മുപ്പത്താറാമത്തെ വയസ്സിൽ അമ്മൂമ്മയായ ആരിഫയെ പോലുള്ളവർ ഇനിയെങ്കിലും രക്ഷപെടട്ടെ

225

Abhayankar Abhay

ഒരു പത്തിരുപത് കൊല്ലം മുൻപുള്ള കാര്യമാണ് . പത്താം ക്ലാസ് കഴിഞ്ഞു കോളേജിൽ ചേരാനുള്ള ഒരുക്കങ്ങൾ ഒക്കെയായി ഞങ്ങൾ ക്‌ളാസിലുള്ള എല്ലാവരും ഓടിനടക്കുമ്പോൾ ഞങ്ങടെ ക്ലാസിൽ പഠിച്ച ആരിഫയ്ക്ക് കല്ല്യാണാലോചനകൾ നടക്കുകയായിരുന്നു . ഏറെ കഴിയാതെ അവളുടെ കല്യാണം കഴിഞ്ഞു . ഏകദേശം മുപ്പത്താറാമത്തെ വയസ്സിൽ അവൾ അമ്മൂമ്മയായി . ഭാഗ്യത്തിന് അവളുടെ മകളെ പതിനെട്ട് തികഞ്ഞ ഉടനെയാണ് കെട്ടിച്ചത്. നാട്ടുകാരിയാണ് , സുഹൃത്തിന്റെ പെങ്ങളാണ് അത്കൊണ്ട് ഇപ്പഴും വല്ലപ്പോഴും ഒക്കെ കണ്മുന്നിൽ കാണുന്നവളാണ് . ഞാനൊക്കെ ഇങ്ങനെ നമ്മൾ ചെറുപ്പക്കാർ അങ്ങനെ ഇങ്ങനെ എന്നൊക്കെ ഉള്ള ഫീലും വെച്ച് നടക്കുമ്പോൾ എന്റെ അതേ പ്രായക്കാരിയായ ആരിഫ സ്വയം വൃദ്ധയായി ആക്സപ്റ്റ് ചെയ്തു അമ്മൂമ്മമാരുടെ ലൈഫ് ജീവിക്കുകയാണ് . അവൾക്ക് ബാല്യവും കൗമാരവും കഴിഞ്ഞു ഒരു മിന്നായം പോലെ മിന്നി മറഞ്ഞു പോയതാണ് അവളുടെ യൗവ്വനം.

പിന്നെ അവളുടെ മുന്നിൽ നീണ്ടു നിവർന്നു പരന്നു കിടക്കുന്നത് അവളുടെ മധ്യവയസ്സും വാർധ്യക്യവും ആണ് . വലിയ കുട്ടികൾ ഉള്ള ഒരു സ്ത്രീയുടെ ജീവിതം എന്നത് ആ കുട്ടികളെ കുറിച്ച് ഓർത്തു കൂടി ആവും . ഉമ്മ ചുരിദാർ ഇടേണ്ട എന്റെ കൂട്ടുകാർ നിന്റെ അനിയത്തി ആണോ എന്ന് ചോദിക്കുന്നു എന്ന് പറയുന്ന കോളേജ് പിള്ളാര് ആയ മക്കൾ ഉള്ളപ്പോൾ ആ ചെറുപ്പക്കാരികൾ ആയ അമ്മമാർ ആ പ്രായതിലുള്ള കുട്ടികളുടെ അമ്മമാരുടെ പ്രായത്തിലേക്ക് സ്വയം പ്രതിഷ്ഠിക്കുകയാണ് . അവർ അവരവരുടെ ജീവിതം ചെറിയ പ്രായത്തിൽ തന്നെ അങ്ങോട്ട് എഴുതി തള്ളുകയാണ് . ഇതൊക്കെ പണ്ടത്തെ കാര്യം അല്ലെ എന്ന് ഞാനും വിചാരിച്ചിരുന്നു , ഈ അടുത്ത് ഒരു സുഹൃത്ത് പണ്ട് അവൻ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ കൂടെ പഠിച്ച പെൺകുട്ടിയുടെ കല്യാണത്തിനു പോയതിന്റെ ഫോട്ടോ ഇടുന്നത് വരെ . ആ കല്യാണം നടന്നത് 2010 ലോ മറ്റോ ആണ് .

