Abdurahman Moozhikkara

ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിൽ ഗവർണർ ആയി അയക്കുമ്പോൾ അമിത് ഷാക്ക് ഒരു ലക്ഷ്യമുണ്ട്. കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ പിന്തുണ ബി.ജെ.പിക്ക് അനുകൂലമായ രീതിയിൽ മാറ്റിയെടുക്കുക എന്നതാണത്. കലക്കവെള്ളത്തിൽ എങ്ങിനെ മീൻ പിടിക്കണം എന്ന് നന്നായാറിയാവുന്ന, നല്ല വാഗ്ചാതുരിയുള്ള ആരിഫിനെക്കാൾ നന്നായി ഈ പണി ചെയ്യാൻ മറ്റാരുമില്ലെന്ന ബോധ്യമാണ് അമിട്ടിനെ ഇത്തരമൊരു തീരുമാനത്തിൽ എത്തിച്ചിട്ടുണ്ടാവുക.

അയാൾ അയാളുടെ ജോലിയുടെ പാതിവഴി പൂർത്തീകരിച്ചു എന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. ഒട്ടുമിക്ക മുസ്‌ലിം സംഘടനകളുമായും ആരിഫ് നല്ല ബന്ധം സ്ഥാപിച്ചു കഴിഞ്ഞു. മുസ്ലിം സംഘടനകളുടെ പരിപാടികളിൽ അയാൾ ആവേശപൂർവം ക്ഷണിക്കപ്പെടാൻ തുടങ്ങിയിരിക്കുന്നു. തങ്ങളുടെ ഗുണകാംക്ഷിയാണ് താൻ എന്ന തോന്നൽ മുസ്‌ലിം സംഘടനനേതാക്കളിൽ ഉണ്ടാക്കിയെടുക്കാൻ ആരിഫിന് ഇതിനകം തന്നെ സാധിച്ചിരിക്കുന്നു.

ഇപ്പോൾ പൊതുജനങ്ങൾക്കിടയിലും ഇയാൾ നല്ല ആളാണെന്നും ഇദ്ദേഹം പറയുന്നത് ശരിയായ കാര്യാമാണെന്നും ബോധ്യപ്പെടുത്താൻ വേണ്ടിയുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതിന്റെ ഭാഗവുമായാണ് ഒരു നോർത്തിന്ത്യൻ വിദ്യാർത്ഥിയുടെ ഉത്തരേന്ത്യൻ മുസ്ലിങ്ങളുടെ പുരോഗതിക്ക് എന്താണ് വേണ്ടതെന്ന് ചോദ്യത്തിന് അദ്ദേഹം കൊടുത്ത മറുപടി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്.

ആർ.എസ്.എസിനെ സമർത്ഥമായി വെള്ളപ്പൂശിക്കൊണ്ട് (മുസ്ലിങ്ങളെ അപരവൽക്കുരക്കുന്നതിൽ സംഘിസത്തിന്റെ പങ്ക് മൂടി വെച്ചു കൊണ്ട്) ഉത്തരേന്ത്യൻ മുസ്ലിങ്ങൾ ഹിന്ദുക്കളിൽ നിന്ന് വേറിട്ട് ജീവിക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നുമാണ് അയാൾ പറയുന്നത്. അനുഷ്ഠാനങ്ങളിലും വസ്ത്രധാരണത്തിൽ പോലും ഹൈന്ദവതയുമായി ഒട്ടി നിന്ന മുസ്ലിങ്ങൾ പോലും ഗുജറാത്ത് കലാപത്തിൽ വംശഹത്യക്കിരയായി എന്ന വസ്തുത മൂടി വെച്ചാണ് അയാൾ ഈ പറയുന്നത്.കൂട്ടത്തിൽ കേരളമോഡലിനെ പറ്റി ഒരു പുകഴ്ത്തലും. ആ പൊക്കിപ്പറച്ചിലിൽ ഒരു പാട് പേർ വീഴും എന്ന് കൗശലക്കാരനായ ആരിഫ് മുഹമ്മദ് ഖാൻ നന്നായി മനസ്സിലാക്കിയിട്ടുണ്ട്.അത് തന്നെയാണ് സംഭവിച്ചതും.വാട്ട്സാപ്പിലും ഫേസ്ബുക്കിലും ആരിഫ് മുഹമ്മദ് ഖാൻ നിറഞ്ഞു നിൽക്കുന്നു.മുസ്‌ലിം ജനസാമാന്യത്തിന്റെ മനസ്സിൽ ഇയാള് കുഴപ്പമില്ല എന്നൊരു ഇമേജ് വളരെ കൃത്യമായി സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു.

ഇനിയാണ് ആരിഫ് തന്റെ റോളിന്റെ പ്രധാന ഭാഗങ്ങളിലേക്ക് കടക്കാൻ പോകുന്നത്.സമുദായ നേതാക്കളിൽ ആരൊക്കെ വീഴാതെ പിടിച്ചു നിൽക്കും എന്നത് കാത്തിരുന്നു കാണേണ്ടി വരും. അബ്ദുല്ലക്കുട്ടിയുടെ ബി.ജെ.പി ഉപാധ്യക്ഷൻ ആയുള്ള നിയമനം വെറും ട്രോളി തള്ളിക്കളയേണ്ട കാര്യമല്ല.ആരിഫ് എന്ന കുശാഗ്ര ബുദ്ധിയുടെ കൃത്യമായ കരുനീക്കങ്ങൾ തീർച്ചയായും അതിന് പിന്നിലുണ്ട്.

പിൻകുറി: കോടാലി കൈയ്യുടെ മിനുസവും ഭംഗിയും കണ്ട് കോടാലിയെ വിലയിരുത്തരുത്.അതിന്റെ അറ്റം മരത്തെ മുറിച്ചിടാൻ വേണ്ട മൂർച്ചയോട് കൂടിയുള്ളതാണ്.

 

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.