മനുഷ്യസ്നേഹത്തിന്റെ മധുരം പകരുന്ന സൗദി വെള്ള്ക്ക
അഭിലാഷ് ഫ്രേസർ
മനുഷ്യത്വത്തിന്റെ ആഘോഷമാണ് തരുണ്‍ മൂര്‍ത്തിയുടെ സൗദി വെള്ളക്ക എന്ന സിനിമ. തീര്‍പ്പാകാതെ വര്‍ഷങ്ങളോളം, ചിലപ്പോള്‍ ഒരു മനുഷ്യായുസ്സോളം തന്നെ നീണ്ടു പോകുന്ന കോടതിക്കേസുകളില്‍ കുരുങ്ങി ജീവിതം ഹോമിക്കപ്പെടുന്നവരുടെ കഥ പറയുന്ന ഈ സിനിമ നിരുപാധികമായ ക്ഷമ കൊണ്ട് മനുഷ്യഹൃദയങ്ങള്‍ സൗഖ്യപ്പെടുന്നത് എങ്ങനെയെന്ന് കാട്ടിത്തരുന്നു.
ഒരു വീടിന്റെ മട്ടുപ്പാവില്‍ മടലും വെള്ളക്കയും ഉപയോഗിച്ച് ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന കുട്ടികളിലൊരാള്‍ അടിച്ച പന്ത് (വെള്ളക്ക) വീടിന് താഴെ കൂടി നടന്നു പോകുകയായിരുന്ന ആയിഷാ റാവുത്തര്‍ എന്ന വൃദ്ധയുടെ തലയിലാണ് ചെന്നു വീഴുന്നത്. പെട്ടെന്നുള്ള കോപാവേശത്താല്‍ ആയിഷ ടെറസിലേക്ക് കയറിച്ചെന്ന് ഒരു മടല് എടുത്ത് കുട്ടിയുടെ ദേഹത്തും കൈ കൊണ്ട് അവന്റെ മുഖത്തും അടിക്കുന്നു. ആ അടിയില്‍ മുമ്പേ തന്നെ ഇളകി നിന്നിരുന്ന പല്ല് അടര്‍ന്ന് ചോരയൊഴുകുന്നു. കുട്ടി ആശുപത്രിയിലാകുന്നു. രണ്ട് പേര് തമ്മില്‍ പറഞ്ഞു തീര്‍ക്കാമായിരുന്ന ഒരു ചെറിയ പ്രശ്നം ആദ്യം പോലീസ് കേസിലേക്കും പിന്നീട് വര്‍ഷങ്ങള്‍ നീളുന്ന കോടതി വ്യവഹാരങ്ങളിലേക്കും നീളുമ്പോള്‍, അതിലുള്‍പ്പെട്ടിരുന്ന മനുഷ്യജീവിതങ്ങളെ അത് എങ്ങനെ ബാധിക്കുന്ന എന്ന് സജീവമായി വരിച്ചിടുന്നു തരുണ്‍ മൂര്‍ത്തി ഈ ചിത്രത്തില്‍.
മിഴുവുറ്റ കഥാപാത്ര സ്കെച്ചുകളാണ് സൗദി വെള്ളക്കയുടെ മുഖ്യ ആകര്‍ഷണം. മനുഷ്യന്റെ ഉള്ളിലെ നന്മ തിന്മകള് അതിസൂക്ഷ്മമായി വെളിപ്പെടുന്നതിന് നാം സാക്ഷിയാകുന്നു. ചെറിയൊരു അനുരഞ്ജനമോ ക്ഷമാപണമോ കൊണ്ട് തീര്‍ക്കാമായിരുന്ന പ്രശ്നങ്ങള്‍ കാലത്തിലൂടെ വളര്‍ന്ന് വലുതായി ജീവിതങ്ങളെ തന്നെ വിഴുങ്ങുന്നത് നാം കാണുമ്പോള്‍, അത് നമ്മുടെയൊക്കെ ജീവിതത്തിന് നേരെ പിടിച്ച കണ്ണാടിയാകുന്നു. ഒരല്പം കൂടി ക്ഷമ, ഒരല്പം കൂടി കരുണ… എന്നൊരു ഓര്‍മപ്പെടുത്തലാണ് ഈ സിനിമ. അത് കൃത്യസമയത്തു തന്നെ വേണമെന്നും അങ്ങനെ ചെയ്യാതിരുന്നാല്‍ വലിയ പ്രത്യാഘാതങ്ങളാണ് അത് ഉളവാക്കുക എന്നും ഒരു ഞെട്ടലോടെ ഈ ചിത്രം കാണുമ്പോള്‍ നാം അറിയുന്നു.