പെൺകുട്ടികൾ ജനിക്കുന്നത് തന്നെ വയസ്സ് അറിയിച്ചാൽ ആർക്കോ പിടിച്ചു കെട്ടിച്ചു കൊടുക്കാനും അവരുടെ കുഞ്ഞുങ്ങളെ പ്രസവിക്കാനും ആണെന്ന് വിചാരിച്ചു എത്ര പ്രസവിക്കുന്നോ അത്രക്കും നല്ലത് എന്ന് ചിന്തിക്കുന്ന മനുഷ്യരെ ഈ കാലത്തും കണ്ടിട്ടുണ്ട് . ആടിനെയോ പശുവിനെയോ ഒക്കെ കുറിച്ച് പറയുന്ന ലാഘവത്തോടെ ആണ് മനുഷ്യർ ഇങ്ങനെ പ്രസവിക്കട്ടെ എന്ന് പറയുന്നത് . പ്രസവിക്കാനുള്ള, പ്രത്യുത്പാദനത്തിനുള്ള കഴിവ് ഉള്ളത് കൊണ്ടല്ല മനുഷ്യൻ മനുഷ്യനായത് ആ കഴിവ് ഈ ലോകത്ത് സകല ജീവികൾക്കും ഉള്ളതാണ്. മനുഷ്യന്റെ കഴിവ് ബുദ്ധിശക്തിയാണ് അത് ആണെന്നോ പെണ്ണെന്നോ വത്യാസം ഇല്ലാത്തതാണ് . സമൂഹത്തിന്റെ പുരോഗതിക്ക് വേണ്ടി ഉപയോഗപ്രദമായിരിരിക്കാവുന്ന തലച്ചോർ ആണ് അതിന്റെ പ്രൈം സമയത് പ്രസവത്തിനും കുഞ്ഞുങ്ങളെ വളർത്താനും മാത്രം വിട്ടിട്ട് അതെല്ലാം കഴിഞ്ഞു പത്തുനാല്പത് വര്ഷം പേരക്കുട്ടികളെയും നോക്കി ഇരിക്കാൻ വെറുതെ കളയുന്നത് .

പതിനെട്ട് വയസ്സ് എന്നത് ജനിച്ചു വെറും പതിനെട്ട് വര്ഷം മാത്രം കഴിഞ്ഞുള്ള പ്രായമാണ് . അതായത് 2002 ഇൽ ജനിച്ചവർ ആണ് ഇപ്പോൾ പതിനെട്ട് വയസ്സായവർ. 2002 എന്നത് ഇന്നലെ കഴിഞ്ഞത് പോലെ ഒരു വര്ഷം ആയിട്ടാണ് 30 കഴിഞ്ഞവർക്ക് തോന്നുക. അത്രേ ഉള്ളൂ . നമ്മളൊക്കെ പതിനെട്ട് വയസ്സിൽ എന്ത് മണ്ടന്മാർ ആയിരുന്നു ജീവിതത്തെ കുറിച്ച് എന്ത് കാഴ്‌ചപ്പാട് ആയിരുന്നു ഉണ്ടായിരുന്നത് എന്ന് ചുമ്മാ ആലോചിച്ചു നോക്കുക, ആ സമയത്ത് എടുക്കുന്ന ലൈഫ് ഡിസിഷൻ എന്ത് മാത്രം ഇമ്മച്വർ ആയിരിക്കും എന്ന് മനസ്സിലാവും .

പതിനെട്ട് വയസ്സിനും 21 വയസ്സിനും ഇടയിലുള്ള സമയം കൊണ്ട് പലർക്കും മച്ചുരിറ്റി വരുന്നതും കാണാം . സംശയം ഉണ്ടെങ്കിൽ പ്ലസ് റ്റു ക്ളാസുകളും ഡിഗ്രി ക്‌ളാസുകളും കമ്പയർ ചെയ്തു നോക്കാം . അപ്പോൾ മനസ്സിലാവും പതിനെട്ട് എന്നത് ജീവിതത്തിലെ സുപ്രധാനമായ തീരുമാനം എടുക്കേണ്ട സമയമല്ല എന്ന്. ആ പ്രായത്തിലുള്ള ആൺകുട്ടികളും പെൺകുട്ടികളും പഠിക്കട്ടെ . പ്രായപൂർത്തി ആയി കണക്കാക്കാൻ ഉള്ള പ്രായം 18 ആയിരിക്കെ തന്നെ വിവാഹ പ്രായം 21 ആവട്ടെ . അത് കൊണ്ട് ഒരു ദോഷവും വരാൻ ഇല്ല . ഗുണം മാത്രമേ ഉള്ളൂ. പെൺകുട്ടികളുടെ ശാരീരിക ആവശ്യങ്ങളെ നിരാകരിക്കുന്നു എന്നൊക്കെ വിമർശിക്കുന്നവർക്ക് അവർ പറയുന്നത് പെൺകുട്ടികളുടെ കാര്യമല്ല എന്ന് നല്ല ബോധ്യം ഉണ്ട്. . ശാരീരിക ആവശ്യങ്ങൾ 21 വയസ്സിലും നിറവേറ്റാം . പക്ഷെ നഷ്ടപ്പെട്ടുപോയ അക്കാദമിക് വർഷങ്ങൾ പിന്നെ കിട്ടില്ല . കല്യാണം കഴിഞ്ഞുള്ള പഠിത്തം ഒക്കെ കോമഡി മാത്രമാണ് .