദുള്ളക്കുട്ടി എടവണ്ണയുടെ കുറിപ്പ് കൂടി വായിക്കാം.
“മഞ്ചേരി ശ്രീദേവി തീയേറ്റർ മാനേജ്മെന്റിന്റെ അതിഥികളായി ഇന്ന് ശ്രീദേവി സിനി പാലസിൽ നിന്ന് ‘പൊന്നിയിൽ സെൽവൻ’ കാണാൻ വീണ്ടും .ഇതൊരു ഖേദം തീർക്കലാണ്.തീയേറ്റർ ഉടമ കൃഷ്ണനുണ്ണി വക്കീലിന്റെയും മാനേജർ അനൂപിന്റെയും സ്നേഹപൂർണ്ണമായ നിർബന്ധം.ഇന്നലെ അവരുടെ തന്നെ ഉടമസ്ഥതയിലുള്ള ദേവകി സിനിമാക്സിൽ നിന്ന് ഞങ്ങൾക്കുണ്ടായ മോശം അനുഭവത്തിനുള്ള ഖേദപ്രകടനമായിട്ട് സൗജന്യ ടിക്കറ്റ് തന്ന് ഹൃദ്യമായി ഞങ്ങളെ അവർ സ്വീകരിച്ചു.ഇന്നലത്തെ അനുഭവം Fb യിൽ എഴുതിയതിന് വലിയ പ്രതികരണങ്ങളാണുണ്ടായത്.തീയേറ്റർ മാനേജ്മെന്റ് ഞങ്ങൾക്കുണ്ടായ പ്രയാസങ്ങൾക്ക് മാപ്പ് പറഞ്ഞു പോസ്റ്റിട്ടു. വീഴ്ച വരുത്തിയ ജീവനക്കാരെ പിരിച്ചു വിട്ടതായി അറിയിച്ചു.ഏതൊരു സ്ഥാപനത്തിന്റെയും ഒന്നാമത്തെ പ്രതിബദ്ധത അതിന്റെ ഉപഭോക്താക്കളോടാണ് എന്ന ബോധ്യത്തോടെയും പറ്റിയ വീഴ്ച തിരുത്താനും ഞങ്ങളുടെ മനോ വിഷമം തിരിച്ചറിഞ്ഞ് മാന്യമായ വിധം പരിഹരിക്കാനും ഉണർന്നു പ്രവർത്തിച്ച തീയേറ്റർ മാനേജ്മെന്റിന് അഭിനന്ദനങ്ങൾ! ഇനി ഇത്തരം വീഴ്ചകൾ വരാതിരിക്കാനായി ശ്രദ്ധ പുലർത്താൻ കഴിയട്ടെ എന്നാശിക്കുന്നു.പിന്തുണച്ച മുഴുവൻ സുഹൃത്തുക്കൾക്കും നന്ദി ! ”
***