ഏറ്റവും ഹൃദയഹാരിയായി തോന്നിയത്, കേസിനാസ്പദമായ സംഭവം നടന്ന് പതിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം, അടി കൊണ്ട കുട്ടി വളര്‍ന്നു യുവാവായി തന്റെ കേസ് തോല്‍ക്കണമെന്നും പ്രതിയായ ആയിഷ വിജയിക്കുകയും കേസില്‍ നിന്ന് മോചിതയാവുകയും വേണമെന്നും ആഗ്രഹിക്കുകയും സ്വന്തം പരാജയത്തിനു വേണ്ടി തന്നെ കൊണ്ട് ആവുന്നതെല്ലാം ചെയ്യുന്നതുമായ രംഗങ്ങളാണ്. അവസാനം, രോഗിണിയും നിരാലംബയും ദരിദ്രയുമായ ആയിഷയ്ക്ക് കോടതി വിധിച്ച ശിക്ഷയായ അയ്യായിരം രൂപ വാദിയായ ആ യുവാവ് തന്നെ അടക്കുമ്പോഴും ഞാന്‍ ഉമ്മാക്ക് ബണ്ണും ചായയും വാങ്ങിത്തരട്ടേ എന്നു ചോദിക്കുമ്പോഴും നമ്മുടെയുള്ളിലെ മനുഷ്യത്വം പൂ പോലെ സുഗന്ധം പരത്തി വിടരുന്നു. ഈ രംഗത്ത് നമ്മുടെ ആത്മാവ് പ്രകാശിതമാകുകയും സ്വയമറിയാതെ നമ്മുടെ മിഴികള്‍ ഈറനണിയുകയും ചെയ്യും.
ഈ കേസ് ഇത്രമാത്രം വഷളാകാന്‍ കാരണക്കാരനായ രാധാകൃഷ്ണന് എന്ന വ്യക്തി പില്ക്കാലത്ത് സ്്ട്രോക്ക് വന്ന് ശരീരമാകെ തളര്‍ന്ന് കിടക്കുന്നത് കാണുമ്പോള്‍ ലുക്ക്മാന്‍ അവതരിപ്പിക്കുന്ന അഭിലാഷ് ശശിധരന് എന്ന കഥാപാത്രം ബിനു പപ്പു അവതരിപ്പിക്കുന്ന ബ്രിട്ടോ എന്ന കഥാപാത്രത്തോട് പറയുന്നു: ഇത്രേയുള്ളൂ, മനുഷ്യന്! എന്നാല്‍ സ്നേഹസാന്ദ്രമായ ക്ഷമ കൊണ്ട് നിരാലംബയായ ആയുഷുമ്മ സ്വാതന്ത്ര്യത്തിലേക്കും സനാഥത്വത്തിലേക്കും ദത്തെടുക്കപ്പെടുമ്പോള്‍ ബ്രിട്ടോ അഭിലാഷിനോട് പറയുന്നു: മനുഷ്യന് ഇത്രയൊക്കെയേ ഉള്ളൂ എന്നല്ല പറയേണ്ടത്, മനുഷ്യന് ഇത്രയൊക്കെ ആകാന്‍ കഴിയും എന്നാണ്!
ഒരു സിനിമ മഹത്താകുന്നത് അതില്‍ കാണിക്കുന്ന കാഴ്ചകള്‍ കൊണ്ടല്ല, അത് മനുഷ്യാത്മാവില്‍ ബാക്കി വയ്ക്കുന്ന അനുഭൂതികള്‍ കൊണ്ടും ഹൃദയത്തില്‍ നടത്തുന്ന പരിവര്‍ത്തനം കൊണ്ടുമാണ്. ആ അര്‍ത്ഥത്തില്‍ സൗദി വെള്ളക്ക ഒരു വിജയമാണ്. സിനിമാസ്വാദകരെ ആകര്‍ഷിച്ച ഓപ്പറേഷന് ജാവയ്ക്കു ശേഷം എത്തുന്ന തരുണ്‍ മൂര്‍ത്തിയുടെ രണ്ടാമത്തെ ചിത്രമായ ഇത് ഹൃദയങ്ങളില്‍ മനുഷ്യസ്നേഹത്തിന്റെ പ്രകാശം വീശുക തന്നെ ചെയ്യും.